കിടന്നുറങ്ങുന്നതിന് തൊട്ടുമുന്‍പ് മൊബൈല്‍ഫോണ്‍ പരിശോധിക്കുന്നതും ഉറക്കത്തിനിടയില്‍ എഴുന്നേല്‍ക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ പരിശോധിക്കുന്നതും നോട്ടിഫിക്കേഷനുകള്‍ ശബ്ദിക്കുന്നതുമെല്ലാം ഉറക്കത്തെ സാരമായി ബാധിക്കും. ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് വളരെ മുന്‍പ് തന്നെ മൊബൈല്‍ഫോണ്‍ ഉപയോഗം അവസാനിപ്പിക്കുന്നതാണ് നല്ലത്. Do not Disturb സേവനം ആക്ടിവേറ്റ് ചെയ്താല്‍ നോട്ടിഫിക്കേഷനുകള്‍ ഉറക്കം കെടുത്തുന്നത് തടയുകയും ചെയ്യാം.
കാഴ്ച, കേള്‍വി, മാനസികാരോഗ്യം, നാഡീവ്യവസ്ഥ എന്നിവയെ അശാസ്ത്രീയമായ മൊബൈല്‍ഫോണ്‍ ഉപയോഗം ദോഷകരമായി ബാധിക്കാം.
മൊബൈല്‍ ഫോണ്‍ എങ്ങനെ വൃത്തിയാക്കാം?
മൊബൈല്‍ഫോണുകള്‍ രോഗാണുക്കളുടെ വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്നത് കൊറോണ വൈറസ് മഹാമാരിയുടെ സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാം എല്ലായിടത്തും കൊണ്ടുനടക്കുന്ന ഉപകരണമാണ് ഫോണ്‍ എന്നതിനാല്‍ വൃത്തിഹീനമായ സാഹചര്യങ്ങളിലും അവ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ഫോണ്‍ കേടുവരാതെ അവ വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവുമാണ്.
ടോയ്‌ലറ്റ് സീറ്റില്‍ കണ്ടുവരുന്നതിനേക്കാള്‍ പത്തുമടങ്ങ് കൂടുതല്‍ രോഗാണുക്കളാണ് ശരാശരി മൊബൈല്‍ഫോണില്‍ കണ്ടുവരുന്നത് എന്നാണ് അരിസോണ സര്‍വകലാശാലയുടെ പഠനം സൂചിപ്പിച്ചത്. തീന്‍മേശ മുതല്‍ ശുചിമുറി വരെ എത്തുന്ന ഉപകരണമാണ് മൊബൈല്‍ഫോണ്‍ എന്നതിനാല്‍ ഈ രോഗാണുക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നു. കൊറോണ വൈറസ് പോലെ സ്പര്‍ശത്തിലൂടെ വ്യാപനം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ വന്‍തോതിലുള്ള രോഗപ്പകര്‍ച്ചയ്ക്ക് മൊബൈല്‍ഫോണുകള്‍ കാരണമാകാം.
വാട്ടര്‍ റെസിസ്റ്റന്റ് എന്ന് പരസ്യപ്പെടുത്തിയ ഫോണ്‍ ആണെങ്കില്‍ പോലും അത് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് സുരക്ഷിതമല്ല. യാതൊരു തരത്തിലുമുള്ള ക്ലീനിങ് സൊല്യൂഷനിലും ഫോണ്‍ മുക്കാനോ അവ ഫോണില്‍ തെളിക്കാനോ ചെയ്യാനോ പാടില്ല. ഒരു മൈക്രോ ഫൈബര്‍ തുണിയില്‍ 70 ശതമാനം ഐസോ പ്രൊപൈല്‍ ആല്‍ക്കഹോള്‍ നനച്ച ശേഷം തുടയ്ക്കുന്നതാണ് ഫോണ്‍ വൃത്തിയാക്കാന്‍ സുരക്ഷിതമായ മാര്‍ഗം. സോപ്പുവെള്ളവും ഉപയോഗിക്കാം. ഫോണ്‍ ഓഫാക്കിയ ശേഷം വേണം ഇത് ചെയ്യാന്‍. ഇതേ ആവശ്യത്തിന് പ്രത്യേക ആല്‍ക്കഹോള്‍ വൈപ്‌സോ മറ്റോ മൊബൈല്‍ നിര്‍മ്മാണ് കമ്പനി ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കില്‍ അവയും ഉപയോഗിക്കാം. അള്‍ട്രാവയലറ്റ് തരംഗങ്ങളുപയോഗിച്ച് ഫോണുകളെ അണുവിമുക്തമാക്കുന്ന സാങ്കേതിക വിദ്യയും ഇപ്പോള്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് സി വിഭാഗത്തില്‍പ്പെടുന്ന തരംഗങ്ങളാണ് അണുക്കളെ നശിപ്പിക്കുക. ഇവ മനുഷ്യശരീരത്തിന് ദോഷകരമാണ് എന്നതിനാല്‍ സുരക്ഷിതമായി മാത്രം ഉപയോഗിക്കണം. ഫോണിന്റെ കെയ്‌സ് വൃത്തിയാക്കണമെങ്കില്‍ അത് ഊരിമാറ്റിയ ശേഷം സോപ്പുവെള്ളത്തില്‍ കഴുകാവുന്നതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അരുണ്‍ മംഗലത്ത്
ആര്‍.എം.ഒ.
ജനറല്‍ ആശുപത്രി, കല്പ്പറ്റ
കേരള ഗവ. ഹെല്‍ത്ത് സര്‍വീസ്
Content Highlights: Is it bad for your health to keep your mobile phone close to you while you sleep, Health, Mobile Phone