ചെവിയുടെ തകരാറ് തലകറക്കം ഉണ്ടാക്കുമോ?


ഡോ. അനു തമ്പി

കട്ടിലില്‍നിന്നും എഴുന്നേല്‍ക്കുമ്പോഴോ, തല തിരിക്കുമ്പോഴോ സ്വയം കറങ്ങുകയോ, ചുറ്റും കറങ്ങുകയോ ഒക്കെ ചെയ്യുന്നതായി തോന്നാറുണ്ടോ?

Representative Image| Photo: GettyImages

ശാരീരികമായും മാനസികവുമായി വളരെയധികം വിഷമമുണ്ടാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും തലകറക്കം അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. നമ്മളില്‍ പലരും തലകറക്കം ഗൗരവമായി എടുക്കാതെ അവഗണിക്കുകയാണ് പതിവ്. ഗുരുതരവും അല്ലാത്തതുമായ പല കാരണങ്ങളാല്‍ തലകറക്കം വരാം.

കട്ടിലില്‍നിന്നും എഴുന്നേല്‍ക്കുമ്പോഴോ, തല തിരിക്കുമ്പോഴോ സ്വയം കറങ്ങുകയോ, ചുറ്റും കറങ്ങുകയോ, നമ്മളെ എടുത്ത് മറിക്കുന്നത് പോലെ തോന്നുകയോ, ബാലന്‍സ് പോകുന്നത് പോലെ തോന്നുന്നതിനെയാണ് ട്രൂ വെര്‍ട്ടിഗോ(True Vertigo) എന്ന് പറയുന്നത്.

ശരീരത്തിലെ സമതുലനാവസ്ഥ (Balance) നിലനിര്‍ത്തുന്നത് തലച്ചോറും ശരീരത്തിലെ മറ്റു അവയവങ്ങളായ ചെവി, കണ്ണ്, നട്ടെല്ല്, നാഡി, സന്ധി എന്നിവ ഏകീകരിപ്പിച്ചുള്ള പ്രവര്‍ത്തനമാണ്.

തലചുറ്റല്‍ അനുഭവപ്പെടുന്നു എന്ന് പറഞ്ഞു വരുന്ന എല്ലാ രോഗിക്കും യഥാര്‍ത്ഥ വെര്‍ട്ടിഗോ (True Vertigo) ആകണമെന്നില്ല. പലപ്പോഴും കണ്ണില്‍ ഇരുട്ട് കയറുക (Presyncope) ബോധം കെടുക (Syncope), ട്രൂ വെര്‍ട്ടിഗോയുമായി ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഈ കാരണങ്ങള്‍ കൊണ്ടാകാം- രക്തക്കുറവ്, വിളര്‍ച്ച, രക്തസമ്മര്‍ദം കൂടുക, രക്തസമ്മര്‍ദം കുറയുക, തൈറോയ്ഡ് രോഗം, സ്പോണ്ടിലൈറ്റിസ്, മൈഗ്രേന്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, അപസ്മാരം, ഹൃദ്രോഗം, പ്രമേഹം, ട്യൂമര്‍, മാനസിക പിരിമുറുക്കം.

എന്താണ് ചെവിയും ബാലന്‍സുമായുള്ള ബന്ധം?

ചെവിയെ ബാഹ്യകര്‍ണ്ണം, മധ്യകര്‍ണ്ണം, ആന്തരിക കര്‍ണ്ണം എന്നിങ്ങനെ മൂന്നായി തിരിക്കാം. ആന്തരിക കര്‍ണ്ണത്തിലെ വെസ്റ്റിബ്യുലാര്‍ അപ്പാരറ്റസ് (Vestibular apparatus) ആണ് ചെവിയുടെ ബാലന്‍സ് നിയന്ത്രിക്കുന്നത്. നമ്മുടെ തലയുടെ ചലനത്തെക്കുറിച്ചുള്ള വിവരണം, വെസ്റ്റിബ്യുലാര്‍ നാഡി വഴി തലച്ചോറിലേക്ക് അയക്കുകയും ചെയ്യുന്നു.

ചെവിയില്‍ ഉണ്ടാകുന്ന രോഗങ്ങളോ, ബാലന്‍സിന്റെ ഞരമ്പായ വെസ്റ്റിബ്യുലാര്‍ നാഡിയോ, അത് തലച്ചോറുമായി ബന്ധിപ്പിക്കുന്നയിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളോ, ഈ ഏകോപനം തകരാറിലാക്കുന്നു. തല്‍ഫലമായുണ്ടാക്കുന്ന ശാരീരികാവസ്ഥയാണ് ട്രൂ വെര്‍ട്ടിഗോ എന്നു പറയുന്നത്.

ഏകദേശം 80 ശതമാനം ട്രൂ വെര്‍ട്ടിഗോയും ചെവിയുടെ ബാലന്‍സ് ഇല്ലായ്മ കാരണമായിരിക്കും വരുന്നത്. ചെറിയൊരു ശതമാനം തലച്ചോറിനകത്തുള്ള രോഗം കാരണവുമാകും.

പ്രധാന രോഗലക്ഷണങ്ങള്‍

  • സ്വയം കറങ്ങുന്നതുപോലെയോ, ചുറ്റും കറങ്ങുന്നത് പോലെയോ തോന്നുക
  • ഒരു വശത്തേക്ക് ചരിഞ്ഞു പോവുക
  • മന്ദത
  • ചെവിക്കുള്ളില്‍ മുഴക്കം
  • കേള്‍വിക്കുറവ്
  • ചര്‍ദ്ദി
ഏറ്റവും കൂടുതലായി കണ്ടുവരുന്ന തലകറക്കമാണ് ബിനൈന്‍ പരോക്‌സിമല്‍ പൊസിഷണല്‍ വെര്‍ട്ടിഗോ (Benign Paroxysmal Positional Vertigo-BPPV). സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കണ്ടു വരുന്നത്. തലയുടെ അമിതമായ ചലനം ഏതാനും നിമിഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന തലകറക്കം ഉണ്ടാക്കുന്നതാണ് ലക്ഷണം. ആന്തരിക കര്‍ണ്ണത്തിനകത്തുള്ള ഓട്ടോലിത്ത് എന്ന് പറയുന്ന കാല്‍സ്യം കാര്‍ബണേറ്റ് തരികള്‍ ഇളകി, എന്‍ഡോലിംഫ് എന്നു പറയുന്ന ദ്രാവകത്തില്‍ ഒഴുകി, ചലനമുണ്ടാക്കുന്നതിനാലാണ് തലകറക്കം വരുന്നത്. Dix Hallpike എന്ന ടെസ്റ്റ് വഴി രോഗനിര്‍ണ്ണയം നടത്താം. ഇതുകൂടാതെ കേള്‍വി ടെസ്റ്റ് ഓഡിയോമെട്രി, OAE, ECOG, എം.ആര്‍.ഐ. സ്‌കാന്‍, രക്ത പരിശോധന, എന്നീ പരിശോധനകളും ആവശ്യപ്പെടാം. റീ പൊസിഷനിങ് എക്‌സര്‍സൈസിലൂടെയും വെസ്റ്റിബ്യുലാര്‍ ഹാബിറ്റ്വാഷന്‍ (Vestibular habituation) തെറാപ്പി എന്ന ലളിതമായ വ്യായാമത്തിലൂടെയും രോഗം ഭേദമാക്കാം. അടുപ്പിച്ച് വീണ്ടും തലകറക്കം വരാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

വെര്‍ട്ടിഗോ ഉള്ളവര്‍ കട്ടിലില്‍ നിന്നോ കസേരയില്‍ നിന്നോ എഴുന്നേല്‍ക്കുന്നത് സാവധാനം ആയിരിക്കണം. തല പെട്ടെന്ന് തിരിക്കുന്നത് ഒഴിവാക്കണം. തല അല്പം പൊക്കി വെച്ച് ഉറങ്ങുന്നത് സഹായകരമായിരിക്കും. തല കുനിഞ്ഞുള്ള ജോലികള്‍, കഴിവതും ഒഴിവാക്കുക. വാഹനമോടിക്കുന്നത്, യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്, ഗോവണി കയറുന്നത്, വെള്ളത്തിന്റെയോ, തീയുടെയോ അടുത്ത് പോകുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

മറ്റൊരു പ്രധാനപ്പെട്ട രോഗമാണ് മെനിയേഴ്‌സ് ഡിസീസ് (Meniere's Disease) ആന്തരിക കര്‍ണത്തില്‍ ഉള്ള എന്‍ഡോലിംഫ് ദ്രാവകത്തിന്റെ മര്‍ദം കൂടുന്നതാണ് രോഗകാരണം. മണിക്കൂറുകള്‍ നീളുന്ന തലകറക്കത്തോടൊപ്പം കേള്‍വിക്കുറവ്, മൂളല്‍, മുഴക്കം, ചര്‍ദ്ദി എന്നിവയാണ് രോഗലക്ഷണം. തലകറക്കം ഉള്ള സമയത്ത്, വെസ്റ്റിബ്യൂലാര്‍ സെഡേറ്റീവ്‌സ് (Vestibular sedatives) ഗുളികയായിട്ടോ, കുത്തിവയ്പ്പായിട്ടോ കൊടുക്കാം. ഇത് ഉണ്ടാക്കുന്ന ആവര്‍ത്തി അനുസരിച്ചാണ് മറ്റു ചികിത്സകള്‍. കുറഞ്ഞില്ലെങ്കില്‍ ശസ്ത്രക്രിയയും ചെയ്യേണ്ടി വരാം.

കാപ്പിയിലെ കഫീന്‍, ഉപ്പ് എന്നിവയുടെ നിയന്ത്രണം, ആഹാരക്രമീകരണം എന്നിവ രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

അണുബാധ

ആന്തരിക കര്‍ണത്തിലുണ്ടാകുന്ന അണുബാധ (Labyrinthitis), വെസ്റ്റിബ്യൂലാര്‍ നാഡിയിലെ വീക്കം (Vestibular neuritis) എന്നിവയും തലകറക്കം ഉണ്ടാക്കാം.

മറ്റു പലവിധ രോഗങ്ങള്‍ കൊണ്ട് തലകറക്കം അനുഭവപ്പെടാം. ആന്തരിക കര്‍ണ്ണത്തില്‍ ജന്മനാലോ, തലയില്‍ ആഘാതം സംഭവിക്കുന്നതിനാലോ വരാവുന്ന പെരിലിംഫാറ്റിക് ഫിസ്റ്റുല (Perilymphatic Fistula), സെമി സര്‍ക്കുലാര്‍ കനാല്‍ ഡെഹിസിന്‍ (Semicircular canal dehiscence), ലാബ്രിന്ത്രിന്‍ കണ്‍കഷന്‍ (Labyrinthine concussion), തലച്ചോറിലെ ബാലന്‍സ് ഏരിയയില്‍ വരുന്ന പക്ഷാഘാതം (Posterior circulation stroke) , തലച്ചോറിലെ മുഴ എന്നിവയും തലകറക്കം ഉണ്ടാക്കും.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ഇ.എന്‍.ടി. വിഭാഗം കണ്‍സള്‍ട്ടന്റ് ആണ് ലേഖിക)

Content Highlights: Is ear problems cause dizziness, How vertigo affects body balance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented