ന്ത്യയില്‍ കോവിഡ് വ്യാപനം ഏറ്റവും തീവ്രമായ ഘട്ടത്തെയാണ് നമ്മള്‍ അതിജീവിക്കുന്നത്. ചികിത്സയിലും സുരക്ഷാകാര്യങ്ങളിലും ഇടയ്ക്കിടെ മാറ്റങ്ങളും പുതുക്കലുകളും നടത്തുന്നുമുണ്ട്. കോവിഡ് ചികിത്സയ്ക്കായി 2-ഡി.ജി എന്ന മരുന്ന് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കി. 2-ഡി ഓക്സി-ഡി-ഗ്ലൂക്കോസ് (2ഡി.ജി.) എന്ന മരുന്ന് ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനു കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് ഡോ. റെഡീസ് ലബോറട്ടറിയുടെ സഹായത്തോടെയാണ് വികസിപ്പിച്ചത്.
കോവിഡ് ബാധിതരില്‍ ഓക്സിജന്‍ ചികിത്സയുടെ ആവശ്യം കുറയ്ക്കാനും വേഗത്തില്‍ രോഗമുക്തി നേടാനും ഈ മരുന്ന് സഹായിക്കുന്നുവെന്നാണ് ക്ലിനിക്കല്‍ ട്രയല്‍ പഠനങ്ങള്‍ നല്‍കുന്ന സൂചന. ഓക്സിജന്‍ ചികിത്സ ആവശ്യമായി വരുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധന ഗുരുതരമായ പ്രതിസന്ധിയാണ് ഇതിനകം ഉണ്ടാക്കിയിട്ടുള്ളത്. ആ സഹാചര്യത്തില്‍ പുതിയ മരുന്ന് പ്രതീക്ഷ നല്‍കുന്നുണ്ട്.

ക്ലിനിക്കല്‍ ട്രയല്‍

രണ്ടാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ 2020 മേയ് മാസത്തിനും ഓക്ടോബറിനും ഇടയിലാണ് നടന്നത്. 17 ആശുപത്രികള്‍ പങ്കാളികളായി. 110 രോഗികള്‍ ട്രയലില്‍ പങ്കെടുത്തു. സാധാരണയുള്ളതിനേക്കാള്‍ രണ്ടര ദിവസം മുന്‍പ് രോഗം ഭേദമാകുന്നതായാണ് ഇതിലൂടെ കണ്ടത്. മൂന്നാം ഘട്ട പരീക്ഷണത്തിന് കഴിഞ്ഞവര്‍ഷം നവംബറിലാണ് അനുമതി ലഭിച്ചത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ 27 ആശുപത്രികളിലാണ് മൂന്നാം ഘട്ട ട്രയല്‍ നടന്നത്. മരുന്ന് നല്‍കിയ രോഗികളില്‍ 42 ശതമാനം പേര്‍ക്ക് മുന്ന് ദിവസം നേരത്തെ ഓക്സിജന്‍ ചികിത്സ ഒഴിവാക്കാന്‍ സാധിച്ചു.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

വൈറസ് ബാധിത കോശങ്ങളില്‍ മാത്രമായാണ് ഈ മരുന്ന് പ്രവര്‍ത്തിക്കുന്നത്. വൈറസ് ബാധിത കോശങ്ങളിലെത്തിയ മരുന്ന് അവിടെ വൈറസ് പെരുകുന്നത് തടയുന്നു. വൈറസ് പെരുകുന്നതിന് ആവശ്യമായ ഊര്‍ജം തടയുകയാണ് ഈ മരുന്ന് ചെയ്യുന്നത്.

എങ്ങനെ നല്‍കുന്നു

പൗഡര്‍ രൂപത്തില്‍ പായ്ക്കറ്റുകളാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. വെള്ളത്തില്‍ കലക്കി കുടിക്കാനാണ് നിര്‍ദേശം.
***

കോവിഡിനെതിരെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ള മരുന്ന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇത് തദ്ദേശീയമായി വികസിപ്പിച്ചതാണ്. വൈറല്‍ ലോഡ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനം. ഗ്ലൂക്കോസാണ് ഇതിന്റെ പ്രധാന ഘടകം. അതുകൊണ്ട് മറ്റ് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വിലയിരുത്താം. എന്നാല്‍ വളരെ കുറച്ച് പേരിലേ നിലവില്‍ പഠനം നടന്നിട്ടുള്ളൂ എന്ന പോരാ
യ്മയുണ്ട്.

ഡോ.ബി.പദ്മകുമാര്‍
പ്രൊഫസർ,
മെഡിസിൻ വിഭാ​ഗം
​ഗവ.മെഡിക്കൽ കോളേജ്, ആലപ്പുഴ

Content Highlights: 2-DG drug, Covid19, Health

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്