നാല്പത്തഞ്ചു വയസ്സുള്ള സ്‌കൂള്‍ അധ്യാപകനാണ് രോഗി. അയാള്‍ക്ക് കഴിഞ്ഞ പതിനാറുവര്‍ഷമായി വയറിനു പ്രശ്‌നമാണ്. ഇടയ്ക്കിടെ വരുന്ന വയറുവേദന. ഗ്യാസ് നിറഞ്ഞ് വയറുവീര്‍ത്തുവരല്‍. എന്തെങ്കിലും കഴിച്ചാല്‍ ഉടനെ തന്നെ ടോയ്ലറ്റില്‍ പോകണമെന്നു തോന്നും. ടോയ്ലറ്റില്‍ കുറേയധികം സമയം ഇരുന്നാലും പൂര്‍ണമായും തൃപ്തിയാവില്ല. വയറുവേദനയ്ക്കു താത്കാലിക ആശ്വാസം ഉണ്ടാവുമെന്നു മാത്രം.  ഇടയ്ക്കിടെ ഡയേറിയ ഉണ്ടാകും. ചിലപ്പോഴൊക്കെ  വയറില്‍ ഉറച്ചിട്ടാണു പോകുക (Constipation).  ഈ പ്രശ്‌നം മൂലം സ്‌കൂളില്‍ സമയത്ത് എത്താന്‍ കഴിയില്ല.  സ്‌കൂളില്‍ വെച്ച് ചായയോ മറ്റോ കുടിച്ചാല്‍ ഉടനെത്തന്നെ ടോയ്ലറ്റില്‍ പോകേണ്ടിവരും.  അതുകൊണ്ട് പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടിവരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കും.  പറ്റുമെങ്കില്‍ ദൂരയാത്രകളൊന്നും പോവാറില്ല.  വളരെ അത്യാവശ്യമുള്ള യാത്രകള്‍ക്ക് പുറപ്പെടേണ്ടി വരികയാണെങ്കില്‍ പണ്ടൊരിക്കല്‍ ഡയേറിയ വന്നപ്പോള്‍ ഡോക്ടര്‍ കുറിച്ചുനല്‍കിയ ലോപാമൈഡ് എന്ന ഗുളിക കഴിച്ചിട്ടു മാത്രമേ യാത്ര തുടങ്ങൂ.  മാത്രവുമല്ല, ടോയ്ലെറ്റില്‍ പോകാന്‍ അവസരം ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ വയറിലെ വേദനയും അര്‍ജന്‍സിയും കുറയ്ക്കാന്‍ അയാള്‍ ഒരു രീതി കണ്ടുപിടിച്ചിട്ടുണ്ട്.

വയറില്‍ മുകള്‍ഭാഗത്തേക്കായി ആറു പ്രാവശ്യം അമര്‍ത്തി ഉഴിയുക. അതിനുശേഷം തല മൂന്നു പ്രാവശ്യം ചുമരില്‍ വെച്ച് ഉരസുക എന്നതാണാ രീതി.  ഇങ്ങനെ ചെയ്യുന്നതിലൂടെ കുറേയൊക്കെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ് അയാളുടെ അനുഭവം.  അയാള്‍ ഒരുപാട് ഡോക്ടര്‍മാരെ കണ്ടിട്ടുണ്ട്.  പലവിധ ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും വിധേയനായിട്ടുണ്ട്.  പക്ഷേ, കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല.  അതുകൊണ്ട് അയാളുടെ ജീവിതശൈലി ഈ രോഗത്തിനനുസരിച്ച് ക്രമപ്പെടുത്തുകയാണ് അയാള്‍ ചെയ്തത്.

എന്നാല്‍, ഇപ്പോള്‍ മൂന്നുമാസമായിട്ട് രോഗം കൂടുതല്‍ കലശലാണ്. ഭാര്യയ്ക്ക് സ്ഥലംമാറ്റം കിട്ടിപോയതിനുശേഷം അയാളും മക്കളും വീട്ടില്‍ ഒറ്റയ്ക്കാണ്.  ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഡയേറിയയും വയറുവേദനയും വരുന്നുണ്ട്.  ദിവസത്തില്‍ മൂന്നുനാലു മണിക്കൂര്‍ ടോയ്ലറ്റില്‍ തന്നെ കഴിച്ചുകൂട്ടേണ്ട അവസ്ഥ. ഇടയ്ക്ക് ഗ്യാസ് കയറി വയറുവീര്‍ത്താല്‍ പാന്റ് ധരിക്കാന്‍ പോലും കഴിയില്ല.  ഉറക്കം കുറവാണ്. ശരീരത്തിലൊട്ടാകെ വേദനയുമുണ്ട്.  ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) എന്നു വിളിക്കുന്ന ഒരു രോഗാവസ്ഥയാണിത്.  വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കൂടി അയാള്‍ക്കുണ്ട്.  അയാളോട് അല്‍പനേരം സംസാരിച്ചു.  രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പറഞ്ഞു.  മരുന്നും കൊടുത്തു പറഞ്ഞുവിട്ടു.  രണ്ടാഴ്ച കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ ചെറുതായി ചില മാറ്റങ്ങളെല്ലാം വന്നെന്നു പറഞ്ഞു. മരുന്നില്‍ മാറ്റം വരുത്തുകയും തുടര്‍ചികിത്സയ്ക്ക് നിര്‍ദേശിക്കുകയും ചെയ്തു.  പക്ഷേ, പിന്നീട് അയാള്‍ ചികിത്സ തുടര്‍ന്നില്ല.  ഒരു പക്ഷേ, മറ്റൊരു ഡോക്ടറെയും പുതിയ പരിശോധനകളെയും മരുന്നുകളെയും ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടാകും.

ക്ഷോഭിക്കുന്ന കുടലുകള്‍
ദഹനവ്യവസ്ഥയില്‍ ആമാശയത്തിനു താഴെ സ്ഥിതി ചെയ്യുന്ന ചെറുകുടലും വന്‍കുടലുമടങ്ങുന്ന ഭാഗങ്ങളെയാണ് ബവല്‍ (Bowel) എന്ന പദംകൊണ്ട് വ്യവഹരിക്കുന്നത്.  ഈ ദഹനസംവിധാനത്തിലുണ്ടാകുന്ന ചില കുഴപ്പങ്ങളാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ആയി പ്രത്യക്ഷപ്പെടുന്നത്. ഇറിറ്റബിലിറ്റി (Irritabiltiy) എന്നത് വൈകാരികാവസ്ഥകളെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഒരു പദമാണ്. ക്ഷോഭിക്കുന്ന കുടലുകളാണ് (Irritable bowel) രോഗത്തിന് കാരണമെന്ന് സൂചിതം.  വയറിളക്കമായും അധോവായുവായും പ്രത്യക്ഷമാവുന്ന കുടലുകളിലെ കടല്‍ക്ഷോഭം.

IBS ഒരു ഫങ്ഷണല്‍ ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ ഡിസോര്‍ഡറാണ്. നേരത്തേ വ്യക്തമാക്കിയതുപോലെ, ക്ഷോഭിക്കുക എന്നത് ഒരു വൈകാരിക അവസ്ഥയാണ്.  ക്ഷോഭിക്കുന്ന കുടലുകള്‍ (Irritable bowel)എന്നതില്‍ ക്ഷോഭം എന്ന് വൈകാരികരൂപകം (metaphor)  കടന്നുവന്നത് മിക്കവാറും യാദൃച്ഛികമായിരിക്കും. അങ്ങനെ നോക്കുമ്പോള്‍ ധ്വനിസാന്ദ്രമായ ഒരു പേരു കൂടിയാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം. എന്നാല്‍, സ്ട്രെസ്സ് അടക്കമുള്ള വൈകാരികാവസ്ഥകളും മസ്തിഷ്‌കത്തിലെ വിവിധ സംവിധാനങ്ങളിലുണ്ടാകുന്ന പാകപ്പിഴകളുമാണ് ഈ രോഗാവസ്ഥയുടെ പ്രധാന കാരണങ്ങളെന്ന് കൂടുതല്‍ക്കൂടുതല്‍ വ്യക്തമാവുമ്പോള്‍ ഇറിറ്റബിള്‍ എന്ന വൈകാരികരൂപകം അക്ഷരാര്‍ഥത്തില്‍ തന്നെ അന്വര്‍ഥമായിത്തീരുന്നുണ്ട്.  സത്യമെന്നത് രൂപകങ്ങളുടെ ചലനാത്മകമായൊരു സേനാവ്യൂഹമാണെന്ന് (truth is a mobile army of metaphors, metanyms and anthropomorphisms). നീറ്റ്ഷെ പറയുന്നത് വിമര്‍ശനരൂപത്തിലാണ്. എന്നാല്‍, നീറ്റ്ഷെയുടെ ആ പ്രയോഗത്തിന് ധനാത്മകവും പ്രവചനപരവുമായ ഒരു മൂല്യമുള്ള സന്ദര്‍ഭമാണിതെന്നു തോന്നുന്നു. ഇറിറ്റബ്ള്‍ എന്ന വൈകാരികരൂപകത്തിന്റെ അബോധത്തിലുള്‍ച്ചേര്‍ന്ന് മസ്തിഷ്‌ക-വൈകാരികബന്ധങ്ങള്‍ ശാസ്ത്രീയപഠനത്തിന്റെ വസ്തുതാന്വേഷണങ്ങളില്‍ അനാവൃതമാകുന്ന സന്ദര്‍ഭം.

ഗട്ട്-ബ്രയിന്‍ ആക്‌സിസ്
മസ്തിഷ്‌കവും ദഹനവ്യവസ്ഥയും പലവിധങ്ങളായ ആശയവിനിമയ സംവിധാനങ്ങളിലൂടെ പരസ്പരം നിരന്തരം പ്രതിപ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.  ഈ ആശയവിനിമയ സംവിധാനങ്ങളെ മൊത്തത്തില്‍ വിളിക്കുന്ന പേരാണ് ഗട്ട്-ബ്രെയിന്‍ ആക്‌സിസ് (gut-brain axis) ഈ ആക്‌സിസില്‍ ഉണ്ടാവുന്ന അസന്തുലിതാവസ്ഥയാണ് IBS ന്റെ കാരണമായി കണക്കാക്കുന്നത്.  ഈ അസന്തുലിതാവസ്ഥ താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.  ഭക്ഷണവും വിസര്‍ജ്യവും വയറിലൂടെ കടന്നുപോകുന്ന പ്രക്രിയയില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ (Motiltiy disturbance) ആന്തരികാവയവങ്ങളിലെ വേദനാ സംവേദനം അമിതമാവുക (Visceral Hypersensitivtiy).  

ദഹനവ്യവസ്ഥയിലെ പ്രതിരോധസംവിധാനങ്ങളിലും ബാക്ടീരിയകളിലും അനഭിലഷണീയമായ മാറ്റങ്ങള്‍ വരുന്ന അവസ്ഥ, തലച്ചോറില്‍ നിന്നും തലച്ചോറിലേക്കുമുള്ള നാഡീസന്ദേശസംവിധാനങ്ങളില്‍ തകരാറുവരിക എന്നിങ്ങനെ.

ഒരു വ്യക്തിയുടെ ബാല്യകാലത്തുണ്ടാവുന്ന ദുരനുഭവങ്ങള്‍ മസ്തിഷ്‌ക വികാസത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും അതുവഴി ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന് കാരണമാവുകയും ചെയ്യുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.  മാനസികമായ സ്ട്രെസ്സ് ഈ അസുഖത്തെ കലശലാക്കി മാറ്റുന്നതും മസ്തിഷ്‌കത്തിലെ സ്വാധീനം വഴിയാണ്. ഈ രോഗമുള്ള വ്യക്തികള്‍ക്ക് വയറിനകത്തെ ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ട ഉത്തേജനങ്ങളോടുള്ള സംവേദനക്ഷമത വളരെ അധികമായിരിക്കും വിസറല്‍ ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി എന്നാണ് ഇതിനു പറയുന്നത്.  മസ്തിഷ്‌കത്തിലെ ഇന്‍സുലാര്‍ കോര്‍ട്ടെക്‌സ്, ആന്റീരിയര്‍ സിംഗുലേറ്റ് കോര്‍ട്ടെക്സ് തുടങ്ങിയ ഭാഗങ്ങളിലുള്ള അമിതമായ ഉത്തേജനമാണ് വിസറല്‍ ഹൈപ്പര്‍ സെന്‍സിറ്റിവിറ്റിക്കു കാരണമെന്നാണ് കരുതുന്നത്. രോഗി വയറുമായി ബന്ധപ്പെട്ട ഇത്തരം സംവേദനങ്ങളെക്കുറിച്ച് അമിതമായി ജാഗരൂഗനും ഉത്കണ്ഠാകുലനുമായിരിക്കും.

IBS മായി ബന്ധപ്പെട്ട മറ്റൊരു പ്രധാനഘടകം കുടലിനകത്തെ സൂക്ഷ്മജീവികളാണ്. ഗട്ട് മൈക്രോബയോട്ട (Gut Microbiota) എന്നാണ് ഇവയെ പറയുക. ദഹനവ്യവസ്ഥയുടെ സന്തുലിതമായ പ്രവര്‍ത്തനത്തിന് ആരോഗ്യകരമായ ഗട്ട്മൈക്രോബയോട്ട അനിവാര്യമാണ്.  ഈ സൂക്ഷ്മജീവികള്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെയും സ്വാധീനിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.  ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഈ സൂക്ഷ്മജീവികളില്‍ വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇപ്പോള്‍ നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്.  മാനസികമായ സ്ട്രെസ്സ് വയറിനകത്തെ ഈ സൂക്ഷ്മജീവികളെ സ്വാധീനിക്കുമെന്നും മാനസിക സന്തുലിതാവസ്ഥയെ ഈ സൂക്ഷ്മജീവികള്‍ തിരിച്ച് സ്വാധീനിക്കുമെന്നുമുള്ളതിന് ഇന്ന് തെളിവുകളുണ്ട്.  ഈ സൂക്ഷ്മജീവികളില്‍ വരുന്ന വ്യത്യാസം IBSലെ ഒരു പ്രധാന പ്രശ്‌നമായി ഇന്നു മനസ്സിലാക്കപ്പെടുന്നുണ്ട്.

മസ്തിഷ്‌കവും മനസ്സും ദഹനവ്യവസ്ഥയും അടക്കമുള്ള ശരീരവ്യവസ്ഥകള്‍ തമ്മിലുള്ള നിരന്തരവും സജീവവുമായ പ്രതിപ്രവര്‍ത്തനം ആരോഗ്യകരമായ ഒരു ജീവിതത്തിന് അനിവാര്യമാണ് എന്ന് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.  അതോടൊപ്പം സൂക്ഷ്മജീവികളുടെ ഒരു മഹാപ്രപഞ്ചം  തന്നെ നമ്മുടെ ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുകൊണ്ട് എപ്പോഴും പ്രവര്‍ത്തനനിരതമായിക്കൊണ്ടേയിരിക്കുന്നു എന്നും നാം തിരിച്ചറിയുന്നുണ്ട്.  ഞാനെന്നത് ഏകനായ ഒരു വ്യക്തി മാത്രമല്ലെന്നും ഒരു വലിയ ആവാസവ്യവസ്ഥ കൂടിയാണെന്നും നമുക്ക് വെളിപ്പെട്ടുകിട്ടുന്നു.  അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍ (Walt Whitman) സോങ് ഓഫ് മൈസെല്‍ഫ് എന്ന കവിതയിലെഴുതിയ പോലെ  - I am large , I contain multitudes.  (ഗട്ട് മൈക്രോബുകളെക്കുറിച്ച് 2016-ല്‍ ഇറങ്ങിയ പുസ്തകത്തിന് ഗ്രന്ഥകര്‍ത്താവ്  എഡ്. യങ്ങ് പേരിട്ടത്- I contain multitudes  എന്നാണ്.

(കോഴിക്കോട് ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ സൈക്യാട്രിസ്റ്റാണ് ലേഖകന്‍)

Content Highlights: irritable bowel syndrome