Representative Image| Photo: Canva.com
സ്ത്രീശരീരത്തിലെ ആരോഗ്യസൂചികയാണ് ആർത്തവം. ശരീരം പ്രത്യുത്പാദനത്തിന് തയ്യാറാണ് എന്നതിന്റെ സൂചന കൂടിയാണ് ഇത്. ആർത്തവം നടന്നാൽ മാത്രമേ അണ്ഡവിസർജനവും ഗർഭധാരണവും സാധ്യമാവുകയുള്ളു. എന്നാൽ ആർത്തവം പല സ്ത്രീകൾക്കും പേടിസ്വപ്നമാണ്. കൃത്യമായി ആർത്തവം വരാതിരിക്കുക, നീണ്ടുനിൽക്കുക, അമിത രക്തസ്രാവം, അണുബാധ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ ഈ സമയങ്ങളിൽ നേരിടേണ്ടി വരാറുണ്ട്.
ക്രമം തെറ്റിയ ആർത്തവം
നാലുമുതൽ ഏഴുവരെ ദിവസങ്ങളാണ് ആർത്തവകാലം. 21 മുതൽ 35 ദിവസങ്ങൾക്കുള്ളിലാണ് ആർത്തവം ഉണ്ടാകാറുള്ളത്. ഈ കാലയളവിൽ വ്യത്യാസം വരികയോ അമിതമായ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ ആർത്തവ ക്രമക്കേട് സംശയിക്കാം.
ചിലരിൽ ആർത്തവം ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രമേ നീണ്ടു നിൽക്കാറുള്ളു. ആരംഭം മുതൽ ഇതേ അവസ്ഥയാണെങ്കിൽ പേടിക്കേണ്ടതില്ല. എന്നാൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന ആർത്തവം ഉണ്ടാവുകയും പിന്നീട് പെട്ടെന്ന് ഒന്നോ രണ്ടോ ദിനങ്ങളായി ചുരുങ്ങുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.
കാരണങ്ങൾ
- മാനസിക പ്രശ്നങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങളും മൂലമുള്ള ഹോർമോൺ വ്യതിയാനങ്ങൾ ആർത്തവ താളംതെറ്റാൻ ഇടയാക്കും.
- പി.സി.ഒ.ഡി, എൻഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ് പോലുള്ള അസുഖങ്ങളും ഇതിന് കാരണമായേക്കാം.
- ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും കാരണമാകാറുണ്ട്.
- വേദനയോടെയുള്ള ആർത്തവം, അമിതരക്തസ്രാവം എന്നിവ കണ്ടാൽ വൈദ്യസഹായം തേടണം.
രണ്ടുമുതൽ ഏഴുവരെയാണ് സാധാരണ ആർത്തവ ദിനങ്ങൾ. ചിലരിൽ ഇത് കൂടുതൽ ദിവസം നീണ്ടുനിന്നേക്കാം. ഒപ്പം കടുത്ത ബ്ലീഡിങ്ങും ഉണ്ടാകാം. പത്തിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന ആർത്തവം മെനോറേജിയ എന്ന അവസ്ഥ മൂലമുണ്ടാകാറുണ്ട്. തുടർച്ചയായി മൂന്നുമാസമെങ്കിലും ആർത്തവദിനങ്ങൾ ഏഴിൽ കൂടുതലായി കാണുന്നുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്.
അമിത രക്തസ്രാവം
- സാധാരണ ആർത്തവസമയത്ത് 15 മുതൽ 35 മില്ലി രക്തം വരെ നഷ്ടമാകാറുണ്ട്. എന്നാൽ 80 മില്ലിയിൽ കൂടുതൽ രക്തം പുറത്തു പോകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് ഗർഭാശയ രോഗങ്ങളുടെ ലക്ഷണമാകാം.
- രക്തം കട്ടയായി പോവുക, പാഡുകളിൽ നിന്നും അടിവസ്ത്രങ്ങളിലേക്ക് പടരുക, വിളർച്ച, ക്ഷീണം എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണം.
- ആർത്തവം കൃത്യമാണെങ്കിൽ രക്തത്തിന്റെ അളവ് അൽപം കുറഞ്ഞാലും പേടിക്കേണ്ടതില്ല.
- എല്ലാമാസവും അമിതമായി രക്തസ്രാവം ഉണ്ടാകുന്നത് ഗർഭാശയത്തിലെ മുഴകൾ കൊണ്ടാവാം.
അണുബാധയാണ് ആർത്തവസമയങ്ങളിൽ നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്നം. പാഡ് കൂടുതൽ സമയം ഉപയോഗിക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. കൂടാതെ ചർമത്തിൽ തടിപ്പ്, ചൊറിച്ചിൽ എന്നിവയും കണ്ടേക്കാം.
സോപ്പ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങൾ കഴുകുന്നത് പലപ്പോഴും അണുബാധയ്ക്കും വരൾച്ചയ്ക്കും കാരണമാകാറുണ്ട്. അതിനാൽ ആർത്തവസമയങ്ങളിൽ സോപ്പ് ഉപയോഗം കുറയ്ക്കണം.
അടിവസ്ത്രങ്ങൾ, നാപ്കിൻ എന്നിവ രോഗാണുമുക്തമാണെന്ന് ഉറപ്പാക്കണം.
ശുചിത്വം പ്രധാനം
ആർത്തവകാലത്ത് ശുചിത്വം വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും വേണം.
- ഒരുദിവസം മൂന്നുപ്രാവശ്യമെങ്കിലും പാഡുകൾ മാറ്റണം
- ഒരേ പാഡ് തുടർച്ചയായി വയ്ക്കുന്നത് അണുബാധയ്ക്ക് ഇടയാക്കും
- കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ ഉപയോഗശേഷം വൃത്തിയായി കഴുകി വെയിലത്ത് ഉണക്കണം.
- സോപ്പ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങൾ കഴുകുന്നത് ചർമവരൾച്ചയ്ക്ക് ഇടയാക്കും.
- മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ കപ്പ് നിറഞ്ഞാൽ അല്ലെങ്കിൽ 12 മണിക്കൂറിൽ ഒരിക്കൽ(ഏതാണോ നേരത്തെ അത്) വൃത്തിയാക്കണം.
പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്ന പി.സി.ഒ.എസ് പലപ്പോഴും ആർത്തവ ക്രമക്കേടുകൾക്ക് പ്രധാന കാരണമാകാറുണ്ട്. അണ്ഡാശയത്തിനെയും പ്രത്യുത്പാദന അവയവങ്ങളെയും സാരമായി ബാധിക്കുന്ന ഈ അസുഖം വന്ധ്യതയ്ക്ക് ഇടയാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും ഡോക്ടർ നിർദേശിക്കുന്ന ചികിത്സ സ്വീകരിക്കുകയും വേണം.
മാറിയ ഭക്ഷണരീതിയും വ്യായാമക്കുറവും മാനസിക സമ്മർദങ്ങളുമെല്ലാമാണ് പി.സി.ഒ.ഡിക്ക് ഇടയാക്കുന്നത്. സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും സമീകൃതാഹാരത്തിന്റെ കുറവും ഇതിലേക്ക് നയിക്കാറുണ്ട്.
- അമിതവണ്ണം, മേൽച്ചുണ്ടിലും താടിയിലുമുള്ള അമിതരോമവളർച്ച, അമിതരക്തസ്രാവം, മുടികൊഴിച്ചിൽ തുടങ്ങിയവയാണ് പി.സി.ഒ.ഡിയുടെ ലക്ഷണങ്ങൾ.
- കവിളുകളിലും കഴുത്തിന് പുറകിലും കറുത്തനിറം കാണാറുണ്ട്.
- ബേക്കറി പലഹാരങ്ങൾ, കൃത്രിമ മധുരങ്ങൾ എന്നിവ നിയന്ത്രിക്കണം.
- സിങ്ക് അടങ്ങിയ ഭക്ഷണം, പയറുവർഗങ്ങൾ, വിറ്റാമിൻ ഡി അടങ്ങിയ പലഹാരങ്ങൾ എന്നിവ കൂടുതലായി കഴിക്കാം.
- ചെറിയ തോതിലുള്ള വ്യായാമങ്ങൾ(നടത്തം, സൈക്ലിങ് തുടങ്ങിയവ) ജീവിതത്തിന്റെ ഭാഗമാക്കുകയും വേണം.
ജീവിതശൈലിയിലും ആഹാരരീതിയിലും കൊണ്ടുവരുന്ന നല്ല മാറ്റങ്ങളിലൂടെ ആർത്തവ പ്രശ്നങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കാം.
ഇലക്കറികൾ, പച്ചക്കറികൾ, ചെറുമത്സ്യങ്ങൾ എന്നിവ ആർത്തവകാലത്തെ ആഹാരത്തിന്റെ ഭാഗമാക്കണം.
അന്നജം, കൊഴുപ്പ് എന്നിവ കുറച്ച് പ്രോട്ടീൻ ഉൾപ്പെടുന്ന ആഹാരം ശീലമാക്കണം.
അമിതകൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ നിയന്ത്രിക്കണം.
വേദന, ഛർദി എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആഹാരം ഒഴിവാക്കരുത്.
കാൽഷ്യം ടാബ്ലറ്റുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നത് എല്ലുകൾക്ക് ബലം നൽകും.
നന്നായി ഉറക്കം ലഭിക്കണം
ആർത്തവകാലത്ത് ലഘുവ്യായാമങ്ങൾ ചെയ്യാവുന്നതാണ്.
മാനസിക പിരിമുറുക്കം കുറയ്ക്കാനായി ധ്യാനം, യോഗ എന്നിവ നല്ലതാണ്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. സിമി. ഹാരിസ്
കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ്
Content Highlights: irregular periods abnormal menstruation causes and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..