കുടലിന്റെ ഒരുഭാഗം കുടലിന്റെ ഉള്ളിലേക്ക് കയറിപ്പോകുന്ന രോഗം കുട്ടികളില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഡോ. വരുണ്‍ ശബരി

കുട്ടികളില്‍ പെട്ടെന്ന് വരുന്ന വയറുവേദനയുടെ രണ്ടാമത്തെ പ്രധാന കാരണവും കുടല്‍ കുരുക്കമാണ്

Representative Image| Photo: Gettyimages

കുടലിന്റെ ഒരുഭാഗം കുടലിന്റെ ഉള്ളിലേക്ക് കയറി തടസ്സമുണ്ടാക്കുന്ന ഒരു അവസ്ഥയാണ് കുട്ടികളിലെ കുടല്‍ കുരുക്കം(Intussusception). കുട്ടികളില്‍ കുടല്‍ തടസ്സമുണ്ടാകുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. കുട്ടികളില്‍ പെട്ടെന്ന് വരുന്ന വയറുവേദനയുടെ രണ്ടാമത്തെ പ്രധാന കാരണവും കുടല്‍ കുരുക്കമാണ്.

ബാധിക്കുന്നത് ഏത് പ്രായത്തിലുള്ള കുട്ടികളെ?



2000 കുട്ടികളില്‍ ഒന്ന് മുതല്‍ നാല് കുട്ടികള്‍ക്ക് എന്ന തോതിലാണ് ബാധിക്കുന്നത്. 75 ശതമാനവും ബാധിക്കുന്നത് ആറുമാസം മുതല്‍ രണ്ടുവയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ്.

രോഗവ്യാപനം എങ്ങനെ?

തടസ്സപ്പെട്ട കുടലില്‍ രക്തയോട്ടം നഷ്ടപ്പെടുന്നു. അങ്ങനെ ആ ഭാഗം നശിച്ചുപോവും. കുടലില്‍ ദ്വാരം ഉണ്ടാകുവാനും സാധ്യതയുണ്ട്. രക്തയോട്ടം നിലച്ച് 72 മണിക്കൂറിനു ശേഷമാണ് കുടലിന്റെ ഭാഗം നശിച്ചു പോകുന്നതും ദ്വാരം ഉണ്ടാകുന്നതും. പിന്നീട് അണുബാധ രക്തത്തില്‍ പടരുന്നതു വഴി മരണം സംഭവിക്കുന്നു.

എന്തൊക്കെ കാരണത്താലാണ് രോഗം ബാധിക്കുന്നത്?

95 ശതമാനവും കൃത്യമായി പറയാന്‍ സാധിക്കാത്ത കാരണങ്ങള്‍കൊണ്ടാണ് രോഗം ബാധിക്കുന്നത്. അതായത് ശ്വാസകോശ അണുബാധ മൂലമോ അന്നനാള അണുബാധ കാരണമോ ആകാം. ഇതുകാരണം കുടലിലുള്ള കഴലകള്‍ക്ക് വീക്കം ഉണ്ടാവുകയും അത് അസുഖത്തിന് തുടക്കം കുറിക്കുകയും ചെയ്യും. ചില കുട്ടികളില്‍ കുടലിനുള്ളില്‍ ഉണ്ടാകുന്ന പോളിപ്പുകളും മുഴകളും അപ്പന്‍ഡിസൈറ്റിസ്, Meckel's Diverticulum എന്നിവയാണ് അഞ്ചു ശതമാനം രോഗബാധയ്ക്ക് കാരണമാകുന്നത്.

രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

  • കഠിനമായ, മിനിറ്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഇടവിട്ടുള്ള വയറുവേദന
  • ചര്‍ദ്ദി
  • വയറിനുള്ളിലെ മുഴ
  • മലത്തിലൂടെ രക്തം പോവുക (അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണം)
രോഗനിര്‍ണ്ണയം

അള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി രോഗനിര്‍ണയം നടത്താം. ഇതിന് 100 ശതമാനം കൃത്യതയുണ്ട്.

ചികിത്സാരീതി

പണ്ടത്തെക്കാലത്ത് വയറു തുറന്നുള്ള ശസ്ത്രക്രിയ ആയിരുന്നു ചികിത്സ. എന്നാല്‍ ഇപ്പോള്‍, കുടലില്‍ ദ്വാരം വീഴാത്ത പക്ഷം (അതായത് 72 മണിക്കൂറിനുള്ളില്‍) അള്‍ട്രാസൗണ്ടിന്റെ സഹായത്തോടുകൂടി സലൈന്‍ എനിമ (Saline enema) വെച്ച് കുടല്‍ തടസ്സത്തെ നീക്കം ചെയ്യാന്‍ സാധിക്കും.

ഏതൊക്കെ അവസ്ഥയിലാണ് സലൈന്‍ എനിമ റിഡക്ഷന്‍ (Saline enema reduction) ഉപയോഗിച്ചുള്ള ചികിത്സയുടെ സാധ്യത കുറയുന്നത്?

ആറു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക്, രോഗലക്ഷണം തുടങ്ങി 72 മണിക്കൂര്‍ കഴിഞ്ഞ അവസ്ഥയില്‍, മലത്തിലൂടെ രക്തം പോകുന്ന അവസ്ഥയില്‍. ഈ അവസരങ്ങളിലാണ് സലൈന്‍ എനിമ റിഡക്ഷന്റെ വിജയ സാധ്യത കുറയുന്നത്.

ചികിത്സയ്ക്ക് ശേഷം കുട്ടികള്‍ക്ക് എപ്പോള്‍ തൊട്ട് ഭക്ഷണ-പാനീയങ്ങള്‍ നല്‍കാം?

കുടലില്‍ ഉണ്ടായ നീര്‍ക്കെട്ട് കുറയുവാനായി 12 മണിക്കൂര്‍ ആഹാരവും പാനീയവും നല്‍കാതെ നിരീക്ഷിക്കും. അതിനുശേഷം ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കുകയും പിന്നീട് സാധാരണ പോലെ ആഹാരം നല്‍കുകയും ചെയ്യാം.

സലൈന്‍ എനിമയ്ക്ക് ശേഷം രോഗാവസ്ഥ ആവര്‍ത്തിക്കുമോ?

10 ശതമാനം കുട്ടികള്‍ക്ക് രോഗം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് (24 മണിക്കൂറിനുള്ളില്‍). ഇതേ ചികിത്സാ രീതി ഉപയോഗിച്ച് പിന്നീടും ചികിത്സിക്കാവുന്നതാണ്.

മരണനിരക്ക്

72 മണിക്കൂറിനുള്ളില്‍ രോഗനിര്‍ണ്ണയം നടത്തിയില്ലെങ്കില്‍ 20 ശതമാനത്തില്‍ കൂടുതലാണ് മരണനിരക്ക്.

കുട്ടി രോഗലക്ഷണം കാണിക്കുമ്പോള്‍ തന്നെ രോഗനിര്‍ണ്ണയം നടത്താന്‍ സാധിച്ചാല്‍, കുടലില്‍ ദ്വാരം ഉണ്ടാകുന്നത് പോലെയുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുവാനും അള്‍ട്രാസൗണ്ടിന്റെ സഹായത്തോടു കൂടിയുള്ള സലൈന്‍ എനിമയിലൂടെ ചികിത്സയും സാധ്യമാണ്. അല്ലാത്തപക്ഷം വയറു തുറന്നുള്ള ഓപ്പറേഷന് വിധേയമാക്കേണ്ടിവരും. നേരത്തെയുള്ള രോഗനിര്‍ണ്ണയം വഴി ഇത് ഒഴിവാക്കാം.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്‍ജനാണ് ലേഖകന്‍)

Content Highlights: Intussusception- intestine slides into an adjacent part of the intestine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented