റുമാസംവരെ മുലപ്പാലാണ് ഒരു കുഞ്ഞിന് ഏറ്റവും ഉത്തമമായ ആഹാരമെന്നു എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആറുമാസം കഴിയുന്നതോടെ എന്ത് കൊടുക്കണം? എങ്ങനെ കൊടുക്കണം? എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമാണ്. ഈ സംശയങ്ങള്‍ പല അബദ്ധങ്ങളിലും കൊണ്ടുചെന്നെത്തിക്കാറുമുണ്ട്.

ആറുമാസം വരെ കാക്കണോ

എന്ത് കൊണ്ടാണ് ആറുമാസം വരെ മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ എന്ന് അറിയാത്തതിനാലാണ് ഈ കാലയളവില്‍ മറ്റെന്തെങ്കിലും ആഹാരം കുഞ്ഞിനു നല്‍കട്ടെ എന്ന ചോദ്യമുയരുന്നത്. മുലപ്പാല്‍ ദഹിക്കാനുള്ള ചില ദഹനരസങ്ങള്‍ മാത്രമേ ജനിച്ച ഉടന്‍ കുഞ്ഞിനുണ്ടാവുകയുള്ളൂ. നാലാം മാസം മുതല്‍ പതുക്കെ ദഹനരസമുണ്ടായിത്തുടങ്ങുമെങ്കിലും അത് പൂര്‍ണതയിലെത്തുന്നത് ആറുമാസമാവുമ്പോഴാണ്. അതുകൊണ്ടാണ് ആറുമാസംവരെ മുലപ്പാലല്ലാതെ മറ്റൊന്നും കൊടുക്കരുതെന്ന് പറയുന്നത്.

നമ്മുടെ നാട്ടില്‍ സാധാരണയായി കാണുന്ന ഒരു തെറ്റായ പ്രവണതയാണ് കുഞ്ഞിനു 28 കഴിഞ്ഞാല്‍ കുറുക്ക് കൊടുത്തു തുടങ്ങുന്നത്. പലപ്പോഴും ഇത് വീട്ടിലെ മുത്തശ്ശിമാരുടെയും മറ്റും നിര്‍ബന്ധം കൊണ്ടായിരിക്കും. കുഞ്ഞിന് കൂടുതല്‍ ആരോഗ്യം കിട്ടും എന്ന തെറ്റിദ്ധാരണയാണ് ഇതിനു പിന്നില്‍.

ആറാം മാസത്തില്‍ കുറുക്ക് നല്‍കുന്നതെന്തിന് ?

ജനിക്കുമ്പോള്‍ മൂന്നു കിലോയുള്ള ഒരു കുഞ്ഞിന് ഒരു വയസ്സാവുമ്പോള്‍ മൂന്നിരട്ടി തൂക്കമുണ്ടാവണം. അതായത് ഏകദേശം ഒമ്പത് കിലോ. ആദ്യ വര്‍ഷമാണ് കുട്ടിക്ക് ഏറ്റവും തൂക്കംകൂടുന്നത്. ഈ കാലഘട്ടത്തിലാണ് കുഞ്ഞ് കമിഴ്ന്ന് കിടക്കുകയും ഇരിക്കുകയും ക്രമേണ സ്വന്തമായി നടന്നു തുടങ്ങുകയും ചെയ്യുന്നത്. വേറൊരുതരത്തില്‍ പറഞ്ഞാല്‍, ഒരു കുഞ്ഞ് ശാരീരികവും മാനസികവുമായി ഏറ്റവും കൂടുതല്‍ വളരുന്ന സമയമാണ് ആദ്യത്തെ ഒരുവര്‍ഷം. അപ്പോള്‍ അതിനായി ധാരാളം ഊര്‍ജത്തിന്റെ ആവശ്യമുണ്ട്. അത് കിട്ടുന്നത് ഭക്ഷണത്തില്‍നിന്നാണ്. ആറുമാസമാകുമ്പോഴേക്കും അമ്മയ്ക്ക് മുലപ്പാല്‍ പതുക്കെ കുറഞ്ഞുതുടങ്ങും, എന്നാല്‍ കുഞ്ഞിന്റെ ആവശ്യങ്ങള്‍ കൂടിത്തുടങ്ങുകയും ചെയ്യും. ആ സമയത്തു നമ്മള്‍ അവിടെയുണ്ടാകുന്ന ഈ അസന്തുലിതാവസ്ഥ മറികടക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണു മുലപ്പാലിനുപുറമേ നമ്മള്‍ കുറുക്ക് കൊടുത്തുതുടങ്ങുന്നത്. കുഞ്ഞിന് ആവശ്യമായ അധിക ഊര്‍ജം ഇതില്‍നിന്ന് കിട്ടുന്നു. അമ്മ മുലപ്പാല്‍ കൊടുക്കുന്നത് തുടരുകയും ചെയ്യണം. ഇതിനെയാണ് 'complimentary feeding' എന്നുപറയുന്നത്.

എന്തൊക്കെയാണ് കൊടുത്തു തുടങ്ങേണ്ടത്?

തുടക്കത്തില്‍ ധാന്യം ഒരുനേരം കൊടുത്തുതുടങ്ങുക. അതായത്, കോറ (റാഗി)/ അരി/സൂചി ഗോതമ്പ് ഇവയില്‍ ഏതു വേണമെങ്കിലും ആവാം. ഇത് കുറുക്കി ഒരു കുഴമ്പുരൂപത്തില്‍ കൊടുക്കാം.

കുഞ്ഞ് ഭക്ഷണം തുപ്പിക്കളയുന്നത് ഇഷ്ടക്കേടായി കാണേണ്ടതില്ല. പുതിയ ആഹാരരീതികളുമായി പൊരുത്തപ്പെടുമ്പോഴുണ്ടാവുന്ന ഒന്നായി കണ്ടാല്‍ മതി. പുതിയ ആഹാരരീതിയുമായി പൊരുത്തപ്പെടുന്നതുവരെ കുറഞ്ഞ അളവില്‍ കൊടുക്കുക. അഞ്ചോ ആറോ സ്പൂണ്‍ കഴിച്ചാല്‍ത്തന്നെ ധാരാളം. ചിലപ്പോള്‍ അത്രയും ഉണ്ടാവില്ല. ചില സമയങ്ങളില്‍ അവര്‍ തുപ്പിക്കളഞ്ഞേക്കാം, ചര്‍ദിച്ചേക്കാം. അല്ലെങ്കില്‍ വയറിളകി പോയേക്കാം. പേടിക്കേണ്ടതില്ല. ക്ഷമ കൈവിടാതെ, കുഞ്ഞിന് കുറച്ചുസമയം കൊടുക്കുക. പതുക്കെ അവര്‍ അതുമായി പൊരുത്തപ്പെട്ടു വന്നോളും.

റാഗി കഫക്കെട്ടുണ്ടാക്കുമോ?

വളരെ കൂടുതലായി കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. ആദ്യംതന്നെ പറയട്ടെ, കഫക്കെട്ട് ഉണ്ടാക്കുന്നത് ഭക്ഷണങ്ങളല്ല, അണുക്കളാണ്. ആധുനിക വൈദ്യശാസ്ത്രം ഇത്തരത്തില്‍ ഭക്ഷണങ്ങളെ ചൂടുള്ളവ/തണുപ്പുള്ളവ എന്ന് തരം തിരിച്ചിട്ടില്ല. റാഗി കൊച്ചുകുഞ്ഞുങ്ങള്‍ക്ക് ഉത്തമ ഭക്ഷണമാണ്. അത് കാത്സ്യത്തിന്റെയും ഇരുമ്പുസത്തിന്റെയും കലവറയാണ്. കുഞ്ഞുങ്ങളുടെ എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്കും രക്തോത്പാദനത്തിനും അത് സഹായിക്കുന്നു. ഇത്തരം തെറ്റിദ്ധാരണകള്‍കൊണ്ട് റാഗിയെ മാറ്റിനിര്‍ത്തരുത്. തന്നെ കുറുക്കാന്‍ ശുദ്ധജലം ഉപയോഗിക്കുന്നതാണ് നല്ലത്. ഒരിത്തിരി നെയ്യ് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല.

കുറുക്ക് നന്നായി നേര്‍പ്പിക്കണോ?

തെറ്റാണു ഈ ചിന്ത. വെള്ളംപോലെ കൊടുത്താല്‍ രണ്ടു പ്രശ്‌നങ്ങളാണ് പ്രധാനമായും ഉണ്ടാവുക. ഒന്ന്, പോഷകാംശങ്ങള്‍ കുറയും. രണ്ടു, കുഞ്ഞിന്ന് ഛര്‍ദിക്കാനുള്ള പ്രവണത കൂടുതലാകും. അന്നനാളവും ആമാശയവും തമ്മില്‍ വേര്‍തിരിക്കുന്ന റബ്ബര്‍ ബാന്‍ഡ് പോലെ മുറുക്കമുള്ള ഒരു ഭാഗമുണ്ട്. ഇതാണ് നമ്മള്‍ കഴിച്ച ആഹാരത്തെ വീണ്ടും അന്നനാളത്തിലേക്കു തിരിച്ചുകയറാതെ ആമാശയത്തില്‍ത്തന്നെ പിടിച്ചുനിര്‍ത്തുന്നത്. കുഞ്ഞുങ്ങളില്‍ ഇതിന്റെ മുറുക്കം കുറവായിരിക്കും. അതുകൊണ്ടുതന്നെ ഭക്ഷണം അന്നനാളത്തിലേക്കു തിരികെ കയറാനുള്ള പ്രവണത അവരില്‍ കൂടുതലാണ്. ഒരു സ്പൂണില്‍ എടുത്താല്‍ താഴേക്ക് പെട്ടെന്ന് വീഴാത്തപോലെ ഒരു കുഴമ്പു പരുവത്തിലാക്കി കൊടുക്കണം.

വിപണിയില്‍ കിട്ടുന്ന പൊടികള്‍ ഉപയോഗിക്കാമോ?

ഇന്നാര്‍ക്കും സമയമില്ല, മാത്രമല്ല ഭയങ്കര മടിയും. വീട്ടില്‍ ജോലിയില്ലാതെ ഇരിക്കുന്ന അമ്മമാര്‍പോലും പല റെഡിമെയ്ഡ് പൊടികളും വാങ്ങി കുറുക്കി കൊടുക്കുന്നതു കാണാം. കുറച്ചു ചൂടുവെള്ളം ചേര്‍ത്തിളക്കിയാല്‍ കുറുക്ക് റെഡി! പോരാത്തതിന്, ടി.വി.യില്‍ കാണുന്ന പരസ്യങ്ങളുടെ സ്വാധീനവും. പലതിലും മായമാണ്. കായപ്പൊടി എന്ന് പറഞ്ഞുകിട്ടുന്നത് എന്ത് പൊടിയാണെന്നു ദൈവത്തിനേ അറിയൂ. അതുകൊണ്ടു ഇവയെല്ലാം അരച്ച് ഊറ്റി അതിന്റെ പൊടിയെടുത്തു കുറുക്കുന്നതാണ് അഭികാമ്യം. അതിന്റെ ഗുണമൊന്നും കടകളില്‍നിന്ന് കിട്ടുന്ന ഒരുപൊടിക്കും ഉണ്ടാവില്ല.

കണ്‍സള്‍ട്ടന്റ് നിയോ നാറ്റോളജിസ്റ്റ്

Content Highlights: Introducing Solid Foods to Baby