പൊന്നാനി: നിര്‍ധനരോഗികള്‍ക്ക് സാന്ത്വനമേകണമെന്നാഗ്രഹിച്ചാണ് നീലിമ ഡോക്ടറായത്. ഗജ ചുഴലിക്കാറ്റില്‍ കാറിനുമുകളിലേക്കു വീണ മരത്തിനടിയില്‍പ്പെട്ട് ആ ആഗ്രഹം പൊലിഞ്ഞു; കൂടെ അവളും. ഡോക്ടറായ അവളുടെ കൂട്ടുകാരനിപ്പോള്‍ പ്രിയപ്പെട്ട സഹപാഠിയുടെ ആഗ്രഹം സഫലമാക്കി. സൗജന്യമരുന്നും ചികിത്സയുമായി ആതുരസേവനരംഗത്ത് അവളുടെ ഓര്‍മകള്‍ വിടര്‍ന്നുനില്‍ക്കുകയാണിപ്പോള്‍; 'നീലിദള'മായി...

തവനൂര്‍ മദിരശ്ശേരിയിലെ ആരോഗ്യനികേതനം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആയുര്‍വേദ ആശുപത്രിയിലെ ഡോ. ഷമിന്‍ രാമചന്ദ്രനാണ് സഹപാഠിയുടെ ഓര്‍മയ്ക്കായി സൗജന്യചികിത്സയും മരുന്നുവിതരണവുമായി നിര്‍ധനരോഗികള്‍ക്ക് ആശ്വാസം പകരുന്നത്. കൂടെ പൂര്‍ണപിന്തുണയുമായി ഭാര്യ ഡോ. ശില്‍പ്പ ഷമിനുമുണ്ട്. സുഹൃത്ത് നീലിമയുടെ ഓര്‍മയ്ക്കായി തുടങ്ങിയ സൗജന്യചികിത്സാ പദ്ധതിക്ക് ഡോക്ടര്‍ ദമ്പതിമാര്‍ 'നീലിദളം' എന്ന് പേരിട്ടുവിളിച്ചു.

Neelima
നീലിമ

ചെറുതുരുത്തി പി.എന്‍.എന്‍.എം. ആയുര്‍വേദകോളേജിലായിരുന്നു ഷമിനും തൃശ്ശൂര്‍ സ്വദേശിയായ നീലിമയും പഠിച്ചിരുന്നത്. ഗജ ചുഴലിക്കാറ്റ് ആഞ്ഞുവീശിയ 2018 നവംബര്‍ 16-നാണ് കൊടൈക്കനാലില്‍െവച്ച് നീലിമ മരിച്ചത്. സഹപാഠിയുടെ ഓര്‍മയ്ക്കായി കോളേജിലെ എല്ലാവരുംചേര്‍ന്ന് മെഡിക്കല്‍ക്യാമ്പുകളും മറ്റും സംഘടിപ്പിച്ചിരുന്നു. പാതിവഴിയില്‍ പൊലിഞ്ഞുപോയ കൂട്ടുകാരിക്കായി സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ഷമിന്റെ ആഗ്രഹത്തിലാണ് 'നീലിദളം' വിടര്‍ന്നത്.

നീലിദളം ഇങ്ങനെ

കോവിഡും ലോക്ഡൗണും പലരുടേയും ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സാമ്പത്തികബുദ്ധിമുട്ടുമൂലം ചികിത്സ മുടങ്ങരുതെന്നതിനാലാണ് സൃഹൃത്തിന്റെ ഓര്‍മയ്ക്കായി ഇത്തരത്തിലൊരു സൗജന്യ ചികിത്സാപദ്ധതി ആവിഷ്‌കരിച്ചതെന്ന് ഷമിന്‍ പറയുന്നു. ആരോഗ്യനികേതനത്തിലെത്തുന്ന നിര്‍ധനരോഗികള്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. 600-ലേറെ രോഗികള്‍ക്ക് ഇതുവരെ സൗജന്യചികിത്സ നല്‍കി. ഓണ്‍ലൈനായി കോവിഡ് ബോധവത്കരണവും മാനസിക പിരിമുറുക്കം അനുഭവിക്കുന്ന കോവിഡ് രോഗികള്‍ക്കായി ടെലികൗണ്‍സലിങും ഇരുവരും നല്‍കുന്നുണ്ട്.

Content Highlights: International Yoga Day 2021, The doctor couple gave free medicine and treatment in memory of a friend