സെപ്റ്റംബര്‍ 20 മുതല്‍ 26 വരെയുള്ള ഒരാഴ്ചക്കാലമാണ്അന്താരാഷ്ട്ര ബധിര ആഴ്ചയായി ആചരിക്കുന്നത്. ബധിരസമൂഹത്തെക്കുറിച്ചു ബോധവത്കരണം നടത്തുക, പൊതുസമൂഹത്തിനും ബധിരസമൂഹത്തിനിടയിലുമുള്ള വിടവ് കുറയ്ക്കുക എന്നിവയാണ് ഈ ആചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇത്തരമാളുകളുടെ സാന്നിധ്യം, വിജയങ്ങള്‍, ജീവിതരീതികള്‍ എന്നിവയെല്ലാം ആഘോഷിക്കാനുമായി നീക്കിവെച്ചിരിക്കുന്നതാണ് ഈയൊരാഴ്ച. 'അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന ബധിരസമൂഹത്തെ ആഘോഷിക്കുക' എന്നതാണ് ഇത്തവണത്തെ തീം. 

ബധിരതയും മാനസികാരോഗ്യവും 

ബധിരതമൂലമുള്ള സങ്കീര്‍ണതകള്‍ കടുത്ത മാനസിക ആഘാതത്തിലേക്ക് ആളുകളെ കൊണ്ടെത്തിക്കുന്നുണ്ട്. ഇത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.

1. ആശയവിനിമയത്തിലെ തടസ്സം

പരമ്പരാഗത രീതികളിലൂടെയുള്ള ആശയവിനിമയം ബധിരരായവര്‍ക്ക് മറ്റുള്ളവരുമായുള്ള ഇടപെടല്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. ഇത് മിക്കപ്പോഴും അവരില്‍ നിരാശയ്ക്ക് വഴിവെക്കുകയും മാനസികപിരിമുറുക്കത്തിന് കാരണമാകുകയും ചെയ്യുന്നു.

2. ബധിരരായ ആളുകളുടെ ജീവിതരീതിയെക്കുറിച്ചുള്ള അറിവില്ലായ്മ

സാധാരണക്കാരായവര്‍ക്ക് ബധിരരായ ആളുകളുടെ ജീവിതരീതിയെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും അറിവില്ലാത്തത് അവരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചില സമയങ്ങളില്‍ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്. ഇത്തരം സമീപനം മൂലം അവര്‍ പലപ്പോഴും ഒറ്റപ്പെട്ടുപോകുകയും വിഷാദത്തിലാകുകയും ചെയ്യുന്നു.

3. സ്രോതസ്സുകളുടെ ലഭ്യതക്കുറവ്

ബധിരരായവര്‍ നേരിടുന്ന വെല്ലുവിളികളും മാനസിക ആരോഗ്യത്തില്‍ ഇതുണ്ടാക്കുന്ന അനന്തരഫലവും സംബന്ധിച്ച് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. എന്നാല്‍, പെട്ടെന്ന് ലഭ്യമാകുന്ന സ്രോതസ്സുകളുടെ അഭാവം ബധിരരിലെ മാനസിക ആരോഗ്യം വഷളാക്കുന്നു.

ബധിരരായവരുമായുള്ള ഇടപഴകല്‍ സുഗമമാക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

1. സ്വയം ബോധവാന്മാരാകുക

ബധിരരെക്കുറിച്ച് സ്വയം ബോധവാന്മാരാകുകയെന്നതാണ് ആദ്യ പടി. ബധിരരായവരുടെ ജീവിതം, അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയെക്കുറിച്ച് മനസ്സിലാക്കിയശേഷം അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാകുക. അവരെക്കുറിച്ച് പൂര്‍ണമായും അറിവില്ലാത്തത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ആശയവിനിമയം തടസ്സപ്പെടുത്തുകയും ചെയ്യും.

2. ആംഗ്യഭാഷ പഠിക്കുക

ബധിരരോട് കൂടുതല്‍ കരുണകാണിക്കുന്നതിനപ്പുറം ഓരോരുത്തരും അവര്‍ക്കുകൂടി പ്രാപ്യമായ ആംഗ്യഭാഷ അറിഞ്ഞിരിക്കുന്നത് ജീവിതം കൂടുതല്‍ മനോഹരമാക്കും.

3. ക്ഷമയുള്ളവരായിരിക്കുക

ഭിന്നശേഷിക്കാരായവര്‍ക്ക് അവരുടേതായ ആശയവിനിമയ രീതികളിലുണ്ടായിരിക്കും. ഒരാള്‍ ആംഗ്യഭാഷ ഉപയോഗിക്കുമ്പോള്‍ മറ്റൊരാള്‍ ചിത്രങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയുമൊക്കെയായിരിക്കും ആശയവിനിമയം നടത്തുക. അതിനാല്‍ ക്ഷമയോടെ അവരെ കേള്‍ക്കാന്‍ മനസ്സുകാണിക്കുക. പതിയെ അവരെ മനസ്സിലാക്കുക.

4. സിംപതി ആവശ്യമില്ല, മനസ്സിലാക്കുക

ബധിരരായവരെല്ലാവര്‍ക്കും ചിലപ്പോള്‍ സഹാനുഭൂതി ആവശ്യമുണ്ടാകില്ല. അവരില്‍ പലരും മറ്റൊരുകാര്യത്തില്‍ പ്രാവീണ്യം നേടിയവരായിരിക്കും. ഇത്തരമാളുകളെ മനസ്സിലാക്കുകയാണ് വേണ്ടത്.

Content Highlights: international week of deaf people 2021 overcoming barriers and addressing mental health