സുധിയെ ഓർമയില്ലേ... വാക്കുകൾ തൊണ്ടയിൽ കുരുങ്ങി, എവിടെയും അപഹാസ്യനായ സുധീന്ദ്രനെ...? ജയസൂര്യയ്ക്ക് സംസ്ഥാന, ദേശീയ തലത്തിൽ പ്രത്യേക പരാമർശം നേടിക്കൊടുത്ത കഥാപാത്രം 'സു... സു... സുധി വാത്മീകം' എന്ന സിനിമയിലെ കഥാപാത്രമായിരുന്നു. ജന്മനാ വിക്കുള്ള സുധിയെന്ന കഥാപാത്രം മുന്നോട്ടുവെച്ച ഒരു സന്ദേശമുണ്ട്. വാക്കുകിട്ടാതെ ശ്വാസംമുട്ടി പേടിച്ചരണ്ടുപോയവരെ ചേർത്തുപിടിച്ചാൽ, അവരും പ്രതീക്ഷയോടെ തിരിച്ചുവരും എന്ന്. അത്തരമൊരു പ്രതിജ്ഞയെടുക്കേണ്ട ദിവസമാണ് വ്യാഴാഴ്ച. ലോക വിക്ക് ബോധവത്‌കരണ ദിനം.

ചികിത്സിച്ചു മാറ്റാം

എന്തുകൊണ്ടാണ് ഒരാൾക്ക് 'വിക്ക്' എന്ന അവസ്ഥ ഉണ്ടാകുന്നതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. പാരമ്പര്യവും മാനസികവും സാമൂഹികവുമായ കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. ഇന്ത്യയിൽ സംസാര വൈകല്യമുള്ളവരിൽ 10 ശതമാനം പേർക്കും വിക്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതായി നിഷ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് നിർമൽ സുഗതൻ പറയുന്നു.

2-5 വയസ്സു വരെയുള്ള പ്രായത്തിൽ സ്പീച്ച് തെറാപ്പി ചെയ്താൽ ചികിത്സിച്ചുമാറ്റാൻ കഴിയുന്നതാണ് വിക്ക്. 11 വയസ്സിനു ശേഷമാണെങ്കിൽ തീവ്രത കുറച്ചു കൊണ്ടുവരാനേ സാധിക്കൂ. 100 വാക്കുകൾ തെറ്റുന്നിടത്ത് അഞ്ചു വാക്കുകൾ എന്ന രീതിയിൽ തീവ്രത കുറയ്ക്കാം. ശ്വസന പരിശീലനം ചെയ്യിപ്പിക്കുന്നതും ചികിത്സയുടെ ഭാഗമാണ്. വിക്കുണ്ടെന്നു തോന്നിയാൽ ചെറുപ്പത്തിൽത്തന്നെ മടിക്കാതെ ചികിത്സ തേടണം.

ഒക്ടോബർ 31ന് വിക്ക് ബോധവത്‌കരണ പരിപാടി 'നിഷ്' ഓൺലൈനായി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, നവംബർ രണ്ടുമുതൽ ആറുവരെ സൗജന്യ പരിശോധനയുമുണ്ട്.

അറിയേണ്ടത്

 • കുട്ടികൾ സംസാരിക്കുന്നതിൽ വേഗം കൂടുതലുണ്ടെങ്കിൽ തിരിച്ചറിയാം.
 • പേടിയോടെയാണ് കുട്ടി സംസാരിക്കുന്നതെങ്കിൽ ചികിത്സ തേടണം.
 • ആളുകളുടെ ഇടയിൽ സംസാരിക്കുമ്പോൾ ആത്മവിശ്വാസം ഇല്ലാതെ വരുന്നെങ്കിൽ ചികിത്സിക്കണം.
 • നടുക്കംകൊണ്ടല്ല കുട്ടികൾക്ക് വിക്കുണ്ടാകുന്നത്. അത് തെറ്റായ ധാരണയാണ്.
 • തെറ്റായ ചികിത്സ അരുത്. സ്പീച്ച് തെറാപ്പിസ്റ്റിനെ കണ്ട് ചികിത്സിക്കണം.
 • പേടിപ്പിക്കുകയോ നിർബന്ധിപ്പിച്ച് സംസാരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത്.
 • കളിയാക്കരുത്, അവർക്ക് സമയം കൊടുക്കുക.
 • അധ്യാപകരും മാതാപിതാക്കളും ഇതിനെക്കുറിച്ച് മനസ്സിലാക്കി പെരുമാറണം, കുറ്റപ്പെടുത്തരുത്.
 • സംസാരിക്കുമ്പോൾ തമാശയായിപ്പോലും ചിരിക്കരുത്.
 • ആത്മവിശ്വാസം തകർന്നുപോയാൽ ചികിത്സ ഫലംകിട്ടാതെ വരും.
 • ചികിത്സയിൽ പഠിപ്പിക്കുന്ന ടെക്നിക്കുകൾ തുടരണം
 • വാക്സിനേഷൻ കൊണ്ട് കുട്ടികൾക്ക് വിക്ക് വരില്ല.

Content Highlights:International Stuttering Awareness Day 2020 causes and treatment, Health