ഗീത
മെയ് 12 നഴ്സസ് ദിനം - ഈ വർഷത്തെ പ്രമേയം നമ്മുടെ നഴ്സുകൾ നമ്മുടെ ഭാവി (Our nurses our future) എന്നതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ ഏറ്റവും പ്രിയപ്പെട്ട പയ്യന്നൂർ പെയിൻ ആൻറ് പാലിയേറ്റിവ് കെയർ സൊസൈറ്റിയിലെ ഗീത എന്ന നഴ്സിനെക്കുറിച്ച് കുറിക്കാതെ ഈ നഴ്സസ് ദിനം കടന്നുപോകാനാവില്ല.
പാലിയേറ്റീവ് ഗൃഹ സന്ദർശനത്തിന് പോയി തുടങ്ങിയപ്പോഴാണ് ഗീത ചേച്ചിയെ പരിചയപ്പെട്ടത്. അന്നാണ് പാലിയേറ്റീവ് നഴ്സുമാർ ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് കൂടുതൽ ആലോചിച്ചു തുടങ്ങിയത്. എല്ലാവർക്കും എല്ലാ കാര്യത്തിനും ഗീതചേച്ചിയെ വേണം. ഏതു കേസിന് എപ്പോൾ ഏതു വീട്ടിൽ എങ്ങനെ എത്തണമെന്നതൊക്കെ ചേച്ചിക്ക് കൃത്യമായിട്ട് അറിയാം.
ആദ്യമായി ഞാൻ ചേച്ചിയെ കണ്ട ദിവസം തന്നെ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരു 5 മിനിറ്റിനുള്ളിൽ ഏതാണ്ട് പത്ത് ഫോൺ വിളികൾ വന്നിട്ടുണ്ടാകും. മറ്റാരുമല്ല പാലിയേറ്റിവ് കെയർ കാത്തിരിക്കുന്ന രോഗികളുടെ വീട്ടിൽ നിന്നാണവ. ഓരോ രോഗികളും വീടുകളും ചേച്ചിക്ക് സുപരിചിതമാണ്.
കേസ് ഷീറ്റിലെ എല്ലാ വിവരങ്ങളും മനഃപാഠമാണ് എന്നതു മാത്രമല്ല വീട്ടിലെ കാര്യങ്ങൾ വരെ വ്യക്തമായി ചേച്ചിക്ക് അറിയാം. ആദ്യത്തെ രോഗി മുതൽ അവസാനത്തെ രോഗിയോട് വരെ ഒരേ രീതിയിൽ അനുകമ്പയോടെ ഉള്ള പെരുമാറ്റം, ചില പാലിയേറ്റീവ് രോഗികൾ അക്രമാസക്തർ ആകുന്നതും സ്ഥിരം കാഴ്ചയാണ്. അവരെ ശുശ്രൂഷിക്കുന്ന രീതിയെല്ലാം എന്നെ ചേച്ചിയുമായി കൂടുതൽ അടുപ്പിച്ചു.
സമയം കിട്ടുമ്പോൾ ഒക്കെ ചേച്ചി പഴയ കഥകൾ പറയുമായിരുന്നു. ഗീത ചേച്ചി എങ്ങനെയാണ് ഇങ്ങനെ ആയത് എന്നതിന് പിന്നിൽ ഒരു വലിയ കഥ കൂടി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ചേച്ചിയുടെ അമ്മയ്ക്ക് സർവിക്കൽ കാൻസർ അവസാന ഘട്ടത്തിൽ കണ്ടുപിടിക്കുകയും അമ്മയെ ചികിത്സിക്കാനായി പാലിയേറ്റീവ് കെയറിൽ സമീപിക്കുകയും ചെയ്തിരുന്നു. അവരുടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ചേച്ചി കണ്ടു. സ്വന്തം അമ്മയെ എങ്ങനെയാണ് അവർ കൈകാര്യം ചെയ്യുന്നത് എന്ന് കണ്ടാണ് ചേച്ചി പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ ആകൃഷ്ടയായത്.
പിന്നീട് സ്വന്തം പരിശ്രമം കൊണ്ട് പാലിയേറ്റീവ് നഴ്സിങ് തിരഞ്ഞെടുത്ത് പഠിക്കുകയും ചെയ്തു. കഴിഞ്ഞ 16 വർഷമായി പാലിയേറ്റിവ് സെന്ററിന്റെ പ്രാണവായു ആയി ചേച്ചി ഉണ്ട്. പിന്നീട് അമ്മ മരണത്തിന് കീഴടങ്ങിയെങ്കിലും മുമ്പിൽ കാണുന്ന ഓരോ അമ്മമാരും ചേച്ചിക്ക് അമ്മയാണ്. ഓരോ കുട്ടികളം ചേച്ചിയുടെ കുട്ടികളാണ്. എല്ലാവരും കൂടപ്പിറപ്പുകൾ ആണ്.
പാലിയേറ്റീവ് കെയർ ശരിക്കും വേറെ ഒരു കുടുംബം തന്നെയാണ്. ഓരോ രോഗിക്കും കൊടുക്കുന്ന സമയമാണ് അവരുടെ ആശ്വാസം. ബന്ധുക്കളോട് പറയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ തുറന്നു പറയാൻ രോഗികൾക്ക് സാധിക്കുന്നുണ്ടെങ്കിൽ അത് തന്നെ ആണ് ഓരോ പാലിയേറ്റിവ് സെൻ്ററിൻ്റെയും വിജയം.
പോഷകാഹാരം ട്യൂബ് വഴി ഉള്ളിലെത്തിക്കുക, തൊണ്ടയിൽ കെട്ടുന്ന കഫവും സ്രവങ്ങളും അപ്പപ്പോൾ വലിച്ചെടുക്കുക തുടങ്ങിയ തീവ്ര പരിചരണം തന്നെയാണ് ഓരോ ദിവസവും നൽകി വരുന്നത്. കെട്ടിക്കിടക്കുന്ന മൂത്രം കതീറ്റർ വെച്ച് മാറ്റി കൊടുക്കുമ്പോഴും, വേദന കൊണ്ട് പുളയുന്ന സമയങ്ങളിൽ ഇഞ്ചക്ഷൻ വെച്ച് വേദന മാറ്റുമ്പോഴുമൊക്കെ ചേച്ചി ആ നാടിന് ദൈവതുല്യയായി.
കണക്കെടുത്താൽ എട്ടു മണിക്കൂർ ജോലി ആണെങ്കിലും 24 മണിക്കൂറും ജാഗരൂകരായി രോഗികളിൽ നിന്ന് ഒരു വിളി വന്നാൽ ഒരു മായാജാലക്കാരിയെ പോലെ അവർ അവിടെ എത്തും. സാധാരണ ഒരു നഴ്‌സിൽ നിന്നും പാലിയേറ്റീവ് നഴ്‌സിലേക്കുള്ള ദൂരം കുറച്ച് അധികം തന്നെയാണ്. ചികിത്സയിലെ മാനവികതയെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമമായിട്ടാണ് ഓരോ പാലിയേറ്റിവ് വിസിറ്റും അനുഭവപ്പെടാറുള്ളത്.
ഇതുപോലെ നിരവധി ഗീത ചേച്ചികൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ മുഖ്യധാരയായി നിൽകുന്ന ഓരോ നഴ്സുമാർക്കും വേണ്ടി ഞാൻ ഈ ദിനം സമർപ്പിക്കുന്നു. ലോകത്തെ ഏത് പ്രകൃതി ദുരന്തമോ പകർച്ച വ്യാധിയോ എടുത്താലും മുൻപന്തിയിൽ കൈത്താങ്ങായി നിന്നത് ഈ മാലാഖമാർ തന്നെയാണ്. കോവിഡ് അതിലെ ഏറ്റവും അടുത്ത ഒരു ഉദാഹരണം മാത്രമാണ്. ഓരോ രോഗിയോടും പുലർത്തുന്ന നിസ്വാർത്ഥ സേവനവും സ്നേഹസമ്പന്നമായ പരിചരണവും ഇവരെ വേറിട്ട് നിർത്തുന്നു.
Content Highlights: international nurses day, life of a palliative care nurse
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..