"സിസ്റ്റർ" എന്ന വിളിക്ക് കാതോർത്ത് അവർ അരികിലുള്ളത് കൊണ്ടാണ് പല ജീവനുകളും രക്ഷപ്പെട്ടുവരുന്നത്


By ദീപ സെയ്റ

3 min read
Read later
Print
Share

ഒരാശുപത്രിയിൽ രണ്ടു ദിവസം തങ്ങുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ മനസിലാക്കാം അവർ അനുഭവിക്കുന്നതെന്തെന്നും, സത്യത്തിൽ അവർ എത്രമാത്രം ബഹുമാനം അർഹിക്കുന്നുവെന്നും.

Representative Image| Photo: Canva.com

നഴ്സസ് ഡേ 2023, ഇക്കൊല്ലത്തെ അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്റെ പ്രമേയം - നമ്മുടെ നഴ്സുമാർ. നമ്മുടെ ഭാവി എന്നതാണ്. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് ലോകമെമ്പാടും നഴ്സുമാരുടെ ദിനമായി ആയി ആഘോഷിക്കപ്പെടുന്നത്. ഈ ദിനത്തിൽ അവർക്ക് പേര് മാലാഖമാർ എന്നാണ്. അല്ലാത്തപ്പോൾ 'വെറും നഴ്സ്' എന്നും. ആർക്കും എളുപ്പം ചെയ്യാവുന്ന സേവനമെന്നാണ് ഇതെന്നാണ് പലരും കരുതുന്നത്. ഒരാശുപത്രിയിൽ രണ്ടു ദിവസം തങ്ങുന്നവർ ഒന്ന് ശ്രദ്ധിച്ചാൽ മനസിലാക്കാം അവർ അനുഭവിക്കുന്നതെന്തെന്നും, സത്യത്തിൽ അവർ എത്രമാത്രം ബഹുമാനം അർഹിക്കുന്നുവെന്നും.

കുറച്ചു വർഷങ്ങൾക്ക് മുൻപാണ്. ഫിസിയോതെറാപ്പിസ്റ്റ് ആയി ക്ലിനിക്കൽ പ്രാക്ടീസ് ചെയ്തിരുന്ന കാലം. പനിയും ജോലിഭാരവും കൊണ്ട് തീരെ വയ്യാതെ മതിലിൽ ചാരി നിന്ന് ഫയൽ എന്റർ ചെയ്തുകൊണ്ടിരുന്ന ഒരു നഴ്സിംഗ് സ്റ്റാഫിനോട് അവിചാരിതമായി ഫ്ലോറിലേക്ക് കടന്നു വന്ന മാനേജിങ് ഡയറക്ടർ ആക്രോശിച്ചത് ഇങ്ങനെയാണ്!

"നീയൊക്കെ രാത്രി എവിടെയാണ് കറങ്ങി നടക്കുന്നത്, പകലിത്ര ഉറക്കവും തൂക്കവും വരാൻ!!?"

ഇൻജെക്ഷൻ കിറ്റും മറ്റുമായി ലിഫ്റ്റിൽ കയറാൻ നിന്ന ഒരു നഴ്സിനോട് പടി കയറി പോയാൽ നിന്റെ നടുവുളുക്കുമോ എന്ന് ചോദിച്ച് ആട്ടിപ്പായിച്ചതും ഓർമയിലുണ്ട്. ഇതൊക്കെ നേരിട്ട് കണ്ടവയാണ്.. ഇതിലുമപ്പുറമാണ് അവർ അനുഭവിക്കുന്നത്.

പണ്ട് വിവാഹമാർക്കറ്റിൽ വിദേശത്തേക്ക് പോകാനുള്ള തുറുപ്പുചീട്ടായിരുന്നു നഴ്സ് ആയ ഭാര്യ. ഒരു കുടുംബം കരകയറാൻ ഏറ്റവും എളുപ്പമുള്ള വഴിയായിരുന്നു മകളെ നഴ്സിംഗ് പഠിപ്പിക്കാൻ വിടുക എന്നത്. അതുകൊണ്ട് തന്നെ സകല പീഡനവും തന്നെ സഹിക്കാനും ക്ഷമിക്കാനുമായിരുന്നു ആ പെൺകുട്ടികൾ ആദ്യം പഠിച്ചത്. ഒരു കുടുംബം തങ്ങളെ ആശ്രയിച്ചു നിൽക്കുന്നുവെന്ന നിസ്സഹായതയിൽ അവർ പലപ്പോഴും വിറങ്ങലിച്ചു നിന്നുവെന്ന് പറയുന്നതാണ് ശരി. ഈ കീഴ്വഴക്കം തലമുറകൾ കൈമാറി പോന്നു.

ഇതിനെല്ലാമിടയിലും പുഞ്ചിരിയോട് കൂടി ഏത് രോഗി വിളിച്ചാലും ഓടിയെത്താൻ, മടുപ്പില്ലാതെ ശുശ്രുഷിക്കാൻ, സ്വന്തം വീട്ടിലുള്ളവരോടെന്ന പോലെ സ്നേഹം ചൊരിയാൻ ഈ വെള്ളക്കുപ്പായാക്കാർക്കാവുന്നത് എന്തുകൊണ്ടാണ് എന്നാലോചിച്ചിട്ടുണ്ടോ?

കിട്ടുന്ന ചെറിയ ശമ്പളത്തേക്കാൾ ആതുര ശുശ്രൂഷയെന്ന പുണ്യത്തെ അവർ സത്യവാചകമേറ്റു ചൊല്ലി ഹൃദയത്തിലുറപ്പിച്ചിരിക്കുന്നത് കൊണ്ടാണ്. ( എവിടെയുമെന്ന പോലെ ഇവിടെയും ചിലരുണ്ട് ദുർമുഖം കാട്ടുന്നവർ... മറക്കുന്നില്ല)

ഇന്നിപ്പോൾ സ്ഥിതിഗതികൾ മാറിയിരിക്കുന്നു.. ആണും പെണ്ണും ഒരുപോലെ നഴ്സിംഗ് എന്ന കോഴ്സ് തിരഞ്ഞെടുക്കുന്നു. വിദേശങ്ങളിൽ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന മൂന്ന് ജോലികളെടുത്താൽ അതിൽ ഒന്ന് നഴ്സിംഗ് ആണ്. നഴ്സിംഗിൽ തന്നെ പല ഉപരിപഠന സാധ്യതകളും ഇന്നുണ്ട്. അതിൽ തന്നെ അനസ്തേഷ്യ, ഡെന്റൽ നേഴ്സ് എന്ന ശാഖകളും മറ്റും ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളവയാണ്.

നഴ്സസ് യൂണിയൻ ശക്തമാവുകയും അവർക്ക് ഉറച്ച ശബ്ദമുണ്ടാവുകയും ചെയ്തിട്ടുണ്ട്. എൻട്രൻസ് വഴി തന്നെ അഡ്മിഷൻ നേടുന്ന മിടുക്കികളും മിടുക്കന്മാരുമാണ് ഈ പ്രൊഫഷണൽ കോഴ്സിൽ ഇടം പിടിക്കുന്നത്. മെഡിക്കൽ വിഷയങ്ങളൊക്കെ കൃത്യമായി പഠിച്ച് പരീക്ഷയെഴുതിയാണ് അവർ പുറത്തേക്ക് എത്തുന്നത്.. ഒന്നും പഠിക്കാനില്ലാതെ വളരെ എളുപ്പത്തിൽ പാസായി പോരാവുന്ന ഒന്നല്ല ഇത്. ഡോക്ടറുടെ കീഴിൽ ജോലിചെയ്യുന്നവരല്ല നഴ്സുമാർ. ഡോക്ടറിനും നഴ്സിനും രോഗി പരിപാലനത്തിൽ കൃത്യമായ കടമകളും ഉത്തരവാദിത്തങ്ങളുമുണ്ട്. ജോലികളിൽ പരസ്പരം കൈകടത്താതെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട ടീമംഗങ്ങളാണിവർ.

ഒരു ഡോക്ടർ രോഗിക്കൊപ്പമുള്ളതിലുമധികം സമയം ഒരു നഴ്സ് അരികിലുണ്ട്. രാവും പകലും "സിസ്റ്റർ" എന്നുള്ള വിളിക്ക് കാതോർത്തും, മോണിറ്റർ ശ്രദ്ധിച്ചും അവർ അരികിലുള്ളത് കൊണ്ടാണ് പല ജീവനുകളും രക്ഷപ്പെട്ടു പോരുന്നത്. സ്വാഭിമാനം പണയം വെച്ചു ഈ ജോലിയുമായി മുന്നോട്ട് പോകുന്നില്ല എന്ന് നഴ്സുമാർ തീരുമാനിച്ചാൽ നമ്മുടെ ആരോഗ്യരംഗം സ്തംഭിക്കും. കാരണം അവർക്ക് പകരം അവർ മാത്രം!

കോവിഡ് കാലം നമുക്കൊരു പാഠമാണ്..ആരോഗ്യകരമായ നമ്മുടെ നല്ല ഭാവിയുമായി ഇഴചേർന്ന് കിടക്കുന്നു നഴ്സിംഗ് രംഗം. അവർക്ക് വേണ്ടി സംസാരിക്കേണ്ടത് അവരുടെ യൂണിയൻ മാത്രമല്ല.. നമ്മളോരോരുത്തരുമാണ്..ഈ മേഖല നിലനിൽക്കേണ്ടതും അവർക്ക് കൃത്യവും മാന്യവുമായ വേതനം ലഭിക്കേണ്ടതും, തക്കതായ ബഹുമാനം ലഭിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. കൂടുതൽ നിക്ഷേപങ്ങൾ ഈ മേഖലയിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്.

അടുത്തു നിന്ന് ഒരു മാസത്തോളം പരിചരണം നൽകിയ ഇരുപതു വയസ്സുള്ള രോഗിയുടെ പെട്ടെന്നുള്ള മരണം കണ്ടു നിന്ന ഒരുവളെ അറിയാം. ഒരു വർഷത്തോളം ആ മരണം അവളെ മാനസികമായി തളർത്തികൊണ്ടിരുന്നു. കൈകൾ വിറയ്ക്കുകയും ഒരു കാനുല ഇടാൻ പോലും കഴിയാതെ വിയർക്കുകയും ചെയ്യുന്നുണ്ടായിരുന്നു ആ നഴ്സിംഗ് സ്റ്റാഫ്‌.

എത്ര ആശുപത്രികളിൽ നഴ്സുമാർക്ക് ഒരു കൗൺസിലിംഗ് സാഹചര്യമൊരുക്കി കൊടുക്കുന്നുണ്ട്? ഇപ്പോഴത്തെ സാഹചര്യത്തിൽ ഉറപ്പിച്ചു പറയാം, നമ്മുടെയൊക്കെ ജനനസമയത്തും മരണസമയത്തും നമുക്കരികിലുണ്ടാവുക ഈ മാലാഖമാരാണ്. അവരും മനസും ശരീരവും തളരാതെ സൂക്ഷിക്കുന്നതിൽ നാമെല്ലാം പങ്കാളികളാകേണ്ടതാണ്.

മാലാഖയൊന്നുമാക്കേണ്ട , നമുക്ക് വേണ്ടി ജീവൻ ത്യജിച്ചു ജോലി ചെയ്യുന്ന നമ്മുടെ സഹജീവികളാണവരെന്നു മാത്രം ഓർത്താൽ മതി അവരെ സ്നേഹം കൊണ്ടു മൂടാൻ..ഈ നഴ്സസ് ദിനത്തിൽ മാത്രമല്ല, എക്കാലവും ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് സ്നേഹാദരങ്ങൾ നൽകി ചേർത്തുനിർത്താം നമുക്ക്!

Content Highlights: international nurses day, life of a nurse

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
disease x
Premium

4 min

കോവിഡിനേക്കാൾ മാരകമായേക്കാം, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ?

May 28, 2023


sanitary napkin

5 min

സാനിറ്ററി മാലിന്യങ്ങളുടെ പ്രശ്‌നങ്ങളും പ്രതിവിധിയും; ആര്‍ത്തവ ശുചിത്വ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടത്

May 28, 2023


menstruation

4 min

ആരോഗ്യകരമാകണം ആര്‍ത്തവകാലം | ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം

May 28, 2023

Most Commented