ഉയരക്കുറവ് ഒരു കുറവല്ല; അവര്‍ക്കും കീഴടക്കാം വലിയ ഉയരങ്ങള്‍


ആര്‍. രാമചന്ദ്രന്‍

ഇന്ന് ഹ്രസ്വകായരുടെ ദിനം

Representative Image | Photo: Gettyimages.in

ക്ടോബർ 25 ഹ്രസ്വകായരുടെ ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നു. ഹ്രസ്വകായ സമൂഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, അവരുടെ ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതികൾക്ക് രൂപം നൽകുക, സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുക, ഹ്രസ്വകായരും അവരുടെ കുടുംബാംഗങ്ങളും നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, തൊഴിൽ മേഖലയിൽ ഹ്രസ്വകായർ നേരിടുന്ന വിവേചനങ്ങൾക്ക് അറുതി വരുത്തുക എന്നിവയെല്ലാമാണ് ഈ ദിനാചരണത്തിന്റെ പിന്നിലെ ലക്ഷ്യങ്ങൾ. എല്ലാ വൈകല്യങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അവബോധം നൽകുന്നതിന് ഒരു നിറമുണ്ട്. പച്ച നിറമാണ് കുള്ളൻ അവബോധത്തിന്റെ നിറം.

സമൂഹം മനുഷ്യവൈവിധ്യത്തോട് കൂടുതൽ സഹിഷ്ണുത പുലർത്തുന്നുവെന്ന് തോന്നുമെങ്കിലും, ഹ്രസ്വകായ സമൂഹം ഇപ്പോഴും കളങ്കപ്പെടുത്തലിന് വിധേയമാക്കപ്പെടുന്നു. കല, സാഹിത്യം, സിനിമ എന്നീ മേഖലകളിൽ ഹ്രസ്വകായരെ എപ്പോഴും വളരെ മോശമായിട്ടാണ് ചിത്രീകരിക്കുന്നത്. സാധാരണ വ്യക്തികളെപ്പോലെ തന്നെ കഴിവുകളുണ്ടായിട്ടും മിക്കപ്പോഴും സർക്കസ്സുകളിൽ കോമാളികളുടെ വേഷം കെട്ടാനും, സിനിമകളിൽ ആളുകളെ രസിപ്പിയ്ക്കാനുള്ള ചെറിയ കഥാപാത്രങ്ങളായി അഭിനയിക്കാനുമാണ് ഇവരുടെ നിയോഗം.

ഹ്രസ്വമായ അവസ്ഥയാണ് കുള്ളൻ. ഒരു മെഡിക്കൽ അല്ലെങ്കിൽ ജനിതക അവസ്ഥയുടെ ഫലമായി പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ഉയരം നാല് അടി 10 ഇഞ്ച് അല്ലെങ്കിൽ അതിൽ താഴെയുള്ളവരെ ഹ്രസ്വകായർ (കുള്ളൻ) എന്ന് 'ലിറ്റിൽ പീപ്പിൾ ഓഫ് അമേരിക്ക' (എൽ.പി.എ.) എന്ന സംഘടന നിർവ്വചിക്കുന്നു. ഹ്രസ്വകായനായ ഒരു
മുതിർന്ന വ്യക്തിയുടെ ശരാശരി ഉയരം നാല് അടിയാണ്.

ലോകത്താകമാനം ഏകദേശം ഏഴ് ലക്ഷത്തോളം ഹ്രസ്വകായരുണ്ടെന്നാണ് രേഖപ്പെടുത്താത്ത കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ രണ്ടു ലക്ഷത്തിൽ താഴെയും, കേരളത്തിൽ 500 ഓളം ആളുകളും നിയന്ത്രിത വളർച്ചയുള്ളവരാണെന്ന് കരുതപ്പെടുന്നു.

ഭിന്നശേഷി അവകാശ നിയമം 2016 നിലവിൽ വന്നതിനു ശേഷം മാത്രമാണ് ഹ്രസ്വകായാവസ്ഥ (Dwarfism) ഒരു പ്രത്യേക വൈകല്യമായി കണക്കാക്കാൻ തുടങ്ങിയത്. ഹ്രസ്വകായാവസ്ഥ ഒരു വ്യക്തിയുടെ ബുദ്ധിപരമായ കഴിവുകളെ ബാധിക്കുന്നില്ല. ഹ്രസ്വകായാവസ്ഥയ്ക്ക് പരിഹാരമില്ലെങ്കിലും, ഭൂരിഭാഗം വ്യക്തികളും ദീർഘായുസ്സോടെ ജീവിക്കുന്നു.

ശരാശരി വലുപ്പത്തിലുള്ള സമപ്രായക്കാരെപ്പോലെ ഹ്രസ്വകായരും വിദ്യാഭ്യാസം നേടാനും, തൊഴിൽ സമ്പാദിക്കാനും, വിവാഹം കഴിക്കാനും, കുട്ടികളെ വളർത്താനും, വാഹനങ്ങൾ ഓടിക്കാനും കഴിവുള്ളവരാണ്.

മനുഷ്യശരീരത്തിൽ പലതരം ഗ്രന്ഥികൾ ഉണ്ട്. ഇവയിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളെയാണ് ഹോർമോൺ എന്നുപറയുന്നത്. മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തലച്ചോറിലുള്ള പിറ്റിയൂറ്ററി ഗ്രന്ഥി (Pitutary). ഈ ഗ്രന്ഥി ഉത്‌പ്പാദിപ്പിക്കുന്ന ഒരു പ്രധാന ഹോർമോൺ ആണ് 'ഗ്രോത്ത് ഹോർമോൺ'. ശരീര വളർച്ചയെ സഹായിക്കലും, ത്വരിതപ്പെടുത്തലുമാണ് ഗ്രോത്ത് ഹോർമോണിന്റെ ധർമ്മം. ഒരു വ്യക്തിക്ക് പൊക്കം വെക്കണമെങ്കിൽ ഗ്രോത്ത് ഹോർമോൺ അത്യാവശ്യമാണ്. ഗ്രോത്ത് ഹോർമോൺ കൂടുമ്പോൾ പൊക്കം കൂടിയ വ്യക്തിയായും, കുറയുമ്പോൾ നമ്മൾ കുള്ളൻ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയായും മാറുന്നു. ഹ്രസ്വകായത്വം ഒരു രോഗമല്ല; ഒരവസ്ഥമാത്രമാണെന്ന് ഓർക്കുക.

ഹ്രസ്വാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. ജനിതകം, പാരമ്പര്യം, ടൈപ്പ്-1 പ്രമേഹം, ഗ്രോത്ത് ഹോർമോണിന്റെ കുറവ്, തൈറോയിഡ് പ്രശ്നങ്ങൾ, ഹൈപ്പോത്തലാമസിന്റെ പ്രവർത്തന തകരാറുകൾ, പോഷകാഹാരക്കുറവ് എന്നിവയെല്ലാം കുള്ളനായ കുഞ്ഞ് പിറവിയെടുക്കാൻ കാരണമായിത്തീരാറുണ്ട്.

രണ്ടു തരത്തിലുള്ള ഹ്രസ്വാവസ്ഥയാണ് പ്രധാനമായും കാണപ്പെടുന്നത്. ആനുപാതികവും, ആനുപാതികമല്ലാത്തതും. തല, കൈകാലുകൾ, മറ്റു ശരീര ഭാഗങ്ങൾ എന്നിവയെല്ലാം ആനുപാതികമാണെങ്കിലും, ശരാശരി പൊക്കമുള്ള ഒരു വ്യക്തിയേക്കാൾ പൊക്കം വളരെ കുറവാണെങ്കിൽ ആ അവസ്ഥയെ ആനുപാതിക ഹ്രസ്വാവസ്ഥ എന്ന് വിളിക്കുന്നു. ഹോർമോണിന്റെ കുറവാണ് ഈ അവസ്ഥയ്ക്ക് പലപ്പോഴും കാരണമായിത്തീരുന്നത്. കുട്ടി വളരുമ്പോൾ തന്നെ ഹോർമോൺ ചികിത്സയ്ക്ക് വിധേയമാക്കപ്പെടുകയാണെങ്കിൽ, പ്രായപൂർത്തിയാകുമ്പോഴേയ്ക്കും ശരാശരി ഉയരത്തിലെത്താൻ കഴിഞ്ഞേയ്ക്കും.

ആനുപാതികമല്ലാത്ത ഹ്രസ്വാവസ്ഥയാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ പരസ്പരം ആനുപാതികമല്ലാത്ത ശരീരഭാഗങ്ങൾ ഉള്ളതാണ് ഇതിന്റെ സവിശേഷത. അക്കോണ്ട്രോപ്ലാസിയ (Achondroplasia) എന്ന പേരിൽ അറിയപ്പെടുന്ന ഈ ജനിതകാവസ്ഥയിൽ കൈകാലുകൾ സാധാരണ ഒരു വ്യക്തിയുടേതിനേക്കാൾ വളരെ ചെറുതായിരിക്കുമെങ്കിലും, മറ്റു ശരീരഭാഗങ്ങൾക്ക് യാതൊരു പോരായ്മയും ഉണ്ടായിരിക്കില്ല. അപൂർവ്വം ചില വ്യക്തികളിൽ തല അല്പം വലുപ്പമുള്ളതായി കാണപ്പെടുന്നു.

അക്കോണ്ട്രോപ്ലാസിയ ബാധിതർ ചില സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. വളഞ്ഞ കാലുകൾ, സന്ധിവാതം, കൂനുണ്ടാകാനുള്ള സാധ്യതകൾ, സുഷുമ്നാ നാഡിയിലെ അധിക സമ്മർദം, അധിക മസ്തിഷ്ക ദ്രാവകം, ഒരു ശിശുവെന്ന നിലയിൽ ചലനസംബന്ധമായ കഴിവുകളുടെ വികസനത്തിലുള്ള കാലതാമസം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം അതിൽ ചിലതുമാത്രം.

അക്കോണ്ട്രോപ്ലാസിയ തിരുത്താൻ കഴിയുന്ന ഒരവസ്ഥയല്ല. എന്നാലും സങ്കീർണതകളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ചില ചികിത്സകളുണ്ട്. ഹോർമോൺ തെറാപ്പിയും, അസ്ഥി വളർച്ചയുടെ ദിശ ശരിയാക്കാനും, നട്ടെല്ല് സുസ്ഥിരമാക്കാനും, സുഷുമ്നാ നാഡിയിലെ മർദം ഒഴിവാക്കാനും ചെയ്യുന്ന ശസ്ത്രക്രിയകളും ഒരു പരിധിവരെ ഗുണം ചെയ്യും. തലച്ചോറിനു ചുറ്റും അധിക ദ്രാവകം കൊണ്ട് തലച്ചോറിലുണ്ടാകുന്ന സമ്മർദം കുറയ്ക്കാൻ ഈ ശസ്ത്രക്രിയ കൊണ്ട് സാധ്യമാകും. അതുപോലെ ഫിസിയോതെറാപ്പിയും, ഓർത്തോട്ടിക്സും ശസ്ത്രക്രിയയ്ക്ക് വിധേയരായ ഹ്രസ്വകായരുടെ ചലനശേഷി മെച്ചപ്പെടുത്താൻ വളരെ സഹായകമാകും.

കുഞ്ഞ് ഗർഭപാത്രത്തിലിരിക്കുമ്പോൾ തന്നെ അൾട്രാസൗണ്ട് സ്കാൻ ചെയ്ത് രോഗനിർണയം നടത്താൻ കഴിയും. കുഞ്ഞിന്റെ രൂപം ഹ്രസ്വകായാവസ്ഥയെ സൂചിപ്പിക്കുന്നുവെങ്കിൽ, ഗർഭപാത്രത്തിൽ നിന്നുള്ള അമ്നിയോട്ടിക് ദ്രാവകമെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഡോക്ടർക്ക് രോഗനിർണയം നടത്താൻ സാധിക്കും. ഹ്രസ്വകായാവസ്ഥയുടെ ഒരു ജീൻ വാഹകരാണെന്ന് മാതാപിതാക്കൾ അറിയിക്കുകയാണെങ്കിൽ, ഇതേ നടപടി തന്നെ സ്വീകരിച്ച് കുഞ്ഞിന്റെ വളർച്ച കുറവ് കണ്ടെത്താനാകും.

ഒരു നവജാത ശിശുവിനെ അളക്കുകയും, തൂക്കം പരിശോധിക്കുകയും ചെയ്തശേഷം, അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുമായി (Standard Growth Chart) താരതമ്യം ചെയ്താൽ തന്നെ കുഞ്ഞ് ഹ്രസ്വകായനാണോ എന്ന് മനസ്സിലാക്കാൻ ഒരു ശിശുരോഗവിദഗ്ദന് കഴിയും.

ഗർഭധാരണത്തിന്റെ മുമ്പുതന്നെ സ്ത്രീയുടെ അണ്ഡത്തിലോ പുരുഷന്റെ ബീജകോശത്തിലോ ഉണ്ടാകുന്ന ജനിതകമാറ്റമാണ് പല ഹ്രസ്വകായാവസ്ഥകൾക്കും കാരണമായിത്തീരുന്നത്. ഹ്രസ്വകായനായ ഒരു കുഞ്ഞ് ഉണ്ടാകാനുള്ള സാധ്യത നിർണയിക്കാൻ ഒരു ജനിതക വിദഗ്ധന് കഴിയും.

അസ്ഥി വളർച്ചയിലെ വ്യത്യാസവും ചെറിയ പൊക്കവും കാരണം ഈ കുട്ടികൾ ശരാശരി ഉയരമുള്ള കുട്ടികളേക്കാൾ വ്യത്യസ്ത പ്രായത്തിലായിരിക്കും ഇരിക്കാനും, നടക്കാനും തുടങ്ങുക. ഇത് കാലതാമസമായി കണക്കാക്കപ്പെടേണ്ടതില്ല.

തുടക്കം മുതൽ തന്നെ ഈ കുട്ടികളുടെ സ്വാതന്ത്ര്യബോധത്തേയും, ആത്മാഭിമാനത്തേയും വളർത്തിയെടുക്കുന്നതിലൂടെ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളെ ഒരു മികച്ച ജീവിതം നയിക്കാൻ സഹായിക്കാനാകും.

ഹ്രസ്വകായർ ജീവിതത്തിൽ അനവധി വെല്ലുവിളികൾ നേരിടുന്നവരാണ്. ബസ് യാത്ര ഹ്രസ്വകായരെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി നിറഞ്ഞതാണ്. പൊക്കകുറവുകാരണം ബസ്സിലെ ഉയർന്ന ചവിട്ടുപടിയിൽ കയറാൻ ഈ സഹോദരങ്ങൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നു. സമൂഹത്തിന്റെ നിരന്തരമായ കളിയാക്കലും ഭീഷണിയും ഇവരുടെ ദൈനംദിന ജീവിതം നരക തുല്ല്യമാക്കുന്നു. മാതാപിതാക്കളുടെ അകമഴിഞ്ഞ സ്നേഹവും, പിന്തുണയും വെല്ലുവിളികളെ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കും.

മാതാപിതാക്കൾ അറിയേണ്ടത്

കുട്ടിയുടെ വലുപ്പം കണക്കിലെടുക്കാതെ, പ്രായത്തിനും, വികാസത്തിനും അനുസൃതമായി പെരുമാറാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഉദാഹരണമായി നാല് വയസ്സുള്ള ഒരു കുട്ടിയ്ക്ക് ഒരു വയസ്സുള്ള കുട്ടിയുടെ വലുപ്പം മാത്രമാണുള്ളതെങ്കിലും പാൽകുടിക്കാൻ കുപ്പി ഉപയോഗിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടരുത്.

കുട്ടിയുടെ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനായി അവൻ വളരുന്ന പരിതസ്ഥിതിയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ മാതാപിതാക്കൾ തയ്യാറാകണം. ഉദാഹരണമായി മുറിയിലെ സ്വിച്ചുകൾ അവന് സ്വയം പ്രവർത്തിപ്പിക്കാൻ തക്കവണ്ണം ചുമരിൽ താഴ്ത്തി ഘടിപ്പിക്കുക, വാതിൽപ്പടിയും, കുളിമുറിയിൽ വസ്ത്രങ്ങൾ തൂക്കിയിടാനുള്ള റെയിലുകളും അവനുപയോഗിയ്ക്കാൻ തക്കവണ്ണം ക്രമീകരിക്കുക എന്നിങ്ങനെ.

മാതാപിതാക്കൾ കുട്ടിയുടെ പൊക്കക്കുറവ് ഒരിക്കലും ഒരു രോഗമായിക്കാണരുത്; മറിച്ച് ഒരു വ്യത്യാസമായി മാത്രം കാണാൻ ശ്രമിക്കണം. മാതാപിതാക്കളുടെ മനോഭാവവും പ്രതീക്ഷകളും കുട്ടിയുടെ ആത്മാഭിമാനത്തെ വളരെ അധികം സ്വാധീനിക്കും.

കുട്ടിയെ ഒരു സാധാരണ സ്കൂളിൽ ചേർക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഹ്രസ്വകായരായ വിദ്യാർഥികൾക്ക് അഡാപ്റ്റീവ് സൗകര്യം നൽകി സ്വാഗതാർഹമായ പഠന അന്തരീക്ഷം സൃഷ്ടിയ്ക്കാൻ അധ്യാപകരോട് മാതാപിതാക്കൾ പറയണം.

സ്കൂളിൽ സഹപാഠികളുടെ കളിയാക്കലിന് കുട്ടി വിധേയമാവുകയാണെങ്കിൽ അതൊരിക്കലും നിസ്സാരമായി തള്ളരുത്. സ്വന്തം കുട്ടിയ്ക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാതാപിതാക്കൾ അധ്യാപകരുമായി സംസാരിക്കണം. മാത്രമല്ല ഹ്രസ്വകായരെക്കുറിച്ച് സ്കൂളിലെ വിദ്യാർഥികൾക്ക് ബോധവത്‌ക്കരണം നടത്താനായി സ്വയം മുന്നിട്ടിറങ്ങുകയും വേണം.

കുട്ടിയെ ഒരു ഹോബി കണ്ടെത്താനോ, ആസ്വദിക്കാൻ തക്കവണ്ണമുള്ള ഒരു പ്രവർത്തി കണ്ടെത്താനോ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം. കുടുംബ ഡോക്ടറുമായി സംസാരിച്ച് ഒഴിവാക്കപ്പെടേണ്ട ഏതെങ്കിലും കളികളുണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം.

കുട്ടിയ്ക്ക് കരുത്തും, ആത്മവിശ്വാസവും ഊർജ്ജവും, പിന്തുണയും എപ്പോഴും ലഭ്യമാകുന്ന ഒരു കുടുംബാന്തരീക്ഷം സൃഷ്ടിയ്ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

ശാരീരിക വെല്ലുവിളികളും, സമൂഹത്തിന്റെ നിരന്തര പരിഹാസവും, ഭീഷണിയും, കുടുംബത്തിന്റെ പൂർണ പിന്തുണ മാത്രം കൊണ്ട് അതിജീവിച്ച് പ്രശസ്തരായ നിരവധി ഹ്രസ്വകായരുണ്ട്.

അമേരിക്കൻ നടനും, നിർമ്മാതാവുമായ പീറ്റർ ഡിങ്ക്ലേജ് (ഉയരം 4 അടി 4 ഇഞ്ച്), ഇംഗ്ലീഷ് നടനും ടെലിവിഷൻ അവതാരകനും, എഴുത്തുകാരനുമായ വാർവിക്ക് ഡേവിസ് (ഉയരം 3 അടി 6 ഇഞ്ച്), അമേരിക്കൻ നടനും, സ്റ്റണ്ട്മാനുമായ മാർട്ടിൻ ക്ലെബ്ബ (ഉയരം 4 അടി 1 ഇഞ്ച്), ഇംഗ്ലീഷ് നടനും, സംഗീതജ്ഞനുമായിരുന്ന കെന്നി ബേക്കർ (ഉയരം 3 അടി 8 ഇഞ്ച്), ഇന്ത്യൻ ഹാസ്യ നടനും, 'വിക്രം വേതാൾ' എന്ന പ്രശസ്ത ഹിന്ദി സീരിയലിന്റെ രചയിതാവുമായ ലില്ലിപുട്ട് (യഥാർത്ഥ നാമം എം.എം. ഫറൂഖി), നടനും അന്താരാഷ്ട്ര കായിക താരവുമായ രാജണ്ണ (ഉയരം 3 അടി 10 ഇഞ്ച്), 2005ലെ ലോകഹ്രസ്വകായരുടെ ഗെയിംസിൽ (പാരാ ഒളിമ്പിക്സിന് സമാനം) കൂടുതൽ മെഡൽ നേടി ലിംക ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ച അത്ലറ്റ് കെ.വൈ. വെങ്കിടേഷ് (4 അടി 2 ഇഞ്ച് ഉയരം), 300 ഓളം ഹ്രസ്വകലാകാരന്മാർ അഭിനയിച്ച 'അദ്ഭുതദ്വീപ്' എന്ന സിനിമയിൽ നായകനായ മലയാളികളുടെ അഭിമാനമായ 'ഗിന്നസ് പക്രു' (യഥാർഥ നാമം അജയ് കുമാർ - ഉയരം 2 അടി 6 ഇഞ്ച്), 2013 ലെ ലോക കുള്ളൻ ഗെയിംസിൽ 5 സ്വർണ്ണമെഡലുകൾ കരസ്ഥമാക്കിയ മലയാളി താരം ജോബി മാത്യു (ഉയരം 3 അടി 6 ഇഞ്ച്) എന്നിവർ ഇവരിൽ ചിലർ മാത്രം.

ഹ്രസ്വകായരായ വ്യക്തികൾ തെരുവിലൂടെ നടന്നു നീങ്ങുമ്പോൾ നേരിടേണ്ടി വരുന്ന സമൂഹത്തിന്റെ പരിഹാസവും, തുറിച്ചുനോട്ടവും, ഭീഷണിയും അവരെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഈ കാരണത്താൽ തന്നെ മിക്ക ഹ്രസ്വകായരും വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനോ ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ആഗ്രഹിക്കാറില്ല.

ഹ്രസ്വകായരായ സഹോദരങ്ങൾ ആനുകൂല്യങ്ങളേക്കാൾ ആഗ്രഹിക്കുന്നത് സഹജീവി എന്ന പരിഗണനയാണ്. സമൂഹത്തിന്റെ സഹതാപമല്ല, മറിച്ച് സഹവർത്തിത്വമാണ് അവർ സ്വപ്നം കാണുന്നത്. ഈ ലോകം ഹ്രസ്വകായർക്കുകൂടി അവകാശപ്പെട്ടതാണ് എന്ന സത്യം ഉൾക്കൊള്ളാനുള്ള ഹൃദയവിശാലത സമൂഹത്തിനുണ്ടാകട്ടെ.

(ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'സക്ഷമ' എന്ന അഖിലേന്ത്യാ സംഘടനയുടെ കോഴിക്കോട് ഘടകത്തിന്റെ ജില്ലാ അധ്യക്ഷനും, സംസ്ഥാന സമിതി അംഗവുമാണ് ലേഖകൻ)

Content Highlights:International Dwarfism Awareness Day What is Dwarfism all things you need to know, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented