''ഈ കട്ടിലിലാണ് എന്റെ ജീവിതം. ഇവിടെയിരുന്നാണ് ഞാൻ സ്വപ്നംകാണുന്നത്. പഠനം, വായന, ടി.വി. കാണൽ എല്ലാം ഇവിടെത്തന്നെ. അമ്മയാണ് പുറംലോകവുമായി ബന്ധിപ്പിക്കുന്ന കണ്ണി'. പരിമിതികളിലും സ്വപ്നങ്ങളിലേക്ക് പറന്നുയരാനുള്ള ആത്മവിശ്വാസമാണ് ശരത്തിന്റെ വിജയം. വീട്ടകങ്ങളിൽ കുരുങ്ങിപ്പോയവർക്ക് വെളിച്ചം പകരുകയാണ് ഈ ഇരുപത്തിമൂന്നുകാരൻ.

സെറിബ്രൽ പാൾസി ബാധിതനാണ് കോലഞ്ചേരി താനിക്കുഴി വീട്ടിൽ ശരത്. വീട്ടിലിരുന്നു പഠിച്ച് ബി.കോം ബിരുദം നേടി. കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് കോേളജിലായിരുന്നു പഠനം. ഇപ്പോൾ എം.കോമിന് തയ്യാറെടുക്കുന്നു. കൈകാലുകൾക്ക് ചലനശേഷി കുറവാണ്. കട്ടിൽ വിട്ടെഴുന്നേൽക്കാൻ പരസഹായം വേണം. കൂടുതൽ പഠിക്കണമെന്നും പറ്റാവുന്ന ജോലി ചെയ്ത് വീട്ടുകാർക്ക് സഹായമാവണമെന്നുമാണ് ആഗ്രഹം.

എല്ലാത്തിനും കൂട്ടുകാരുണ്ട്

പ്ലസ്ടു വരെ വീട്ടിലിരുന്നാണ് പഠിച്ചത്. കോളേജിലെത്തിയപ്പോഴും വീട്ടിലിരുന്ന് പഠിക്കാൻ സൗകര്യം ലഭിച്ചു. സെയ്ന്റ് പീറ്റേഴ്സ് കോളേജിൽ മുകൾനിലയിലായിരുന്നു ക്ലാസ് മുറി. ശരത്തിനായി ക്ലാസ് താഴത്തെ നിലയിലേക്കു മാറ്റാൻ അധികൃതർ തയ്യാറായി. എന്നാൽ തുടർച്ചയായി കസേരയിലോ ബെഞ്ചിലോ ഇരിക്കാൻ ശരത്തിന് കഴിയില്ല. അങ്ങനെ പഠനം വീട്ടിലാക്കി.

റെഗുലർ വിഭാഗത്തിലായിരുന്നു പഠനം. പൊതുവേ കഠിനമായ അക്കൗണ്ടൻസിയും സ്റ്റാറ്റിസ്റ്റിക്സുമൊക്കെ പഠിച്ചെടുത്തത് കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു. ആകാശ് എന്ന കൂട്ടുകാരൻ ദിവസവും നോട്ടിന്റെ കോപ്പിയുമായി വീട്ടിലെത്തും. സംശയങ്ങൾ തീർക്കാൻ ഇടയ്ക്ക് അധ്യാപകരെ വിളിക്കും. സഹായിയെ വെച്ചാണ് പരീക്ഷ എഴുതിയത്.

ഇതുവരെ എത്താൻ കഴിഞ്ഞതിനു പിന്നിൽ പലരോടും കടപ്പാടുണ്ടെന്നും ശരത് പറയുന്നു. ഒട്ടേറെ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം ലഭിച്ചു.

പരീക്ഷയെഴുതാൻ മാത്രം പുറത്തേക്ക്

കോളേജിലേക്ക് അമ്മ ശാന്തയാണ് ശരത്തിനെ കൊണ്ടുപോകുന്നത്. ഓട്ടോയിലാണ് യാത്ര. പുറത്തേക്കുള്ള യാത്രകൾ കുറവാണ്. പരീക്ഷയെഴുതാൻ കോളേജിലേക്കും പിന്നെ, ആശുപത്രിയിലേക്കുമുള്ള യാത്രകളാണ് കൂടുതലും. അച്ഛൻ മണി അടുത്തൊരു കടയിൽ സഹായിയാണ്. സഹോദരി ശരണ്യ വിവാഹിത.

'വർക്ക് അറ്റ് ഹോം' സംവിധാനത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലി കിട്ടിയാൽ വീട്ടുകാർക്ക് തുണയാവാൻ കഴിയും. ആരെങ്കിലും മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ശരത്ത്.

ജീവിതം ഇരുളടഞ്ഞുപോയി എന്നു കരുതി വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്നവർക്ക് ശരത്തിന്റെ ജീവിതം ഊർജം പകരുമെന്ന് സെയ്ന്റ് പീറ്റേഴ്സ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ. റെജി എം.എ. പറയുന്നു.

Content Highlights: International Day of Persons with Disabilities 2020, Lifes of Sarath a Cerebral palsy patient at Kolenchery, Health