1992 മുതലാണ് ഡിസംബർ 3 ഭിന്നശേഷിയുള്ളവർക്കായുള്ള അന്താരാഷ്ട്ര ദിനമായി ആചരിച്ചു തുടങ്ങിയത്.
ഭിന്നശേഷിയുള്ളവർ നേരിടുന്ന വിവിധ തലത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അവരുടെ അന്തസ്സും അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പിന്തുണ വർദ്ധിപ്പിക്കുക എന്നതെല്ലാമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യയുടെ 15 ശതമാനം അതായത് ഒരു ബില്യണിലധികം ആളുകൾ വൈകല്യങ്ങളുമായി ജീവിക്കുന്നു. ഇതിൽ തന്നെ 450 മില്യൺ ആളുകൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണ്. ഇതിൽ മൂന്നിലൊന്ന് പേർ വിവേചനമോ വേർതിരിവോ ഭയന്നോ അവഗണന മൂലമോ വൈദ്യസഹായം തേടുന്നില്ല.
ഓരോ വർഷവും 69 മില്യൺ ആളുകൾക്ക് തലച്ചോറിന് ക്ഷതം സംഭവിക്കുകയും 160 കുട്ടികളിൽ ഒരാളിൽ ഓട്ടിസം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പ്രത്യക്ഷത്തിൽ വൈകല്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിയപ്പെടാതെ പോകുന്ന അനേകം ആളുകൾ നമുക്ക് ചുറ്റുമുണ്ട്.
''ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്നതും, അവർക്കു കൂടി പ്രാപ്യവും സുസ്ഥിരവും മെച്ചപ്പെട്ടതുമായ ഒരു കോവിഡാനന്തര ലോകം പണിതുയർത്താം'' എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒറ്റപ്പെടലും, ഉറ്റവരിൽ നിന്നുള്ള വേർപ്പെടലും, സേവനങ്ങളുടെ ലഭ്യതയിലുള്ള കുറവും ലോകം മുഴുവൻ ധാരാളം ആളുകളുടെ മാനസിക നിലയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രത്യക്ഷത്തിൽ പ്രകടമല്ലാത്ത മാനസിക പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. സാധാരണ സാഹചര്യങ്ങളിൽ പോലും ഭിന്നശേഷിയുള്ളവർക്ക് ആരോഗ്യസംവിധാനങ്ങൾ, വിദ്യാഭ്യാസം, ജോലി, സാമൂഹ്യ പങ്കാളിത്തം എന്നിവയ്ക്കുള്ള പ്രാപ്യത കുറവാണ്. അതിനാൽത്തന്നെ കോവിഡ്കാലത്തെ സേവനങ്ങൾ ഭിന്നശേഷിയുള്ളവർക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുള്ള സമഗ്രമായ സമീപനം ആവശ്യമാണ്.
ഭിന്നശേഷിയുള്ളയാളാണ് എന്നത്കൊണ്ട് മാത്രം ഒരു വ്യക്തിയ്ക്ക് കോവിഡ് 19 അണുബാധ ഉണ്ടാവണമെന്നില്ല.എങ്കിലും ഭിന്നശേഷിയുള്ളവരുടെ മറ്റു പല ആരോഗ്യ പ്രശ്നങ്ങളും കാരണം ചിലർക്കെങ്കിലും കോവിഡ്ബാധ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഗുരുതരമായ ശ്വാസകോശരോഗങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവ ഉള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും രോഗസാധ്യത കൂടുതലാണ്. ഭിന്നശേഷിക്കാരായ മുതിർന്നവർക്ക് ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം, കാൻസർ എന്നീ രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത ഭിന്നശേഷിക്കാരനല്ലാത്ത ഒരാളെ അപേക്ഷിച്ച് മൂന്നു മടങ്ങ് കൂടുതലാണ്.
കോവിഡ് കാലത്ത് ഭിന്നശേഷിയുള്ളവർ അനുഭവിക്കുന്ന വെല്ലുവിളികൾ
- ചലനസാധ്യത കുറവുള്ളവർക്ക് മറ്റൊരാളുടെ സഹായം അത്യാവശ്യമായതുകൊണ്ട് രോഗബാധിതരുമായുള്ള അടുത്തിടപഴകൽ പൂർണമായി ഒഴിവാക്കാൻ സാധ്യമല്ല.
- കൈകഴുകൽ, സാമൂഹ്യ അകലം പാലിക്കൽ എന്നിവയുടെ പ്രാധാന്യം ശരിയായ രീതിയിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഭിന്നശേഷിയുള്ളവരുണ്ട്.
- രോഗലക്ഷണങ്ങൾ മറ്റുള്ളവരോട് ശരിയായ രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവരുണ്ട്. ഇത്തരം ആളുകളിൽ രോഗം വരുന്നതിനും, രോഗബാധ തിരിച്ചറിയാതെ പോകുന്നതിനും സാധ്യതയുണ്ട്. അതിനാൽ ഇവരെ പരിചരിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
- പുറത്തുപോയി വന്നാൽ പരിചരിക്കപ്പെടുന്ന ആളുടെ അടുത്തുപോകുന്നതിനു മുൻപ് കൈകൾ കഴുകുക, മാസ്ക് ധരിക്കുക, കുളിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക, ടോയ്ലറ്റ് ഉപയോഗിക്കാൻ സഹായിക്കുക എന്നിവയ്ക്ക് മുൻപും ശേഷവും കൈകൾ സോപ്പിട്ടു കഴുകണം.
- സ്ഥിരമായി സ്പർശിക്കുന്ന പ്രതലങ്ങൾ ഇടയ്ക്കിടെ ശുചിയാക്കുക,
- അത്യാവശ്യം വേണ്ട വീട്ടുസാധനങ്ങൾ, മരുന്നുകൾ എന്നിവ കയ്യിൽ കരുതുക.
- മൊബൈൽ ഫോൺ റീച്ചാർജ് ചെയ്തു വയ്ക്കുക.
- ഫോൺ എല്ലായ്പ്പോഴും ചാർജ് ചെയ്ത് കയ്യിൽ കരുതുക.
- അടിയന്തിര ഘട്ടങ്ങളിൽ ഫോൺ വിളിക്കേണ്ടവരുടെ ലിസറ്റ് തയ്യാറാക്കി കയ്യിൽ കരുതുക.
- അത്യാവശ്യമാണെങ്കിൽ മാത്രം ആശുപത്രി സന്ദർശനം നടത്തുക.
- അടിയന്തിര ഘട്ടങ്ങളിൽ പരിചരണം ഏറ്റെടുക്കുന്നതിനായി വിശ്വസ്തനായ ഒരാളെ കണ്ടുവയ്ക്കുക. അവരോട് കൃത്യമായി ആശയവിനിമയം നടത്തുക.
ഓർക്കുക.... ഭിന്നശേഷിയുള്ളവരാണ് ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. അവർക്ക് കരുതൽ നൽകാം, കോവിഡ് കാലത്തു മാത്രമല്ല എല്ലായ്പ്പോഴും.
കടപ്പാട്: ആരോഗ്യകേരളം
Content Highlights:International Day of Persons with Disabilities 2020 Covid19 and disabled persons you needs to know, Health