തലയ്ക്ക് മുകളിലൂടെ മൂളിപ്പറന്നു പോകുന്ന വിമാനം കാണണമെന്ന് പറഞ്ഞ് സീനത്ത് കുട്ടിക്കാലത്ത് വാശി പിടിക്കുമായിരുന്നു. പതുക്കെപ്പതുക്കെ അവളറിഞ്ഞു, കാഴ്ചയുടെ ഭാഗ്യം തനിക്ക് സിദ്ധിച്ചിട്ടില്ലെന്ന്.
വയനാട് കല്പറ്റയ്ക്ക് സമീപം പരിയാരത്തെ മാറായി വീട്ടിൽ കുഞ്ഞഹമ്മദിന്റെയും ഫാത്തിമയുടെയും അഞ്ചു മക്കളിൽ നാലാമത്തെയാളാണ് സീനത്ത്.
ജനിച്ച് രണ്ടുമാസം പിന്നിട്ടപ്പോൾത്തന്നെ സീനത്തിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി. മാസങ്ങൾക്കുശേഷം വലതുകണ്ണിലും ഇരുട്ടുനിറഞ്ഞു. തുടർന്ന് ചികിത്സയോടുചികിത്സ. ഒന്നും ഫലം കണ്ടില്ല. ഒടുവിൽ കാഴ്ചയില്ലാത്ത ലോകത്തോട് സീനത്ത് പതിയെപ്പതിയെ പൊരുത്തുപ്പെട്ടു.
കുട്ടിക്കാലം മുതൽക്കേ സീനത്ത് പാട്ടിനെ സ്നേഹിച്ചിരുന്നു. റേഡിയോ പാട്ടിനൊപ്പം പാടാനും തുടങ്ങി. അനിയനെ സ്കൂളിൽ ചേർത്തതു മുതൽ തനിക്കും പഠിക്കണമെന്നായി.
അന്വേഷണത്തിനൊടുവിൽ കൊളത്തറ വികലാംഗ വിദ്യാലയത്തിൽ എത്തുകയായിരുന്നു. ''ഇവിടെ നിന്നാണ് എന്റെ പാട്ടിനോടുള്ള ഇഷ്ടം അധ്യാപകരും തിരിച്ചറിയുന്നത്. ഒന്നാം ക്ലാസിൽ പഠിക്കവേ ഒരു ഭിന്നശേഷി ദിനത്തിൽ ആദ്യമായി മത്സരത്തിൽ പങ്കെടുത്തു. പിന്നെ പാട്ട് എന്റെ മനസ്സുവിട്ടൊഴിഞ്ഞില്ല'' സീനത്തിൽ ആത്മവിശ്വാസം തുളുമ്പി. പത്താംക്ലാസ് പഠനത്തിനുശേഷം സീനത്ത് പാലക്കാട് ചെമ്പൈ സംഗീത കോളേജിൽനിന്ന് ഗാനഭൂഷണം ബിരുദം പൂർത്തിയാക്കി. 2007ൽ താൻ പഠിച്ചിറങ്ങിയ വിദ്യാലയമായ കൊളത്തറ വികലാംഗ വിദ്യാലയത്തിൽ സംഗീതാധ്യാപികയായി. ഇതോടൊപ്പം ഗാനമേളകളിലും ആൽബങ്ങളിലും പാടാൻ തുടങ്ങി.
വൈകല്യത്തെ മനക്കരുത്തു കൊണ്ടും കഠിനാധ്വാനം കൊണ്ടും തോൽപ്പിക്കാമെന്നാണ് സീനത്ത് ടീച്ചർ സ്വജീവിതത്തിലൂടെ പറയുന്നത്.
Content Highlights:International Day of Persons with Disabilities 2020, Blind music teacher named Seenath teacher from Kozhikode, Health