തൃശ്ശൂര്‍: 'ഇങ്ങനെ ആരെയും വഞ്ചിക്കരുത്. ഇത്തരം ചതിയില്‍ ആരും കുടുങ്ങരുത്'- ഭിന്നശേഷിക്കാരായ ജഗദീഷ്, ആര്യ ദമ്പതിമാരുടെ അഭ്യര്‍ഥനയാണ്. സ്വന്തം വീടെന്ന വാഗ്ദാനത്തില്‍പ്പെട്ട് വഞ്ചിതരായ ദമ്പതിമാര്‍ക്ക് നഷ്ടപ്പെട്ടത് തൊഴിലും ലൈഫ് മിഷന്‍ വഴി കിട്ടേണ്ടിയിരുന്ന വീടുമാണ്. എം.എസ്.ഡബ്ല്യു. ഒന്നാം ക്ലാസില്‍ ജയിച്ച ജഗദീഷ് ഇപ്പോള്‍ െതാഴില്‍ നഷ്ടപ്പെട്ട് മൊബൈല്‍ സ്‌പെയര്‍പാര്‍ട്സുകള്‍ കൊണ്ടുനടന്ന് വില്‍ക്കുകയാണ്. സെറിബ്രല്‍ പാള്‍സി രൂക്ഷമായി ബാധിച്ച യുവാവിനെ ഈ നിലയിലെത്തിച്ചത് സൗജന്യവീടെന്ന വ്യാജവാഗ്ദാനമാണ്.

അരിമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'കേരള വികലാംഗ സ്വാശ്രയസംഘടന'യാണ് ഭിന്നശേഷിക്കാര്‍ക്ക് വീടുവെക്കാനുള്ള സഹായം നല്‍കുമെന്നുകാണിച്ച് ജഗദീഷിനെ സമീപിച്ചത്. മകന്‍ അകാലത്തില്‍ മരിച്ചതിലുള്ള ദുഃഖം കാരണം സ്വത്തെല്ലാം ഇത്തരത്തില്‍ വിതരണം ചെയ്യുകയാണെന്നാണ് സ്ഥാപനം നടത്തിയിരുന്ന സ്ത്രീ വിശ്വസിപ്പിച്ചത്.

വീട് വാങ്ങാനായി 25 ലക്ഷം അനുവദിക്കുന്നതിന് ആധാര്‍ അടക്കമുള്ള എല്ലാ രേഖകളും വാങ്ങി. ഇതിന്റെ തുടര്‍പ്രവര്‍ത്തനത്തിനായി 5000 രൂപയും വാങ്ങി. 25 ലക്ഷം രൂപയുടെ ചെക്ക് പാസായെന്ന വിവരമാണ് പിന്നീട് അറിയിച്ചത്. ചെക്കും കാണിച്ചു. 25 ലക്ഷത്തിന്റെ വീട് ഒരുമാസത്തിനകം കണ്ടെത്തണമെന്നായിരുന്നു നിര്‍ദേശം.

ജോലിയില്‍നിന്ന് ഒരുമാസം അവധിയെടുത്ത് വീട് തേടാന്‍ തുടങ്ങി. ഇതിനിടെ സൗജന്യവീടിനായി ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ നിര്‍ദേശിച്ചു. അത്തരം അപേക്ഷ നല്‍കിയാല്‍ 25 ലക്ഷം നല്‍കില്ലെന്ന നിലപാടിലായിരുന്നു സഹായം വാഗ്ദാനം ചെയ്ത സ്ത്രീ. അതിനാല്‍ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിച്ചില്ല.

ഒരു വീട് കണ്ടെത്തിയപ്പോള്‍ അതിലെ വാടകക്കാരെ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഇതും നടപ്പാക്കിയപ്പോള്‍ സംഘടന പിന്മാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘടന അനേകംപേരെ ഇത്തരത്തില്‍ വഞ്ചിച്ചതായി അറിഞ്ഞത്.

മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, അന്തിക്കാട് പോലീസ്, എം.എല്‍.എ. തുടങ്ങി നിരവധിപേര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒരുമാസത്തെ അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ചെന്നെങ്കിലും അവിടെ വേറെ ആളെ നിയമിച്ചിരുന്നു. ശാരീരികപരിമിതിയുള്ള ഭാര്യ ആര്യയോടൊപ്പം തൊയക്കാവിലാണ് ഇപ്പോള്‍ താമസം.

Content Highlights: International Day of Disabled Persons- specially abled persons Jagadeesh and Arya shares their story