മറയൂര്‍: കറുപ്പുസ്വാമിക്ക് എഴുന്നേറ്റുനടക്കാന്‍ കഴിയില്ല. ഒരപകടത്തില്‍ രണ്ട് കാലുകളും തളര്‍ന്നുപോയി. 14 വര്‍ഷമായി യൂറിന്‍ബാഗ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല.

പൂര്‍ണമായും കൈകൊണ്ട് നിയന്ത്രിക്കാവുന്ന ഓട്ടോയോടിച്ചും നാടിന് വേണ്ട പാല്‍ വിതരണം ചെയ്തും അദ്ദേഹം ജീവിതം കരുപ്പിടിപ്പിക്കുകയാണ്.

മറയൂര്‍ ബാബുനഗര്‍ സ്വദേശി കറുപ്പുസ്വാമി(42) ആണ് ആ ഹീറോ. ഈറോഡില്‍നിന്ന് രാത്രി ഒരുമണിക്ക് പാല്‍വണ്ടി വരുന്നതുമുതല്‍ 14 മണിക്കൂറാണ് അദ്ദേഹം ജോലിചെയ്യുന്നത്.

2007 നവംബറില്‍ തമിഴ്‌നാട്ടിലെ ശിവഗംഗയ്ക്കുസമീപം തിരുപ്പത്തൂരില്‍ സുഹൃത്തുക്കളുമായി പോകവെ കാര്‍ മറിഞ്ഞാണ് കറുപ്പുസ്വാമിക്ക് പരിക്ക് പറ്റിയത്. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കറുപ്പുസ്വാമിക്കും മറ്റൊരു സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. കറുപ്പുസ്വാമിയുടെ നട്ടെല്ലുതകര്‍ന്നുപോയിരുന്നു. എഴുന്നേറ്റിരിക്കാന്‍പോലും പറ്റാത്ത അവസ്ഥ. മറയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും കോട്ടയം ജില്ലാ ആശുപത്രിയിലുമായി നടത്തിയ ചികിത്സയില്‍ ഇരിക്കാമെന്ന സ്ഥിതിയായി.

അപ്പോഴും എങ്ങനെ ജീവിതം മുമ്പോട്ടുപോകുമെന്ന ആശങ്ക ബാക്കിയായി. അപകടത്തില്‍ മരിച്ച സേതുമാധവന്റെ ബന്ധു നാട്ടകം സ്വദേശി അജിത്തും സുഹൃത്തുക്കളും മാലാഖമാരെപ്പോലെയെത്തി.

വീല്‍ചെയര്‍ വാങ്ങിനല്‍കി, മറയൂര്‍ ടൗണില്‍ ഒരു മുറി വാടകയ്ക്കെടുത്ത് പാല്‍, സ്‌പൈസസ് വ്യാപാരം തുടങ്ങാന്‍ സഹായിച്ചു. ഇരുകാലുകളും തളര്‍ന്നെങ്കിലും കൈകൊണ്ട് ബ്രേക്ക് സംവിധാനം നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഓട്ടോറിക്ഷയിലാണ് കറുപ്പുസ്വാമി ഇപ്പോള്‍ പാല്‍ വിതരണം നടത്തുന്നത്.

ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. നടുവിലെ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. യൂറിന്‍ ബാഗ് ഉപയോഗിക്കുന്നുണ്ട്. നല്ല വേദനയുണ്ടാകുമ്പോള്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ കുറച്ചുദിവസം ചികിത്സ തേടും. ഡോ. അഭിലാഷ്, ഡോ. ബെഞ്ചമിന്‍ എന്നിവരാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് അദ്ദേഹം പറയുന്നു. പാര്‍വതിയാണ് ഭാര്യ. മകന്‍ മഹേഷ് തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ് മൂന്നാം വര്‍ഷം പഠിക്കുന്നു. മകള്‍ മഹാലക്ഷ്മി ഒന്‍പതാം ക്ലാസിലും.

Content Highlights: International Day of Disabled Persons- Karuppusami shares his disabled person experience