ഭിന്നശേഷി സൗഹൃദം പ്രവര്‍ത്തിച്ചു കാണിച്ചു; കണ്ടുപഠിക്കണം കൊച്ചി മെട്രോയെ


അനു സോളമന്‍

മെട്രോയുടെ പ്ലാറ്റ്‌ഫോമും ട്രെയിനിന്റെ വാതില്‍പ്പടിയും ഒരേനിരപ്പിലാണ്

Photo Credit: https:||www.facebook.com|sijuvijayanayushmithra

ഭിന്നശേഷി സൗഹൃദമായ ഇടങ്ങള്‍, വീല്‍ചെയര്‍ ഫ്രണ്ട്‌ലി ഇടങ്ങള്‍ എന്നൊക്കെയുള്ള സങ്കല്പങ്ങള്‍ പലപ്പോഴും സ്വപ്‌നമായി തുടരുകയാണ് നമ്മുടെ നാട്ടില്‍. ഭിന്നശേഷിക്കാര്‍ക്ക് ആരുടെയും സഹായമില്ലാത്തെ കയറിച്ചെല്ലാന്‍ കഴിയുന്ന ഇടങ്ങള്‍ വളരെ കുറവാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാവുകയാണ് കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഡോ. സിജു വിജയന്‍ കൊച്ചി മെട്രോയുടെ ഭിന്നശേഷി സൗഹൃദമായ രൂപകല്പനയെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതേക്കുറിച്ച് ഡോ. സിജു മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു.

''ആദ്യമായിട്ടാണ് ഞാന്‍ കൊച്ചി മെട്രോയില്‍ സഞ്ചരിക്കുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും യാത്രപോകാനൊരുങ്ങുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് പോകാനുള്ള സ്ഥലത്തെക്കുറിച്ചല്ല. അവിടെ വീല്‍ചെയര്‍ കയറുന്ന സ്ഥലമാണോ, സ്റ്റെപ്പുകള്‍ മാത്രമാണോ ഉണ്ടാവുക, മറ്റാരെങ്കിലും എന്റെ വീല്‍ചെയര്‍ എടുത്ത് കയറ്റേണ്ടിവരുമോ എന്നൊക്കെയാണ്. അനുഭവങ്ങള്‍ അങ്ങനെയാണ്. ഞാനൊരു ഹോമിയോ ഡോക്ടറാണ്; ഒപ്പം ഒരു സിനിമ സംവിധായകനും. അതിനാല്‍ തന്നെ ഫിലിം ഫെസ്റ്റിവലുകളിലൊക്കെ പങ്കെടുക്കാന്‍ പോകുമ്പോള്‍ വീല്‍ചെയര്‍ കടന്നുചെല്ലാത്ത വഴികളിലൂടെ കടന്നുപോകാന്‍ കൂട്ടുകാരുടെ സഹായം തേടേണ്ടി വരാറുണ്ട്.ഇനി വീല്‍ചെയര്‍ കടന്നുപോകാന്‍ വേണ്ടി നിര്‍മ്മിച്ച റാമ്പുകള്‍ ഉണ്ടെങ്കില്‍ തന്നെ പലയിടത്തും അതിലൂടെ ഒറ്റയ്ക്ക് വീല്‍ചെയര്‍ കയറ്റി സഞ്ചരിക്കാന്‍ പറ്റുന്ന അവസ്ഥയിലുമായിരിക്കില്ല. റാമ്പിന്റെ നിര്‍മ്മാണവും ചെരിവും വീല്‍ചെയര്‍ കടന്നുപോകാന്‍ കഴിയുന്ന തരത്തിലുള്ളതാകാറില്ല. കുത്തനെയുള്ള റാമ്പുകളും പുറത്ത് മണ്ണിനോട് ചേരുമ്പോള്‍ അഗ്രഭാഗം കട്ടിങ് ചെയ്തതുമായിരിക്കും പല റാമ്പുകളും. ചെരിവോടെ മണ്ണിനടിയിലേക്ക് ഇറങ്ങിയ തരത്തിലാണ് റാമ്പിന്റെ നിര്‍മ്മാണമെങ്കില്‍ മാത്രമേ വീല്‍ചെയര്‍ ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് കയറ്റാനാകും. അല്ലെങ്കില്‍ അഗ്രഭാഗത്തെ കട്ടിങ്ങില്‍ വീല്‍ചെയറിന്റെ ടയര്‍ ഇടിച്ചു നില്‍ക്കുന്ന അവസ്ഥയുണ്ടാകും. തുടര്‍ന്ന് ആരെങ്കിലും വീല്‍ചെയര്‍ അവിടെ നിന്ന് പൊക്കിയെടുത്ത് റാമ്പിലേക്ക് വയ്‌ക്കേണ്ടതായും വരും. ചിലയിടത്ത് റാമ്പില്‍ നിന്നും പിന്നീട് ഇറങ്ങുന്നത് സ്റ്റെപ്പുകളിലേക്കായിരിക്കും. ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാനുള്ളതാണ് എന്ന ചിന്തയില്ലാതെ നിര്‍മ്മിച്ചതാണ് ഇവയെല്ലാം.

മെട്രോ
കൊച്ചി മെട്രോയിലെ റാമ്പ്‌

റാമ്പുണ്ടാക്കാന്‍ പണം ചെലവഴിച്ചാല്‍ പോര. അത് ശാസ്ത്രീയമായി ചെയ്യണം. എന്നാലെ അതുകൊണ്ട് ഉപകാരമുണ്ടാവുകയുള്ളൂ. കൊച്ചി മെട്രോയില്‍ കണ്ടത് ആ ശാസ്തീയ രീതിയിലുള്ള നിര്‍മ്മാണമാണ്. കൂടാതെ അവിടുത്തെ സ്റ്റാഫുകളുടെ മികച്ച സേവനവും. കൊച്ചി മെട്രോയിലേക്ക് കയറി തിരിച്ച് ഇറങ്ങുന്നതുവരെ വീല്‍ചെയര്‍ കടന്നുപോകാന്‍ നേരിയ ബുദ്ധിമുട്ട് പോലും ഉണ്ടായില്ല എന്നതാണ് അവരുടെ നിര്‍മ്മാണത്തിന്റെ വിജയം. എല്ലായിടത്തും വീല്‍ചെയറില്‍ ഒറ്റയ്ക്ക് എത്തിച്ചേരാനാകും. വീല്‍ചെയറിലുള്ളയാള്‍ക്ക് വേണ്ടി മാര്‍ക്ക് ചെയ്തിടത്ത് നിന്നാല്‍ മെട്രോ ട്രെയിനിന്റെ വാതില്‍ വളരെ കൃത്യമായി ഒരല്പം പോലും വ്യത്യാസം വരാതെ അവിടെ തന്നെ വന്നുനില്‍ക്കുന്നു. പ്ലാറ്റ്‌ഫോമും ട്രെയിനും ഒരേ നിരപ്പിലാണ്. ഒരു വിടവ് പോലും ഇല്ലാതെ വളരെ എളുപ്പത്തില്‍ വീല്‍ചെയര്‍ ട്രെയിനിന്റെ ഉള്‍വശത്തേക്ക് പ്രവേശിക്കുന്നു. ഇറങ്ങേണ്ട സ്റ്റേഷനിലേക്ക് എത്തുമ്പോള്‍ മെട്രോയുടെ ഒരു സ്റ്റാഫ് എന്നെ കാത്തു നില്‍ക്കുന്നു. വീല്‍ ചെയറില്‍ ഒരാള്‍ അങ്ങോട്ട് വരുന്നുണ്ടെന്ന അറിയിപ്പ് അവര്‍ക്ക് കിട്ടിയിരിക്കുന്നു. ഒരു ബുദ്ധിമുട്ടും കൂടാതെ എന്നെ പുറത്തേക്ക് എത്തിക്കുന്നു. പോകാന്‍ വാഹനം വന്നിട്ടുണ്ടോ, വേറെ എന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കുന്നു...സത്യം പറഞ്ഞാല്‍ എന്റെ കണ്ണുനിറഞ്ഞുപോയി.

മെട്രോ
ഒരേ നിരപ്പിലുള്ള ട്രെയിനും പ്ലാറ്റ്‌ഫോമും

ഞാന്‍ ആലോചിക്കുകയായിരുന്നു പണ്ട് എന്നെയും കൊണ്ടുള്ള എന്റെ അച്ഛന്റെ യാത്രകള്‍. 27 വയസ്സുള്ള കാലത്തും വാഹനത്തില്‍ നിന്ന് എന്നെ ഇറക്കി എടുത്തുകൊണ്ടാണ് ബസ് സ്റ്റാന്‍ഡിലൂടെ നടന്ന് അച്ഛന്‍ എന്നെ ബസ്സില്‍ കയറ്റി തന്നിരുന്നത്. വീല്‍ചെയര്‍ നന്നായി പോകുന്ന അവസ്ഥയൊന്നും ഇല്ലായിരുന്നു. കൊച്ചി മെട്രോയിലേതുപോലെയുള്ള സംവിധാനങ്ങള്‍ നാട്ടിലെല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നിപ്പോവുകയാണ്. ഇത്തരം ഉദാഹരണങ്ങള്‍ എല്ലാവരും അറിയണം. ഇതുപോലുള്ള മാറ്റങ്ങള്‍ വന്നാല്‍ ഓരോ ഭിന്നശേഷിയുള്ള ആള്‍ക്കും പരാശ്രയം കുറയ്ക്കാനാകും. സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയും എന്ന അവസ്ഥയിലെത്തുമ്പോള്‍ തന്നെ എന്നെപ്പോലുള്ളവര്‍ക്ക് അതൊരു ആശ്വാസമാണ്''-ഡോ. സിജു പറയുന്നു.

ഡോ.സിജു വിജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:

കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 28 ന് ഒരു സംഭവമുണ്ടായി.
കൊച്ചി മെട്രോയില്‍ ഒരു യാത്ര.. അന്ന് കല്ലുമോള്‍ടെ ബര്‍ത്‌ഡേ ആയിരുന്നു .. ഓള് വിളിച്ചോണ്ട് പോയതാ, ജീവിതത്തിലെ ആദ്യത്തെ മെട്രോ റെയില്‍ യാത്രക്ക് ആലുവ മുതല്‍ ഇടപ്പള്ളി ലുലു സ്റ്റേഷന്‍ വരെ..
മെട്രോയില്‍ യാത്ര ചെയ്ത എല്ലാവരും പറയും ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു യാത്രാനുഭവം സമ്മാനിക്കും എന്ന്. ഞാനും തീര്‍ച്ചയായും അത് തന്നെ പറയുന്നു .. തീര്‍ത്തും അവിസ്മരണീയം..! പക്ഷേ ആ യാത്രക്കുമപ്പുറം മറ്റു ചില കാര്യങ്ങള്‍ക്ക് കൂടി ഈ എഴുത്തില്‍ പ്രാധാന്യം നല്‍കേണ്ടതായുണ്ട്.
മുന്‍പ് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളെന്ന നിലയിലും ഇപ്പോള്‍ വീല്‍ചെയറില്‍ ഇരിക്കുന്ന ആളെന്ന നിലയിലും യാത്രകള്‍ എന്നും പ്ലാന്‍ ചെയ്യുമ്പോള്‍ എപ്പോഴും ഒരു പാട് ആകുലതകളായിരുന്നു മനസ്സില്‍. വാഹനങ്ങളിലേക്കുള്ള കയറ്റവും ഇറക്കവും അതുപോലെ ഓരോ കെട്ടിടങ്ങളിലേക്കുള്ള പടിക്കെട്ടുകള്‍ കയറേണ്ടി വരുന്നത് ഓരോ സ്ഥലങ്ങളിലും ഒന്നോ അതില്‍ കൂടുതലോ ആളുകളുടെ സഹായം വേണ്ടിവരുന്നത് ഒക്കെ വിഷമിപ്പിച്ചിരുന്നു. യാത്രകള്‍ അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കി ഇരുന്നു. ആ ചിന്തകളെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്നതാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണ ഘടനയും അവിടുത്തെ സ്റ്റാഫുകളുടെ നമ്മളോടുള്ള സമീപനവും.

siju vijayan
ഡോ. സിജു വിജയന്‍

അന്ന്, നവംബര്‍ 28 ന് മെട്രോ ആലുവ സ്റ്റേഷന് മുന്നില്‍ ഞങ്ങളുടെ വാഹനത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ വീല്‍ചെയറില്‍ വരുന്ന ആളെന്ന നിലയില്‍ മെട്രോയുടെ ഒരു സ്റ്റാഫ് ഞങ്ങള്‍ക്കരികിലേക്ക് വരുന്നു. മെട്രോ യാത്രയ്ക്ക് വന്നതാണ് എന്ന വിവരം ഞങ്ങള്‍ കൈമാറിയ ഉടന്‍ ആ സ്റ്റാഫ് ഞങ്ങള്‍ക്കൊപ്പം കൂടുകയായിരുന്നു. ഞങ്ങള്‍ ഇങ്ങനെ വീല്‍ ചെയറില്‍ എത്തുന്നു എന്നൊന്നും ആലുവ മെട്രോ സ്റ്റേഷനില്‍ അറിയിച്ചിട്ട് വന്ന സ്റ്റാഫ് അല്ല.. ഒരാള്‍ വീല്‍ചെയറില്‍ യാത്രക്ക് എത്തുമ്പോള്‍ തന്നെ അവരുടെ ഡ്യൂട്ടി ഈ രീതിയില്‍ തുടങ്ങുകയായി.

എന്റെ കൂടെ 3 പേര്‍ ഉണ്ടായിരുന്നിട്ട് കൂടി ആ സ്റ്റാഫ് എന്നെയും കൂട്ടി സ്റ്റേഷനകത്തേക്ക് കടന്നു. റോഡു മുതല്‍ റെയില്‍വേ പ്ലാറ്റ് ഫോമും കടന്ന് ട്രെയിനിനകത്ത് പ്രവേശിക്കുന്നത് വരെ ഒരിഞ്ച് പൊക്കമുള്ള ഒരു സ്റ്റെപ്പ് പോലുമില്ല.. തികച്ചും വീല്‍ച്ചെയര്‍ ഫ്രണ്ട്‌ലി എന്ന സങ്കല്‍പ്പത്തിന്റെ സുന്ദര കാഴ്ച. ആ സ്റ്റാഫിനൊപ്പം നേരെ എന്‍ട്രി ഏരിയായില്‍ എത്തുന്നു. പുറത്ത് നിന്ന് ഞങ്ങള്‍ എടുത്ത് സ്റ്റാഫിന്റേല്‍ നല്‍കിയ ടിക്കറ്റ് അദ്ദേഹം അവിടെ കാണിക്കുന്നു. അത്യാവശ്യം യാത്രക്കാരുടെ തിരക്കുണ്ട്. ബോഡി സ്‌കാന്‍ ചെയ്ത ശേഷം വീല്‍ ചെയറിനുള്ള പ്രത്യേക വഴിയിലൂടെ പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി അദ്ദേഹം ഞങ്ങളേയും കൊണ്ട് യാത്ര തുടര്‍ന്നു. വളരെ സ്മൂത്ത് ആ വഴിയിലൂടെ ഞങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ എത്തി. അവിടെ പ്രത്യേകമായ് മാര്‍ക്ക് ചെയ്ത ഏരിയയില്‍ വീല്‍ചെയര്‍ നിര്‍ത്തി. സ്റ്റാഫ് അപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്. ഒന്നോ രണ്ടോ മിനിറ്റ് കടന്ന് പോയി.. ആ പ്ലാറ്റ്‌ഫോമിലേക്ക് ഒരു കൊമ്പന്റെ തലയെടുപ്പുമായി മെട്രൊട്രെയിന്‍ കുതിച്ചു വന്ന് നിര്‍ത്തി. കൃത്യം വീല്‍ചെയറിന് മുന്നില്‍ ട്രെയിനിന്റെ ഡോര്‍. ചെണ്ടമേളത്താല്‍ തീര്‍ത്ത കൊച്ചി മെട്രോ സിഗ്‌നേച്ചര്‍ ജിംഗിളിനൊപ്പം അനൗണ്‍സ്‌മെന്റുകള്‍ തുടരുമ്പോള്‍ ഡോറുകള്‍ രാജകീയമായ് തന്നെ തുറക്കുന്നു. ട്രെയിനും പ്ലാറ്റ്‌ഫോമും ഒരോ ലെവലില്‍.. സിംപിളായി ട്രെയിനകത്തേക്ക് പ്രവേശിക്കുന്നു. സ്റ്റാഫും ഞങ്ങള്‍ക്കൊപ്പം ബോഗിയിലേക്ക് പ്രവേശിച്ച് വീല്‍ ചെയറിന് വേണ്ടിയുള്ള പ്രത്യേക സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശിക്കുന്നു. സേഫ് ആയി എന്നെ ട്രെയിനില്‍ പ്രവേശിപ്പിച്ച് ശുഭയാത്ര പറഞ്ഞ് ആ സ്റ്റാഫ് തന്റെ സേവനം ഭംഗിയായി നിര്‍വഹിച്ച് പിന്‍മാറുന്നു.

യാത്ര തുടങ്ങി. ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കാണ് ഞങ്ങളുടെ യാത്ര. അതിവേഗം മെട്രോ ട്രെയിന്‍ കുതിച്ച് പായുകയാണ്. സെന്‍ട്രലൈസ്ഡ് എ.സിയുടെ കുളിര്‍മയില്‍ അകത്തേയും പുറത്തേയും കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് ഏകദേശം മുപ്പത് മിനിറ്റുകള്‍ക്കുള്ളില്‍ മനോഹരയാത്രക്കൊടുവില്‍ ഞങ്ങള്‍ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ എത്തി. അവിടെയാണ് ശരിക്കും മെട്രോ ഞെട്ടിച്ചത്. വീല്‍ചെയറില്‍ ഇങ്ങനെ ഒരു യാത്രക്കാരന്‍ വരുന്നു എന്ന ഇന്‍ഫര്‍മേഷന്‍ അവര്‍ ഇടപ്പള്ളിയിലേക്ക് മുന്‍പേ അറിയിച്ചതിന്‍ പ്രകാരം ട്രെയിന്‍ ഇടപ്പള്ളി സ്റ്റേഷനില്‍ എത്തി ഡോര്‍ തുറന്ന ഉടന്‍ അവിടുന്ന് മറ്റൊരു സ്റ്റാഫ് അതിവേഗം എനിക്കരികിലേക്ക് എത്തുന്നു. പിന്നീട് ബോഗിയില്‍ നിന്ന് ഇറങ്ങി സ്‌ക്ലാനിംഗ് ഏരിയയില്‍ പാസ് എക്‌സിറ്റ് അടിച്ച് പുറത്ത് ഇറങ്ങുന്ന വരെ ആ സ്റ്റാഫ് നമുക്കൊപ്പം തന്നെ തുടരുന്നു. മെട്രോ സ്റ്റേഷന് പുറത്ത് വളരെ സേഫ് ആയി നമ്മളെ എത്തിച്ച് ഇനിയും എന്തെങ്കിലും ചെയ്ത് തരേണ്ടതുണ്ടോ പോകാനായി വാഹനം റെഡിയല്ലേ തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിച്ച് ഉറപ്പാക്കിയിട്ടെ അവര്‍ നമുക്കടുത്ത് നിന്ന് പോവൂ..
നമുക്കെല്ലാം ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറം അല്ലേ ?

ശരിക്കും ശാരീരിക പരിമിതികളാല്‍ യാത്രാ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഇതിനപ്പുറം ഒരു സേവനം പ്രതീക്ഷിക്കാനാവില്ല. ഇടപ്പള്ളിയില്‍ നിന്ന് തിരിച്ച് ആലുവയിലേക്ക് പോരുമ്പോഴും അതേ രീതിയില്‍ മെട്രോ അവരുടെ സേവനം തുടര്‍ന്നു.
ഇന്ന് (ഡിസംബര്‍ 3 ) വേള്‍ഡ് ഡിസേബിള്‍ഡ് ഡേയില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനും അവരുടെ എല്ലാ സ്റ്റാഫിനും ഈ ദിനത്തില്‍ ഹൃദയത്തില്‍ തൊട്ട് നന്ദി പറയുന്നു. ഈ സേവനം മറ്റിടങ്ങളിലേക്കും വരാനായി മാതൃകയാവട്ടെ എന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ ഞങ്ങളും എല്ലാവരെയും പോലെ ഈ നാട്ടില്‍ സ്വതന്ത്രമായ് യാത്ര ചെയ്യുന്ന ഒരു കാലം അതിവേഗം സംജാതമാവട്ടെ..
ഒരു സംസാര മധ്യേ ഞാന്‍ മെട്രോ യാത്ര ചെയ്തിട്ടില്ല എന്ന കാര്യം മനസിലാക്കി തന്റെ ജന്മദിനത്തില്‍ തന്നെ ഈ രാജകീയ യാത്രക്ക് മുന്‍കൈ എടുത്ത കല്ലുമോള്‍ക്കും (ഗയ) ഞങ്ങള്‍ക്കൊപ്പം യാത്രയില്‍ കൂടിയ ശ്യാമേട്ടനും ഹിമലിനും സ്‌നേഹം.
- ഡോ. സിജു വിജയന്‍

Content Highlights: International Day of Disabled Persons- Dr.Siju vijjayan shares his experience on Kochi Metro


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented