മലപ്പുറം: ഇരുട്ടില്‍ ജീവിച്ചുകൊണ്ട് നൂറുകണക്കിനു വിദ്യാര്‍ഥികളില്‍ ഈ അധ്യാപകന്‍ കൊളുത്തുന്ന വെളിച്ചത്തിന് സൂര്യപ്രഭയാണ്. ആ വെളിച്ചം പിന്തുടര്‍ന്ന് ജീവിതത്തിന്റെ കടമ്പകള്‍ താണ്ടിയവര്‍തന്നെയാണ് അതിന്റെ സാക്ഷ്യം.

സാമൂഹികക്ഷേമവകുപ്പ് സര്‍ക്കാര്‍ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്കിടയിലെ ഏറ്റവും മികച്ച ജീവനക്കാരനായി തിരഞ്ഞെടുത്ത എം. സുധീര്‍ എന്ന നാല്‍പ്പത്തൊന്നുകാരന്‍ ഒരു പാഠപുസ്തകമാണ്. വേങ്ങര ഗേള്‍സ് ഹൈസ്‌കൂളിലെ എല്‍.പി. വിഭാഗം അധ്യാപകനായ സുധീര്‍ രണ്ടുപതിറ്റാണ്ടായി സാമൂഹികരംഗത്തു സജീവമാണ്.

തനിക്ക് എന്തെങ്കിലും കുറവുണ്ടെന്ന ചിന്ത അദ്ദേഹത്തെ അലട്ടാറില്ല. കാരണം സാധാരണക്കാര്‍ ചെയ്യുന്നതെല്ലാം അതിനേക്കാള്‍ മികവോടെ അദ്ദേഹം ചെയ്യും. ഒരു സ്മാര്‍ട്ട്‌ഫോണ്‍കൊണ്ട് സുധീര്‍ കൈക്കുള്ളിലാക്കിയത് ഒരു പരിമിതിയുമില്ലാത്ത ലോകത്തെയാണ്. കാഴ്ചപരിമിതിയെ സാങ്കേതികവിദ്യകൊണ്ട് മറികടക്കുകയും ആ വിദ്യ തന്നെപ്പോലുള്ളവര്‍ക്ക് പകരുകയുംചെയ്യുന്നു. ക്ലാസെടുക്കുന്നതുപോലും ബ്രെയില്‍ പുസ്തകങ്ങള്‍, സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ്.

കാഴ്ചപരിമിതരായവര്‍ക്കു പഠിക്കാനും വായിക്കാനുമുള്ള ഒട്ടേറേ സാങ്കേതികവിദ്യകള്‍ പ്രചരിപ്പിക്കുന്നതില്‍ സുധീര്‍ പ്രധാന പങ്കുവഹിച്ചു. ഓഡിയോ ലൈബ്രറി എന്ന ആശയം സാര്‍ഥകമായത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനംമൂലമാണ്.

വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ വായിച്ച് റെക്കോഡുചെയ്ത് ആവശ്യമുള്ളപ്പോള്‍ കേള്‍ക്കാവുന്നരീതിയില്‍ സൂക്ഷിക്കുന്നതാണ് ഓഡിയോ ലൈബ്രറി. കൂടാതെ തൊട്ടുവായിക്കാവുന്ന ഓര്‍ബിറ്റ് ഇലക്ട്രോണിക് ബ്രൈയില്‍ റീഡറിന്റെ ഉപയോഗവും പ്രചരിപ്പിച്ചു. കുട, ചോക്ക്, നോട്ട്ബുക്ക്, പേപ്പര്‍കവര്‍, പേന തുടങ്ങിയവ നിര്‍മിക്കാനുള്ള പരിശീലനവും ഇദ്ദേഹം നല്‍കുന്നു. ഇപ്പോള്‍ കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡിന്റെ അധ്യാപകഫോറം സംസ്ഥാന പ്രസിഡന്റുമാണ്.

അമ്മയും ഭാര്യയും രണ്ടു സഹോദരിമാരും ജന്‍മനാ കാഴ്ചപരിമിതരാണ്. വര്‍ക്കല അന്ധവിദ്യാലയത്തില്‍നിന്ന് പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം കേരള സര്‍വകലാശാലയില്‍ നിന്നാണ് ബിരുദവും ടി.ടി.സി.യും നേടിയത്. ഭാര്യ ഷറഫുന്നീസ് മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപികയാണ്.

Content Highlights: International Day of Disabled Persons- blind visually challenged teacher Sudheer