ഠനത്തിലെ പിന്നാക്കാവസ്ഥയ്ക്കുള്ള കാരണങ്ങളിൽ പ്രധാനമായ ഒന്നാണ് പഠന വൈകല്യം. ഇത് ഏതാണ്ട് 10 ശതമാനം സ്കൂൾ കുട്ടികളിൽ കണ്ടുവരുന്നു. സാധാരണ രീതിയിലോ അതിൽ കവിഞ്ഞോ ബുദ്ധിശക്തിയും കാഴ്ചശക്തിയും കേൾവിയുമെല്ലാമുള്ള കുട്ടികളായാലും വായിക്കുന്നതിനും എഴുതുന്നതിനും കണക്കു കൂട്ടുന്നതിനും ബുദ്ധിമുട്ട് നേരിടുകയും വായിച്ചാൽ തന്നെ മനസ്സിലാക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പഠന വൈകല്യം.

Sunday, 
3 December 2017

International Day of Disabled Persons 

തലച്ചോറിന്റെ ചില ഭാഗങ്ങളുടെ പ്രവർത്തനക്കുറവ് കൊണ്ടോ, വളർച്ചക്കുറവ് കൊണ്ടോ, ഒരുപക്ഷേ ലാംഗ്വേജ് ഏരിയയുടെ വികാസമില്ലായ്മ കൊണ്ടോ ഇത് സംഭവിക്കാം. ഇതിന്റെ ഫലമായി തലച്ചോറിലെ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം ശരിയായ രീതിയിൽ നടക്കുന്നില്ല. ഇത് ജന്മനാ തന്നെ കാണുന്ന അവസ്ഥയാണ്. ഇതുവഴി തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം ശരിയായ രീതിയിൽ സംഭവിക്കുന്നില്ല. ബുദ്ധിപരമായി മുന്നിലാണെങ്കിലും പഠനത്തിൽ പ്രത്യേകിച്ച് ഭാഷാ പഠനത്തിൽ ഇവർ വളരെയധികം ബുദ്ധിമുട്ടും.

പഠന വൈകല്യത്തിന്റെ ‌സൂചനകൾ 
കുട്ടിയെ നല്ലപോലെ നിരീക്ഷിക്കുന്ന മാതാപിതാക്കൾക്കോ അദ്ധ്യാപകർക്കോ പഠന വൈകല്യം സംശയിക്കാൻ സാധിക്കും. 
എല്ലാ കാര്യങ്ങളിലും മിടുക്കനായ കുട്ടി വായന, എഴുത്ത്, വാക്കുകളുടെ അക്ഷരക്രമം, കണക്ക് എന്നിവ പഠിക്കാനായി പാടുപെടുക, കുട്ടിയുടെ ഉയർന്ന ബുദ്ധിനിലവാരവും മാർക്ക് വാങ്ങുന്നതിലുള്ള പിന്നാക്കാവസ്ഥയും തമ്മിലുള്ള അന്തരം-ഇവ രണ്ടും പ്രത്യക്ഷ സൂചനകളാണ്.

കുട്ടി അനുഭവിക്കുന്ന ബുദ്ധിമുട്ട്  
പഠന വൈകല്യമുള്ള കുട്ടി നാലോ അഞ്ചോ ക്ലാസ്‌ വരെ സാമാന്യം മോശമല്ലാത്ത പഠന നിലവാരം പുലർത്തിയതിനു ശേഷം പിന്നോട്ട് പോകുന്നു. ചിലപ്പോൾ സ്വഭാവത്തിലും ചില പ്രത്യേകതകൾ കാണാം. കൂട്ടത്തിൽ ചേരാതിരിക്കുക, വിഷാദത്തോടെയിരിക്കുക, അമിതമായ ഉത്കണ്ഠയും വാശിയും ഉണ്ടാകുക എന്നിവ ഇതിൽ ചിലതാണ്.
വായന സാധാരണ കുട്ടിക്ക് ഒരു പ്രശ്നമാകാം. വാക്കുകൾ പെറുക്കി പെറുക്കി വായിക്കുക, പതുക്കെയും സംശയത്തോടെയും വായിക്കുക, ഇല്ലാത്ത അക്ഷരങ്ങളും വാക്കുകളും കൂട്ടിച്ചേർത്തും ഉള്ള അക്ഷരങ്ങൾ വിട്ടുകളഞ്ഞും വിരാമ ചിഹ്നങ്ങൾ ശ്രദ്ധിക്കാതെയും വായിക്കുക എന്നിവ ഇതിൽ ചിലതാണ്.

ചിലപ്പോൾ വാക്കുകളും വരികളും തന്നെ മാറിപ്പോകാം. എഴുത്ത്‌ വളരെ ബുദ്ധിമുട്ടുണ്ടാക്കും. വളരെ സാവധാനത്തിൽ എഴുതുക, െെകയക്ഷരം മോശമാകുക, പെൻസിൽ പിടിക്കുന്ന രീതി തന്നെ വിചിത്രമാകുക, വാക്കുകൾക്കിടയിൽ ആവശ്യത്തിന് സ്ഥലം വിടാതിരിക്കുക എന്നിവ വളരെ സാധാരണയാണ്. ബോർഡിൽ നോക്കി എഴുതുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകൊണ്ട് നോട്ടുകൾ എഴുതി മുഴുമിപ്പിക്കാറില്ല. സ്പെല്ലിങ്ങും വ്യാകരണവും വളരെ മോശമായിരിക്കും. അക്ഷരത്തെറ്റുകൾ സാധാരണമായിരിക്കും. വിരാമ ചിഹ്നങ്ങൾ ഉണ്ടാകാറില്ല. ധ / ന  സ / ഡ എന്നിവ പരസ്പരം മാറി ഉപയോഗിക്കും. ‘was’  ‘saw’ ആകും ചിലപ്പോൾ.

ചിലർക്ക് കണക്ക് ആയിരിക്കും ഏറ്റവും ബുദ്ധിമുട്ട്. ചിലർ സംഖ്യകൾ മറിച്ചെഴുതും. ചിലപ്പോൾ ചെറിയ സംഖ്യയിൽനിന്ന് വലിയ സംഖ്യ കുറയ്ക്കും. സങ്കലന ഗുണന പട്ടികകൾ ഓർമിക്കാൻ ചിലർക്ക് ബുദ്ധിമുട്ടായിരിക്കും. ചില കുട്ടികൾ പലപ്പോഴും അലക്ഷ്യരായിരിക്കും. പുസ്തകങ്ങൾ ക്ലാസിൽ കളഞ്ഞിട്ടു പോരുക, ഗൃഹപാഠം ചെയ്യാൻ മറക്കുക, മുറിയിൽ സാധനങ്ങൾ വലിച്ചു വാരിയിടുക, ഷർട്ടിന്റെ ബട്ടൻസ് തെറ്റിച്ചിടുക, ഷൂ ലെയ്‌സ്‌ ശരിയായി കെട്ടാതിരിക്കുക എന്നിവ സാധാരണമാണ്.  ശ്രദ്ധ മൂലം വാതിലിൽ തട്ടുക, ക്യൂവിൽ നിൽക്കാൻ സാധിക്കാതിരിക്കുക, തട്ടി വീഴുക എന്നിവ സ്ഥിരം സംഭവിക്കാം.

വൈകല്യ നിർണയം, നിവാരണം
കുട്ടിയുടെ ശാരീരിക, നാഡീ സംബന്ധമായ പരിശോധന, കേൾവി, കാഴ്ച എന്നിവയുടെ പരിശോധന, വായന, എഴുത്ത്, സ്പെല്ലിങ്, കണക്ക്, വാക്കുകൾ വായിക്കാനും ഗ്രഹിക്കാനുമുള്ള കഴിവ് - ഇങ്ങനെയുള്ള ഒരു സമഗ്ര പരിശോധന തന്നെ വേണ്ടി വരും. ഇത്തരത്തിലുള്ള ഒരു സമഗ്ര പരിശോധനയ്ക്ക് പ്രത്യേക വിദ്യാഭ്യാസ വിദഗ്ദ്ധൻ, മനഃശാസ്ത്രജ്ഞൻ, ശിശുരോഗ വിദഗ്ദ്ധൻ, മനോരോഗ വിദഗ്ദ്ധൻ, ശ്രവണ സംസാര വിദഗ്ദ്ധൻ, സാമൂഹിക പ്രവർത്തകൻ എന്നിവരുൾപ്പെട്ട സംഘത്തിന്റെ ആവശ്യമുണ്ട്.

കഴിയുന്നത്ര, പഠനവൈകല്യം നേരത്തേ തന്നെ കണ്ടെത്തേണ്ടതുണ്ട്. ഇതുകൊണ്ട് കുട്ടിക്ക്, നേരത്തേ തന്നെ നിവാരണ മാർഗങ്ങൾ തുടങ്ങാനും അവന്റെ ബുദ്ധിമുട്ടുകൾ വ്യത്യസ്ത പഠനരീതികൾ ഉപയോഗിച്ച് ലഘൂകരിക്കാനും സാധിക്കും. കുട്ടിയുടെ ആത്മവിശ്വാസം വളർത്തുകയും അതുവഴി അവന്റെ മാനസിക പിരിമുറുക്കം കുറയ്ക്കുകയും ചെയ്യാം.

പ്രത്യേക പരിഗണനകൾ 
ഒന്നിൽ കൂടുതൽ ഭാഷ പഠിക്കുന്നത് ഒഴിവാക്കൽ, പരീക്ഷയ്ക്ക് കൂടുതൽ സമയം അനുവദിക്കൽ, പരീക്ഷ എഴുതുന്നതിനു വേറൊരാളുടെ സഹായം തേടുക. മാതാപിതാക്കളും അധ്യാപകരും സ്കൂൾ അധികൃതരും പഠന വൈകല്യം എന്ന അവസ്ഥയെക്കുറിച്ച്‌ ബോധവാന്മാരാകുകയും അത് ക്ലാസിൽ വച്ചു തന്നെ കണ്ടുപിടിക്കുന്നതിനുള്ള രീതി അവലംബിക്കുകയും വേണം.

സംശയം തോന്നുന്ന കുട്ടികളെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയരാക്കി അവരെ പഠനത്തിൽ സഹായിച്ച് നിലവാരം ഉയർത്തിക്കൊണ്ടുവരാൻ മുൻകൈ എടുക്കേണ്ടതാണ്. അതിലുപരി കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ്‌ ആ കഴിവുകൾ ഉപയോഗിക്കാവുന്ന തൊഴിൽ/ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് കുട്ടിയെ തിരിച്ചുവിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
 
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ 1995-ൽ സ്ഥാപിതമായ ചൈൽഡ് കെയർ സെന്റർ ഇത്തരത്തിലുള്ള കുട്ടികൾക്കു വേണ്ടി നിസ്തുലമായ സേവനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലാ കളക്ടറാണ് ഇതിന്റെ ചെയർമാൻ. 
abrahamkpaul@gmail.com