Representative Image| Photo: Canva.com
ഇന്ന് ഡിസംബര്‍ 3 - ലോക ഭിന്നശേഷി ദിനം. 2011ലെ സെന്‍സസ് പ്രകാരം ഏതാണ്ട് 2.68 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ഭിന്നശേഷിക്കാരായി ഉണ്ട്. ജനസംഖ്യയുടെ 2.21 ശതമാനം വരും ഇത്. ഭിന്നശേഷി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വിഭിന്ന ശേഷിയുള്ളവര്‍ എന്നാണ്, അവരെ ഭിന്നശേഷിക്കാര്‍ എന്ന വാക്കിന് പകരം ഇപ്പോള്‍ ദിവ്യാംഗദര് എന്ന വാക്കിലൂടെയാണ് സംബോധന ചെയ്യുന്നത്, ശരീരത്തിനോ മനസ്സിനോ ഉണ്ടായിട്ടുള്ള ചില കുറവുകള്‍ അല്ല മറിച്ചു വിഭിന്ന ശേഷിയില്‍ ദിവ്യാംഗത്വം ലഭിച്ചവരാണ് അവര്‍.
2016 ലെ RPWD act ( ഭിന്നശേഷി നിയമം ) പ്രകാരം 21 ഭിന്നശേഷികളെ അംഗീകരിച്ചിട്ടുണ്ട്. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികള്‍ നേരിടുന്നവര്‍, കാഴ്ചക്കുറവ് കേള്‍വിക്കുറവ് തുടങ്ങിയവ ഉള്ളവര്‍, ആശയവിനിമയത്തിലെ അപാകത, സംവേദന കുറവ്, ഓര്‍മ്മക്കുറവ് തുടങ്ങിയവ ഉള്ളവര്‍, രക്തസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ (ഉദാ : താലസീമിയ), ഞരമ്പ് സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ തുടങ്ങിയ 21 ഭിന്നശേഷികളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹെലന് കെല്ലറുടെ ജീവചരിത്രം എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനമാണ്. ജന്മനാ അന്ധയും ബധിരയുമായവര് തന്റെ സ്വന്തം ഇച്ഛാശക്തി കൊണ്ട് എത്രയോ ജനങ്ങള്‍ക്ക് - ഭിന്നശേഷിക്കാര്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും - പ്രേരകമായി. സാമൂഹ്യരംഗത്തും സാഹിത്യത്തിലും അവരുടെ സംഭാവനകള്‍, അവര്‍ നടത്തിയ ഇടപെടലുകള്‍, ലോക ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഹെലന് കെല്ലറുടെ പ്രശസ്തമായ വാക്കുകളുണ്ട്. 'അന്ധത എന്നെ ഈ ഭൂമിയിലെ വസ്തുക്കളില്‍ നിന്നുമകറ്റി. എന്നാല്‍ ബധിരത എന്നെ വ്യക്തികളില്‍ നിന്നും ഈ ലോകത്തില്‍ നിന്നു തന്നെയും അകറ്റി.'
ഓരോ ഭിന്നശേഷി ദിനത്തിലും നമ്മള് ഭിന്നശേഷി സൗഹാര്‍ദ്ദം ആണ് എന്ന് ഉദ്ഘോഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള് എവിടെ എത്തിനില്‍ക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാരെക്കുറിച്ചും അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവകാശങ്ങളെ കുറിച്ചുമൊക്കെ ഈയൊരു ദിനം മാത്രം സംസാരിച്ചാല്‍ മതിയോ?
എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദ മാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭിന്നശേഷി അവകാശനിയമം-2016 നിഷ്കര്‍ഷിക്കുന്നുണ്ട്. അതിനായി 2016 മാര്‍ച്ച് മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നഗരവികസന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നും നിയമം അനുശാസിക്കുന്നു. നമ്മുടെ പൊതു ഇടങ്ങള്‍, കെട്ടിടങ്ങള്‍, ഓഫീസ് സമുച്ചയങ്ങള്‍, ഇവയെല്ലാം പരിശോധിച്ചാല്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നമ്മള് ഏറെ പിന്നിലാണ് എന്നുള്ളത് മനസ്സിലാകും. ബസുകളിലും മറ്റു പൊതു വാഹനങ്ങളിലും ഭിന്നശേഷിക്കാര്‍ക്കായി നീക്കി വെച്ചിട്ടുള്ള സീറ്റുകളില്‍ എത്രമാത്രം ഉപയോഗപ്രദമാകുന്നുണ്ട് എന്ന് പരിശോധിച്ചാല്‍ നാം എവിടെ നില്ക്കുന്നു എന്ന് നമുക്ക് മനസ്സിലാവും. ഇന്ന് രാജ്യത്ത് 12% വാഹനങ്ങളില്‍ മാത്രമേ ഇത്തരം സൗകര്യങ്ങള്‍ ഉള്ളൂ എന്ന് തിരിച്ചറിയുമ്പോള്‍ നമ്മളിനിയും ഏറെ മുന്നോട്ട് പോകേണ്ടതായിട്ടുണ്ട് എന്ന് മനസ്സിലാവും. ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്കാന് പാടുള്ളതല്ല എന്ന് 2016ലെ ഭിന്നശേഷി നിയമം നിഷ്കര്‍ഷിക്കുന്നു. കൂടാതെ ഇത്തരം കെട്ടിടങ്ങള്‍ക്ക് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ ആളുകളെ താമസിക്കാന്‍ അനുവദിക്കുവാനോ നിയമപ്രകാരം പാടുള്ളതല്ല. ഭിന്നശേഷിയുള്ളവരുടെ അവകാശ നിയമപ്രകാരം ഈ നിയമം (2016) വന്ന് അഞ്ചുവര്‍ഷത്തിനകം എല്ലാ പൊതുകെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദം ആകേണ്ടതുണ്ട്.
നിലവിലുള്ള ബില്‍ഡിങ്ങുകള്‍ ഉപയോഗിക്കുന്നവരും പുതിയതായി ബില്‍ഡിങ്ങുകള്‍ പണിയുന്നവരും ഭിന്നശേഷി സൗഹാര്‍ദപരമായിരിക്കണം. എന്നു പറയുമ്പോള്‍ റാമ്പുകള്‍ മാത്രം പണിതത് കൊണ്ടായില്ല, ചലനപരമോ, കാഴ്ചയോ കേള്‍വിയോ പരിമിതി ഉള്ളവര്‍ക്കും ഒരു കെട്ടിടത്തില്‍ പരസഹായം കൂടാതെ ചെന്ന് കയറാനും അവരുടെ കാര്യങ്ങള്‍ സാധിക്കുവാനും സാധിക്കണം. അപ്പോഴേ ഒരു കെട്ടിടം ഭിന്നശേഷി സൗഹൃദമാണ് എന്ന് പറയാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ ഒരു ഭിന്നശേഷി സമൂഹത്തിന്റെ നേര് പരിച്ചേദം തന്നെയാണ് ഒരു ഭിന്നശേഷി കെട്ടിടം.
National Building Code-2017, കേന്ദ്ര നഗര കാര്യ മന്ത്രാലയം പുറത്തിറക്കിയ CPWD മാനദണ്ഡങ്ങള്‍ 2016, 2014 ഇല് CPWD തന്നെ പുറത്തിറക്കിയ ഹാന്‍ഡ് ബുക്ക്, ഭിന്നശേഷി അവകാശനിയമം 2016 എന്നിവയാണ് ഇന്ത്യയില്‍ പ്രാപ്യതാ പരിശോധനയ്ക്ക് മാനദണ്ഡമാക്കുന്നത്.
- ഒരു കെട്ടിടം ഭിന്നശേഷി സൗഹൃദം ആകണമെങ്കില്‍ താഴെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്.
- കെട്ടിടം മുറ്റത്തെ പ്രവേശനം തടസ്സരഹിതമായിരിക്കണം. ഭിന്നശേഷിക്കാരന് ആയ വ്യക്തിക്ക് റാമ്പിന്റെ അടുത്തോ ലിഫ്റ്റിന്റെ അടുത്തോ വരെ വാഹനത്തില്‍ വരാന്‍ സാധിക്കണം.
- കെട്ടിടത്തിന് അകത്തുള്ള വഴിയില്‍ ഒരുവിധ തടസ്സങ്ങളും ഉണ്ടാകരുത്.
- വാതിലുകള്‍ വീല്‍ചെയര്‍ കയറാനുള്ള വീതിയും വലിപ്പവും ഉണ്ടാകണം. പ്രധാന വാതിലുകള്‍ സ്ലൈഡിങ് ഡോറുകള്‍ ആവുന്നതാണ് അഭികാമ്യം.
- കെട്ടിടത്തിലെ ബാത്റൂമുകള്‍ ഭിന്നശേഷി സൗഹൃദം ആകണം. ബാത്റൂമുകളുടെ വാതിലുകളും വീല്‍ചെയര്‍ കയറാനും, ബാത്റൂമിനുള്ളില് റാമ്പുകളും ആവശ്യമായി ഉണ്ട്.
- സ്വിച്ചുകള്‍ ഹാന്‍ഡിലുകള്‍ ഇരിപ്പിടങ്ങളും ഇതര ഫര്‍ണിച്ചറുകളും ഭിന്നശേഷി സൗഹൃദമാകണം.
- ചുമരില്‍ വഴി കാണിക്കുന്ന കളര്‍ കോഡുകള്‍ ആവശ്യമാണ്. കാഴ്ച പരിമിതിയുള്ളവര്‍ക്ക് വേണ്ടി ടൈലിന്റെ നിറവും കനവും ശ്രദ്ധിക്കേണ്ടതായുണ്ട്.
- എമര്‍ജന്‍സി എക്സിറ്റുകള്‍ ഭിന്നശേഷി സൗഹാര്‍ദം ആകേണ്ടതുണ്ട്.
- ആവശ്യത്തിനുള്ള സൈന്‍ ബോര്‍ഡുകള്‍ പ്രധാന ഇടങ്ങളില്‍ പ്രദര്ശിപ്പിക്കേണ്ടതായുണ്ട്.
- വെളിച്ചം, വെള്ളം, അലാറം തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതായുണ്ട്.
- ഇതിനെല്ലാം ഉപരി ഓഫീസിലെ സ്റ്റാഫുകള്‍ക്കും, സെക്യൂരിറ്റി ജീവനക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും ഉള് ചേര്‍ക്കലിന്റെ മനോഭാവം വളര്‍ത്തേണ്ടതായുണ്ട്.
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും (ദേശീയ സാമൂഹ്യ നീതി വകുപ്പ്), സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖകന്‍
Content Highlights: international day of disabled person
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..