ക്ടോബര്‍ ഒന്ന് ലോകമെമ്പാടും മുതിര്‍ന്നപൗരന്മാരുടെ ദിനമായി ആചരിക്കാന്‍ തുടങ്ങിയത് 1991 മുതല്‍ക്കാണ്. ഇന്ത്യയിലും കേരളത്തിലും പ്രായമായവരുടെ പരിചരണത്തിന്റെ സമകാലിക സ്ഥിതിയിലൂടെ ഒരു 'നോട്ടപ്രദക്ഷിണം' നടത്തിനോക്കാം...

ജീവിക്കുന്നൂ മക്കളിലൂടെ...

വിദ്യാഭ്യാസം തന്നെയാണ് വിപ്ലവമെന്ന് മനസ്സിലാക്കിയവരാണ് മലയാളികള്‍. ഉയര്‍ന്ന വിദ്യാഭ്യാസം നേടണമെന്ന നമ്മുടെ സ്വപ്നങ്ങള്‍, കിട്ടിയ കുടുംബസ്വത്ത് വിറ്റും നിത്യവരുമാനത്തിന്റെയും സമ്പാദ്യത്തിന്റെയും അവസാനത്തെ തുട്ട് ചെലവഴിച്ചും നമ്മള്‍ നമ്മുടെ മക്കളിലൂടെ അത് സാക്ഷാത്കരിച്ചു. എന്നാല്‍, ഉയര്‍ന്ന ജോലികളില്‍ പ്രവേശിച്ച്, വലിയവരുമാനം നേടിയ മക്കള്‍ മാതാപിതാക്കള്‍ ഒരുക്കിത്തന്ന സൗഭാഗ്യങ്ങളുടെ ഒരംശമെങ്കിലും തിരിച്ചുകൊടുക്കണമെന്ന് ആഗ്രഹിച്ചുവോ? ലക്ഷങ്ങള്‍ കാപ്പിറ്റേഷന്‍ ഫീ കൊടുത്ത് പഠിപ്പിച്ച മക്കള്‍ ജോലികിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു രൂപപോലും തങ്ങളെ ഏല്‍പ്പിച്ചില്ലല്ലോ എന്ന് സങ്കടപ്പെടുന്ന അനേകം മാതാപിതാക്കളുണ്ട്. എന്നാല്‍, പല മക്കളുടെയും കാഴ്ചപ്പാടാകട്ടെ, അത് ഒരു കീഴ്വഴക്കമാവും അതുവേണ്ടാ എന്നാണ്. മക്കളില്‍ പലരും വിദേശങ്ങളിലാണ്. ചിലര്‍ അവിടെ സ്ഥിരതാമസമാക്കി.

പല കുടുംബങ്ങളിലും മാതാപിതാക്കള്‍ കടുത്ത ഒറ്റപ്പെടലും മാനസികസമ്മര്‍ദവും അനുഭവിക്കുന്നുണ്ട്. ചിലരാകട്ടെ, അവഹേളനങ്ങള്‍ സഹിച്ചുകൊണ്ടാണ് ജീവിക്കുന്നത്. മാതാപിതാക്കളെയും പ്രായമായവരെയും നിഷ്‌കരുണം ആരാധനാലയങ്ങളുടെ പരിസരങ്ങളില്‍ ഉപേക്ഷിച്ച് കടന്ന സംഭവങ്ങളുണ്ട്. മേല്‍പ്പറഞ്ഞ സാമൂഹികസാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ദേശീയതലത്തില്‍ 2007-ല്‍ 'മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം' നിലവില്‍വന്നത്. മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് ഈ നിയമം. അതില്‍ വീഴ്ച വരുത്തുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് മെയിന്റനന്‍സ് ട്രിബ്യൂണലിനെ സമീപിക്കാം. 2019-ലെ കണക്കനുസരിച്ച് ട്രിബ്യൂണലിന്റെ മുന്നിലെത്തിയത് 7000-ത്തോളം കേസാണ്. മറ്റൊരു സുപ്രധാനമായ നിയമപരിരക്ഷയും ഈ നിയമംവഴി സാധ്യമാണ്.

റിവേഴ്സ് മോര്‍ട്ട്ഗേജ്

പല മാതാപിതാക്കളും മുതിര്‍ന്നപൗരന്മാരും അവരുടെ സ്വത്തുക്കള്‍ അവര്‍ ജീവിച്ചിരിക്കെത്തന്നെ അനന്തരാവകാശികള്‍ക്ക് കൈമാറിക്കഴിഞ്ഞിട്ടുണ്ടാവും. സ്വത്ത് തട്ടിയെടുത്ത് അവകാശികള്‍ അവരെ വീട്ടില്‍നിന്ന് പുറത്താക്കിയ സംഭവങ്ങളുണ്ട്. അനന്തരാവകാശികള്‍ക്ക് കൈമാറിയാലും ഒരാള്‍ക്ക് അയാളുടെ സ്ഥാവര സ്വത്തുക്കള്‍ ഒരു ബാങ്കിന് റിവേഴ്സ് മോര്‍ട്ട്ഗേജ് ചെയ്യാം. ബാങ്ക് അതിന്റെ നടപ്പുവില കണക്കാക്കി മാസംതോറും ഒരു തുക അയാള്‍ക്ക് ചെലവിന് നല്‍കും. അയാളുടെ മരണംവരെ. ശേഷം ആ സ്വത്ത് ബാങ്ക് ഏറ്റെടുക്കും. ഇനി അവകാശികള്‍ക്ക് തിരിച്ചുകിട്ടണം എന്നുണ്ടെങ്കില്‍ അവകാശികള്‍ ബാങ്ക് ഇത്രയുംനാള്‍ നല്‍കിയ തുക പലിശസഹിതം ബാങ്കിന് തിരിച്ചുകൊടുക്കണം. കേരളത്തില്‍ ഇത്തരത്തില്‍ ആദ്യം റിവേഴ്സ് മോര്‍ട്ട്ഗേജ് ചെയ്ത ഒരു അമ്മയുണ്ട്. പാലക്കാട്ട്. സാമൂഹികസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അവരുടെ പ്രകാശിക്കുന്ന മുഖമുണ്ട്.

മക്കളെയെല്ലാം അടച്ചാക്ഷേപിക്കുകയല്ല. സംരക്ഷണം സ്വമേധയാ, സന്തോഷപൂര്‍വം നിര്‍വഹിക്കുന്ന ധാരാളം പേരുണ്ട്. പക്ഷേ, അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പൊതുസമൂഹം എത്രത്തോളം അറിയുന്നുണ്ട് എന്നുള്ളത് സംശയമാണ്. അവിവാഹിതര്‍, അനന്തരതലമുറ ഇല്ലാത്ത ദമ്പതിമാര്‍, അസംഘടിത മേഖലയില്‍ അസ്ഥിരവരുമാനവുമായി ഒറ്റയ്ക്കു ജീവിക്കുന്ന തൊഴിലാളികള്‍, വിധവകള്‍, വിഭാര്യന്മാര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഭിന്നശേഷിയുള്ളവര്‍, അന്യത്ര അനാഥത്വം നേരിടുന്നവര്‍ ഇവര്‍ക്കെല്ലാം വയസ്സാകുന്നുണ്ട്. ഇവരുടെ സംരക്ഷണം ആര് ഏറ്റെടുക്കും? നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്.

അവര്‍ക്കായി എന്തുവേണം

ആദ്യം മാറേണ്ടത് സംജ്ഞകള്‍

വയസ്സന്മാര്‍, വൃദ്ധന്മാര്‍, വയോധികര്‍ എന്നീ സംജ്ഞകള്‍ കഴിവതും ഒഴിവാക്കുക. അവശര്‍, ദുര്‍ബലര്‍ എന്ന ഒരു ധ്വനി അതിലുണ്ട്. അവരെ വരിഷ്ഠപൗരന്മാര്‍ എന്ന് അഭിസംബോധന ചെയ്യുക.

വേണം, സമ്പൂര്‍ണ വകുപ്പ്

മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന മുതിര്‍ന്നപൗരന്മാരുടെ ക്ഷേമത്തിന് സമ്പൂര്‍ണമായ ഒരു മന്ത്രാലയം ആവശ്യമാണ്.

നല്‍കാം ആരോഗ്യപരിരക്ഷ

ജെറിയാട്രിക് കെയര്‍ പ്രത്യേക വിഭാഗമായി ഉയര്‍ന്നുവരണം. ജെറിയാട്രിക് ഫിസിഷ്യന്‍ നേതൃത്വം നല്‍കുന്ന ഒരു ടീം. ജെറിയാട്രിക് നഴ്സ്, സോഷ്യല്‍ വര്‍ക്കര്‍, പാലിയേറ്റീവ് കെയര്‍ വൊളന്റിയര്‍മാര്‍, അനുബന്ധ ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെല്ലാം ഈ സംഘത്തില്‍ വേണം. ഏകോപനത്തിന് പ്രത്യേക ദേശീയ ആരോഗ്യ മിഷന്‍തന്നെ രൂപവത്കരിക്കണം. ഗാര്‍ഹികം, സ്ഥാപനകേന്ദ്രിതം എന്നീ രണ്ടു തരത്തില്‍ ആവണം പരിചരണം.

ആരും പരിത്യക്തരല്ല

അനാഥത്വം നേരിടുന്ന പ്രായമായവരുടെ പരിചരണത്തിനും സംരക്ഷണത്തിനും ഇന്ത്യയില്‍ അംഗീകാരമുള്ളതും അംഗീകാരമില്ലാത്തതും ആയി കൃത്യമായ കണക്കില്ലാത്ത ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. വ്യക്തമായ ഒരു ഡേറ്റയും ഓഡിറ്റും ഇക്കാര്യത്തില്‍ ആവശ്യമാണ്.

വളരട്ടെ ജെറിയാട്രിക്സ്

പ്രായമായവരുടെ രോഗാവസ്ഥയും പരിചരണവും സംബന്ധിച്ച സവിശേഷ വൈദ്യശാസ്ത്ര ശാഖ. നമ്മുടെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജെറിയാട്രിക്സ് എന്ന വിഷയത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് ആരംഭിച്ചിട്ടില്ല. ഉള്ള ഒരേയൊരു കേന്ദ്രം സ്വകാര്യമേഖലയിലാണ്. മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തിന് ആനുപാതികമായി അടുത്ത പത്തുവര്‍ഷത്തില്‍ എത്ര ജെറിയാട്രിക് ഫിസിഷ്യന്‍സ് ആവശ്യമാണ്, അതിന് അനുസൃതമായി കൃത്യമായ പരിശീലനം ലഭിച്ച എത്ര ജെറിയാട്രിക് നഴ്സുമാര്‍ ആവശ്യമാണ് എന്ന ഒരു വീക്ഷണത്തോടെ എത്രയും പെട്ടെന്ന് ഈ കോഴ്സ് തുടങ്ങണം.

ഇപ്പോള്‍ നിലവിലുള്ള ജെറിയാട്രിക് കെയര്‍ ക്ലിനിക് ഒരു ജെറിയാട്രിക് ഫിസിഷ്യന്റെ നേതൃത്വത്തില്‍ ആവണം. കേരളസര്‍ക്കാര്‍ സായംപ്രഭ എന്നപേരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണ്. പക്ഷേ, നമ്മുടെ ജെറിയാട്രിക് കെയര്‍ സംവിധാനം മേല്‍പ്പറഞ്ഞ രീതിയില്‍ വികാസപരിണാമങ്ങള്‍ക്ക് വിധേയമാവേണ്ടതുണ്ട്.

(കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Content Highlights: International Day for Older Persons, The future of aging elderly care, Health