രീരം ഇന്‍സുലിനോട് പ്രതികരിക്കുന്നതിനെയാണ് ഇന്‍സുലിന്‍ സംവേദകത്വം(ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരം ഇന്‍സുലിനോട് നന്നായി പ്രതികരിക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ഇതിന് വിപരീതമായ അവസ്ഥയാണ് ടൈപ്പ്  2 പ്രമേഹത്തിന് കാരണമാകുന്നത്. ഈ അവസ്ഥയില്‍ പേശികളിലെയും കരളിലെയും കോശങ്ങള്‍ ഇന്‍സുലിനോട് പ്രതികരിക്കില്ല. ശരീരം ഇന്‍സുലിനോട് വേണ്ടരീതിയില്‍ പ്രതികരിക്കാതെവരുമ്പോള്‍ രക്തത്തില്‍നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാതെ വരുന്നു. ഇതാണ് പ്രമേഹത്തെത്തുടര്‍ന്നുള്ള വിവിധ രോഗാവസ്ഥകളിലേക്ക് നയിക്കുന്നത്.

ജീവിതശൈലികൊണ്ട് പ്രതിരോധിക്കാം 
ഇന്‍സുലിന്‍ ഇഞ്ചക്ഷനോ, ഗുളികകളോ ആണ് ഇന്‍സുലിന്‍ സംവേദകത്വം വര്‍ധിപ്പിക്കാനുള്ള പ്രതിവിധി. എന്നാല്‍ ഇന്‍സുലിന്‍ പ്രതിരോധത്തെ മറികടക്കാന്‍ ജീവിതശൈലിയും പ്രധാനമാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

വ്യായാമം
ഒരേ രീതിയിലുള്ള വ്യായാമങ്ങള്‍ക്കുപകരം വ്യത്യസ്തമായവ കൂട്ടിയിണക്കിയുള്ള വ്യായാമം ഇന്‍സുലിന്‍ പ്രതിരോധം കുറക്കുന്നതായും പഠനങ്ങള്‍ പറയുന്നു. പേശീവ്യായാമങ്ങളും എയ്‌റോബിക് വ്യായാമങ്ങളും(സൈക്ലിങ്, ഓട്ടം, നീന്തല്‍ തുടങ്ങിയവ)ഇടവിട്ട് ചെയ്യുന്നതാണ് ഗുണകരം. പ്രമേഹമില്ലാത്തവര്‍ 30 മിനുട്ട് വ്യായാമം ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും ചെയ്യണം. മൂന്നുദിവസം ഏയ്‌റോബിക്‌സും രണ്ടുദിവസം പേശീവ്യായാമവുമാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. പ്രമേഹമുള്ളവര്‍ ദൈര്‍ഘ്യമേറിയ ഏയ്‌റോബിക്‌സ് മൂന്നുദിവസവും ആവര്‍ത്തിച്ചുള്ള പേശീവ്യായാമം രണ്ടുദിവസവും ചെയ്യണം. എല്ലാ പേശികള്‍ക്കും അധ്വാനംകിട്ടുന്ന രീതിയിലാണ് ഇത് ചെയ്യേണ്ടത്. ചുരുങ്ങിയത് 30 മിനുട്ടെങ്കിലും വ്യായാമം വേണം.

മതിയായ ഉറക്കം
ആവശ്യത്തിന് ഉറക്കം കിട്ടിയാല്‍ ശരീരകോശങ്ങള്‍ ഇന്‍സുലിനോട് നല്ലരീതിയില്‍ പ്രതികരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബെല്‍ജിയത്തിലെ യു.എല്‍.ബി. സര്‍വകലാശാലയില്‍ 2015ല്‍ നടന്ന പഠനം ഇക്കാര്യം ശരിവെക്കുന്നു. ആവശ്യമായ സമയം ഉറങ്ങാത്ത ഒരു സംഘമാളുകളെ ഒരു മണിക്കൂര്‍ അധികസമയം ഉറങ്ങാന്‍വിട്ടുകൊണ്ടായിരുന്നു പഠനം. ഉറങ്ങുന്ന സമയം വര്‍ധിപ്പിച്ചപ്പോള്‍ ഇന്‍സുലിന്‍ സംവേദകത്വം കൂടിയതായാണ് കണ്ടെത്തല്‍.

അന്നജം കുറഞ്ഞ ഭക്ഷണം 
അന്നജത്തിന്റെ അളവ് കുറച്ചും അപൂരിതകൊഴുപ്പ് കൂട്ടിയും പ്രമേഹം പ്രതിരോധിക്കാം. ബാള്‍ട്ടിമോര്‍ ജോണ്‍ ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ 2012ല്‍ നടത്തിയ ഗവേഷണവും ഇക്കാര്യം ശരിവെക്കുന്നു. 

അന്നജം കുറച്ച് പയര്‍വര്‍ഗങ്ങളും ഇലക്കറികളും വര്‍ധിപ്പിക്കുകയാണ് ഒരു മാര്‍ഗം. പൂരിതകൊഴുപ്പ് ഒഴിവാക്കാന്‍ മാട്ടിറച്ചി ഒഴിവാക്കി കോഴിയിറച്ചിയും ചെറുമത്സ്യങ്ങളും ശീലമാക്കാം. വറുത്തതും പൊരിച്ചതും കഴിക്കാതിരിക്കുകയാണ് മറ്റൊരു മാര്‍ഗം. മുട്ടചേര്‍ത്തുള്ള വിഭവങ്ങളില്‍ മഞ്ഞക്കരു ഒഴിവാക്കി വെള്ളഭാഗം ചേര്‍ക്കാം. പാലുല്‍പ്പന്നങ്ങള്‍ കുറക്കുക,സസ്യഎണ്ണകള്‍ കൂടുതലായി ഉപയോഗിക്കുക ഇവയും പ്രധാനമാണ്.

നാരുകളടങ്ങിയ ഭക്ഷണം
അലിയുന്ന നാരുകളടങ്ങിയ ഭക്ഷണം പ്രമേഹനിയന്ത്രണത്തിനുള്ള പ്രകൃതിദത്തമായ മാര്‍ഗമാണ്. സസ്യജന്യമായ ഇവയെ ശരീരത്തിന് ദഹിപ്പിക്കാന്‍ കഴിയില്ല. വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍നിന്ന് ഇവ നമ്മെ തടയുന്നു.കൂടാതെ കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും  കുറയക്കാനും സഹായിക്കുന്നു. ഓട്‌സ്, ബ്രോക്കോളി,അവ്ക്കാഡോ,കാരറ്റ്,ആപ്പിള്‍,ഫ്‌ലാക്‌സ സീഡ്, ബാര്‍ലി തുടങ്ങിയവ ഇത്തരത്തിലുള്ള നാരുകളടങ്ങിയവയാണ്. 

പ്രമേഹനിയന്ത്രണതിന് മരുന്നുകള്‍ അനിവാര്യമാണെങ്കിലും ജീവിതശൈലീ നിയന്ത്രണം രോഗികളിലും രോഗപൂര്‍വഅവസ്ഥയുള്ളവരിലും ഇന്‍സുലിന്‍ സംവേദകത്വം മെച്ചപ്പെടുത്താന്‍ സഹായിക്കും.