ഒരു കയ്യില്‍ ക്രച്ചസുമായി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഓടിനടന്ന രാഹുൽ; സെറിബ്രൽ പാൾസി തോൽക്കും ജീവിതം


വിഷ്ണു ജെ.ജെ നായർ

രാഹുൽ ജെ.എസ്.

ഇന്ന് ലോകസെറിബ്രല്‍ പാള്‍സി ദിനം. പ്രസവ സമയത്തോ അതിന് ശേഷമോ കുഞ്ഞിന്റെ തലച്ചോറിന് ഓക്‌സിജന്‍ കിട്ടാത്ത അവസ്ഥ, ബാക്ടീരിയല്‍ വൈറല്‍ അണുബാധകള്‍, നവജാത ശിശുക്കളെ ബാധിക്കുന്ന കഠിനമായ മഞ്ഞപ്പിത്തം, ജനിതകപരമായ തകരാറുകള്‍, കുഞ്ഞിന്റെ തലയുടെ വലിപ്പം വര്‍ധിക്കുന്ന അവസ്ഥ, തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം തുടങ്ങിയ കാരണങ്ങള്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ച്, ചലന വൈകല്യത്തിനും ചിലപ്പോള്‍ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രല്‍ പാള്‍സി. സെറിബ്രല്‍ പാള്‍സി ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണ്. എന്നാല്‍ സെറിബ്രല്‍ പാള്‍സി മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകളെയെല്ലാം അവഗണിച്ചുകൊണ്ട് സാമൂഹ്യപ്രവര്‍ത്തനരംഗത്ത് തന്റേതായ ഇടം കണ്ടെത്തുന്ന തിരുവനന്തപുരം സ്വദേശി രാഹുല്‍ ജെ.എസ്. സെറിബ്രല്‍ പാള്‍സി ബാധിതര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പ്രചോദനവും പ്രതീക്ഷയുമായി മാറുകയാണ്.

പട്ടികജാതിവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ജയകുമാറിന്റെയും ഫിഷറീസ് വകുപ്പില്‍ നിന്നും വിരമിച്ച പ്രഭയുടെയും മകനാണ് മുപ്പത്തിരണ്ടുകാരനായ രാഹുല്‍. അച്ഛന്റെയും അമ്മയുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച മകന് വെറും അഞ്ചുവര്‍ഷമാണ് ഡോക്ടര്‍മാര്‍ ആയുസ്സെഴുതിയത്. കൈകാലുകള്‍ ഉള്ളിലേക്കു വളഞ്ഞ രൂപം, ഒച്ചയില്ല, അനക്കമില്ല, കേള്‍വിശേഷിയില്ല, ക്രമം തെറ്റിയ ശ്വാസം മാത്രമാണുണ്ടായിരുന്നതെന്ന് ജയകുമാര്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ വിധിയുടെ ക്രൂരതയില്‍ ജയകുമാര്‍ എന്ന അച്ഛന്‍ പതറിയില്ല. സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച ആ മകന്‍ ഇന്ന് തിരുവനന്തപുരത്ത് നിന്നും പരസഹായമില്ലാതെ ഡല്‍ഹി വരെ യാത്ര ചെയ്തു, സ്‌കൂബാ ഡൈവിങ് നടത്തി, ഒരു സെറിബ്രല്‍ പാള്‍സി ബാധിതന് ഇന്നലെവരെ സ്വപ്‌നം കാണാന്‍ പോലും കഴിയാതിരുന്ന പല നേട്ടങ്ങളും കൈവരിച്ചു. സ്വപ്രയത്‌നത്തിലൂടെ വിധിയെ വെല്ലുവിളിച്ച രാഹുല്‍ അച്ഛന്റെ വിരല്‍ പിടിച്ച് ഇപ്പോള്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി സ്വന്തമായി ജോലി നോക്കുന്നു.

കഴിഞ്ഞ പ്രളയകാലത്ത് പ്രളയബാധിതപ്രദേശങ്ങളില്‍ സഹായങ്ങളെത്തിക്കാന്‍ തിരുവനന്തപുരത്ത് ആരംഭിച്ച കളക്ഷന്‍ സെന്ററിലും തമിഴ്‌നാട്ടില്‍ പ്രകൃതിദുരന്തമുണ്ടായപ്പോള്‍ വഴുതക്കാട് വിമന്‍സ് കോളേജില്‍ സര്‍ക്കാര്‍ ആരംഭിച്ച റിലീഫ് സെന്ററിലും കോവിഡ് കാലത്തെ സന്നദ്ധരംഗത്തുമെല്ലാം വാളന്റിയറായി രാഹുല്‍ സജീവമായിരുന്നു. ഒരു കയ്യില്‍ ക്രച്ചസുമായി ദുരിതാശ്വാസകേന്ദ്രത്തില്‍ നിന്നും പ്രളയബാധിതപ്രദേശങ്ങളിലേക്കുള്ള പെട്ടികള്‍ ചുമന്നുകയറ്റുന്ന ചെറുപ്പക്കാരനെ ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ശ്രദ്ധിച്ച നിശാന്തിനി ഐ.പി.എസ് രാഹുലിനെ അടുത്തുവിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു. പ്രളയകാലത്തെ സേവനത്തിന് സംസ്ഥാനസര്‍ക്കാരിന്റെ ആദരവും കോവിഡ് കാലത്തെ സേവനത്തിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ആദരവും രാഹുലിന് ലഭിച്ചു.

തിരുവനന്തപുരത്ത് എന്ത് പരിപാടികളുണ്ടെങ്കിലും അതിന്റെ ഭാഗമായി രാഹുലും ഉണ്ടാകും; അത് ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ സെന്ററുകളും പോലുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളായിക്കോട്ടെ, ഐ.എഫ്.എഫ്.കെ, ഓണംവാരാഘോഷം പോലുള്ള ആഘോഷങ്ങളായിക്കോട്ടെ. വോളന്റിയറായി എത്തിക്കഴിഞ്ഞാല്‍ തന്റെ ശാരീരികപരിമിതികള്‍ കണക്കിലെടുക്കാതെ എല്ലാ ജോലികളും ഏറ്റെടുത്ത് ചെയ്യും. 'രാഹുലിന് വയ്യാത്തതല്ലേ, വലിയ ജോലികള്‍ ഒന്നും ചെയ്യണ്ട' എന്ന് ആരെങ്കിലും പറഞ്ഞാല്‍ വിഷമമാണ്. റിലീഫ് സെന്ററില്‍ വോളന്റിയറായി സേവനമനുഷ്ഠിച്ചതിന് സര്‍ക്കാര്‍ നല്‍കിയ റെമ്യൂണറേഷന്‍ ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ വാങ്ങി നല്‍കിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയുമാണ് രാഹുല്‍ ചെലവഴിച്ചത്.

ഐ.എഫ്.എഫ്.കെ, ഐ.ഡി.എസ്.എഫ്.കെ, ഓണം വാരാഘോഷം, പുസ്തകമേളകള്‍ തുടങ്ങിയ പരിപാടികളിലും സ്ഥിരം വോളന്റിയറാണ് രാഹുല്‍. ഈ പരിപാടികളില്‍ നിന്നൊക്കെ ലഭിച്ച സുഹൃത്തുക്കളുടെ വലിയൊരു വലയമുണ്ട് രാഹുലിന് ചുറ്റും. ഒരുകാര്യത്തിലും തന്നെ മാറ്റിനിര്‍ത്താതെ ചേര്‍ത്തുപിടിക്കുന്ന തന്റെ സുഹൃത്തുക്കളെപറ്റി പറയുമ്പോള്‍ രാഹുലിന് നൂറുനാവാണ്.

രാഹുല്‍ തിരക്കുകളില്‍ മുഴുകുമ്പോള്‍ ഒപ്പം അച്ഛന്‍ ജയകുമാറിനും തിരക്കൊഴിഞ്ഞ നേരമില്ല. രാഹുലിനേക്കാള്‍ ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 1200ഓളം കുട്ടികളെ ഉയരങ്ങളിലെത്തിക്കാന്‍, ഇത്തരം കുട്ടികള്‍ക്ക് ജീവിതമൊരുക്കാനായി പേരന്റ്‌സ് അസോസിയേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് (പാഡ്) എന്ന സംഘടനയുണ്ടാക്കി അഹോരാത്രം പ്രവര്‍ത്തിക്കുകയാണ് അറുപത്തിരണ്ടുകാരനായ ജയകുമാറും.

Content Highlights: inspiring life of rahul people living with cerebral palsy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented