ലക്ഷത്തിലധികം കുഞ്ഞുങ്ങൾ പിറന്നുവീണ കൈകൾ; തലമുറകളുടെ ഡോക്ടർ മനസ്സു തുറക്കുന്നു


ഡോ സുഭദ്ര നായർ മക്കളായ ഡോ. ആശ നായർക്കും (വലത്ത്‌) ശാന്തി നായർക്കുമൊപ്പം

“എവിടെയോ കണ്ടപോലെ....” വഴിയിൽ പലപ്പോഴും ഡോ. സുഭദ്ര ഈ സംശയത്തിനുമുന്നിൽ നിന്നുപോയിട്ടുണ്ട്. മുന്നിൽ നിൽക്കുന്നയാളെ എവിടെ കണ്ടുവെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുന്നവരോട് ഡോക്ടർ പറയും- “നിങ്ങൾക്കു വേണ്ടപ്പെട്ട ആരുടെയെങ്കിലും പ്രസവമെടുത്തത് ഞാനായിരിക്കും.”

ഡോ. എം.സുഭദ്രാനായർ തലമുറകളുടെ ഡോക്ടറാണ്. ഡോക്ടറുടെ കൈകളിലൂടെ ഈ ഭൂമിയിൽ പിറന്നുവീണത് ലക്ഷത്തിലധികം കുഞ്ഞുങ്ങളും.ആ കുഞ്ഞുങ്ങളിൽ പലരുടെയും കുഞ്ഞുങ്ങളും അതിനടുത്ത തലമുറയും ഡോക്ടറുടെ കൈകളിലൂടെ ഈ ലോകത്തെത്തിയിട്ടുണ്ട്. ഇത്രയും ജീവനുകളെ സുരക്ഷിതമായി ഈ ഭൂമിയിലെത്തിച്ചതിൽപ്പരം എന്തു പുണ്യമാണുള്ളതെന്ന് കൊച്ചുള്ളൂരിലെ ‘മംഗല്യ’ എന്ന വീട്ടിലിരുന്ന് 94-ലെത്തിയ ഡോ. സുഭദ്രാ നായർ ചോദിക്കുന്നു.

ജീവിതം കർമനിരതം

സ്കൂൾപഠനം മൂന്നാം വയസ്സിൽത്തന്നെ തുടങ്ങിയതിനാൽ 16 വയസ്സിനു മുമ്പുതന്നെ സുഭദ്രാ നായർ പ്രീ-യൂണിവേഴ്സിറ്റി പാസായി. പക്ഷേ, വയസ്സ് തികയാത്തതിനാൽ മദ്രാസ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു ചേരാൻ രണ്ടുവർഷം കാത്തിരിക്കേണ്ടിവന്നു. 1947-ൽ എം.ബി.ബി.എസ്. പൂർത്തിയാക്കി തിരുവനന്തപുരത്ത് ശ്രീ അവിട്ടം തിരുനാൾ ഹോസ്പിറ്റലിൽ അസിസ്റ്റന്റ് സർജനായി ജോലി ആരംഭിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ചപ്പോൾ 1954-ൽ അവിടെ സേവനം തുടങ്ങി. ലഖ്നൗ മെഡിക്കൽ കോളേജിൽനിന്ന്‌ എ.എസും നേടി. പോലീസ് സൂപ്രണ്ടായിരുന്ന പി.ഗോപാലകൃഷ്ണൻ നായരുമായി വിവാഹം കഴിഞ്ഞതോടെ തിരുവനന്തപുരം സ്വദേശമായി.

1984-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന്‌ ഗൈനക്കോളജി, പ്രസവചികിത്സ വിഭാഗം മേധാവിയായി വിരമിച്ചശേഷം കോസ്മോപൊളിറ്റൻ ആശുപത്രിയിൽ സീനിയർ കൺസൾട്ടന്റായി സേവനം തുടർന്നു. 92-ാം വയസ്സുവരെ ജോലിയിൽ വ്യാപൃതയായിരുന്ന ഡോ. സുഭദ്ര കോവിഡ് വ്യാപിച്ച കാലത്താണ് മക്കളുടെ നിർബന്ധപ്രകാരം മനസ്സില്ലാമനസ്സോടെ ആശുപത്രിയിൽ പോകുന്നതു നിർത്തിയത്.

പദ്‌മ പുരസ്കാരം ലഭിച്ച ആദ്യത്തെ ഗൈനക്കോളജിസ്റ്റാണ് ഡോ. സുഭദ്ര. വൈദ്യശാസ്ത്രരംഗത്തെ മാതൃകാപരമായ സേവനങ്ങൾ കണക്കിലെടുത്ത് 2014-ലാണ് പദ്‌മശ്രീ ബഹുമതി നൽകി ഡോക്ടറെ രാജ്യം ആദരിച്ചത്. വിരമിച്ചശേഷം അഭയ, സത്യസായി ട്രസ്റ്റ്, സായിഗ്രാമം തുടങ്ങിയവയിലൂടെ സാമൂഹികസേവനരംഗത്തും കർമനിരതയായിരുന്നു. ഗൈനക്കോളജിയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സായിബാബയുടെ ജീവിതം പ്രതിപാദിച്ചും പുസ്തകമെഴുതിയിട്ടുണ്ട്.

വായിക്കാനും എഴുതാനും ഏറെയിഷ്ടമുള്ള ഡോ. സുഭദ്രയ്ക്ക് ഇപ്പോൾ ഇതു രണ്ടും അല്പം കഠിനമാണ്. കാഴ്ച കുറഞ്ഞതാണ് കാരണം.

പത്രം തനിയെ വായിക്കാൻ കഴിയാത്തതിനാൽ വായിച്ചുതരാൻ ഒരാളെ ഏർപ്പാടാക്കിയിരുന്നു. പക്ഷേ, സ്വയം വായിക്കുന്നതിന്റെ അനുഭവം കിട്ടാത്തതിനാൽ അതു നിർത്തി. ഇപ്പോൾ കാറിൽ ചെറിയ സവാരികൾ പോകാനാണ് ഇഷ്ടം. വൈകുന്നേരങ്ങളിൽ ആക്കുളത്തോ വേളിയിലോ ശംഖുംമുഖത്തോവരെ പോയിവരും.

“അമ്മൂമ്മ ഡോക്ടർ, അമ്മ ഡോക്ടർ പിന്നെ ഞങ്ങളിലൊരാളെങ്കിലും ഡോക്ടറാവണ്ടേ.... ആ നറുക്ക് എനിക്കാണ് വീണത്. ഡോ. സുഭദ്രാനായരുടെ മൂത്തമകൾ ഡോ. ആശാ നായർ യു.കെ.യിൽ ഡോക്ടറാണ്. ഇപ്പോൾ അമ്മയ്ക്കൊപ്പമുണ്ട്. ഇളയമകൾ ശാന്തി നായർ െബംഗളൂരുവിൽ എൻജിനിയറാണ്.

ഉള്ളൂരിൽ ദേശീയപാതയ്ക്കരികിലെ മംഗല്യ എന്ന തന്റെ വീടിന്റെ സിറ്റൗട്ടിലിരുന്നാൽ മുന്നിലെ റോഡിലൂടെ നഗരം ചീറിപ്പായുന്നത് ഡോ. സുഭദ്രാനായർക്ക് കാണാം. മുമ്പൊന്നും നഗരത്തിന് ഇത്രയും വേഗമില്ലായിരുന്നുവെന്ന് ഡോക്ടർ ഓർമിക്കുന്നു. വേഗം കൂടിയപ്പോൾ പരസ്പരം നോക്കാൻ നേരമില്ല. ആരും ആരെയും തിരിച്ചറിയുന്നില്ല. ഡോക്ടർ പറഞ്ഞു- “കാലം വല്ലാതെ മാറിപ്പോയി....”

Content Highlights: inspiring life of dr subadra nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented