ഡോ കെ ലളിത മകൾ മാലാ പാർവതിയോടൊപ്പം | Photo: facebook/ mala parvathy/ gomyhealth
ഒരു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ ആദ്യമായി ലോകത്തേക്ക് കണ്ണുതുറന്നുനോക്കിയ രണ്ടു കൈകള്‍. ആറു പതിറ്റാണ്ടു നീണ്ടു നിന്ന സേവനസപര്യ. ഗൈനക്കോളജിയില്‍ ഒരു വലിയ ശൂന്യത ബാക്കിവെച്ചാണ് ഡോ കെ ലളിത വിടവാങ്ങുന്നത്. 85-ാം വയസ്സിലും കര്‍മനിരതയായിരുന്നു ലളിത. ഇത്രയും പ്രായമായിട്ടും പ്രസവ മുറിയില്‍ സജീവമായി പ്രവര്‍ത്തിച്ച വിരളമായ ഗൈനക്കോളജിസ്റ്റുകളില്‍ ഒരാള്‍.
തിരുവനന്തപുരത്ത് ഡോ. ലളിത പ്രസമെടുത്ത ആദ്യ തലമുറ ഇന്ന് മുത്തശ്ശിമാരാണ്. അവരുടെ മക്കളുടേയും പേരക്കുട്ടികളുടേയുമെല്ലാം കുഞ്ഞുങ്ങള്‍ ആ കൈകളിലൂടെ ലോകം കണ്ടു. വിശ്വാസ്യതയുടെ പര്യായമായി മാറിയ ഡോക്ടര്‍ അങ്ങനെ തലമുറകളുടെ ഡോക്ടറായി മാറി.
1954-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാലാം ബാച്ചില്‍ എംബിബിഎസിന് ചേര്‍ന്ന ലളിത നാലാം റാങ്കോടെയാണ് കോഴ്സ് പൂര്‍ത്തിയാക്കിയത്. പിജിക്ക് ഗൈനക്കോളജി തിരഞ്ഞെടുത്തു. ആദ്യം സംസ്ഥാന ഹെല്‍ത്ത് സര്‍വീസിലായിരുന്നു. 1964-ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായി എത്തിയത്. എസ്എടി സൂപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992-ല്‍ വിരമിച്ചു. പിന്നീട് തിരുവനന്തപുരം എസ് യുടിയില്‍ ജോലിയില്‍ പ്രവേശിച്ചു.
പഠിക്കുന്ന കാലത്ത് അധ്യാപകനായിരുന്ന ഡോ തമ്പാന്റെ വാക്കുകളാണ് ലളിതയെ ഗൈനക്കോളജിയില്‍ എത്തിച്ചത്. അന്ന് ഗൈനക്കോളജിസ്റ്റുകള്‍ വളരെ കുറവായിരുന്നു. ഇന്റേണ്‍ഷിപ്പ് കാലത്താണ് ആദ്യ പ്രസവമെടുത്തത്. പിന്നീട് മികച്ച അധ്യാപികയായും മാറി. മൃദുഭാഷിയായിരുന്ന അവര്‍ വിദ്യാര്‍ഥികളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഒരുപാട് മികച്ച ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുകയും ചെയ്തു.
വലിയ സംതൃപ്തി നല്കുന്ന പ്രൊഫഷനാണിതെന്ന് ലളിത ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 'രണ്ട് ജീവനുകളാണ് നോക്കേണ്ടത്. അമ്മയും കുഞ്ഞും സുരക്ഷിതമായിരിക്കണേ എന്നാണ് ഓരോ പ്രസവസമയത്തും മനസിലുണ്ടാകുക. കരഞ്ഞുകൊണ്ടാണ് ഓരോ ശിശുവും കടന്നുവരുന്നതെങ്കിലും അവരുടെ മുഖവും അമ്മയുടെ നിര്‍വൃതിയും എന്നും മനസിന് കുളിര്‍മ നല്കുന്ന അനുഭവമമാണ്.' ലളിത തന്റെ ലേബര്‍ റൂം അനുഭവങ്ങള്‍ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.
ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാര്‍ത്തികപ്പളി സ്വദേശി സിഒ കേശവന്റേയും ഭാനുമതിയമ്മയുടേയും നാലു മക്കളില്‍ മൂത്ത മകളാണ് ലളിത.
പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും ഖാദി ബോര്‍ഡ് സെക്രട്ടറിയും വയലാര്‍ രാമവര്‍മ്മ സാഹിത്യ ട്രസ്റ്റിന്റെ ജീവാത്മാവുമായിരുന്ന പരേതനായ സിവി ത്രിവിക്രമനാണ് ഭര്‍ത്താവ്. മാനേജ്മെന്റ് വിദഗ്ദ്ധനായ ലക്ഷ്മി എസ് കുമാരന്, പ്രമുഖ നടി മാലാ പാര്‍വ്വതി എന്നവരാണ് മക്കള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..