ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നന്നായി ഉറങ്ങണം. ജീവിതത്തിരക്കിനിടയില്‍ വേണ്ടത്ര സമയം ഉറങ്ങാനാവുന്നില്ലെന്നത് പലരുടെയും പ്രശ്‌നമാണ്‌. ഉറക്കക്കുറവ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമെ സൗന്ദര്യത്തെയും ബാധിക്കും.

ഉറക്കക്കുറവ് മൂലമുണ്ടാകുന്ന ക്ഷീണിച്ച മുഖഭാവം തന്നെ സൗന്ദര്യം കുറയ്ക്കുന്നതാണ്. ഉറങ്ങുന്ന വേളയിലാണ് ചര്‍മത്തില്‍ കൊളാജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് ചര്‍മസൗന്ദര്യത്തിന്റെ റിപ്പയറിംഗിന്റെ ഭാഗമായി നടക്കുന്നതാണ്.

ചര്‍മം തൂങ്ങി പോകാതെ യുവത്വം നിലനിര്‍ത്തുന്നത് കൊളാജനാണ്.  കൊളാജന്‍ ആവശ്യത്തിനുണ്ടെങ്കില്‍ ചര്‍മം തുടുത്തുനില്‍ക്കും. ചുളിവുകള്‍ കുറയും. ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ ഇരട്ടിയിലധികം ചുളിവുകള്‍ അഞ്ച് മണിക്കൂര്‍ ഉറങ്ങുന്നവരുടെ ചര്‍മത്തില്‍ രൂപപ്പെടാം.

ഉറങ്ങുന്ന വേളയില്‍ ചര്‍മത്തിലേക്കുള്ള  രക്തയോട്ടം കൂടും. ഉറക്കമുണരുമ്പോഴേക്കും ചര്‍മത്തില്‍ തിളക്കമുണ്ടാകും. ഉറക്കക്കുറവുണ്ടായാല്‍ ചര്‍മത്തിലേക്കുള്ള രക്തയോട്ടം കുറയുകയും ചര്‍മം മോശമാവുകയും ചെയ്യുന്നു. 

ഉറക്കം കുറഞ്ഞാല്‍ കണ്ണിനടിയില്‍ കറുത്തപാടുകള്‍ വീഴും. കണ്‍പോളയ്ക്കടിയില്‍ നീരുവന്നു തടിച്ചെന്നു വരാം.

ഉറക്കക്കുറവ് ചര്‍മസൗന്ദര്യത്തെ മാത്രമല്ല, പ്രതികൂലമായി ബാധിക്കുന്നത്. മുടികൊഴിച്ചില്‍, മുടി പൊട്ടിപോകല്‍, എന്നിവയൊക്കെ ഉണ്ടാക്കുന്നു. മുടി വളര്‍ന്നു തുടങ്ങുന്ന ഹെയര്‍ഫോളിക്കിളുകള്‍ക്ക് വിറ്റാമിനുകളും പോഷണങ്ങളുമൊക്കെ എത്തുന്നത് രക്തത്തിലൂടെയാണ്.

ഉറക്കം കുറയുമ്പോള്‍ തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയുന്നു. മുടിക്ക് ആവശ്യമായ പോഷണങ്ങള്‍ ലഭിക്കാതാകുന്നു. 

ആരോഗ്യമാസിക സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Arogyam
   കൂടുതല്‍ വായിക്കാം പുതിയ ലക്കം ആരോഗ്യമാസികയില്‍

           

   ആരോഗ്യമാസികയുടെ പുതിയലക്കം ഓണ്‍ലൈനില്‍ വാങ്ങിക്കാം