Representative Image | Photo: Canva.com
ഗർഭധാരണത്തിലെ തടസ്സങ്ങളെക്കുറിച്ചും വന്ധ്യതാ ചികിത്സയെക്കുറിച്ചുമുള്ള ചോദ്യത്തിന് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ വിമൻസ് ഹെൽത്ത് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷെർലി മാത്തൻ മറുപടി നൽകുന്നു.
ചോദ്യം: 31 വയസ്സുണ്ട്. ജോലി ചെയ്യുന്നില്ല. വിവാഹം കഴിഞ്ഞ് ഒരുവർഷമായി. ഭർത്താവിന് 34 വയസ്സ്. ഞാൻ ഇതുവരെ ഗർഭിണിയായിട്ടില്ല. തൈറോയ്ഡ് പ്രശ്നങ്ങൾക്ക് നാലുവർഷമായി മരുന്നു കഴിക്കുന്നുണ്ട്. ടി.എസ്.എച്ച്. 6.7 ആണ്. ഇപ്പോൾ ദിവസവും നടക്കാൻ പോകുന്നുണ്ട്. പക്ഷേ ഭാരം കുറയുന്നില്ല. വേറെ അസുഖങ്ങൾ ഒന്നുമില്ല. 3-0 വയസ്സ് കഴിഞ്ഞതിനാൽ വന്ധ്യതയ്ക്ക് ചികിത്സ തേടണം എന്ന് ബന്ധുക്കൾ പറയുന്നു. എനിക്ക് പി.സി.ഒ.ഡി ഇല്ല. അബ്ഡൊമെൻ സ്കാൻ റിപ്പോർട്ടിൽ പ്രശ്നങ്ങളൊന്നുമില്ല. ഈ പ്രായത്തിൽ ചികിത്സ ചെയ്യാതെ ഗർഭിണിയാകാൻ സാധിക്കില്ലേ?
ശരണ്യ, കോഴിക്കോട്.
ഉത്തരം: എപ്പോഴാണ് വന്ധ്യതയ്ക്ക് ചികിത്സ തേടേണ്ടതെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. വിവാഹം കഴിഞ്ഞ് ഒരുവർഷം ഗർഭനിരോധന മാർഗങ്ങൾ ഒന്നും സ്വീകരിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭിണിയാകുന്നില്ലെങ്കിൽ വൈദ്യസഹായം തേടണം. 32-33 വയസ്സിനുശേഷം ഗർഭധാരണത്തിനുള്ള സാധ്യത കുറഞ്ഞുവരും. നിങ്ങൾ വിവാഹിതരായിട്ട് ഒരുവർഷമായതിനാൽ ഡോക്ടറെ കണ്ട് ടെസ്റ്റുകൾ ചെയ്യണം. തൈറോയ്ഡ് ടെസ്റ്റ് ചെയ്തെങ്കിലും അതിന്റെ പരിഹാരമൊന്നും ചെയ്തതായി കത്തിൽ പറയുന്നില്ല. അമിതവണ്ണമുള്ള ആളാണെന്നും മനസ്സിലാകുന്നില്ല. പി.സി.ഒ.ഡി ഇല്ലെങ്കിലും അമിതവണ്ണം ഉണ്ടെങ്കിൽ ഭാരം കുറയ്ക്കുന്നതാണ് നല്ലത്. അതിന് കുറച്ചുകൂടി വ്യായാമവും ഭക്ഷണക്രമീകരണവും ചെയ്യേണ്ടതുണ്ട്.
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് വന്ധ്യത വരുന്നതെന്നും വിലയിരുത്തേണ്ടതുണ്ട്. 30 ശതമാനം സ്ത്രീകളുടെ പ്രശ്നമാകാം. 10-20 ശതമാനത്തിൽ പ്രത്യേകിച്ച് കാരണങ്ങൾ കണ്ടെത്താൻ കഴിയാതെയും വരാം. ഏറ്റവും സാധാരണയായി വരുന്ന കാരണങ്ങൾ അണ്ഡാശയത്തിന്റെയും അണ്ഡവാഹിനിക്കുഴലുകളുടെയും ഗർഭാശയത്തിന്റെയും പ്രശ്നങ്ങളായിരിക്കാം. ആർത്തവം കൃത്യമാണോ എന്നത് പ്രധാനമാണ്. എത്ര ദിവസമാണ് രക്തസ്രാവമുണ്ടാകുന്നത്, അതിന് മുൻപും പിൻപും വേദനയുണ്ടോ, എത്ര തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ട് തുടങ്ങിയ കാര്യങ്ങളും വിലയിരുത്തേണ്ടതാണ്. പലസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ചിലപ്പോൾ ആഴ്ചയിൽ ഒരുദിവസം മാത്രമാകും ഒരുമിച്ചുണ്ടാവുക. അപ്പോൾ അണ്ഡവിസർജന സമയത്ത് ദമ്പതികൾ ഒരുമിച്ചുണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. അതും ഗർഭധാരണം നടക്കാതിരിക്കാനുള്ള കാരണമാകാറുണ്ട്. അപ്പോൾ അവർക്ക് അണ്ഡവിസർജനത്തിന്റെ സമയവും ഗർഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങളും മനസ്സിലാക്കിക്കൊടുക്കണം. ആ ദിവസങ്ങളിൽ ദിവസേന ഒരുതവണ ബന്ധപ്പെടുന്നതായിരിക്കും ഉചിതം.
പൊതുവേ എന്തൊക്കെ ടെസ്റ്റുകളാണ് ആദ്യം ചെയ്യേണ്ടത് എന്നുനോക്കാം. പ്രാഥമിക പരിശോധനകളിൽ ഹോർമോണുകളുടെ പരിശോധനയും അൺട്രാസൗണ്ട് സ്കാനും ഉൾപ്പെടും. അതായത് അണ്ഡവിസർജനം കൃത്യമായി നടക്കുന്നുണ്ടോ, ഗർഭപാത്രത്തിൽ സിസ്റ്റ് ഉണ്ടോ എന്നു നോക്കി പ്രശ്നമുണ്ടെങ്കിൽ പരിഹാരം തേടണം. ഹിസ്റ്ററോസാൽപിങ്ഗോഗ്രാം എന്ന പ്രത്യേക പരിശോധനയിലൂടെ അണ്ഡവാഹിനിക്കുഴലുകളുടെയും മറ്റും പ്രശ്നങ്ങൾ കണ്ടുപിടിക്കാം. തടസ്സമുണ്ടെങ്കിൽ ഹിസ്റ്ററോ ലാപ്റോസ്കോപി ചെയ്ത് തടസ്സങ്ങൾ നീക്കാം.
പുരുഷനിൽ ബീജപരിശോധന നനടത്തി ബീജത്തിന്റെ അളവ്, ചലനശേഷി, ആകൃതി തുടങ്ങിയവയൊക്കെ കണ്ടെത്താവുന്നതാണ്. അതിൽ പ്രശ്നങ്ങൾ കണ്ടെത്തിയെങ്കിൽ യൂറോളജിസ്റ്റിനെ കണ്ട് ചികിത്സ തേടണം. കൗണ്ട് കുറവാണെങ്കിൽ ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ രീതിയും ഉപയോഗിക്കാവുന്നതാണ്. ഇതൊക്കെ 6-8 മാസങ്ങൾ വരെ നോക്കിയതിനുശേഷവും ഗർഭധാരണം നടന്നില്ലെങ്കിൽ ഐ.വി.എഫ് പോലുള്ള ചികിത്സ സ്വീകരിക്കണം. പ്രായം അധികം കൂടുന്നതിനു മുൻപുതന്നെ ഐ.വി.എഫ്. ചെയ്യുന്നത് ഗർഭധാരണ സാധ്യത കൂടാൻ സഹായിക്കും.
Content Highlights: infertility treatments when is the right time
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..