മ്പതിമാര്‍ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പിനുശേഷം മാത്രം ഗര്‍ഭധാരണത്തിന് ശ്രമിക്കണമെന്ന് ആയുര്‍വേദ സംഹിതകളില്‍ പറയുന്നു. സങ്കീര്‍ണമായ പ്രക്രിയയാണ് ഗര്‍ഭധാരണം. ഋതു (ഗര്‍ഭധാരണത്തിന് അനുകൂല സമയം), ക്ഷേത്രം (ആരോഗ്യമുള്ള പ്രത്യുത്പാദനാവയവങ്ങളും ഭ്രൂണത്തിന്റെ വളര്‍ച്ചയ്ക്കായി തയ്യാറാക്കപ്പെട്ട ഗര്‍ഭാശയവും), അംബു (പോഷകം), ആരോഗ്യമുള്ള ബീജങ്ങളും അണ്ഡങ്ങളും, ശുദ്ധമായ മനസ്സ്, ദൂഷിതമല്ലാത്ത വാതം (നാഡീവ്യൂഹം, അന്തഃസ്രാവി വ്യവസ്ഥ എന്നിവയുടെ സന്തുലിതാവസ്ഥ) എന്നിവയാണ് ഗര്‍ഭധാരണത്തിന് ആവശ്യമായ ഘടകങ്ങള്‍. ദമ്പതിമാര്‍ തമ്മിലുള്ള മാനസിക ഐക്യവും പ്രധാനമാണ്. ഈ ഘടകങ്ങള്‍ക്കുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകും.

പ്രത്യുത്പാദനാവയവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍, മനഃസ്താപം, സ്ത്രീ-പുരുഷ ബീജങ്ങളുടെ തകരാറുകള്‍, ജീവിതശൈലീ മാറ്റങ്ങള്‍, ശാരീരികക്ഷമതക്കുറവ് തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്ന വന്ധ്യത ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതാണെന്നാണ് ആയുര്‍വേദം പറയുന്നത്.

തയ്യാറെടുപ്പുകള്‍

എല്ലാ ദമ്പതിമാരും ആയുര്‍വേദം അനുശാസിക്കുന്ന ഗര്‍ഭധാരണപൂര്‍വ വിധി (പ്രീ കണ്‍സെപ്ഷന്‍ കെയര്‍) പ്രകാരം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ നടത്തുന്നത് ഉത്തമമാണ്. അമിത വണ്ണം, പ്രമേഹം എന്നിവ നിയന്ത്രണ വിധേയമാക്കണം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യമുള്ളവരും അപസ്മാരം, മാനസിക രോഗങ്ങള്‍ എന്നിവയ്ക്ക് സ്ഥിരമായി മരുന്നുകള്‍ ഉപയോഗിക്കുന്നവരും ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് വൈദ്യോപദേശം സ്വീകരിക്കണം. ഗര്‍ഭിണികളും ഔഷധോപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ച് ഭ്രൂണത്തിന്റെ അവയവ നിര്‍മാണം നടക്കുന്ന ആദ്യമാസങ്ങളില്‍.

ഗര്‍ഭധാരണത്തിനുവേണ്ടി ശ്രമിക്കുന്ന ദമ്പതിമാരില്‍ ശരാശരി 80 ശതമാനത്തിലധികവും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സ്വാഭാവികമായി ഗര്‍ഭം ധരിക്കാറുണ്ട്. അതിനാല്‍ ഈ കാലയളവ് കഴിഞ്ഞിട്ടും ഗര്‍ഭധാരണം നടന്നിട്ടില്ലെങ്കില്‍ ദമ്പതിമാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. എന്നാല്‍ സ്ത്രീയുടെ പ്രായം 35-ല്‍ കൂടുതലാണെങ്കിലും ആര്‍ത്തവ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ആറ് മാസം കഴിയുമ്പോള്‍ തന്നെ ചികിത്സ തേടുന്നതാണ് നല്ലത്.

ചികിത്സ

വ്യക്ത്യധിഷ്ഠിതവും സമഗ്രവുമായ ആയുര്‍വേദ ചികിത്സാസമ്പ്രദായത്തിന്റെ അടിസ്ഥാനം, ത്രിദോഷസിദ്ധാന്തവും പഞ്ചഭൗതികത്വവുമാണ്. രോഗിയുടെ ശരീരപ്രകൃതി, രോഗോത്പാദന കാരണങ്ങള്‍, ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയ്ക്കനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. അതിനാല്‍ രോഗശമനൗഷധങ്ങള്‍ ഓരോ രോഗിയിലും വ്യത്യസ്തമായേക്കാം. ശരീരശുദ്ധി വരുത്തുന്ന ക്രിയാക്രമങ്ങള്‍ സാമാന്യമായി ചെയ്തുവരാറുണ്ട്. ചികിത്സയോടൊപ്പം ജീവിത ശൈലിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. ആഹാരം വിശപ്പിനനുസരിച്ച്, കൃത്യമായ ഇടവേളകളില്‍ കഴിക്കണം. അമിതാഹാരവും അല്പാഹാരവും നന്നല്ല. ശരിയായ ഉറക്കം, വിശ്രമം, മാനസികോല്ലാസം, വ്യായാമം എന്നിവയ്ക്കായി സമയം കണ്ടെത്തണം. പകലുറക്കം, രാത്രി അധികം സമയം ഉറക്കമിളച്ചിരിക്കല്‍, മലമൂത്ര വേഗങ്ങളെ  തടയല്‍ ഇവ പാടില്ല. മദ്യപാനം, പുകവലി എന്നീ ദുശ്ശീലങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

ആര്‍ത്തവശുദ്ധി ഗര്‍ഭധാരണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അമിതവേദന, പുകച്ചില്‍, വഴുവഴുപ്പ് എന്നിവയില്ലാതെ, മാസംതോറും ക്രമമായി വരുന്നതും കഴുകിയാല്‍ തുണികളില്‍ കറകള്‍ അവശേഷിപ്പിക്കാത്തതും ശുദ്ധാര്‍ത്തവ ലക്ഷണമെന്ന് ആയുര്‍വേദം വിവക്ഷിക്കുന്നു. ആര്‍ത്തവം ക്രമമല്ലാത്തവരില്‍ അണ്ഡോത്പാദനം വേണ്ടവിധത്തില്‍ നടക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ കൗമാരക്കാരില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വൈകാതെ ചികിത്സ തേടേണ്ടതാണ്.

സ്ത്രീകളില്‍ ഗര്‍ഭധാരണശേഷി 30 വയസ്സ് മുതല്‍ ക്രമേണ കുറയാന്‍ തുടങ്ങുന്നു. 35 വയസ്സിന് മുകളില്‍ അണ്ഡങ്ങളുടെ ഗുണത്തിലും എണ്ണത്തിലും കുറവ് കണ്ടുവരുന്നു. പ്രായം കൂടുംതോറും ഗര്‍ഭകാലരോഗങ്ങള്‍ക്കും പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കുമുള്ള സാധ്യത കൂടുതലാണ്. ആയുര്‍വേദം അനുശാസിക്കുന്ന ജീവിതചര്യയും ആര്‍ത്തവചര്യയും ശീലിക്കേണ്ടതും വൈദ്യനിര്‍ദേശപ്രകാരം രസായനങ്ങള്‍ വിധിപ്രകാരം ഉപയോഗിക്കേണ്ടതുമാണ്. അണ്ഡങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്താന്‍ ഇവ സഹായകമാവും. വെളുത്തുള്ളി, എള്ള്, മുതിര, ഉഴുന്ന്, എള്ളെണ്ണ, ചെറിയ മത്സ്യങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ശതപുഷ്പ, ശതാവരി തുടങ്ങിയ ഔഷധങ്ങളും ദേഹപ്രകൃതിക്കനുസരിച്ച്, വൈദ്യനിര്‍ദേശപ്രകാരം സേവിക്കുന്നത് നന്നായിരിക്കും.

പോളി സിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം: ആര്‍ത്തവ ക്രമക്കേടുകള്‍ക്കും വന്ധ്യതയ്ക്കുമുള്ള പ്രധാന കാരണമാണ് പി.സി.ഒ.എസ്. കൗമാരപ്രായക്കാരില്‍ ആര്‍ത്തവ ക്രമക്കേടുകള്‍, അമിത രോമവളര്‍ച്ച എന്നീ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍, പി.സി.ഒ.എസ്. വാത-കഫ പ്രധാനമായ രോഗമാണ്. ഉദ്വര്‍ത്തനം, വമനം, വിരേചനം, വസ്തികള്‍ എന്നീ ചികിത്സകള്‍ ഈ അവസ്ഥയില്‍ ഫലപ്രദമാകുന്നു. ചികിത്സയോടൊപ്പം ചിട്ടയായ വ്യായാമവും ശരിയായ ഭക്ഷണക്രമവും ശീലമാക്കണം.

എന്‍ഡോമെട്രിയോസിസ്: ആര്‍ത്തവത്തോടനുബന്ധിച്ച് ഉണ്ടാകുന്നതും തുടര്‍ന്നുനില്‍ക്കുന്നതുമായ അസഹനീയമായ വേദനയാണ് എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളില്‍ പ്രധാനം. ശാരീരികബന്ധത്തിലും അസഹനീയമായ വേദന ചിലരില്‍ കാണപ്പെടുന്നുണ്ട്. വാതശമനമായ ഔഷധങ്ങളാണ് ഇവരില്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. അവഗാഹസ്വേദം, ഉത്തരവസ്തി എന്നിവയും രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായകമാവുന്നു. നീണ്ടുനില്‍ക്കുന്ന ചികിത്സയും നിരീക്ഷണവും ഇവരില്‍ ആവശ്യമായിവരാം. ഗര്‍ഭധാരണശേഷം ഗര്‍ഭസ്ഥാപനൗഷധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ തുടരുന്നത്, ഇത്തരക്കാരില്‍ ഗര്‍ഭം അലസിപ്പോകുന്നത് തടയാന്‍ ഉപകരിക്കും.

അണ്ഡവാഹിനിക്കുഴലിനെ ബാധിക്കുന്ന രോഗങ്ങള്‍: ബീജസങ്കലനം നടക്കുന്നത് അണ്ഡവാഹിനിക്കുഴല്‍ ആയതിനാല്‍ ഇവയിലുണ്ടാകുന്ന തടസ്സങ്ങള്‍, ഒട്ടിപ്പിടിക്കല്‍, അണുബാധകള്‍ എന്നിവ വന്ധ്യതയ്ക്ക് കാരണമാകും. ഔഷധസംസ്‌കൃതമായ തൈലങ്ങള്‍കൊണ്ടുള്ള ഉത്തരവസ്തിയും മറ്റു ചികിത്സകളും ഇത്തരം വന്ധ്യതയില്‍ ഫലം തരുന്നവയാണ്.

തുടര്‍ച്ചയായ ഗര്‍ഭമലസല്‍: ജനിതകകാരണങ്ങള്‍, തൈറോയ്ഡ് മുതലായ അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനവൈകല്യം, ഗര്‍ഭാശയത്തിന്റെ ഘടനാപ്രശ്നങ്ങള്‍ എന്നിവയെല്ലാം തുടര്‍ച്ചയായ ഗര്‍ഭമലസലിന് കാരണമാകാം. ഇത്തരം അവസ്ഥകളില്‍ ദമ്പതിമാര്‍ രണ്ടുപേരും ചികിത്സയ്ക്കു വിധേയരാകേണ്ടതാണ്. തിരുതാളി, പേരാല്‍മൊട്ട് എന്നീ ഔഷധങ്ങളുടെ ഉപയോഗവും കൃത്യമായ ഗര്‍ഭിണീപരിചര്യയും ആരോഗ്യത്തോടെ ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ സഹായകമാവുന്നു.

വന്ധ്യതയുടെ കാര്യത്തില്‍ പലരും ഏറെ വൈകിയാണ് ആയുര്‍വേദ ചികിത്സയ്ക്കായി എത്തുന്നത്. അവരില്‍ പോലും മികച്ച ഫലങ്ങള്‍ സാധ്യമാക്കാന്‍ ആയുര്‍വേദ കോളേജുകളില്‍ നടക്കുന്ന പഠനങ്ങളും ഗവേഷണങ്ങളും സഹായിക്കുന്നുണ്ട്.

കൃത്രിമ ഗര്‍ഭധാരണത്തിനുവേണ്ടി സജ്ജമാക്കല്‍

ആന്റി മുള്ളേറിയന്‍ ഹോര്‍മോണിന്റെ അളവിലുള്ള ഗണ്യമായ കുറവ്, ഗര്‍ഭാശയസ്തരത്തിന്റെ കട്ടിയില്ലായ്മ, ഗര്‍ഭാശയത്തിലേക്കുള്ള രക്തചംക്രമണക്കുറവ്, ബീജങ്ങളുടെയും അണ്ഡങ്ങളുടെയും ഗുണനിലവാരമില്ലായ്മ, അമതമാനസിക സമ്മര്‍ദം എന്നിവയെല്ലാം ഗര്‍ഭാശയത്തില്‍ ഭ്രൂണം പറ്റിപ്പിടിച്ചു വളരുന്നതിനെ പ്രതികൂലമായി ബാധിക്കാം. സ്‌നേഹപാനം, നസ്യം, ശിരോധാര, യാപനവസ്തി മുതലായ ചികിത്സകള്‍ വഴി ബീജങ്ങളുടെയും അണ്ഡങ്ങളുടെയും ഗുണം വര്‍ധിപ്പിക്കാനും സ്ത്രീശരീരത്തെ ഗര്‍ഭധാരണത്തിന് സജ്ജമാക്കി ഭ്രൂണത്തെ തിരസ്‌കരിക്കുന്നത് തടയാനും സഹായിക്കും. തത്ഫലമായി കൃത്രിമ ഗര്‍ഭധാരണത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കാന്‍ കഴിയുമെന്നത് ആശ്വാസകരമാണ്.

(കണ്ണൂര്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര-സ്ത്രീരോഗ വിഭാഗം പ്രൊഫസറും ഹെഡുമാണ് ലേഖിക)

Content Highlights: Infertility management in Ayurveda, Ayurvedic Treatment for Infertility in Female, Health, Pregnancy, Women's Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്