Image: Twitter
കൊച്ചി: ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഇന്ത്യൻ നാവികസേനയുടെ ദക്ഷിണ നാവിക കമാൻഡിലെ ഡൈവിങ് സ്‌കൂൾ 'ഓക്‌സിജൻ റീസൈക്ലിങ് സിസ്റ്റം (ഒ.ആർ.എസ്.) വികസിപ്പിച്ചു.
ഉച്ഛ്വാസ വായുവിൽനിന്നുള്ള ഓക്സിജൻ വേർതിരിച്ചെടുത്ത് പുനരുപയോഗിക്കുന്ന സംവിധാനമാണ് ക്ലിനിക്കൽ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നത്.
ദക്ഷിണ നാവിക കമാൻഡ് ഡൈവിങ് സ്കൂളിലെ ലഫ്. കമാൻഡർ മായങ്ക് ശർമയാണ് ഉപകരണം രൂപകല്പന ചെയ്തത്.
മാർച്ച് ആറിന് സംയുക്ത സൈനിക കമാൻഡർമാരുടെ യോഗത്തിൽ പ്രധാനമന്ത്രിക്ക് മുന്നിൽ ഇതിന്റെ ചെറുമാതൃക അവതരിപ്പിച്ചിരുന്നു.
ഏപ്രിൽ 21-ന് പ്രവർത്തന മാതൃക തയ്യാറായി. നീതി ആയോഗിന്റെ നിർദേശപ്രകാരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യഘട്ട പരീക്ഷണം നടത്തി. 10,000 രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഓക്സിജൻ സിലിൻഡർ ഉപയോഗിക്കുന്നവർക്ക് ദിവസം 3000 രൂപയെങ്കിലും ലാഭിക്കാൻ ഉപകരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒ.ആർ.എസിന് പേറ്റന്റിനു വേണ്ടി അപേക്ഷിച്ചിട്ടുമുണ്ട്.
പ്രവർത്തനം ഇങ്ങനെ
ഒരു രോഗി ഓക്സിജൻ മാസ്കിലൂടെ ശ്വസിക്കുന്ന ഓക്സിജന്റെ ചെറിയ ഭാഗം മാത്രമേ ശ്വാസകോശത്തിലെത്തുന്നുള്ളു. ബാക്കി കാർബൺ ഡയോക്സൈഡിനൊപ്പം പുറന്തള്ളുകയാണ്.
ഉച്ഛ്വാസ വായു, ഒരു പൈപ്പിലൂടെ ‘ഒ.ആർ.എസ്.’ ഉപകരണം വലിച്ചെടുക്കും.
ഈ വായു ശുദ്ധീകരിച്ച്, അണുമുക്തമാക്കിയ ശേഷം ഓക്സിജൻ മാസ്കിൽത്തന്നെ തിരിച്ചെത്തിക്കും. വാൽവുള്ള രണ്ട് പൈപ്പുകൾ വഴിയാണ് ഉപകരണത്തെയും ഓക്സിജൻ മാസ്കിനെയും ബന്ധിപ്പിക്കുക.
ശുദ്ധീകരിച്ച ഓക്സിജൻ മാസ്കിലെത്തുന്നതിനാൽ, സിലിൻഡറിൽ നിന്നുള്ള ഓക്സിജൻ കുറച്ചു മാത്രം ഉപയോഗിച്ചാൽ മതിയാകും.
Content Highlights: Indian Navy, Oxygen Recycling System, Covid19, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..