'ടേസ്റ്റ് ബഡ്‌സ്' പദ്ധതിയുടെ ഭാഗമായി സമൂഹ അടുക്കളയിൽ നിന്നുള്ള ഭക്ഷണം കൈമാറുന്നു
കോവിഡ് കാലത്താണ് സമൂഹ അടുക്കള എന്ന ആശയത്തിന്റെ ഗുണങ്ങള്‍ നാം മനസ്സിലാക്കിയത്. എന്നാല്‍ ഇന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം ആളുകള്‍ക്ക് മികച്ച വരുമാനവും നേടിക്കൊടുക്കുന്ന സംരംഭമാണ് ഇത്തരം സമൂഹ അടുക്കളകള്‍.
ഡോക്ടര്‍മാര്‍ക്കിടയില്‍ ഇത്തരമൊരു സംവിധാനം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച്. നഗരത്തിലെ നൂറോളം ഡോക്ടര്‍മാരുടെ വീടുകളിലേക്കാണ് രാവിലെ ഏഴുമണിക്ക് മുന്‍പായി പ്രഭാതഭക്ഷണം എത്തിക്കുന്ന ' ടേസ്റ്റ് ബഡ്‌സ്' എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.
മിക്ക ആശുപത്രികളിലും ഡോക്ടര്‍മാരുടെ ഡ്യൂട്ടി രാവിലെ എട്ടുമണിക്ക് ആരംഭിക്കും. ഭക്ഷണം തയ്യാറാക്കലും അടുക്കള ക്ലീനിങ്ങും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ത്ത് കൃത്യസമയത്ത് ഡ്യൂട്ടിക്കെത്താന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. ഇതോടെ പലരും ഭക്ഷണം കഴിക്കാതെ ജോലിക്ക് പോകുന്ന അവസ്ഥയുണ്ടാകുന്നു. സ്‌കൂളില്‍ പോകുന്ന കുട്ടികളും ബുദ്ധിമുട്ടിലാകുന്നുണ്ട്. ആരോഗ്യത്തെ തന്നെ ബാധിക്കുന്ന കാര്യമാണിത്.
ഈ സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന ആശയം നടപ്പിലാക്കുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കിടയില്‍ ഒരു ആലോചന വന്നത്. അങ്ങനെയാണ് ഐ.എം.എയുടെ നേതൃത്വത്തില്‍ ജനുവരിയില്‍ കോഴിക്കോട് നഗരപരിധിയില്‍ 30 ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്കായി പദ്ധതി ആരംഭിച്ചത്.

കോഴിക്കോട് കാരപ്പറമ്പിലെ 'ലഞ്ച് ബോക്‌സ്' എന്ന സ്ത്രീകളുടെ കൂട്ടായ്മയായ കമ്മ്യൂണിറ്റി കിച്ചണിലാണ് വിഭവങ്ങള്‍ ഒരുക്കുന്നത്.
പൊതുവേ ഭക്ഷണം പായ്ക്ക് ചെയ്യാന്‍ അനാരോഗ്യകരമായ പ്ലാസ്റ്റിക് കവറുകളും അലുമിനിയം ഫോയിലും ഇലയും കടലാസുമൊക്കെയാണ് പല ഭക്ഷണ വിതരണക്കാരും ഉപയോഗിക്കാറുള്ളത്. എന്നാല്‍, ഇവിടെ ടിഫിന്‍ കാരിയര്‍ വഴിയാണ് ഭക്ഷണ വിതരണം. ഓരോ വീട്ടില്‍ നിന്നും രണ്ട് ടിഫിന്‍ കാരിയറുകളാണ് നല്‍കേണ്ടത്. ഒന്നില്‍ ഭക്ഷണം എത്തിച്ചാല്‍ അത് പിന്നീട് കഴുകി വൃത്തിയാക്കി അടുത്ത ദിവസം ഭക്ഷണമായെത്തുമ്പോള്‍ നല്‍കണം. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഇറാന്‍ഡോ എന്ന ഡെലിവറി പാര്‍ട്ണര്‍ വഴിയാണ് ഓരോ വീട്ടിലേക്കും ഭക്ഷണമെത്തിക്കുന്നത്.
ആഴ്ചയില്‍ ആറുദിവസമാണ് പ്രഭാത ഭക്ഷണം വീട്ടിലെത്തിക്കുന്നത്. ഞായറാഴ്ച ഈ സേവനം ഇല്ല. ആറു ദിവസവും ആറ് വ്യത്യസ്ത വിഭവങ്ങളാണ് വിതരണം ചെയ്യുക. ഐ.എം.എ. പോലൊരു സംഘടന ഇത്തരമൊരു സംവിധാനമൊരുക്കുമ്പോള്‍ ആ ഭക്ഷണം ആരോഗ്യകരമായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അതിനാല്‍ തന്നെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍ തുടങ്ങി എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ടുള്ള നാടന്‍ ഭക്ഷണമാണ് തയ്യാറാക്കി വിതരണം ചെയ്യുന്നതെന്ന് കോഴിക്കോട് ഐ.എം.എ. സെക്രട്ടറി ഡോ. ശങ്കര്‍ മഹാദേവന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ഭക്ഷണത്തോടൊപ്പം പഴങ്ങളും കോഴിമുട്ട പുഴുങ്ങിയതും ദിവസവും നല്‍കും. വെജിറ്റേറിയന്‍കാരാണെങ്കില്‍ വേവിച്ച പച്ചക്കറികള്‍ ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ വരുത്തും. പുട്ട്, ദോശ, ഇഡ്ഡലി, നൂല്‍പ്പുട്ട് തുടങ്ങിയ വിഭവങ്ങളാണ് നല്‍കുന്നത്.
ഡെലിവറി പാര്‍ട്ണര്‍ ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച് അതിരാവിലെ തന്നെ ഭക്ഷണവിതരണം ആരംഭിക്കും. മെഡിക്കല്‍ കോളേജ്, ചേവായൂര്‍, മലാപ്പറമ്പ്, വയനാട് റോഡ്, സിറ്റി ഭാഗങ്ങളിലേക്കാണ് വിതരണക്കാര്‍ എത്തുക.

ഒരു മാസത്തേക്കുള്ള ഭക്ഷണത്തിന്റെ വില മുന്‍കൂറായി വാങ്ങുന്നുണ്ട്. ഡെലിവറി പാര്‍ട്ണര്‍ക്കുള്ള സര്‍വീസ് ചാര്‍ജ് മാസാവസാനം നല്‍കും. കമ്മ്യൂണിറ്റി കിച്ചണില്‍ ജോലിചെയ്യുന്നവര്‍ക്കും സര്‍വീസ് വിഭാഗത്തിനുമാണ് ഈ പണം പൂര്‍ണമായും നല്‍കുന്നത്.
ഈ പദ്ധതി വഴി രാവിലത്തെ പാചകത്തിന്റെയും അടുക്കള വൃത്തിയാക്കലിന്റെയും തിരക്കുകള്‍ ഒഴിവാക്കാനും ഡോക്ടര്‍മാര്‍ക്ക് ആശുപത്രിയില്‍ മികച്ച സേവനം നല്‍കാനും സാധിക്കുമെന്നാണ് ഐ.എം.എ. പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം ജനുവരിയില്‍ 30 വീടുകളിലേക്കായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചത്. ഇതോടെ കൂടുതല്‍ ആവശ്യക്കാരെത്തി. ഇപ്പോള്‍ നൂറോളം വീടുകളാണ് പദ്ധതിയിലുള്ളത്. നിലവില്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഐ.എം.എ. ബ്രാഞ്ചുകളിലേക്ക് ഈ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വരുന്നുണ്ട്. പ്രഭാത ഭക്ഷണം കൂടാതെ ഉച്ചഭക്ഷണവും ഈ പദ്ധതിയിലൂടെ എത്തിക്കാനാകുമോയെന്നും അന്വേഷണങ്ങളുണ്ട്. അത് ഭാവിയിലേക്ക് പരിഗണിക്കുന്നുണ്ട്. കോഴിക്കോട് കൂടുതല്‍ ഡോക്ടര്‍മാരുടെ കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എം.എ. സെക്രട്ടറി ഡോ. ശങ്കര്‍ മഹാദേവന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
Content Highlights: Community Kitchen, Health, Healthy Food, Indian Medical Association
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..