പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ച് നിരവധി ആശങ്കകളും മിഥ്യാധാരണകളും ഇന്ന് സമൂഹത്തിലുണ്ട്. കുത്തിവെപ്പുകള്‍ക്ക് പിന്നാലെ വന്ന വിവാദങ്ങളും ചെറുതല്ല. ലോക ഇമ്മ്യൂണൈസേഷന്‍/വാക്‌സിനേഷന്‍ അവബോധ ദിനത്തില്‍ ഇന്‍ഫോക്ലിനിക്ക് പേജില്‍ ഡോ. നവ്യ തൈക്കാട്ടില്‍ എഴുതിയ കുറിപ്പ് വായിക്കാം. 

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഇന്നും ആദിമമായി ജീവിക്കുന്ന മനുഷ്യരുടെ; അവര്‍ വസിക്കുന്ന ഒറ്റപ്പെട്ട ദ്വീപുകളുടെ കഥകള്‍ എന്നും കൗതുകത്തോടെ മാത്രമേ നമുക്ക് വായിക്കാനാവൂ. ആന്‍ഡമാനിലെ സെന്റീനിലീസ് ദ്വീപുകളെ കുറിച്ച് വരുന്ന എന്തു വാര്‍ത്തയും അത് കൊണ്ടാണ് എല്ലാക്കാലവും അത്ഭുതപ്പെടുത്തുന്നതും.

ബാഹ്യലോകവും ആയി ബന്ധമില്ലാതെ ഇന്ന് അവശേഷിക്കുന്ന അവസാനത്തെ ജനതയായാണ് ഇവര്‍ കണക്കാക്കപ്പെടുന്നത്. കപ്പലോ, ബോട്ടോ തകര്‍ന്ന് ഈ ദ്വീപില്‍ എത്തിപ്പെടുന്നവരെ പോലും, ദ്വീപില്‍ കാലു കുത്തും മുന്‍പേ അമ്പെയ്ത് കൊലപ്പെടുത്തും ഇവിടുത്തെ നിവാസികള്‍. എന്തെങ്കിലും രീതിയിലുളള ഒരു ബന്ധം ഇവരുമായി സ്ഥാപിക്കാന്‍ എത്ര ശ്രമിച്ചിട്ടും, ആന്‍ഡമാന്‍ സര്‍ക്കാറിനോ മറ്റ് സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ സാധിച്ചില്ല. എന്നാല്‍ മധുമല ചട്ടോപാധ്യ എന്ന നരവംശ ശാസ്ത്രഞയ്ക്കാണ്, ആദ്യമായി 1991 ല്‍ ഇവരുടെ ആക്രമണമേല്‍ക്കാതെ, എന്തെങ്കിലും രീതിയിലുള്ള ഒരു ബന്ധം ഇവരുമായി സ്ഥാപിക്കാന്‍ സാധിച്ചത്. വളരെ രസകരമാണ് ആ ആദ്യ കണ്ടുമുട്ടലിന്റെ വിവരണം വായിക്കുവാന്‍ തന്നെ. വെള്ളത്തിലൂടെ ഒന്നൊന്നായി തേങ്ങകള്‍ ഒഴുക്കിവിട്ടാണ് ഇവര്‍ സൗഹൃദസൂചന ആദ്യം നല്‍കാന്‍ ശ്രമിച്ചത്. ദ്വീപ് നിവാസികള്‍, ആക്രമണത്തിനു മുതിരാതെ നീന്തി വന്ന് ഇവ ശേഖരിച്ചു. ഇതായിരുന്നു ആധുനിക മനുഷ്യരുമായി ഇവര്‍ നടത്തിയ ഏക സൗഹൃദപ്രകടനം. ആന്‍ഡമാന്‍ സര്‍ക്കാര്‍ വൈകാതെ ഈ ദ്വീപുകളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായി നിരോധിച്ചു. ദ്വീപിനു അഞ്ചു കിലോമീറ്റര്‍ അടുത്ത് പോലും ആരും പ്രവേശിക്കരുത് എന്ന നിരോധനം നിലവില്‍ വന്നു. എന്നിട്ടും രഹസ്യമായി ഇവിടെ എത്താന്‍ നോക്കിയ ഒരു ക്രിസ്ത്യന്‍ മിഷനറി, 2018ല്‍, നിവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ഈ ദ്വീപുകളേ കുറിച്ച് അവസാനമായി വന്ന വാര്‍ത്ത.

എന്ത് കൊണ്ടാണ് ഇങ്ങോട്ടുള്ള പ്രവേശനം നിരോധിക്കേണ്ടി വന്നത്? പ്രാക്തനമായി തുടരുന്ന ഒരു വംശത്തെ, മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടല്ല. ഇവരുടെ ആക്രമണസ്വഭാവം മാത്രം കണക്കിലെടുത്തുമല്ല. ഒരു നൂറ്റാണ്ട് മുന്‍പ്, ബ്രിട്ടീഷ് നാവികര്‍ സാഹസികമായി ഇവിടെ നിന്ന് 6 പേരെ പിടിച്ചു കൊണ്ടു പോയി പോര്‍ട്ട് ബ്ലെയറില്‍ എത്തിച്ചിരുന്നു. ഇവരുമായി ചങ്ങാത്തം സ്ഥാപിച്ച് ദ്വീപ് നിവാസികളുമായി അടുക്കുവാന്‍ ആയിരുന്നു ഈ ശ്രമം. വയസ്സു ചെന്ന ഒരു പുരുഷനും, ഒരു സ്ത്രീയും, നാലു കുഞ്ഞുങ്ങളെയുമാണ് ഇവര്‍ പുറത്തെത്തിച്ചത്. പക്ഷെ മുതിര്‍ന്നവര്‍ രണ്ടും പെട്ടെന്ന് തന്നെ മരണപ്പെട്ടു, കുഞ്ഞുങ്ങളെയും രോഗങ്ങള്‍ ബാധിച്ചതോടെ, പെട്ടെന്നു തന്നെ അവരെ ദ്വീപില്‍ തിരികെയെത്തിച്ചു. ധാരാളം സമ്മാനങ്ങളുമായാണ് അവരെ തിരിച്ചു കൊണ്ടാക്കിയതെങ്കിലും, തുടര്‍ന്നും, പുറം ലോകത്തിന്റെ ഏത് തരം ഇടപെടലുകളും നിവാസികള്‍ പ്രാകൃതമായി തന്നെ എതിര്‍ത്തു. മറ്റു ചില ഗോത്രങ്ങള്‍ക്ക് സംഭവിച്ചത് പോലെ, ബാഹ്യലോകത്തു നിന്നുള്ള രോഗങ്ങള്‍ ഈ വംശത്തെ തന്നെ ഉന്മൂലനം ചെയ്യുമോ എന്ന ഭയത്താലാണ് ഇത് നിരോധിത മേഖലയായ് പ്രഖ്യാപിക്കപ്പെട്ടത്.

വിര്‍ജിന്‍ പോപ്പുലേഷന്‍ (virgin population) എന്നത് സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ പ്രസക്തമായ ഒരു ആശയമാണ്. മുന്‍പ് ഒരു രോഗാണുവുമായി സമ്പര്‍ക്കം വരാത്ത ജനത. സ്വാഭാവിക പ്രതിരോധശേഷി ആര്‍ജ്ജിച്ചിട്ടിയില്ലാത്ത മനുഷ്യരുടെ പറ്റം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും, അമേരിക്കയിലേക്ക് കുടിയേറിയവര്‍ തങ്ങളോടൊപ്പം കൊണ്ടു വന്ന രോഗാണുക്കളാണ്, അവിടുത്തെ തനത് വംശജരെ തുടച്ചു നീക്കിയതെന്നാണ് അനുമാനം. ഒന്നിന് പിറകെ ഒന്നായി, വസൂരി മുതല്‍ അഞ്ചാം പനി വരെ, നല്ലൊരു ശതമാനം റെഡ് ഇന്ത്യന്‍ വംശജരെ കൂട്ടത്തോടെ ഇല്ലാതാക്കി. കന്നിമണ്ണില്‍ പടരുന്ന പകര്‍ച്ചവ്യാധികള്‍ (virgin soil epidemics) എന്നാണ് ഇവയെ വിളിക്കുന്നത്.

ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ളവരൊക്കെ, ചുറ്റുമുള്ള രോഗാണുക്കളുമായി നിരന്തര സംസര്‍ഗ്ഗത്തിലുള്ളവരായിരുന്നു. അത് കൊണ്ട്തന്നെ, ഏറിയതും കുറഞ്ഞതും, ഒളിഞ്ഞതും തെളിഞ്ഞതുമായ സ്വാഭാവിക അണുബാധയിലൂടെ, തങ്ങളുടെ ജീവിതകാലയളവില്‍ എപ്പോഴെങ്കിലും അവര്‍ പ്രതിരോധം ആര്‍ജിച്ചിരിക്കും. ഒറ്റപ്പെട്ട സമൂഹങ്ങളില്‍ ഈ സ്വാഭാവികമായി ആര്‍ജ്ജിച്ചെടുത്ത പ്രതിരോധം ഉണ്ടാവുകയില്ല.

ഇന്ന് പലപ്പോഴും ലാഘവത്തോടെ മാത്രം നാം കാണുന്ന അഞ്ചാംപനി, പത്തൊന്‍പതാം നൂറ്റാണ്ടില്‍, ഫിജി ദ്വീപുകളില്‍ മൂന്നിലൊന്നു മനുഷ്യരെ മൂന്നു മാസം കൊണ്ടാണ് ഉന്മൂലനം ചെയ്തത്. ഇതേ കാലഘട്ടത്തില്‍ ഇതെ രോഗം മൂലം, ഹവായിയന്‍ ദ്വീപിലും, അവിടുത്തെ രാജവംശമടക്കം, ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം പേര്‍ മണ്മറഞ്ഞു പോയിരുന്നു. ഇതെല്ലാം വിര്‍ജിന്‍ സോയില്‍ എപിഡെമിക്കുകള്‍ പോലെ തന്നെയായിരുന്നു.

കാലം മാറി. മിക്ക രാജ്യങ്ങളിലെയും ശുചിത്വവും, ജീവിതനിലവാരവും നന്നേ പുരോഗമിച്ചു. പകര്‍ച്ചവ്യാധികള്‍ ഗണ്യമായി കുറഞ്ഞത് മൂലം മരണനിരക്ക് താഴ്ന്നു. രോഗാവസ്ഥയിലൂടെ കടന്ന് പോവാതെ തന്നെ, ആര്‍ജ്ജിത പ്രതിരോധം നേടാന്‍ പ്രതിരോധകുത്തിവെപ്പുകള്‍ സഹായിച്ചു. പ്രതിരോധകുത്തിവെപ്പുകളുടെയും ആന്റിബയോടിക്കുകളുടെയും സഹായത്തോടെ, മനുഷ്യരെ കൊന്നൊടുക്കിയിരുന്ന പല സൂക്ഷ്മാണുക്കളെയും ഒരു പരിധി വരെ അകറ്റിനിര്‍ത്തുവാന്‍ നമ്മുക്ക് സാധിക്കുന്നു.

എന്നാല്‍ ഈ ആധുനിക കാലഘട്ടത്തിലും, നമ്മുടെ ഇടയില്‍ തന്നെ 'വിര്‍ജിന്‍ പോപ്പുലേഷനു'കള്‍ രൂപം കൊള്ളുന്നുണ്ടെന്നത് വളരെ നിര്‍ഭാഗ്യകരമാണ്. പ്രതിരോധ കുത്തിവെപ്പുകളോട് വിമുഖത കാണിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോള്‍, 'വിര്‍ജിന്‍' ജനതകള്‍ ഉടലെടുക്കുന്നു.

ലളിതമായ ഒരുദാഹരണമെടുക്കാം. വസൂരി നമ്മള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തുവല്ലോ. ആ രോഗാണുവിന്റെ സാന്നിധ്യം ഇന്ന് നമ്മുടെ സമൂഹത്തില്‍ ഇല്ലാത്തത് കൊണ്ട് തന്നെ, നാല്‍പതോളം വര്‍ഷങ്ങളായി നമ്മള്‍ വസൂരിയുടെ വാക്‌സിനുകള്‍ ലോകത്തെവിടെയും നല്‍കുന്നില്ല. ആവശ്യമില്ല എന്നത് കൊണ്ടാണത്. ലോകത്തെവിടെയെങ്കിലും വസൂരിയുടെ വൈറസ് വീണ്ടും പ്രത്യക്ഷപ്പെട്ടു എന്നു സാങ്കല്‍പികമായി ചിന്തിക്കുക. പണ്ടെടുത്ത, വസൂരിക്കുത്തിവെപ്പിന്റെ, ഇരുണ്ട് കുഴിഞ്ഞ വട്ടക്കല ഇടത് കയ്യില്‍ ഇല്ലാത്തവരൊക്കെ വസൂരിയെ സംബന്ധിച്ച് വിര്‍ജിന്‍ പോപ്പുലേഷനായി മാറും! നാല്‍പത് വയസ്സില്‍ താഴെയുള്ള, ഈ ഭൂഖണ്ഡത്തിലെ അന്‍പതു ശതമാനത്തിലധികം വരുന്ന മനുഷ്യരെക്കുറിച്ചാണ് ഈ പറഞ്ഞത്. കൃത്യമായി നേരിട്ടില്ലെങ്കില്‍, വസൂരിയ്‌ക്കെതിരെ തീര്‍ത്തും നിരായുധരായ യുവജനത,പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടാന്‍ അത് തന്നെ മതിയായേക്കാം.

പറഞ്ഞു വന്നത് മറ്റൊന്നുമല്ല. ഇന്നും പൂര്‍ണ്ണമായി നമ്മള്‍ നിര്‍മാര്‍ജ്ജനം ചെയ്യാത്ത, വസൂരിയല്ലാത്ത മാരകമായ രോഗാണുക്കള്‍ ലോകത്തിന്റെ പല കോണുകളിലുമുണ്ട്. ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് എത്തിപ്പെടാന്‍ അവയ്ക്ക് ഇക്കാലത്ത് ഏതാനും മണിക്കൂറികള്‍ മാത്രം മതി. അഞ്ചാം പനിക്കും ഡിഫ്തീരിയയക്കും, പോളിയോയ്ക്കുമെതിരിയൊക്കെ നമ്മള്‍ പ്രതിരോധകുത്തിവെപ്പുകള്‍ കൊണ്ട് കെട്ടിയ വന്‍മതിലുകള്‍ തകര്‍ത്തെറിയാന്‍, വാക്‌സിനേഷനെതിരെ മുഖം തിരിക്കുന്നവരാല്‍ നമ്മുടെ ഇടയില്‍ തന്നെ രൂപപ്പെടുന്ന 'വിര്‍ജിന്‍ പോപ്പുലേഷനുകള്‍' കാരണമാവും.

താന്‍ കണ്ടിട്ടുള്ള മനുഷ്യരില്‍ ഏറ്റവും കരുത്തുറ്റവര്‍ സെന്റീനിലീസ് ദ്വീപുകളിലുള്ളവരാണെന്നാണ് മധുമിത പറഞ്ഞത്. കേവലം കൈകളുടെ വശം കൊണ്ട് ഒരു കരിക്ക് രണ്ടായി പിളര്‍ക്കാന്‍ മാത്രം കരുത്തുള്ളവര്‍. പക്ഷെ, വിഷം പുരട്ടിയ അമ്പുകളും, ലോഹത്തില്‍ മുക്കിയ കുന്തങ്ങളും കൈവശം ഉള്ളപ്പോഴും അവര്‍ നിരായുധരാണ്, നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ഉഗ്രശത്രുക്കളുടെ മുന്‍പില്‍ അവര്‍ നിസ്സഹായരാണ്. ആധുനിക മനുഷ്യര്‍, ഈ ദ്വീപ് നിവാസികളെ പൊതിഞ്ഞു കെട്ടി സംരക്ഷിക്കുമ്പോഴും, തങ്ങളുടെ ഇടയിലും, കുത്തിവെപ്പുകളൊന്നുമെടുക്കാത്ത, നിരായുധരുടെ കൊച്ചു കൊച്ചു മനുഷ്യദ്വീപുകള്‍ ഉണ്ടാകുന്നുണ്ടെന്നു കൂടി ഓര്‍ക്കണം. ആ ദുര്‍ബല ദ്വീപുകള്‍ വലുതാവും തോറും, കൂട്ടായ പ്രതിരോധം (herd immunity) നമ്മുടെ രക്ഷയ്‌ക്കെത്തുകയില്ല എന്നും മനസ്സിലുണ്ടാവണം.

മാരകരോഗങ്ങള്‍ക്കെതിരെ തങ്ങള്‍ തന്നെ വികസിപ്പിച്ചെടുത്ത രക്ഷാകവചത്തില്‍ നിന്നും, സ്വയം തെന്നി മാറാന്‍ നോക്കുന പരിഷ്‌കൃതമനുഷ്യരാണ്, ഈ ദ്വീപ് നിവാസികളെക്കാള്‍ എന്നെ അത്ഭുദപ്പെടുത്തുന്നത്...

Content Highlights: Importance of vaccination, vaccination awareness, Immunisation awareness,  diphtheria  vaccination