കേരളത്തിൽ കൊറോണ വെെറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. ഇവയെ ചെറുക്കാൻ നിലവിൽ ഉപയോ​ഗിക്കുന്ന ഒറ്റ മാസ്ക് മതിയാവില്ലെന്നും ഡബിൾ മാസ്ക് ഉപയോ​ഗിക്കുന്നത് നല്ലതാണെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ  വാർത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. 

2021 ഫെബ്രുവരിയിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) ആണ് ഇത്തരത്തിൽ ഡബിൾ മാസ്ക് എന്ന പുതിയ മാർ​ഗനിർദേശം കൊണ്ടുവന്നത്. മാസ്ക് ഫിറ്റായി ധരിക്കുന്നതുവഴി വായു ചോർന്നുപോകുന്നത് തടയാനും മാസ്കിന്റെ എണ്ണം കൂട്ടി ഫിൽട്രേഷൻ മെച്ചപ്പെടുത്താനുമാണ് ഈ രീതി ശുപാർശ ചെയ്തത്. ഇരട്ട മാസ്ക് ഉപയോ​ഗിക്കുന്നതു വഴി രോ​ഗം ബാധിച്ച വ്യക്തിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും വെെറസ് നിറഞ്ഞ വായുവോ സ്രവമോ പുറത്തേക്ക് പടരാതെ തടയാനാകും. ഒപ്പം ഇത്തരത്തിൽ വെെറസ് അടങ്ങിയ വായുവോ സ്രവമോ നിങ്ങളിലേക്കെത്തുന്നത് തടയാനും സാധിക്കും. 

മാസ്ക് ധരിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
1) മാസ്ക് ഫിറ്റായി ധരിക്കൽ
2) ഡബിൾ മാസ്ക് ഉപയോ​ഗം

മാസ്ക് ഫിറ്റായി ധരിക്കൽ

ഉപയോ​ഗിക്കുന്ന വ്യക്തിയുടെ മുഖത്തോട് പരമാവധി ചേർന്നുനിൽക്കുന്ന രീതിയിൽ മാസ്ക് ധരിക്കണം. 

Knotting and Tucking mask
Image Courtesy: CDC

മാസ്ക് മുഖത്തിന് ശരിയായ രീതിയിൽ ഫിറ്റ് അല്ലാതെ ധരിച്ചാൽ മാസ്ക്കിനും മുഖത്തിനും ഇടയിൽ വിടവ് ഉണ്ടാവുകയും ഇത് മാസ്കിന്റെ വശങ്ങളിലൂടെ വായു അകത്തേക്കും പുറത്തേക്കും പോകാൻ ഇടയാക്കും. കൃത്യമായ ഫിറ്റുള്ള മാസ്ക് ധരിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. 

മാസ്ക് ഫിറ്റായി നിൽക്കാൻ ചില കാര്യങ്ങൾ ചെയ്യാം 

  • നോസ് വയർ (Nose wire) ഉള്ള മാസ്ക് ഉപയോ​ഗിക്കാം. മൂക്കിന് മുകളിൽ അമർത്തിവെക്കാവുന്ന കനംകുറഞ്ഞ ലോഹകമ്പി ഉള്ള മാസ്ക് ആണിത്. ഇത് ധരിച്ച് ഇതിന് മുകളിലായി കണ്ണട വെച്ചാൽ മാസ്ക് ഉപയോ​ഗിക്കുമ്പോൾ കണ്ണടയിൽ മൂടിക്കെട്ടലുണ്ടാവുന്ന അവസ്ഥയുണ്ടാവില്ല. 
  • മാസ്ക് ഫിറ്റർ/ ബ്രേസസ് ഉപയോ​ഗിക്കാം. ഇത് തുണി മാസ്ക്കുകളുടെ മുകളിലും സർജിക്കൽ മാസ്ക്കുകളുടെ മുകളിലും ഉപയോ​ഗിച്ചാൽ മാസ്ക് മുഖത്ത് ഫിറ്റായി ഇരിക്കും. 
  • സർജിക്കൽ മാസ്ക് ധരിക്കുമ്പോൾ ചെവിയിൽ കൊളുത്തുന്ന വള്ളിയുടെ മാസ്കിന്റെ അറ്റത്തെ ഭാ​ഗം കുടുക്കിട്ട് മാസ്കിന്റെ വശങ്ങൾ വലിച്ച് കെട്ടുക (Knotting and Tucking).  കവിളിനോട് ചേർന്നിരിക്കുന്ന ഭാ​ഗത്ത് വിടവ് വരാതിരിക്കാൻ ഇത് സഹായിക്കും.  ഇതുവഴി 77 ശതമാനം അണുക്കളെയും തടയാനാകും. കെട്ടിടാത്ത (Unknotted) സർജിക്കൽ മാസ്ക് ഉപയോ​ഗിക്കുന്നതു വഴി 56.1 ശതമാനം അണുക്കളെയും  തുണിമാസ്ക് ധരിക്കുന്നതു വഴി 51.4 ശതമാനം അണുക്കളെയും മാത്രമാണ് തടയുന്നത്. 

ഡബിൾ മാസ്ക് ധരിക്കാം

ഒന്നിന് മുകളിൽ ഒന്നായി രണ്ട് മാസ്കുകൾ ധരിക്കുമ്പോൾ മാസ്കിന്റെ ഫിൽട്രേഷനുള്ള കഴിവ് മെച്ചപ്പെടുന്നു. ഇതുവഴി വെെറസ് കലർന്ന സ്രവം അകത്തേക്കും പുറത്തേക്കും പോകുന്നത് തടയാൻ സഹായിക്കുന്നു. രോ​ഗമുള്ളയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോ​ഗം പകരാതിരിക്കാനും മറ്റുള്ളവരിൽ നിന്ന് രോ​ഗം പടരാതിരിക്കാനും ഇത് സഹായിക്കും. ഇത്തരത്തിൽ ഡബിൾ മാസ്ക് ധരിക്കുന്നത് വഴി 85.4 ശതമാനം അണുക്കളെയും തടയാനാകും. 

double mask
Image Courtesy: CDC

ചെയ്യേണ്ടത് ഇങ്ങനെ

  • സർജിക്കൽ മാസ്ക്ക് ധരിച്ച് അതിന് മുകളിൽ തുണി മാസ്ക് ധരിക്കുക. 

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

  • രണ്ട് സർജിക്കൽ മാസ്ക്കുകൾ ഒന്നിച്ച് ഡബിൾ മാസ്ക് ആയി ഉപയോ​ഗിക്കരുത്.
  • രണ്ട് തുണി മാസ്ക് ഒന്നിച്ച് ഡബിൾ മാസ്ക് ആയി ഉപയോ​ഗിക്കരുത്. 
  • എൻ 95 മാസ്കും മറ്റ് മാസ്കും കൂടി ഡബിൾ മാസ്ക് ആയി ഉപയോ​ഗിക്കരുത്. 

എൻ 95 മാസ്ക് ​ഗോൾഡ് സ്റ്റാൻഡേർഡ് മാസ്ക് ആണ്. ഇത് മുഖത്തെ കൃത്യമായി അടച്ച് സംരക്ഷിക്കും. ഒപ്പം 95 ശതമാനം അണുക്കളെയും ഫിൽട്ടർ ചെയ്യും. അതിനാൽ തന്നെ ഡബിൾ മാസ്ക് ഉപയോ​ഗിക്കേണ്ട കാര്യമില്ല. 

മാസ്ക് ശരിയായ രീതിയിലാണോ ധരിച്ചിരിക്കുന്നത്?

  • കൃത്യമായി മാസ്ക് മുഖത്തോട് ചേർന്നിരുന്നാൽ ശ്വാസം അകത്തേക്കെടുക്കുമ്പോഴും പുറത്തേക്ക് വിടുമ്പോഴും അതിനനുസരിച്ച് മാസ്കിനും ചലനമുണ്ടാകും. 
  • മാസ്ക് ധരിച്ച് കണ്ണട വെക്കുമ്പോൾ കണ്ണടയിൽ ഈർപ്പം നിറഞ്ഞ് കാഴ്ചമറയുന്നുണ്ടെങ്കിൽ മാസ്കിന് പുറത്തുകൂടെ ശ്വാസം പുറത്തുപോകുന്നുണ്ട് എന്നാണ്. അതായത് ശരിയായ രീതിയിൽ അല്ല മാസ്ക് ധരിച്ചിരിക്കുന്നത് എന്നർഥം. 

Content Highlights: How to use Double Mask to protect against Covid19 Corona Virus, Health, Covid19, Double Mask