മീറ്റേര്‍ഡ് ഡോസ് ഇന്‍ഹേലറുകളാണ് പൊതുവേ സ്‌പ്രേ ഇന്‍ഹേലര്‍ എന്നറിയപ്പെടുന്നത്. ഇവ കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പൂര്‍ണ ഫലം ലഭിക്കൂ. സ്‌പ്രേ ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്. 

  • ഇന്‍ഹേലര്‍ ശക്തിയായി കുലുക്കുക. തുടര്‍ന്ന് അടപ്പ് തുറക്കുക.
  • തല അല്പം പിറകിലേക്ക് ചെരിച്ച് ശ്വാസം പൂര്‍ണമായും പതുക്കെ പുറത്തേക്ക് വിടുക.
  • ഇന്‍ഹേലറിന്റെ മൗത്ത്പീസ് വായ്ക്കുള്ളിലേക്ക് വെച്ച് ചുണ്ടുകള്‍ ചേര്‍ത്ത് പിടിക്കുക.
  • ഉപകരണത്തിലെ മരുന്നുകുറ്റിയുടെ അറ്റത്ത് വിരല്‍ കൊണ്ട് അമര്‍ത്തുക. ഒപ്പം ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക. 
  • പത്തു സെക്കന്‍ഡ് ശ്വാസം പുറത്തേക്ക് വിടാതെ പിടിച്ചുനിര്‍ത്തുക.
  • രണ്ടാമത്തെ ഡോസ് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ രണ്ടോ മൂന്നോ മിനിറ്റുകള്‍ക്കു ശേഷം ഇതുപോലെ വീണ്ടും ചെയ്യുക. 

കുട്ടികള്‍ക്ക് ഉപയോഗിക്കാം സ്‌പേസര്‍ 
കുട്ടികള്‍, പ്രായമേറിയവര്‍, അസുഖം കൂടുതലുള്ളവര്‍ തുടങ്ങിയവര്‍ക്ക് ചിലപ്പോള്‍ ഇത് ശരിയായി ചെയ്യാന്‍ സാധിക്കണമെന്നില്ല. അവര്‍ക്ക് സ്‌പ്രേയോടൊപ്പം സ്‌പേസര്‍ എന്ന ഉപകരണം കൂടി ഘടിപ്പിച്ച് ഇന്‍ഹേലര്‍ ശരിയായി ഉപയോഗിക്കാനാകും. സ്‌പ്രേ സ്‌പേസറില്‍ ഘടിപ്പിച്ചതിനുശേഷം മരുന്നുകുറ്റി അമര്‍ത്തുമ്പോള്‍ മരുന്ന് സ്‌പേസറിന് അകത്ത് തങ്ങുന്നു. ഇതില്‍ നിന്ന് രോഗിക്ക് മരുന്ന്, സ്‌പേസറിന്റെ മൗത്ത്പീസിലൂടെ സാവധാനം വലിച്ചെടുക്കാന്‍ കഴിയും. 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: how to use an Inhaler, asthma, health