കൊല്ലം: പാമ്പിന്‍വിഷത്തിന് പച്ചമരുന്നല്ല ചികിത്സ, പ്രതിവിഷം തന്നെയാണ്. ലോകത്തെല്ലായിടത്തും പാമ്പുവിഷബാധയ്ക്ക് പലതരം പച്ചമരുന്നുകള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഒന്നും ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ പാമ്പുകടിയേറ്റാല്‍ ഒരു പരീക്ഷണത്തിന് നില്‍ക്കാതെ അടുത്തുള്ള ആശുപത്രിയെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്.

പ്രതിവിഷം ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കും. അതിനു മരുന്നുമുണ്ട്. എല്ലാ വിഷപ്പാമ്പിനുംകൂടി ഒറ്റ പ്രതിവിഷമാണ് കൊടുക്കുക. വിഷബാധയുണ്ട് എന്ന് ഉറപ്പുണ്ടെങ്കിലേ കൊടുക്കൂ. പ്രതിവിഷം ശരീരത്തില്‍ വിഷത്തെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. വിഷം നാഡിയെയോ വൃക്കയെയോ രക്തത്തെയോ തകരാറിലാക്കിയിട്ടുണ്ടെങ്കില്‍ വെന്റിലേറ്റര്‍, ഡയാലിസിസ് മുതലായ പ്രത്യേക ചികിത്സ വേണ്ടിവരാം.

അവകാശവാദങ്ങള്‍ക്കുപിന്നില്‍

കടിക്കുന്ന എല്ലാ പാമ്പുകളും വിഷമുള്ളവയാവണമെന്നില്ല. ഇനി പാമ്പ് വിഷമുള്ളതായാലും കടിക്കുമ്പോള്‍ എല്ലായ്‌പോഴും വിഷം ശരീരത്തിലേക്ക് ഏല്‍ക്കണം എന്നില്ല. ഇതിനെ 'ഡ്രൈ ബൈറ്റ്‌സ്' എന്നാണ് പറയുന്നത്. ഇത്തരം കേസുകളില്‍ ചികിത്സയുടെ ആവശ്യമില്ലാതെതന്നെ രോഗി സുഖം പ്രാപിക്കും. നാട്ടുചികിത്സയുടെ ഫലമാണിതെന്ന് ധാരണ പരക്കും.

എല്ലാ പാമ്പുകടികളും വിഷമുള്ളവയുടേതാകണമെന്നില്ല. ഈയടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പഠനത്തില്‍നിന്നു മനസ്സിലായത്, പാമ്പുകടികളില്‍ നാലിലൊന്ന് വിഷമില്ലാത്ത പാമ്പുകളില്‍നിന്നാണ് എന്നാണ്. പാമ്പുകടിയേറ്റാല്‍ പ്രതിവിഷ ചികിത്സയാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളത്. ഈ ചികിത്സാ രീതികൊണ്ട് പാമ്പുകടിയേറ്റുള്ള മരണനിരക്ക് അമ്പതു ശതമാനത്തില്‍നിന്ന് അഞ്ചുവരെയായി കുറഞ്ഞിട്ടുണ്ട്.

പാമ്പ് കടിച്ചാല്‍

വിഷം ശരീരത്തില്‍ പടരുന്നത് കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ലിംഫ് സിസ്റ്റവും ചെറിയ രക്തക്കുഴലുകളും വഴി പതുക്കെയാണ് വിഷം പടരുക. നാലിഞ്ച് വീതിയുള്ള പരുപരുത്ത തുണി (പട്ടീസ്) ഉപയോഗിച്ച് മുറിവു കെട്ടാം. ലിംഫിന്റെ ഒഴുക്കിനെ തടയുകയും രക്തയോട്ടം നിലനിര്‍ത്തുകയുമാണ് ലക്ഷ്യം. പതിയെ കടിയേറ്റ ഭാഗത്തുനിന്നു തുടങ്ങി, മുഴുവന്‍ കാലോ കൈയോ പൊതിയാം. അയവില്‍ വേണം പൊതിയാന്‍.

മുറിവില്‍ ഐസ്, 'വിഷക്കല്ല്', പൊട്ടാസ്യം പെര്‍മാംഗനേറ്റ് എന്നിവ പുരട്ടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. മുറിവായില്‍നിന്ന് രക്തമൂറ്റി കളഞ്ഞതുകൊണ്ടും കാര്യമില്ല. വിഷം അത്തരത്തില്‍ ശരീരത്തില്‍നിന്ന് പോകില്ല. മുറിവേറ്റഭാഗം നീരുവന്ന് തടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആഭരണങ്ങളും ഇറുകിയ വസ്ത്രവും അഴിച്ചുമാറ്റണം.

കടിയേറ്റയാള്‍ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഉചിതം. ഛര്‍ദിച്ചാല്‍ ശ്വാസകോശത്തിനുള്ളില്‍ പോകാതെ രോഗി സുരക്ഷിതനായിരിക്കും.

പാമ്പുകടിയേറ്റയാള്‍ക്ക് ആദ്യം വേണ്ടത് അടിയന്തര പരിശോധനയും ശുശ്രൂഷയും പ്രതിവിഷം കുത്തിവെപ്പുമാണ്. മറ്റെന്തും ഭാഗ്യപരീക്ഷണമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. രാജീവ് ജയദേവന്‍, ഐ.എം.എ. കൊച്ചി

Content Highlights: how to treat a snake bite