മുതിര്‍ന്നവരില്‍ ഹൈപ്പോതൈറോയ്ഡിസം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം തൈറോയ്‌ഡൈറ്റിസാണ്. കുറച്ചുപേരില്‍ തൈറോയ്‌ഡൈറ്റിസ് അല്പകാലമേ നീണ്ടുനില്‍ക്കൂ. ഒന്നുരണ്ടുവര്‍ഷം ശരീരം തൈറോയ്ഡിന് എതിരായി പ്രവര്‍ത്തിക്കും. ആ കാലഘട്ടം കഴിഞ്ഞാല്‍ അത് തനിയെ നില്‍ക്കും. ഈ ഘട്ടത്തില്‍ മരുന്ന് നിര്‍ത്താം. ഒരു മാസം മുതല്‍ ഒന്നോ രണ്ടോ വര്‍ഷം വരെ ഇതിന് സമയമെടുക്കും. 

ചില കേസുകളില്‍ രോഗം കഠിനമായിരിക്കും. അവരില്‍ തൈറോയ്ഡ് ഗ്രന്ഥി പൂര്‍ണമായും നശിച്ചുപോകും. അപ്പോള്‍ ഹോര്‍മോണ്‍ ഉത്പാദനം ഉണ്ടാവുകയില്ല. സ്ഥിരമായി മരുന്ന് കഴിക്കുകയാണ് പ്രതിവിധി. രോഗം തുടങ്ങിയ ശേഷം നടത്തുന്ന ഓരോ പരിശോധനയിലും കഴിക്കേണ്ട മരുന്നിന്റെ അളവ് കൂട്ടേണ്ടി വരുകയാണെങ്കില്‍ അതിനര്‍ഥം രോഗം ഭേദമാകുന്നില്ലെന്നാണ്. മരുന്നിന്റെ ഡോസ് കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നുണ്ടെങ്കില്‍ രോഗം ഭേദമാകുന്നുണ്ടെന്ന് മനസിലാക്കാം. 

ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരിലും മുഴയുള്ളവരിലും പ്രശ്‌നപരിഹാരത്തിനായി ചിലപ്പോള്‍ ഗ്രന്ഥി നീക്കേണ്ടി വരാറുണ്ട്. ഇങ്ങനെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്താല്‍ ഹോര്‍മോണ്‍ ഉത്പാദനം നിലയ്ക്കും. അപ്പോള്‍ രോഗാവസ്ഥ ഹൈപ്പോതൈറോയ്ഡിസത്തിലേക്ക് മാറുന്നു. ഇവര്‍ ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കണം. 

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • ദിവസവും രാവിലെ ഒരേസമയത്ത് വേണം മരുന്ന് കഴിക്കാന്‍
  • ഗുളിക കഴിക്കാന്‍ ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കരുത്. പകരം തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. 
  • ഭക്ഷണത്തിന് ഒന്നര മണിക്കൂര്‍ മുന്‍പ് ഗുളിക കഴിക്കുന്നതാണ് ഉചിതം. മരുന്ന് നന്നായി ആഗിരണം ചെയ്യപ്പെട്ട് മികച്ച ഫലം ലഭിക്കാന്‍ ഇത് സഹായിക്കും. 
  • മരുന്ന് കഴിച്ച് നാലു മണിക്കൂറിനുള്ളില്‍ പാലോ പാല്‍ ഉത്പന്നങ്ങളോ കഴിക്കരുത്. 
  • സൂര്യപ്രകാശവും ചൂടും ഏല്‍ക്കാത്ത തണുപ്പുള്ള സ്ഥലത്താണ് മരുന്ന് സൂക്ഷിക്കേണ്ടത്. 
  • കാത്സ്യം, അയേണ്‍, ഗര്‍ഭനിരോധന ഗുളികകള്‍, അസിഡിറ്റിയ്ക്കും അപസ്മാരത്തിനുമുള്ള ചില മരുന്നുകള്‍ എന്നിവ മരുന്ന് കഴിച്ച് നാലുമണിക്കൂര്‍ കഴിഞ്ഞ് മാത്രം കഴിക്കുക. 
  • ഹൈപ്പോതൈറോയ്ഡിസമുള്ളവര്‍ ഗര്‍ഭിണികളായാല്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തരുത്. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി.വി. പ്രദീപ്
കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈന്‍ സര്‍ജന്‍
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

Content Highlights: How to take Thyroid medicine properly, Health