ർഭിണിയാണോ എന്നറിയാൻ ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോകാതെ സ്വയം പരിശോധിക്കുന്നതിനെക്കുറിച്ച് എല്ലാവർക്കും അറിയാം. പ്രഗ്നൻസി കിറ്റ്ഉപയോഗിച്ചാണ് ഗർഭിണിയാണോ അല്ലയോ എന്ന് തിരിച്ചറിയുന്നത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഇത് വാങ്ങാവുന്നതാണ്.

ഉപയോഗിക്കേണ്ടത് ഇങ്ങനെ

ആർത്തവം തെറ്റിയാൽ പ്രഗ്നൻസി കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താം. രാവിലെ ഉണർന്ന ശേഷമുള്ള ആദ്യത്തെ മൂത്രത്തിൽ നിന്ന് അല്പം ഈ പ്രഗ്നൻസി കിറ്റിലേക്ക് വീഴ്ത്തണം. അപ്പോൾ അവിടെ രാസപ്രവർത്തനം നടക്കും. തുടർന്ന്, ഗർഭധാരണം നടന്നിട്ടുണ്ടെങ്കിൽ അവിടെ ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിൽ രണ്ടു വരകൾ പ്രത്യക്ഷമാവും. ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ ഒരു വര മാത്രമേ കാണാനാവൂ.

ടെസ്റ്റിലൂടെ ഗർഭധാരണം തിരിച്ചറിയുന്നത് ഇങ്ങനെ

ഗർഭിണിയായാൽ ബീജസംയോഗം നടന്ന അണ്ഡം യൂട്ടറൈൻ വോളിലാണ് പറ്റിപ്പിടിച്ചിരിക്കുക. ഈ സമയത്ത് ശരീരം ഹ്യൂമൻ കോറിയോണിക് ഗൊണാഡോട്രോപ്പിൻ (HCG) ഹോർമോൺ പുറപ്പെടുവിക്കുന്നു. ഈ ഹോർമോണിന്റെ സാന്നിധ്യം മൂത്രത്തിലൂടെ തിരിച്ചറിയാനാകും. മൂത്രത്തിലുള്ള ഈ ഹോർമോണിന്റെ സാന്നിധ്യം തിരിച്ചറിയുക എന്നതാണ് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങി ഉപയോഗിക്കാവുന്ന പ്രഗ്നൻസി കിറ്റുകളുടെ പ്രവർത്തനം. മൂത്രം ഇതിൽ വീഴ്ത്തി മിനിറ്റുകൾക്കുള്ളിൽ തന്നെ നിങ്ങൾ ഗർഭിണിയാണോ അല്ലയോ എന്ന് തിരിച്ചറിയാനാകും. അതിരാവിലെ ഉണർന്ന ശേഷം ആദ്യം പുറത്തുവരുന്ന മൂത്രത്തിൽ ഹ്യൂമൻ കോറിയോണിക് ഗൊണാഡോട്രോപ്പിൻ ഹോർമോൺ കൂടിയ അളവിൽ കാണപ്പെടും. അതിനാലാണ് അതിരാവിലെ ഉണർന്ന ഉടനെ മൂത്രമൊഴിക്കുമ്പോൾ അതിൽ നിന്ന് അല്പമെടുത്ത് പ്രഗ്നൻസി കിറ്റിൽ വീഴ്ത്തി പരിശോധിക്കണമെന്ന് പറയുന്നത്.

എങ്കിലും സ്വയം പരിശോധനയ്ക്ക് ശേഷം പോസിറ്റീവാണെന്ന് കണ്ടെത്തിയാലും ഒരു ഡോക്ടറെ കണ്ട് ഇത് കൃത്യമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Content Highlights:How to Take a Home Pregnancy Test How to know if you are pregnant by self Urine test, Health, Womens Health, Pregnancy