വയോധികരില്‍ കാണുന്നു മുഖംമൂടിയണിഞ്ഞ വിഷാദം; എങ്ങനെ മറികടക്കാം ഈ അവസ്ഥ


5 min read
Read later
Print
Share

യുവാക്കളില്‍ മാത്രമല്ല വിഷാദാവസ്ഥ കാണുന്നത്. വയോധികരിലും പ്രകടമാണ്. എന്നാല്‍ ഇത് വ്യത്യസ്തമായ രീതിയിലാണെന്ന് മാത്രം

-

യോധികര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണദിനമാണ്(World Elder Abuse Awareness Day) ജൂണ്‍ 15. കോവിഡ് 19 വ്യാപിക്കുന്ന ഈ കാലത്ത് ലോകാരോഗ്യസംഘടനയുടെ ഈ ദിനാചരണത്തിന് വലിയ പ്രസക്തിയാണുള്ളത്.

വയോധികര്‍ക്കെതിരായ അക്രമങ്ങള്‍ പലതരത്തിലാണ്. ശാരീരികമായും മാനസികമായും ലൈംഗീകമായും സാമ്പത്തികമായുമുള്ള അതിക്രമങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വരുന്നു. അവഗണനയും ഒറ്റപ്പെടുത്തലും ഇതിന്റെ ഭാഗമാണ്. ഇതിനെത്തുടര്‍ന്ന് വയോധികരില്‍ വിഷാദവും മറ്റ് മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.

വാര്‍ധക്യത്തിലേക്ക് അടുക്കുന്തോറും ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥകളില്‍ നിരവധി മാറ്റങ്ങളുണ്ടാകുന്നു. തലച്ചോറില്‍ രാസവ്യതിയാനം സംഭവിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. മനുഷ്യരില്‍ സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന സെറോടോണിന്‍ (Serotonin) എന്ന രാസപദാര്‍ഥത്തിന്റെ അളവ് കുറയുന്നത് വയോധികരില്‍ വിഷാദം ഉണ്ടാക്കാനിടയുണ്ട്. സെറോടോണിന്റെ കുറവ് കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. രക്തപ്രവാഹം കുറയുന്നതാണ് മറ്റൊരു പ്രശ്‌നം. ഓര്‍മ കുറയല്‍, ഹോര്‍മോണ്‍ നിലയില്‍ വ്യത്യാസം, തൈറോയിഡ്, കോര്‍ട്ടിസോള്‍, സ്ത്രീ-പുരുഷ ഹോര്‍മോണുകള്‍ എന്നിവയില്‍ കുറവുണ്ടാകുന്നു. പിറ്റിയൂട്ടറി ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയും കുറയുന്നു. ഇതോടെ ശാരീരിക നിയന്ത്രണത്തിനുള്ള ശേഷി കുറയാന്‍ തുടങ്ങുന്നു. മുടി നരയ്ക്കല്‍, ചര്‍മത്തിന്റെ സ്‌നിഗ്ധത നഷ്ടമാവല്‍, ശബ്ദം കുറയല്‍, പ്രായമാവുന്നു എന്ന പേടി, മരണഭയം എന്നിവയും ഉടലെടുക്കാം.

എംപ്റ്റി നെസ്റ്റ് സിന്‍ഡ്രോം

വീട്ടില്‍ ഒറ്റയ്ക്കാവുന്ന വയോധികരില്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നമാണ് എംപ്റ്റി നെസ്റ്റ് സിന്‍ഡ്രോം (Empty Nest Syndrome). വീട്ടില്‍ ഒറ്റയ്ക്കാവുന്ന മാതാപിതാക്കളില്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നമാണിത്. വര്‍ഷങ്ങളായി നിരവധി ആളുകളുമായി ഇടപഴകി ജോലി ചെയ്തിരുന്ന ആളുകള്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം പെട്ടെന്ന് ഒന്നും ചെയ്യാനാവാതെ വരുന്നത് അവരുടെ മാനസികപ്രശ്‌നങ്ങളെ വര്‍ധിപ്പിക്കും. തനിക്ക് ഈ ജീവിതത്തില്‍ ഇനി ഒന്നും ചെയ്യാനില്ല എന്ന തോന്നലുണ്ടാകുന്നതോടെ അവരില്‍ ഏകാന്തത വര്‍ധിക്കുകയായി. ജീവിതം ഫുള്‍സ്റ്റോപ്പിലായി എന്ന ചിന്തയാണ് ഇവരില്‍ ഉടലെടുക്കുന്നത്. ഏകാന്തത, വരുമാനമില്ലായ്മ, സൗഹൃദക്കൂട്ടായ്മകളുടെ നഷ്ടം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടിയാകുന്നതോടെ ഇവരില്‍ ഒറ്റപ്പെടലിന്റെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. കുടുംബവും സമൂഹവും അവഗണിക്കുന്നുവെന്ന തോന്നല്‍, പരസഹായമില്ലാതെ ജീവിക്കേണ്ടി വരുമല്ലോ എന്ന ഭയം, ആരുമില്ലാതായാല്‍ വ്യദ്ധസദനങ്ങളില്‍ ശേഷിക്കുന്ന കാലം കഴിയേണ്ടിവരുമല്ലോ എന്ന ആകുലതകള്‍ തുടങ്ങിയവ ഈ രോഗാവസ്ഥ മൂര്‍ച്ഛിപ്പിക്കും.

വിഷാദരോഗം

ഇന്ന് സര്‍വസാധാരണമായ ഒരു മനോരോഗമാണ് വിഷാദരോഗം അഥവാ ഡിപ്രഷന്‍. ആത്മഹത്യയ്ക്കു കാരണമാകുന്ന മാനസികരോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഷാദരോഗം. ഇന്ത്യയിലെ 60 വയസ്സിന് മുകളിലുള്ള 15 ശതമാനം പേരും വിഷാദ രോഗികളാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സര്‍വെയിലെ കണ്ടെത്തല്‍. 60 വയസ്സിന് മുകളിലുള്ള നാലു പേരില്‍ ഒരാള്‍ക്ക് വിഷാദ രോഗമുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 30 മുതല്‍ 60 ശതമാനം വരെ പേര്‍ക്കും വിഷാദ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്്. ആത്മഹത്യ ചെയ്തവരുടെ മുന്‍കാല മാനസിക-സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചു വിശദമായി പരിശോധിക്കുന്ന സൈക്കോളജിക്കല്‍ ഓട്ടോപ്‌സിയില്‍ നിന്നും മനസ്സിലാക്കാനായത് ഇവരില്‍ 71 മുതല്‍ 90 ശതമാനം പേര്‍ക്കും ചികിത്സ വേണ്ടിയിരുന്ന മാനസിക രോഗമുണ്ടായിരുന്നു എന്നതാണ്. ഇതില്‍ തന്നെ 54-87 ശതമാനം പേര്‍ക്കും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുമായിരുന്ന വിഷാദ രോഗമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുപിടിക്കാനായില്ല. ഇക്കൂട്ടരില്‍ 80 ശതമാനം പേരും മരിക്കുന്നതിന് 6 മാസത്തിനുള്ളില്‍ ഈ മാനസിക പ്രശ്‌നത്തിന് ഡോക്ടറെ കണ്ടിരുന്നതായും വ്യക്തമാകുന്നുണ്ട്.

മുഖംമൂടിയണിഞ്ഞ വിഷാദം

ചെറുപ്പക്കാരിലെ വിഷാദ രോഗ ലക്ഷണങ്ങളല്ല വയോധികരില്‍ കാണുക. വയോധികരിലെ വിഷാദത്തിനെ മുഖംമൂടിയണിഞ്ഞ വിഷാദം (masked depression) എന്നാണ് പറയുന്നത്. വിശപ്പില്ലായ്മ, ക്ഷീണം, ശാരീരിക രോഗലക്ഷണങ്ങള്‍ എന്നിവ ഈ അസുഖത്തിന്റെ പ്രത്യേകതകളാണ്. തനിക്ക് രോഗമുണ്ടോയെന്ന ഭയം (ഹൈപ്പോകോണ്‍ഡ്രിയാസിസ്- hypochondriasis) വയോധികരില്‍ സാധാരണയായി കണ്ടുവരുന്നതാണ്. ചിലതരം ശാരീരിക രോഗങ്ങളും വയോധികരെ വിഷാദത്തിലേക്ക് നയിക്കും. വിവിധ രോഗങ്ങളുള്ളതിനാല്‍ പലതരം മരുന്നുകള്‍ വയോധികര്‍ കഴിക്കുന്നുണ്ടാവും. അത്തരം ചില മരുന്നുകളുടെ പാര്‍ശ്വഫലമായും രോഗങ്ങളുണ്ടായേക്കാം. സാധാരണയായി വയോധികരിലുണ്ടാകുന്ന മാനസിക രോഗങ്ങള്‍ ഡോക്ടര്‍മാര്‍ പോലും ലഘൂകരിച്ചു കാണുകയാണ് പതിവ്. അത് കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്കാണ് അവരെ എത്തിക്കുക. വിഷാദരോഗം ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ അതിന്റെ സങ്കീര്‍ണതയിലേക്ക് അഥവാ ആത്മഹത്യയിലേക്കാണ് അത് വഴിയൊരുക്കുക. വിഷാദ രോഗം ചികിത്സിച്ചു മാറ്റാനാകുമെന്നതാണ് വാസ്തവം. വയോധികരില്‍ സാധാരണയായി കാണാറുള്ള മറ്റ് അസുഖങ്ങള്‍ പൂര്‍ണമായും നിയന്ത്രണത്തിലാകണമെങ്കിലും വിഷാദ രോഗം മുഴുവനായും ചികിത്സിച്ചു മാറ്റേണ്ടതുണ്ട്.

പരിഹാരങ്ങള്‍

വിഷാദ രോഗത്തിനുള്ള മരുന്നുകള്‍ പൊതുവേ ആന്റി ഡിപ്രസന്റ് മരുന്നുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവ ഡോക്ടറുടെ കൃത്യമായ നിര്‍ദേശപ്രകാരമേ കഴിക്കാവൂ. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹായവും ആവശ്യമാണ്. വ്യായാമം, മെച്ചപ്പെട്ട ജീവിത രീതി, സാമൂഹിക ബന്ധങ്ങള്‍ എന്നിവ വയോധികരുടെ ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് വിഷാദരോഗികളുടെ മനസ്സിന് ആശ്വാസം നല്‍കി അവരെ ആത്മഹത്യാ ചിന്തയില്‍ നിന്നും പിന്തിരിപ്പിക്കും.

ഉത്കണ്ഠാ രോഗങ്ങള്‍

മനസ്സിലുണ്ടാകുന്ന ആശങ്കകളെയാണ് ഉത്കണ്ഠാരോഗങ്ങള്‍ എന്നു പറയുന്നത്. 10 ശതമാനം വയോധികരിലും ഇത്തരമൊരു അവസ്ഥ കണ്ടുവരുന്നു. അമിതപേടി ഇതില്‍ പ്രധാനമാണ്. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അടി തെറ്റി വീണുപോകുമോ എന്ന ഭയമാണ് എപ്പോഴുമുണ്ടാവുക. ശരീരം ദുര്‍ബലമാണെന്നും മരിക്കാന്‍ പോവുകയാണെന്നും സ്വയം കരുതും. അകാരണമായി ഭയമുണ്ടാകുന്ന പാനിക് ഡിസോര്‍ഡര്‍ ഇവരില്‍ പ്രകടമായി കാണാം. പെട്ടെന്നുണ്ടാകുന്ന ഭയമാണ് ഇതിന്റെ പ്രത്യേകത. ഈ സമയത്ത് ഇവരുടെ ഹൃദയ സ്പന്ദന നിരക്ക് കൂടുകയും വിയര്‍ക്കുകയും ചെയ്യും. ഇത് തുടര്‍ച്ചയായി സംഭവിക്കുന്നത് അവരുടെ ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇവരില്‍ വിട്ടുമാറാത്ത ഭയമുണ്ടാകുമെന്നതിനാല്‍ മറ്റുള്ളവരോടുള്ള ആശ്രയത്വ സ്വഭാവം വര്‍ധിക്കും. ഹൃദയാഘാതം ഉണ്ടാകുമോയെന്ന ഭയം, അമിത വൃത്തി എന്നിവയും ഇവരില്‍ കാണാറുണ്ട്. മക്കളെ ഓര്‍ത്തുള്ള ആശങ്കകള്‍ മൂലം ഇടയ്ക്കിടെ അവരെ ഫോണില്‍ വിളിക്കുന്ന വയോധികര്‍ നിരവധിയാണ്. മുന്‍കാലങ്ങളില്‍ ഇവരില്‍ സാധാരണയായി കണ്ടുവരാറുള്ള ആശങ്കകള്‍ 60 വയസ്സു കഴിഞ്ഞാല്‍ വലിയ തോതില്‍ തന്നെ വര്‍ധിക്കാനിടയുണ്ട്.

പരിചരണം

വളരെ ദുര്‍ബലമാണ് വയോധികരുടെ ശരീരം. അതിനാല്‍ത്തന്നെ കുഞ്ഞുങ്ങളെപ്പോലെ വേണം അവരെ പരിപാലിക്കാന്‍. ഭക്ഷണത്തിന്റെയും മറ്റു ശീലങ്ങളുടെയും കാര്യത്തില്‍ ഇത്തരം പരിഗണന ആവശ്യമാണ്. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്കിഷ്ടപ്പെട്ട തരത്തില്‍ പരിചരിക്കുകയാണ് വേണ്ടത്. അതുപോലെ വയസ്സായാല്‍ വീടിനകത്ത് അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്ന മുന്‍ധാരണകളും പാടില്ല.

വയോധികരെ പരിചരിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കാന്‍ ഒരാള്‍ തന്നെ വേണം. ആരോഗ്യപരിശോധനകള്‍ കൃത്യമായി നടത്തണം. മരുന്നും ഭക്ഷണവും കൃത്യമായിത്തന്നെ എടുത്തുനല്‍കണം. മരുന്നും ഭക്ഷണവും കഴിച്ചത് ഇവര്‍ മറന്നുപോകുമെന്നതിനാല്‍ ഇക്കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണം. മറ്റ് മുതിര്‍ന്നവര്‍ക്കു നല്‍കുന്നതു പോലെയുള്ള ഡോസില്‍ വയോധികര്‍ക്കു മരുന്നു നല്‍കരുത്. അത് അപകടത്തിനിടയാക്കും. പ്രായമായവര്‍ നിരവധി മരുന്നുകള്‍ കഴിക്കുന്നവരാണെന്നതിനാല്‍ അക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമേ അവര്‍ക്കുള്ള ഡോസ് നിര്‍ണയിക്കാനാവൂ. അല്ലാത്ത പക്ഷം ആ മരുന്നുകള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

aro
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

വയോധികരെ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നതിനൊപ്പം സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പരമാവധി പ്രാപ്തരാക്കുക കൂടി വേണം. വിഷാദ രോഗമുള്ളവരെ അതില്‍ നിന്നും മുക്തരാക്കാന്‍ മാനസികോല്ലാസം നല്‍കുന്ന യാത്രകള്‍, അവധിക്കാല ആഘോഷങ്ങള്‍ എന്നിവയെല്ലാം കുടുംബാംഗങ്ങള്‍ക്ക് നടത്താവുന്നതാണ്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരാണെങ്കില്‍ റിട്ടയര്‍മെന്റിനു ശേഷവും ചെറിയ ജോലികള്‍, കൂട്ടായ്മകള്‍ എന്നീ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. പകല്‍ വീടുകള്‍ പോലുള്ള സംവിധാനങ്ങളും വയോധികര്‍ക്ക് ഉപയോഗപ്പെടു ത്താവുന്നതാണ്.

സമൂഹത്തിന് ചെയ്യാവുന്നത്


പ്രായമായവരെ വയസ്സായി എന്നു പറഞ്ഞ് മാറ്റി നിര്‍ത്തരുത്. സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കണം. ആസ്പത്രികളില്‍ ജെറിയാട്രിക് ചികിത്സാ ശാഖയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. ആസ്പത്രികള്‍, വീടുകള്‍, ഷോപ്പിങ് മാളുകള്‍, റോഡുകള്‍ തുടങ്ങിയവയെല്ലാം വയോജന സൗഹൃദമാക്കി (ജെറിയാട്രിക് ഫ്രണ്ട്‌ലി) മാറ്റാന്‍ ശ്രദ്ധിക്കണം.

വയോധികര്‍ക്ക് ചെയ്യാവുന്നത്

  • ലഹരി ഒഴിവാക്കുക
  • ചികിത്സകള്‍ കൃത്യമായി നടത്തുക
  • 45 വയസ്സു കഴിഞ്ഞാല്‍ വ്യായാമങ്ങള്‍ കൃത്യമായി ചെയ്യുക
  • ഫുള്‍ ബോഡി ചെക്കപ്പ് നടത്തണം
  • ഡ്രൈവിങ് മികച്ച ഫലം ചെയ്യും
  • ഓര്‍മശക്തിയെ ഉത്തേജിപ്പിക്കുന്ന ഗെയിമുകള്‍, ചെസ്സ്, പസിലുകള്‍, സുഡോക്കു എന്നിവ പരിശീലിക്കുക
  • പരമാവധി കാലം സ്വന്തം കാലില്‍ നില്‍ക്കുക
  • സാമൂഹിക പരിപാടികളില്‍ പങ്കെടുക്കുക
  • ജീവിതാവസാനം വരേക്കുമുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കുക
  • പ്രാര്‍ഥനാ കൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍, എന്നിവയില്‍ പങ്കാളികളാവുക
വയോധികര്‍ അറിയാന്‍

വയസ്സായി എന്ന് സ്വയം അംഗീകരിക്കാനുള്ള ഒരു മനസ്സാണ് ആദ്യം നേടിയെടുക്കേണ്ടത്. വാര്‍ധക്യം എന്നത് മറ്റേതൊരു കാലവും പോലെത്തന്നെ ഒരു ശാരീരികാവസ്ഥയാണെന്ന് തിരിച്ചറിയണം. അതിനാല്‍ അക്കാര്യം മുന്നില്‍ കണ്ട് ഭാവി ജീവിതം ആസൂത്രണം ചെയ്യണം. സാമ്പത്തിക കാര്യങ്ങളും ഇത്തരത്തില്‍ ക്രമപ്പെടുത്തണം. സാധിക്കുന്നിടത്തോളം കാലം സ്വന്തം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തണം. മക്കള്‍ നോക്കിയില്ലെങ്കിലോ എന്ന് ആശങ്കപ്പെടേണ്ടതില്ല. നിസ്സഹായരാകുന്ന വയോധികര്‍ക്കു തുണയേകാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്.

തയ്യാറാക്കിയത്:
അനു സോളമന്‍

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി.എന്‍. സുരേഷ്‌കുമാര്‍
പ്രൊഫസര്‍, സൈക്യാട്രി
കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്
കോഴിക്കോട്

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: how to solve depression in old age people, health, mental health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


kidney
Premium

3 min

മൂത്രത്തിന് ചുവന്നനിറം, അമിതമായ ക്ഷീണം; വൃക്കയിലെ അർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

Jun 15, 2023


fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


Most Commented