ല്ലുകള്‍ക്കിടയിലെ അകലം പലപ്പോഴും നല്ല ചിരിയുടെ ഭംഗികുറയ്ക്കാറുണ്ട്. പലര്‍ക്കും ചിരിക്കാനുള്ള ആത്മവിശ്വാസത്തെ മാത്രമല്ല പൊതുവേയുള്ള ആത്മവിശ്വസത്തേയും ഇത് ബാധിക്കാറുണ്ട്. ഡയസ്റ്റിമ (diastema) എന്ന ചുരുക്കപ്പേരിലാണ് പല്ലുകള്‍ക്കിടയിലെ ഈ അകലംമൂലമുള്ള പ്രശ്‌നം അറിയപ്പെടുന്നത്. രണ്ട് പല്ലുകള്‍ക്കിടയിലെ വിടവ് എന്നാണ് ഈ ലാറ്റിന്‍ പേരിന്റെ ചുരുക്കം. ഇത് സാധാരണമായി കാണുന്നത് മേല്‍നിരയിലെ രണ്ട് നടുപ്പല്ലിനും ഇടയിലാണ്. കൂടുതല്‍ പല്ലുകള്‍ക്കിടയില്‍ വിടവുകള്‍ ഉണ്ടെങ്കില്‍ ഡയസ്റ്റിമേറ്റ എന്നാണ് പറയുന്നത്. 

കുട്ടികളിലും മുതിര്‍ന്നവരിലും ഈ വിടവ് കാണാറുണ്ട്. എന്നാല്‍ കുട്ടികളില്‍ കാണുന്ന പല്ലിലെ അകലം പാല്‍പല്ലുകള്‍ പോയി സ്ഥിരദന്തങ്ങള്‍ വരുന്നതോടെ കുറയുകയോ ഇല്ലാതാകുകയോ ആണ് പതിവ്. ഒരാളുടെ മൊത്തത്തിലുള്ള ഭംഗിയെ ബാധിക്കുന്ന ഒന്നാണ് പല്ലുകള്‍ക്കിടയില്‍ കാണുന്ന വിടവുകള്‍. ഒരു ഉദാഹരണം പറയാം. നാല്‍പത് വയസ്സിനോടടുത്തുള്ള ഒരാള്‍ ക്ലിനിക്കില്‍ വന്ന് അയാളുടെ മുന്‍നിരയിലെ മേല്‍ഭാഗത്തെ പല്ലുകള്‍ക്കിടയില്‍ ഉണ്ടായിരുന്ന അകലം ക്യാപുകള്‍ ഉപയോഗിച്ച് പരിഹരിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ വ്യത്യാസം അടുത്തതവണ ക്ലിനിക്കില്‍ വന്നപ്പോള്‍ പങ്കുവെക്കുകയുണ്ടായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പല്ലിലുണ്ടായ മാറ്റം തിരിച്ചറിഞ്ഞില്ല. എന്നാല്‍ എന്തോ ഒരു വ്യത്യാസം നിനക്കുണ്ടല്ലോ, ആകെ സുന്ദരനായല്ലോ, നിനക്ക് പ്രായം കുറഞ്ഞുവരുകയാണല്ലോ എന്നിങ്ങനെയൊക്കെയായിരുന്നു ആ കുശലാന്വേഷണങ്ങള്‍. ഈ ചോദ്യങ്ങള്‍ ആ മനുഷ്യനിലുണ്ടാക്കിയ ആത്മവിശ്വാസം അദ്ദേഹത്തിന്റെ മൊത്തം ശരീരഭാഷയിലും കാണാമായിരുന്നു.

എന്തുകൊണ്ടായിരിക്കും പല്ലില്‍ വന്ന മാറ്റങ്ങള്‍ മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതെ പോയത്? ഉത്തരം വളരെ ലളിതമാണ്. ഇതുവരെ കൂട്ടുകാരും ബന്ധുക്കളും അറിയാതെയാണെങ്കിലും അവരുടെ ശ്രദ്ധ ഇദ്ദേഹത്തിന്റെ പല്ലിന്റെ വിടവിലായിരുന്നിരിക്കണം. തമാശയായി തോന്നുന്നുണ്ടോ? സത്യം അതാണ്. ഇപ്പോള്‍ ആയിരിക്കും അവര്‍ മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. ഇത് ബോധപൂര്‍വം സംഭവിക്കുന്നതല്ല. പലപ്പോഴും മുന്‍നിരയിലെ പല്ലുകള്‍ക്കിടയില്‍ വിടവുള്ളവരെ കണ്ടാല്‍ നമ്മുടെ ശ്രദ്ധ നമ്മള്‍ അറിയാതെ അതിലാകും. പല്ലിലെ വിടവ് ഇല്ലാതാകുന്നതോടെ നമ്മുടെ ചിരി കൂടുതല്‍ ആകര്‍ഷകമാവുകയും നമ്മുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള നമ്മുടെ ശരീരഭാഷയില്‍ നമ്മളറിയാതെ പ്രകടമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ദന്തഡോക്ടര്‍മാര്‍ പറയുന്നത് പല്ലിലെ വിടവുകള്‍ അടയ്ക്കൂ, സുന്ദരിയും സന്ദരന്മാരുമായി മാറാന്‍ തയ്യാറാകൂ എന്ന്.

വിടവിന്റെ കാരണങ്ങള്‍

  • പല്ലിലെ വിടവിന്റെ പ്രധാനകാരണം പല്ലുകളും താടിയെല്ലും തമ്മിലുള്ള വലുപ്പ വ്യത്യാസമാണ്. ഉദാഹരണം: താടികള്‍ വലുത് പല്ലുകള്‍ സാധാരണ വലുപ്പമോ, ചെറുതോ. 
  • മറ്റൊരു കാര്യം മേല്‍ ചുണ്ടിനെയും മേല്‍താടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നൂലുപോലുള്ള വളരെ നേര്‍ത്ത ഒരു ടിഷ്യു ഉണ്ട്. ലേബിയല്‍ ഫ്രീനം എന്നാണ് ഇതിന് പറയുക. നാക്കിന്റെ തുമ്പുകൊണ്ട് ചുണ്ടിന്റെ ഉള്ളിലായി, രണ്ട് നടുപ്പല്ലുകളുടെ മേലെയായി അത് നമുക്ക് തൊട്ടറിയാം. ഈ ലേബിയല്‍ ഫ്രീനം അഥവാ 'മേല്‍ചുണ്ട് നൂല്‍' കൂടുതല്‍ പല്ലുകള്‍ക്കിടയിലേക്ക് ആണ് ബന്ധിപ്പിച്ചിരിക്കുന്നത് എങ്കില്‍ നടുപ്പല്ലുകള്‍ക്കിടയില്‍ വിടവ് ഉണ്ടാകാം. കാരണം ഈ ലേബിയല്‍ ഫ്രീനം മുകളിലേക്ക് വലിയുമ്പോള്‍ സ്വാഭാവികമായും നടുപ്പല്ലുകളെ അത് അകറ്റുന്നു. ഇങ്ങനെയുള്ള മുകളിലേക്കുള്ള വലിയലിന് ഫ്രീനല്‍ പുള്‍ എന്നാണ് പറയുന്നത്. മുകള്‍ നിരയില്‍ നടുപ്പല്ലുകള്‍ക്കിടയില്‍ കാണുന്ന (ഡയസ്റ്റിമ) വിടവിന്റെ പ്രധാനകാരണം ഈ ഫ്രീനല്‍ പുള്‍ ആണ്.
  • ശീലങ്ങള്‍- ഉദാഹരണം നാക്ക് ഉന്തുന്ന ശീലം
  • വലുപ്പം കൂടിയ നാക്ക്
  • ഭക്ഷണം ചവച്ചരച്ച് വിഴുങ്ങുന്നതിലെ ശരികേടുകള്‍
  • പല്ലിന് താങ്ങ് (ബലം) കൊടുക്കുന്ന പല്ലിന് ചുറ്റുമുള്ള എല്ലുകളുടെ തേയ്മാനം
  • മോണരോഗം 
  • അണപ്പല്ലുകളുടെ അഭാവം(അപ്പോള്‍ ഭക്ഷണം മുന്‍വശത്തിട്ട് മാത്രം ചവച്ചരയ്ക്കും)

ക്ലോസ് ദ ഗ്യാപ് വിത്ത് 3 Rs
ഇതിന്റെ അര്‍ഥം മൂന്ന് രൂപയ്ക്ക് അടയ്ക്കാമെന്നല്ല കേട്ടോ. 
1. റി പൊസിഷനിങ് വിത്ത് ഓര്‍ത്തോഡോണ്ടിക്‌സ് (Repositioning with Orthodontics): പല്ലുകള്‍ കമ്പികെട്ടി ശരിയായ രീതിയില്‍ സമയമെടുത്ത് വിടവുകള്‍ അടക്കുന്ന ചികിത്സാരീതി. 
2. റെസ്റ്റോറിങ് ദ ടീത്ത് വിത്ത്: ഇത് മൂന്ന് രീതിയില്‍ ചെയ്യാം. ബോണ്ടിങ്, വെനീര്‍, ക്രൗണ്‍. പെട്ടെന്ന് റിസള്‍ട്ട് വേണ്ടവര്‍ക്കും ചികിത്സയ്ക്ക് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇല്ലാത്തവര്‍ക്കും ഈ രീതി പ്രയോജനപ്പെടുത്താം. കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് ഈ ചികിത്സാരീതിയാണ്.
3. റിമൂവല്‍ ഓഫ് ദ ടീത്ത് റീപ്ലേസ്മെന്റ് വിത്ത് ബ്രിഡ്ജ് ആന്റ് ഇംപ്ലാന്റ്: പല്ലെടുത്ത സ്ഥലം സ്ഥിരദന്തങ്ങള്‍ (ബ്രിഡ്ജ്) ഉപയോഗിച്ചോ ഇംപ്ലാന്റ് ഉപയോഗിച്ചോ കറക്ട് ചെയ്യാവുന്നതാണ്.

(അങ്കമാലി സെന്റ് മേരീസ് സ്‌പെഷ്യാലിറ്റി ഡെന്റല്‍ സെന്ററിലെ ഡെന്റിസ്റ്റാണ് ലേഖകന്‍)

Content Highlights: how to remove teeth gaps and improve face beauty dental health