കൗതുകം തോന്നുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ക്ക് ഒരുമടിയുമില്ല. അവയുടെ അപകട സാധ്യതകളെക്കുറിച്ച് അവര്‍ക്ക് അറിവില്ലാത്തത് ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകും. അപകടകാരികളായ ചെറിയ വസ്തുക്കള്‍ കുട്ടികള്‍ വിഴുങ്ങുന്നത് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. വിഴുങ്ങുന്ന വസ്തു ഒന്നുകില്‍ അന്നനാളത്തിലേക്ക്, അല്ലെങ്കില്‍ ശ്വാസനാളത്തിലേക്ക് എത്തിച്ചേരും. ഈ രണ്ട് സംവിധാനങ്ങളുടെ
യും പ്രവര്‍ത്തനം സങ്കീര്‍ണമാണ്. കഴിക്കുന്ന ഭക്ഷണവും വെള്ളവും അന്നനാളത്തിലേക്കും ശ്വസിക്കുന്ന വായു ശ്വാസനാളത്തിലേക്കും എത്തിക്കാനുള്ള സ്വാഭാവിക ക്രമീകരണങ്ങളാണ് ഇവിടെയുള്ളത്.

അന്നനാളത്തിലേക്ക് പോയാല്‍

പലപ്പോഴും കുട്ടികള്‍ ചെറിയ എന്തെങ്കിലും വസ്തുക്കള്‍ വിഴുങ്ങിയാലും അത്, മറ്റ് ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കാതെ മലത്തിലൂടെ പുറത്തുപോവും.

എന്നാല്‍ മൂര്‍ച്ചയുള്ള വസ്തുക്കളും മറ്റും വിഴുങ്ങുമ്പോള്‍, ഇവ സഞ്ചാരപഥത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കാനോ എവിടെയെങ്കിലും കുത്തിക്കയറാനോ ഒട്ടിപ്പിടിക്കാനോ സാധ്യതയുണ്ട്. പ്രധാനമായും കുടലിലാണ് ഇവ ആഘാതം സൃഷ്ടിക്കാറുള്ളത്. ചിലപ്പോള്‍ അന്നനാളത്തേയും തകരാറിലാക്കാറുണ്ട്. വളരെ നേര്‍ത്തതും ഇടുങ്ങിയതുമായ മേഖലയായതിനാല്‍ ഇവിടങ്ങളില്‍ എളുപ്പം തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടാനും കാര്യങ്ങള്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തര ഇടപെടലിലൂടെ കുഞ്ഞിന് അനസ്‌തേഷ്യ നല്‍കി അപകടകരമായ വസ്തുക്കള്‍ നീക്കംചെയ്യുകയും അവയവങ്ങള്‍ക്ക് സംഭവിച്ച ക്ഷതം ചികിത്സിക്കുകയും വേണം.

അപകടകരമായ കാര്യങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന് കളിപ്പാട്ടങ്ങളിലെയും ടോര്‍ച്ചിലെയും റിമോട്ട് കണ്‍ട്രോളിലെയുമെല്ലാം ബാറ്ററികള്‍ വിഴുങ്ങുന്നതാണ്. ബാറ്ററികളിലുള്ള മാരകമായ പദാര്‍ഥങ്ങള്‍ വയറിലെത്തുന്നത് കുഞ്ഞിന്റെ ജീവനുതന്നെ ദോഷമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ സന്ദര്‍ഭങ്ങളെ അടിയന്തരമായി കൈകാര്യം ചെയ്യേണ്ടതാണ്. എന്‍ഡോസ്‌കോപ്പിയിലൂടെ ഇത്തരം വസ്തുക്കള്‍ പുറത്തെടുക്കാന്‍ സാധിക്കാറുണ്ട്. എന്നാല്‍ വിഴുങ്ങിയ വസ്തു കൂടുതല്‍ സങ്കീര്‍ണമായ സ്ഥലങ്ങളിലേക്കിറങ്ങിപ്പോയാല്‍ എന്‍ഡോസ്‌കോപ്പിക്ക് പകരം കീഹോള്‍ അല്ലെങ്കില്‍ തുറന്നുള്ള സര്‍ജറിയെത്തന്നെ ആശ്രയിക്കേണ്ടിവരും.

ശ്വാസനാളത്തിലേക്ക് പോയാല്‍

വിഴുങ്ങുന്ന വസ്തുക്കള്‍ അന്നനാളത്തിലേക്ക് പോകാതെ ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യം അപൂര്‍വമായി സംഭവിക്കാറുണ്ട്.

ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്ന വസ്തു സ്വാഭാവികമായി പുറത്തുവരാനുള്ള ഏക മാര്‍ഗം ചുമയ്ക്കുക എന്നതാണ്. എന്നിട്ടും പുറത്തുവരാതെ ഇവ ശ്വാസനാളത്തിലോ ശ്വാസകോശത്തിലോ തുടരുകയാണെങ്കില്‍ അടിയന്തര ചികിത്സ ആവശ്യമാണ്. ഈ വസ്തു ശ്വാസകോശത്തില്‍ കുടുങ്ങിക്കിടക്കുന്നിടത്തോളം ഇതുമൂലം വരുന്ന പഴുപ്പ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഭേദമാക്കാന്‍ സാധിക്കില്ല.

ഇത്തരം സാഹചര്യങ്ങളില്‍ ബ്രോങ്കോസ്‌കോപ്പി എന്ന പ്രൊസീജ്യര്‍ ആവശ്യമായിവരും. അനസ്‌തേഷ്യ നല്‍കിയശേഷമാണ് ഇത് ചെയ്യുക. ശ്വാസനാളിവഴി ശ്വാസകോശത്തിലേക്ക് ബ്രോങ്കോസ്‌കോപ്പ് എന്ന കുഴല്‍ കടത്തുകയും ഇതിലൂടെ ബാഹ്യവസ്തുക്കളെ കൃത്യമായി കണ്ടശേഷം ഗ്രാസ്പിങ് ഫോര്‍സെപ്‌സ് എന്ന ഉപകരണം ഉപയോഗിച്ച് പുറത്തെടുക്കുകയും ചെയ്യുന്ന രീതിയാണ് ബ്രോങ്കോസ്‌കോപ്പി. അല്പം സങ്കീര്‍ണമാണ് ബ്രോങ്കോസ്‌കോപ്പി. ഈ പ്രക്രിയയ്ക്കിടയില്‍ കുഞ്ഞിന് ശരിയായി ശ്വസിക്കാന്‍ സാധിക്കില്ല. അതിനാല്‍ വളരെ വേഗത്തില്‍തന്നെ ഇത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. സര്‍ജന്റെ വൈദഗ്ധ്യവും അനസ്തറ്റിസ്റ്റുമായുള്ള ടീംവര്‍ക്കും ഇതില്‍ നിര്‍ണായകമാണ്.

നീക്കംചെയ്യുന്നതിനിടയില്‍ ചിലപ്പോള്‍ ഈ വസ്തു തിരികെ വഴുതിവീഴാനുള്ള സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് നേരത്തേ സ്ഥിതിചെയ്തിരുന്നതിന്റെ എതിര്‍വശത്തേക്കായിരിക്കും എത്തിച്ചേരുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കേണ്ടിവരും.  പുളിങ്കുരു പോലെ വട്ടത്തിലും മിനുസമുള്ളതുമായ വസ്തുക്കള്‍ പുറത്തെടുക്കുക എന്നത് കൂടുതല്‍ ദുഷ്‌കരമാണ്. ഇവ തിരികെ വീണുപോകാനുള്ള സാധ്യതയും കൂടുതലാണ്.

പിന്‍ പോലുള്ള മൂര്‍ച്ചയേറിയ വസ്തുക്കള്‍  കുട്ടികള്‍ വിഴുങ്ങുന്ന കേസുകള്‍ വളരെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇത് നീക്കംചെയ്യല്‍ വളരെ സങ്കീര്‍ണവും ദുഷ്‌കരവുമാണ്. എത്തിച്ചേര്‍ന്നിരിക്കുന്ന പ്രദേശത്ത് കൂടുതല്‍ മുറിവുകള്‍ സൃഷ്ടിക്കാനും നീക്കം ചെയ്യുമ്പോള്‍പോലും മുറിവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

അപൂര്‍വമായി ചില സന്ദര്‍ഭങ്ങളില്‍ ഇവ നീക്കംചെയ്യാനുള്ള പ്രവൃത്തികള്‍ വ്യത്യസ്ത ദിവസങ്ങളിലായി നിര്‍വഹിക്കേണ്ടിവരും. നിരവധി തവണ പരിശ്രമിച്ചിട്ടും സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ നെഞ്ചിന്റെ ഭാഗത്ത് ശസ്ത്രക്രിയ (തൊറാക്ടമി) ചെയ്ത് അന്യവസ്തു നീക്കംചെയ്യേണ്ടതായി വരും. ഒരു ട്യൂബ് സന്നിവേശിപ്പിച്ച് അന്യവസ്തുവിനെ കണ്ടെത്തി പുറത്തെടുക്കുക എന്നതാണ് ബ്രോങ്കോസ്‌കോപ്പിയുടെ രീതി. പറയുമ്പോള്‍ ഇത് വളരെ ആയാസരഹിതമായി തോന്നുമെങ്കിലും അത്രത്തോളം എളുപ്പമല്ല എന്നതാണ് യാഥാര്‍ഥ്യം.

മുന്‍കരുതലാണ് പ്രധാനം

'മുന്‍കരുതലാണ് ചികിത്സയെക്കാള്‍ നല്ലത്' എന്ന സന്ദേശമാണ് പ്രധാനമായും പങ്കുവയ്ക്കാനുള്ളത്. കുട്ടികള്‍ അടങ്ങിയിരിക്കില്ല, കുറുമ്പ് കാട്ടുക എന്നത് അവരുടെ മുഖമുദ്രയാണ്. അവര്‍ എപ്പോഴും ഊര്‍ജസ്വലരായിരിക്കും. കൈകളില്‍ ലഭിക്കുന്ന എന്തും വായിലേക്ക് കൊണ്ടുപോകാനുള്ള ത്വര സ്വാഭാവികവുമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഉള്ളില്‍ ചെന്നാല്‍ അപകടകരമാകാന്‍ സാധ്യതയുള്ള യാതൊന്നും അവരുടെ സമീപത്ത് വയ്ക്കാതിരിക്കുക.

മുലയൂട്ടുമ്പോഴും, ഭക്ഷണം കഴിപ്പിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. ഭക്ഷണസമയത്ത് തല ഉയര്‍ന്നിരിക്കുകയാണ് എന്ന് ഉറപ്പുവരുത്തണം. മലര്‍ന്നുകിടന്നോ, കമഴ്ന്നുകിടന്നോ ഭക്ഷണം കഴിക്കുന്നത് അപകടമാണ്. അതുപോലെത്തന്നെ ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിപ്പിക്കുകയോ, ചിരിപ്പിക്കുകയോ, കരയിപ്പിക്കുകയോ ചെയ്യരുത്. വസ്ത്രധാരണ സമയത്ത് മുതിര്‍ന്ന കുട്ടികള്‍ പിന്‍ പോലുള്ളവ പല്ലുകൊണ്ട് കടിച്ചുപിടിക്കാറുണ്ട്. ഇത് വളരെ അപകടമാണ്. ഒരു കാരണവശാലും ചെയ്യരുത്.

അപകടം സംഭവിച്ചാല്‍ ദുഃഖിച്ചതുകൊണ്ടോ ആശങ്കപ്പെട്ടതുകൊണ്ടോ കാര്യമില്ല. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക. നീക്കംചെയ്യാനുള്ള ശ്രമങ്ങളോട് പരമാവധി സഹകരിക്കണം. ഒന്നോ രണ്ടോ തവണ പരിശ്രമിച്ചിട്ടും അന്യവസ്തുക്കള്‍ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നേക്കാം. ഈ ഘട്ടങ്ങളില്‍ പരമാവധി സമ്യമനത്തോടെ ഡോക്ടര്‍മാരുമായി സഹകരിക്കണം.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് സര്‍ജറി വിഭാഗം ഹെഡും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)

Content Highlights: How to remove a foreign object from the esophagus airway, Health, Bronchoscopy 

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌