Representative Image| Photo: AP
ആളുകള്‍ പല കാരണങ്ങള്‍കൊണ്ട് നിരാശയുടെ കെണിയില്‍ വീഴാറുണ്ട്. പ്രണയബന്ധങ്ങളിലെ തകര്‍ച്ച, ജീവിതപങ്കാളിയില്‍നിന്ന് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങള്‍, ബിസിനസ്സിലെ തകര്‍ച്ച, ഗുരുതര രോഗബാധ, അപ്രതീക്ഷിത പരാജയങ്ങള്‍ തുടങ്ങിയവയൊക്കെ നിരാശയുടെ സ്ഥിരം ചൂണ്ടക്കൊളുത്തുകളാണ്. അപ്രതീക്ഷിത തിരിച്ചടികളില്‍ നിരാശ തോന്നുക സ്വാഭാവികം. എന്നാല്‍ അത് നീണ്ടുനില്‍ക്കുമ്പോള്‍ മാനസികാരോഗ്യത്തെയും പെരുമാറ്റത്തെയും ചിന്തകളെത്തന്നെയും നിഷേധാത്മകമായി സ്വാധീനിക്കുന്നു. നിരാശ ഒരു വ്യക്തിയുടെ പ്രവര്‍ത്തനോര്‍ജത്തെ കാര്‍ന്നുതിന്നുന്നു. വികാരങ്ങള്‍ക്ക് ഒരു വ്യക്തിയെ പോസിറ്റീവായോ നെഗറ്റീവായോ ചലിപ്പിക്കാന്‍സാധിക്കും. പോസിറ്റീവ് വികാരങ്ങള്‍ പോസിറ്റീവ് റിസള്‍ട്ടിലേക്ക് നയിക്കുമ്പോള്‍ നെഗറ്റീവ് വികാരങ്ങള്‍ പ്രവര്‍ത്തനമേഖലയില്‍ പരാജയത്തിലേക്കും നിശ്ചലതയിലേക്കും നയിക്കും.
കാരണം തിരിച്ചറിയണം
ജീവിതത്തില്‍ ഇനി ശുഭകരമായത് സംഭവിക്കുകയില്ലെന്ന ചിന്തയാണ് നിരാശയുടെ അടിസ്ഥാന കാരണം.
തെറ്റായ വ്യാഖ്യാനങ്ങള്‍: മറ്റൊരാള്‍ പറഞ്ഞ വാക്കോ ചെയ്ത പ്രവൃത്തിയോ അനാവശ്യമായി വ്യാഖ്യാനിച്ച് പലരും നിരാശയ്ക്ക് പിടികൊടുക്കാറുണ്ട്. ഒരുപക്ഷേ, ഈ വ്യാഖ്യാനത്തിന് യഥാര്‍ഥത്തില്‍ സംഭവിച്ചതുമായി ബന്ധമുണ്ടാകണമെന്നുപോലുമില്ല.
അമിതമായ ചിന്തകള്‍: ഏത് കാര്യമായാലും അതിന്റെ മോശം വശങ്ങളെപ്പറ്റി മാത്രം ചിന്തിച്ചുകൊണ്ടിരുന്നാല്‍ നിരാശയാകും ഫലം.
തുടര്‍ച്ചയായ പരാജയങ്ങള്‍: ദാമ്പത്യത്തിലോ ജോലിയിലോ ബിസിനസ്സിലോ പഠനത്തിലോ ചില കാര്യങ്ങള്‍ക്കുവേണ്ടി ശ്രമിക്കുമ്പോള്‍ അവയിലുണ്ടാകുന്ന തുടര്‍ച്ചയായ പരാജയം നിരാശ സൃഷ്ടിക്കും.
പുറത്തേക്ക് വഴികളുണ്ട്
- നിരാശയില്‍ നിന്ന് പുറത്ത് കടക്കാനുള്ള ആദ്യപടി മനസ്സിന്റെ ശുദ്ധീകരണമാണ്. തെറ്റായ ധാരണകള്‍, വ്യാഖ്യാനങ്ങള്‍, വിലയിരുത്തലുകള്‍, മനോഭാവങ്ങള്‍ എന്നിവ മനസ്സില്‍നിന്ന് നീക്കുക.
- കഴിഞ്ഞകാലജീവിതത്തില്‍ സംഭവിച്ച മോശം അനുഭവങ്ങള്‍ ഇടയ്ക്കിടെ അയവിറക്കാതിരിക്കുക.
- ബന്ധങ്ങളിലെ തകര്‍ച്ചയുടെയും പരാജയങ്ങളുടെയും കാരണങ്ങള്‍ സത്യസന്ധമായി വിലയിരുത്തുക. നമ്മുടെ ഭാഗത്തെ പോരായ്മകള്‍ തിരുത്താന്‍ ശ്രമിക്കുക.
- മനസ്സില്‍നിന്ന് ഈഗോ, വാശി എന്നിവ നീക്കുക.
- ഏത് പ്രതിസന്ധിയിലും ശുഭപ്രതീക്ഷ നിലനിര്‍ത്തുക. ഇപ്പോഴത്തെ അവസ്ഥകള്‍ താത്കാലികമാണെന്നും അതിനുശേഷം നല്ല ദിവസം വരുമെന്നും ചിന്തിക്കുക.
- മനസ്സിലെ ഭാരം നീക്കാന്‍ ധ്യാനം, യോഗ, പ്രാര്‍ഥന, സംഗീതം കേള്‍ക്കല്‍ എന്നിവയ്ക്ക് സമയം കണ്ടെത്തുക.
- പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനായി വായന, ചര്‍ച്ച, പ്രചോദനാത്മക പരിശീലന പരിപാടികള്‍ എന്നിവയില്‍ സജീവമാകുക.
- മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ പങ്കാളിയായി അവരെ സഹായിക്കുക.
- ബന്ധങ്ങളിലെയും ബിസിനസ്സിലെയും ജോലിയിലെയുമെല്ലാം തകര്‍ച്ച പതുക്കെ പതുക്കെ പരിഹരിക്കാന്‍ ശ്രമിക്കുക. ഉടന്‍ ഫലം കിട്ടണമെന്ന നിര്‍ബന്ധം ഒഴിവാക്കുക.
- ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക. ഉദാഹരണത്തിന് നൃത്തം, പാട്ടുപാടല്‍, പാട്ടുകേള്‍ക്കല്‍, പൂന്തോട്ടം ഒരുക്കല്‍, വായന, എഴുത്ത് മുതലായവ.
- അസംതൃപ്തിയില്‍നിന്നാണ് പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതെന്ന് മനസ്സിലാക്കി മികച്ച വഴികള്‍ തേടുക.
Content Highlights: How to recover from depression, Health, Mental Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..