രുവര്‍ഷത്തിലേറെയായി ലോകം കൊറോണ വൈറസിന്റെ പിടിയിലാണ്. എന്നാല്‍ ഒരു നൂറ്റാണ്ടിലേറെയായി നമ്മളേവരും ജീവിതശൈലീരോഗങ്ങളെന്ന മറ്റൊരു നിശ്ശബ്ദമഹാമാരിയുടെ പിടിയിലാണ്. നിലവില്‍ ഏത് പകര്‍ച്ചവ്യാധികളെക്കാളും കൂടുതല്‍ ആളുകളെ അലട്ടുന്ന അനാരോഗ്യകരമായ അവസ്ഥയാണെങ്കിലും ഏറ്റവും ലാഘവത്തോടെയാണ് സമൂഹം ഇവയെ സമീപിക്കുന്നത്. ശാരീരികാധ്വാനം കുറഞ്ഞ ജീവിതരീതികളിലേക്കുള്ള മാറ്റത്തോടൊപ്പം തെറ്റായ ഭക്ഷണരീതികളും ലഹരി ഉപയോഗവുംകൂടിയാകുമ്പോള്‍ അവസ്ഥ കൂടുതല്‍ പ്രയാസത്തിലാകുന്നു. ഉദാസീനമായ ജീവിതശൈലി അല്ലെങ്കില്‍ കായികപ്രവര്‍ത്തനങ്ങളുടെ അഭാവമാണ് ജീവിതശൈലീരോഗങ്ങള്‍ക്ക് മുഖ്യഹേതുവായി കണക്കാക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഓരോ വര്‍ഷവും 32 ലക്ഷം മരണങ്ങള്‍ക്ക് പ്രധാന കാരണം കായികാധ്വാനം തീരെക്കുറഞ്ഞുപോയതാണ്.

മനുഷ്യവര്‍ഗം ലക്ഷ്യമിട്ട മിക്കവാറും പുരോഗതികള്‍ പരോക്ഷമായി അവരെ കായികമായി കര്‍മരഹിതരാക്കിയെന്നുകാണാം. ബ്രിട്ടീഷ് എഴുത്തുകാരന്‍ വൈബര്‍ ക്രേഗന്‍ റെയ്ഡിന്റെ 'പ്രൈമേറ്റ് ചേഞ്ച്' എന്ന വിഖ്യാതപുസ്തകത്തില്‍ ''ചലനത്തെ ഭക്ഷണമായി കരുതുകയാണെങ്കില്‍, ആധുനികജീവിതത്തില്‍ നാമെല്ലാവരും പട്ടിണിയിലാണ്'' എന്ന് പരാമര്‍ശിക്കുന്നുണ്ട്. യന്ത്രങ്ങളുടെ വരവ്, ആധുനിക ഗതാഗതസൗകര്യങ്ങള്‍ എല്ലാം മനുഷ്യന്റെ കായികപരിശ്രമങ്ങള്‍ കുറച്ചു. നഗരവത്കരണം ശാരീരികനിഷ്‌ക്രിയത്വം വര്‍ധിപ്പിക്കുന്നതായാണ് കാണപ്പെടുന്നത്. 2050-ഓടെ വികസ്വരരാജ്യങ്ങളില്‍ 64 ശതമാനവും വികസിതരാജ്യങ്ങളില്‍ 86 ശതമാനവും നഗരവത്കരിക്കപ്പെടുമെന്ന് പ്രവചിക്കപ്പെടുന്നു. ശാരീരികനിഷ്‌ക്രിയത്വമെന്ന പൊതുജനാരോഗ്യപ്രശ്നത്തിന്റെ വ്യാപ്തി ഇനിയും കൂടാനുള്ള സാധ്യത വളരെയേറെയാണ്.

ഉദാസീനമായ പെരുമാറ്റങ്ങളിലേക്കുള്ള യാന്ത്രികാകര്‍ഷണം മനുഷ്യമസ്തിഷ്‌കത്തില്‍ കൊത്തിവെച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. പരിണാമത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഇത് യുക്തിസഹമാണ്. ഭക്ഷണത്തിന്റെ ലഭ്യത ബുദ്ധിമുട്ടായിരുന്ന കാലഘട്ടത്തില്‍ വ്യായാമരാഹിത്യം ഊര്‍ജം ലാഭിക്കാന്‍ അത്യാവശ്യമായിരുന്നു. വ്യക്തികളെ അതിജീവിക്കാനനുവദിക്കുന്ന ഇത്തരം ജീനുകള്‍ അടുത്ത തലമുറയില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഊര്‍ജം ലാഭിക്കുന്ന രീതിയില്‍ വലിയ അളവിലുള്ള ശാരീരികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കഴിവുള്ള വ്യക്തികളെ നാച്ചുറല്‍ സെലക്ഷന്‍ അനുകൂലിക്കുന്നു.

മിസ്മാച്ച് രോഗങ്ങള്‍

നമ്മുടെ ശരീരവും അപരിചിതമായ അന്തരീക്ഷവും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് ക്രമേണ പൊരുത്തക്കേട് രോഗങ്ങള്‍ അഥവാ മിസ്മാച്ച് രോഗങ്ങളായിമാറുന്നത്. ഒരു പരിതസ്ഥിതിയില്‍ ഒരു ജീവിയില്‍ പരിണമിച്ച സ്വഭാവവിശേഷങ്ങള്‍ മറ്റൊരു പരിതസ്ഥിതിയില്‍ ദോഷകരമാകുമെന്ന ആശയത്തെ നിര്‍വചിക്കുന്നതാണ് 1940-കളില്‍ ഏണെസ്റ്റ് മേയര്‍ മുന്നോട്ടുവെച്ച 'പൊരുത്തക്കേട് സിദ്ധാന്തം'. പാരിസ്ഥിതികവ്യതിയാനങ്ങള്‍ വളരെ വേഗത്തിലും പരിണാമം ക്രമാനുഗതവും വളരെ പതിയെയും സംഭവിക്കുന്നു. അതിനാല്‍ പരിസ്ഥിതിയോട് പൂര്‍ണമായി പൊരുത്തപ്പെടാന്‍ ജനസമൂഹങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കുറച്ചധികം സമയം വേണ്ടിവരാറുണ്ട്.

ജീവിതശൈലീരോഗങ്ങള്‍ വാസ്തവത്തില്‍ ഇത്തരത്തിലുള്ള പൊരുത്തക്കേട് രോഗങ്ങളാണ്. ഭൂമിയില്‍ ഹോമോസാപ്പിയന്‍മാരുണ്ടായതുമുതല്‍ ഇതുവരെയുള്ള സമയത്തിന്റെ 99.5 ശതമാനവും മനുഷ്യരുടെ ദൈനംദിനനിലനില്‍പ്പിനു സഹായിച്ചത് വിവിധ ഭക്ഷ്യസ്രോതസ്സുകളോടുള്ള അനുരൂപീകരണമാണ്. ദിനംതോറുമുള്ള കായികവ്യായാമങ്ങളും പ്രവചനാതീതവും ദൈനംദിന വേട്ടയില്‍ വിജയിക്കുന്നതിനെ ആശ്രയിച്ച് മാത്രമുള്ളതുമായ ഭക്ഷണലഭ്യതയോടുള്ള ഇണങ്ങിച്ചേരലും അതിലുള്‍പ്പെടുന്നു. പാരിസ്ഥിതികസമ്മര്‍ദത്തെ അതിജീവിക്കാന്‍ ഊര്‍ജസന്തുലിതാവസ്ഥ ഉറപ്പുനല്‍കുന്ന രീതിയിലാണ് 'ചയാപചയം' അഥവാ മെറ്റബോളിസം വികസിച്ചത്.

എന്നാല്‍ സസ്യങ്ങളെയും മൃഗങ്ങളെയും മെരുക്കാനും പരിപാലിക്കാനും ആരംഭിച്ചതുമുതല്‍ നിരന്തരമായ ഭക്ഷ്യലബ്ധി സാധ്യമായി. ഈ മാറ്റം മനുഷ്യര്‍ പരിതസ്ഥിതിയുമായി ഇടപഴകുന്ന രീതിയില്‍ അതിവേഗം വ്യതിയാനമുണ്ടാക്കി. ആധുനികലോകത്ത് ഊര്‍ജത്തിന് ഒരു മുട്ടുമില്ലാത്തിനാല്‍, മനുഷ്യര്‍ പരിണാമാധിഷ്ഠിതസ്വഭാവരീതികളില്‍ മാറ്റം വരുത്തി. വേട്ടയാടലിനും ഭക്ഷണശേഖരണത്തിനും ബദലായി ഇന്ന് അടുക്കളയിലേക്ക് കുറച്ച് കാല്‍വെപ്പുകളോ അല്ലെങ്കില്‍ പ്രാദേശിക ഭക്ഷ്യസ്റ്റോറിലേക്കുള്ള ഹ്രസ്വയാത്രയോ മാത്രമേ ആവശ്യമുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കാനും എന്നാല്‍ വളരെക്കുറവ് ഊര്‍ജം ഉപയോഗിക്കാനും അവസരമാകുന്നു.

മനുഷ്യശരീരം ഇന്നും പൂര്‍വികരുടെ നായാടിജീവിതരീതിക്കുതകുംവിധം മാത്രമേ പരിണമിച്ചിട്ടുള്ളൂ. ദ്രുതഗതിയിലുള്ള സാമൂഹികപുരോഗതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മന്ദഗതിയിലുള്ള പരിണാമപ്രക്രിയ ഇന്നത്തെ ജീവിതസാഹചര്യത്തിന് യോജിക്കുംവിധം ശരീരത്തെ പാകപ്പെടുത്തിയിട്ടില്ല.  
വ്യായാമരഹിതമായ ജീവിതം ശരീരത്തെ പലതരം ബുദ്ധിമുട്ടുകളിലേക്കെത്തിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.

അമിതവണ്ണം

വ്യായാമം ചെയ്യുമ്പോള്‍ അരക്കെട്ടിന്റെ വണ്ണവും ശരീരഭാരവും കുറയും. ഉദാസീനമായ ജീവിതശൈലി വിപരീതഫലമാണ് ചെയ്യുന്നത്. മേശമേല്‍ കമിഴ്ന്നുകിടക്കുമ്പോഴും കട്ടിലില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോഴും ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ എന്നിവ അമിതമായി ഉപയോഗിക്കുമ്പോഴും അപകടം അടുത്തുണ്ടെന്ന് മനസ്സിലാക്കുക. ഈ അവസ്ഥയില്‍ വളരെക്കുറച്ചു കലോറി മാത്രമേ ശരീരത്തിന് ഉപയോഗിക്കേണ്ടിവരുന്നുള്ളൂ. ഉപയോഗിക്കാത്ത കലോറി കൊഴുപ്പായി രൂപാന്തരപ്പെടുന്നു. ഇത് പലപ്പോഴും ശരീരഭാരം വര്‍ധിപ്പിക്കാനും അമിതവണ്ണത്തിനും ഇടയാക്കും. അമിതവണ്ണം പലതരത്തിലുള്ള രോഗങ്ങളിലേക്കുള്ള വഴിയാണ്.

ദുര്‍ബലമാകുന്ന അസ്ഥികളും സന്ധികളും

എല്ലുകളും സന്ധികളും ശക്തിപ്പെടുത്തുന്നതിന് പതിവായി ശാരീരികവ്യായാമം ആവശ്യമാണ്. ഇതിന്റെ അഭാവം ഓസ്റ്റിയോപീനിയക്കും (Osteopenia) ഓസ്റ്റിയോപൊറോസിസിനും (Osteoporosis) കാരണമാകുന്നു. ഈ രണ്ട് രോഗാവസ്ഥകളും അസ്ഥിയുടെ സാന്ദ്രതയും ബലവും കുറയ്ക്കുന്നതാണ്.
നിരന്തരം ഇരുന്നു ജോലിചെയ്യുന്നവരെ നടുവേദന അലട്ടാറുണ്ട്. കസേരയിലിരിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ അത് സന്ധികളിലുംമറ്റും ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇരിപ്പിലെ പ്രശ്നങ്ങള്‍ കാരണം നട്ടെല്ലിന് വളവുവരാം. ചിലരില്‍ ഡിസ്‌ക് പ്രൊലാപ്‌സിനും ഇടയാക്കാറുണ്ട്.

മാനസിക സമ്മര്‍ദം

നാഡീകോശങ്ങളില്‍നിന്ന് പേശികളിലേക്കോ ഗ്രന്ഥികളിലേക്കോ നാഡികളിലേക്കോ സിഗ്നലുകള്‍ പകരുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളാണ് സെറോടോണിന്‍, ഡോപ്പാമിന്‍ എന്നീ കെമിക്കലുകള്‍. ഇവ രണ്ടും മാനസികാവസ്ഥ, വിശപ്പ്, രക്തം കട്ടപിടിക്കല്‍, ഉറക്കം, ശരീരത്തിന്റെ നിത്യേനയുള്ള താളം അഥവാ സര്‍ക്കാഡിയന്‍ റിഥം എന്നിവ ക്രമീകരിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ജീവിതം വ്യായാമരഹിതമാകുമ്പോള്‍ സെറോടോണിന്റെ അളവ് കുറയുകയും അത് ഉന്മേഷക്കുറവിലേക്ക് നയിക്കുകയും ചെയ്യുന്നു.

വ്യായാമം ചെയ്യുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന സെറോടോണിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം വിഷാദവും ഉത്കണ്ഠയും അകറ്റും. എയ്‌റോബിക് വ്യായാമങ്ങളിലൂടെ എന്‍ഡോര്‍ഫിനുകള്‍ സ്രവിക്കപ്പെടുന്നു. മോര്‍ഫിന്‍ എന്ന രാസവസ്തുവിന് സമാനമായി ശരീരത്തില്‍ സന്തോഷവും, സ്വച്ഛതയും ഉല്ലാസവും സമ്മാനിക്കുന്ന കെമിക്കലുകളാണ്
എന്‍ഡോര്‍ഫിനുകള്‍.

ഹൃദയത്തെ ബാധിക്കുമ്പോള്‍

വ്യായാമമില്ലാത്ത ജീവിതശൈലിയും അതിനൊപ്പം ദീര്‍ഘനേരം ഇരുന്നുള്ള ജോലിയുംകൂടിയാകുമ്പോള്‍ അത് ഹൃദയാരോഗ്യത്തെ ബാധിക്കും. കായികാധ്വാനം ഒട്ടും ഇല്ലാത്തവരില്‍ ഹൃദയപേശികള്‍ ദുര്‍ബലമാവുകയും ധമനികളില്‍ കൊഴുപ്പ് കുമിഞ്ഞുകൂടുകയും അത് ഹൃദയാഘാതം, മറ്റ് ഹൃദ്രോഗങ്ങള്‍, രക്താതിമര്‍ദം എന്നിവയുടെ സാധ്യത കൂട്ടുകയും ചെയ്യുന്നു.  
ക്രമമായ വ്യായാമം ഹൃദയത്തിലൂടെയുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും അവയവങ്ങളിലേക്കും പേശികളിലേക്കും കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യുന്നു. ധമനികളുടെ സങ്കോചവികാസത്തിനുള്ള ശേഷി കൂട്ടുകയും രക്തധമനികളുടെ ഭിത്തി കട്ടികൂടുന്ന അവസ്ഥയുണ്ടാവാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദം ക്രമപ്പെടുത്തുകയും ഹൃദയമിടിപ്പിന്റെ താളം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗം, ഹൃദയാഘാതം തുടങ്ങിയ ഹൃദയരോഗങ്ങള്‍ നിയന്ത്രിക്കാനും തടയാനും സഹായിക്കുന്നു.

ഓര്‍മക്കുറവ്

വ്യായാമരഹിത ജീവിതം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാന്‍ കാരണമാകാം. ഇത് കാരണം ഡിമന്‍ഷ്യപോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം ക്രമമായ വ്യായാമം തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കായികാധ്വാനം ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നു. ഇത് തലച്ചോറിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ പമ്പ് ചെയ്യാന്‍ സഹായിക്കും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുക വഴി, മസ്തിഷ്‌ക കോശങ്ങളുടെ വളര്‍ച്ചയ്ക്ക് മികച്ച അന്തരീക്ഷം ഒരുക്കുന്നു.

പ്രതിരോധശേഷിക്കുറവ്

ശാരീരികാധ്വാനമില്ലാത്ത അവസ്ഥ രോഗപ്രതിരോധശേഷിയെ ബാധിക്കാം. ഔഷധത്തെക്കാളും ഭക്ഷണത്തെക്കാളും നല്ല ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ആണ് വ്യായാമം. വ്യായാമവേളയില്‍ ഹൃദയമിടിപ്പ് വര്‍ധിക്കുന്നത് രോഗാണുക്കള്‍ക്കെതിരേ രോഗപ്രതിരോധ കോശങ്ങളെ തയ്യാറാക്കാന്‍ സഹായിക്കുന്നു. ഇത് താത്കാലികമാണെങ്കിലും കാലക്രമേണ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താന്‍ സഹായിക്കും.

ഉറക്കക്കുറവ്

ശാരീരികമായ ചലനം തീരേ കുറയുന്നത് ഉറക്കത്തെയും ബാധിക്കാം. പതിവായ വ്യായാമം വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും വേഗത്തില്‍ ഉറങ്ങാനും മികച്ച ഉറക്കം കിട്ടാനും സഹായിക്കുന്നു.

പ്രമേഹ സാധ്യത

ദീര്‍ഘകാലം ഇരുന്ന് ജോലിചെയ്യുകയും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രമേഹസാധ്യത വര്‍ധിക്കാം. ചിട്ടയായ വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇന്‍സുലിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാക്കുകയും ചെയ്യും. മെറ്റബോളിക് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ വരാനുള്ള സാധ്യത വളരെയേറെ കുറയ്ക്കാന്‍ വ്യായാമത്തിലൂടെ സാധിക്കും. ഇതിനകം ഈ രോഗങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ, അത് നിയന്ത്രിക്കാന്‍ വ്യായാമംപോലെ സഹായകരമായ മറ്റൊന്നില്ല. എന്നാല്‍ രോഗാവസ്ഥ ഉള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം വ്യായാമം തുടങ്ങുക.

കാന്‍സര്‍ സാധ്യത

വ്യായാമരഹിതമായ ജീവിതരീതി ചിലതരം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. വന്‍കുടല്‍, വൃക്ക, കരള്‍, ആമാശയം, സ്തനം, ഗര്‍ഭാശയ ഭിത്തി, അന്നനാളം എന്നിവയെ ബാധിക്കുന്ന കാന്‍സര്‍, മൈലോയ്ഡ് രക്താര്‍ബുദം തുടങ്ങിയവ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കായികാധ്വാനത്തിന് കഴിയും.

എന്താണ് മെറ്റ്

ചില പ്രത്യേക ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴുള്ള ഒരു വ്യക്തിയുടെ ഊര്‍ജ ഉപഭോഗം, വ്യായാമമില്ലാത്ത അവസ്ഥയില്‍ ഇരിക്കുമ്പോഴുള്ള ഊര്‍ജ ഉപഭോഗം, ഇവ തമ്മിലുള്ള അനുപാതത്തിന്റെ അളവാണ് മെറ്റബോളിക് ഈക്വലന്റ് ഓഫ് ടാസ്‌ക് (MET). മെറ്റ് എന്നത് വ്യായാമരഹിതമായി ഇരിക്കുന്നതിനുള്ള ഊര്‍ജച്ചെലവിന് തുല്യമാണ്. മാത്രമല്ല ഒരു മെറ്റ് വ്യായാമരഹിതമായി ഇരിക്കുമ്പോഴുള്ള ഓക്‌സിജന്‍ ചെലവിനും സമാനമാണ്. ഇത് 3.5 മില്ലീ ലിറ്റര്‍ ഓക്‌സിജന്‍/ കിലോഗ്രാം വെയിറ്റ്/ മിനിറ്റിന് തുല്യമാണ്.
വ്യായാമത്തെപ്പറ്റിയും ശാരീരികാധ്വാനത്തെപ്പറ്റിയും ഒരു ജനസമൂഹത്തിന് പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മെറ്റ് ഉപയോഗിക്കുന്നു. ഉദാഹരണത്തിന് വിശ്രമാവസ്ഥയില്‍ ഊര്‍ജ ചെലവുകളുടെ നിരക്ക് ഒരു മെറ്റ് ആണ്. 4 മെറ്റ് കായിക പ്രവര്‍ത്തനം എന്നാല്‍ ശരീരം വിശ്രമവേളയില്‍ ഉപയോഗിക്കുന്നതിന്റെ 4 ഇരട്ടി ചെലവഴിക്കുന്നു എന്ന് സാരം. ഒരു വ്യക്തി 30 മിനിറ്റ് 4 മെറ്റ് പ്രവര്‍ത്തനം നടത്തുകയാണെങ്കില്‍, അയാള്‍ 4x 30=120 മെറ്റ് മിനിറ്റ് (അല്ലെങ്കില്‍ 2 മെറ്റ്-മണിക്കൂര്‍) ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്തു എന്ന് അനുമാനിക്കാം. അതേസമയം 15 മിനിറ്റ് 8 മെറ്റ് പ്രവര്‍ത്തനം നടത്തിയാലും ഒരു വ്യക്തിക്ക് 120 മെറ്റ് മിനിറ്റ് നേടാന്‍ കഴിയും.

എഴുത്ത്, സാവധാനം നടക്കുക തുടങ്ങിയ ലഘുവായ വ്യായാമത്തിന് മെറ്റ് മൂല്യം 3 ന് താഴെയാണ്. നിലം തുടയ്ക്കല്‍, മണിക്കൂറില്‍ 5 കിലോമീറ്റര്‍ നടത്തം, യോഗ മുതലായവയ്ക്ക് 3 മുതല്‍ 6 വരെ മെറ്റ് മൂല്യമുണ്ട്. സൈക്ലിങ്, ബാസ്‌ക്കറ്റ് ബോള്‍, നീന്തല്‍, ജോഗിങ് എന്നിവ പോലുള്ള തീവ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് 6-ന് മുകളിലാണ് മെറ്റ് മൂല്യം. 18 നും 65 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക്, ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് 36 മെറ്റ് വ്യായാമം അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം 20 മിനിറ്റ് കഠിനമായ എയ്‌റോബിക് വ്യായാമമുറകള്‍ അമേരിക്കന്‍ കോളേജ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.

(തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

Content Highlights: How to prevent work from home lifestyle diseases, Health, Lifestyle Diseases 

ആരോ​ഗ്യമാസിക വാങ്ങാം