ഫോട്ടോ: എ.എൻ.ഐ.
വേനല്‍ക്കാലത്ത് കടുത്ത ചൂടിനൊപ്പം ചില രോഗങ്ങളും വ്യാപകമാവാറുണ്ട്. ഇവയെക്കുറിച്ച് വിശദമായി അറിയാം.
ചിക്കന്‍പോക്സ്
ഒരു വൈറല്‍ അണുബാധയാണ് ചിക്കന്‍പോക്സ്. വേരിസെല്ല സോസ്റ്റര്‍ വൈറസ് ആണ് രോഗകാരി. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് പത്തു മുതല്‍ 21 ദിവസം വരെ വേണ്ടിവരും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍.
ചിക്കന്‍പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ പനിയും തലവേദനയും ഉള്‍പ്പെടുന്നു. അതേസമയം വൈറസ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞ് തിണര്‍പ്പ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും പിന്നീട് ഇവ വെള്ളം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യും. നെഞ്ച്, ശരീരത്തിന്റെ പുറകുവശം, മുഖം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കുമിളകള്‍ ഉണ്ടാവുക. പിന്നീട് ശരീരം മുഴുന്‍ വ്യാപിക്കും. കടുത്ത ചൊറിച്ചിലും ഉണ്ടാകും.
ചര്‍മത്തിലെ കുമിളയില്‍ നിറയെ വൈറസുകള്‍ ഉണ്ടാകും. ഇവയില്‍ സ്പര്‍ശിക്കുന്നതുവഴി രോഗം ബാധിക്കാം. എന്നാല്‍ കുമിളകള്‍ പൊന്തുന്നതിന് 5 ദിവസം മുന്‍പ് മുതല്‍ 14-21 ദിവസം വരെ ഇവ പകരാം. അതിനാല്‍ രോഗികള്‍ സ്വയം ഐസൊലേഷനില്‍ കഴിയണം.
ചികിത്സ
ചിക്കന്‍ പോക്‌സിന് ആന്റി വൈറല്‍ ഗുളികകള്‍ ലഭ്യമാണ്. ഒരു കുമിള കണ്ടാല്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങുക. ശരീരം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തുടയ്ക്കാം. കുമിളകള്‍ പൊട്ടാതെ ശ്രദ്ധിക്കണം. കുളിക്കാതിരിക്കണ്ട ആവശ്യമില്ല. ശുചിത്വം ഇല്ലെങ്കില്‍ ഈ കുമിളകളില്‍ ബാക്ടീരിയ അണുബാധ വരാനും അത് പിന്നീട് വൃക്ക, ശ്വാസകോശം, തലച്ചോറ് എന്നിവയെ ഒക്കെ ബാധിച്ച് തീവ്രമായ രോഗമാവാനും സാധ്യതയുണ്ട്.
ഒരിക്കല്‍ ചിക്കന്‍പോക്‌സ് വന്നാല്‍ വീണ്ടും വരുമോ?
ഒരിക്കല്‍ ചിക്കന്‍പോക്‌സ് വന്നയാള്‍ക്ക് വീണ്ടും വരാന്‍ 90 ശതമാനവും സാധ്യതയില്ല. രോഗം ഭേദമാകുന്നതോടു കൂടി ശരീരം സ്വാഭാവിക പ്രതിരോധ ശേഷി നേടും. അത് ജീവിതകാലം മുഴുവന്‍ ലഭിക്കാറുണ്ട്.
ഗര്‍ഭകാലത്ത് ചിക്കന്‍പോക്‌സ് ഉണ്ടായാല്‍
ഗര്‍ഭകാലത്ത് ചിക്കന്‍പോക്‌സ് വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ ആറുമാസത്തിലാണ് രോഗം കാണുന്നതെങ്കില്‍ കുഞ്ഞിന് ഉള്‍പ്പടെ അപകടസാധ്യത ഉണ്ടാകും. പ്രസവത്തിന് തൊട്ടുമുന്‍പാണ് ചിക്കന്‍പോക്‌സ് വരുന്നതെങ്കില്‍ കുഞ്ഞിന് നിയോനാറ്റല്‍ വാരിസെല്ല എന്ന അസുഖത്തിന് കാരണമാകുന്നു. അത്തരം സാഹചര്യങ്ങളില്‍ കുഞ്ഞിന് ഇമ്മ്യൂണോഗ്ലോബുലിന്‍ ഇഞ്ചക്ഷന്‍ എടുക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ദിവസവും രണ്ടുനേരം ഇളം ചൂടുവെള്ളത്തില്‍ കുമിളകള്‍ പൊട്ടാത്ത തരത്തില്‍ ശരീരം കഴുകി വൃത്തിയാക്കണം.
- ശരീരം തേച്ച് ഉരച്ച് കഴുകരുത്.
- ശരീരം തുടയ്ക്കാന്‍ മൃദുവായ തുണി മാത്രം ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കട്ടിയുള്ള തോര്‍ത്ത് ഉപയോഗിക്കരുത്.
- രോഗി ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ മുറിയടച്ചിരിക്കണം.
- രോഗി തുമ്മുന്നതും ചുമയ്ക്കുന്നതും വൈറസുകള്‍ പുറത്തേക്ക് വ്യാപിച്ച് മറ്റുള്ളവര്‍ക്ക് രോഗമുണ്ടാകാന്‍ ഇടയാക്കും. അതിനാല്‍ രോഗിയും രോഗിയെ പരിചരിക്കുന്നവരും മാസ്‌ക്ക് ധരിക്കണം.
- കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം. വ്യക്തിശുചിത്വം പാലിക്കാന്‍ ഇത് സഹായിക്കും.
- നിര്‍ജ്ജലീകരണം തടയാന്‍ വെള്ളം ധാരാളം കുടിക്കണം.
- ദഹനവ്യവസ്ഥയിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ എണ്ണയുടെയും മസാലകളുടെയും ഉപയോഗം കുറയ്ക്കുക.
ചിക്കന്‍പോക്സ് പ്രതിരോധിക്കാന്‍ വാക്‌സിന്‍ ലഭ്യമാണ്. കുട്ടികളില്‍ വാരിസെല്ല വാക്സിന്റെ ആദ്യത്തെ ഡോസ് 12-15 മാസത്തിലും രണ്ടാമത്തെ ഡോസ് 4-6 വയസ്സിനിടയിലും ആണ് നല്‍കേണ്ടത്. 13 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാരിസെല്ല വാക്‌സിന്‍ സ്വീകരിക്കണം.
പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍, ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവര്‍, മുന്‍പ് ചിക്കന്‍പോക്‌സ് വാക്‌സിനോട് അലര്‍ജി ഉണ്ടായിട്ടുള്ളവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍, കാന്‍സര്‍ രോഗത്തിന് റേഡിയേഷന്‍/ കീമോ എടുക്കുന്നവര്‍ എന്നിവര്‍ വാക്‌സിന്‍ എടുക്കരുത്.
.jpg?$p=eb758f7&&q=0.8)
ഭക്ഷ്യവിഷബാധ
വേനല്‍ക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങള്‍ വര്‍ഷത്തിലെ മറ്റ് മാസങ്ങളെ അപേക്ഷിച്ച് രണ്ട് മടങ്ങ് കൂടുതലാണ്. കാരണം ഭക്ഷണം എളുപ്പത്തില്‍ കേടാകുന്നു-ചൂടുള്ള കാലാവസ്ഥയില്‍ തഴച്ചുവളരുന്ന ബാക്ടീരിയകള്‍ ആണ് ഇതിന് കാരണം. മലിനമായ ഭക്ഷണപാനീയങ്ങള്‍ വയറിളക്കത്തിനും ഛര്‍ദ്ദിക്കും കാരണമാകും. ഇത് നിര്‍ജ്ജലീകരണത്തിലേക്കും ഒരുപക്ഷേ, വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് സങ്കീര്‍ണതകളിലേക്കും നയിച്ചേക്കാം.
റഫ്രിജറേറ്ററില്‍ വെച്ച് ഇടക്കിടെ ചൂടാക്കി പഴയ ആഹാരം കഴിക്കാതിരിക്കുക. തിളപ്പിച്ച വെള്ളം കൊണ്ട് മാത്രം പാചകം ചെയ്യുക. കുടിക്കാനും വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക. വീട്ടിലെ കിണറുകള്‍ ബ്ലീച്ചിങ്ങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക. വൃത്തിയില്ലാത്ത സ്ഥലത്ത് നിന്നും ആഹാരം കഴിക്കുന്നത് ഒഴിവാക്കുക.
ചെങ്കണ്ണ്
വേനല്‍ക്കാലത്ത് പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന ഒരു രോഗമാണ് ചെങ്കണ്ണ് എന്ന് അറിയപ്പെടുന്ന കണ്‍ജങ്ടിവിറ്റിസ്. വെറസ് മൂലവും ബാക്ടീരിയ മൂലവും ഈ രോഗമുണ്ടാകാം. ഇതുവഴി കണ്‍പോളയുടെ ആന്തരിക പാളിയ്ക്ക് വീക്കം സംഭവിക്കുന്നു.
കണ്‍ജങ്ക്റ്റിവ അഥവ കണ്ണുകളുടെ വെളുത്ത ഭാഗത്ത് ചുവപ്പ്, കണ്ണുകള്‍ക്ക് ചുറ്റും പ്രകടമായ ചൊറിച്ചില്‍, കണ്ണില്‍ നിന്നും സ്രവ രൂപത്തില്‍ ഒഴുകുക, കണ്ണിന് വേദന എന്നിവയാണ് ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. ഇല്ലെങ്കില്‍ രോഗം തീവ്രമായാല്‍ കാഴ്ച വരെ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ട്.
ശ്രദ്ധിക്കേണ്ടത്
- കണ്ണുകള്‍ ഇടയ്ക്കിടെ നന്നായി വെള്ളം കൊണ്ട് കഴുകുക.
- കണ്ണില്‍ നിന്നുള്ള സ്രവങ്ങളില്‍ കൂടി ഈ രോഗം ഒരു രോഗിയില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരുന്നു. അതിനാല്‍ രോഗി ഇടയ്ക്കിടെ കൈ കഴുകുക.
- രോഗി ഉപയോഗിച്ച സോപ്പ്, ടവല്‍ എന്നിവ മറ്റൊരാള്‍ ഉപയോഗിക്കരുത്.
ശരീര താപനില അസാധാരണമായി ഉയരുന്ന അവസ്ഥയാണ് ഹൈപ്പര്‍തേര്‍മിയ, ഇത് പരിസ്ഥിതിയില്‍ നിന്ന് വരുന്ന ചൂട് ശരീരത്തിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നതിനെ സൂചിപ്പിക്കുന്നു. ചെറിയ ക്ഷീണം മുതല്‍ ബോധക്ഷയം(ഹീറ്റ് സ്‌ട്രോക്ക്) വരെ ഹൈപ്പര്‍തേര്‍മിയയുടെ കീഴില്‍ വരുന്ന മെഡിക്കല്‍ അത്യാഹിതങ്ങളാണ്.
ഹൈപ്പര്‍തേര്‍മിയ ബാധിച്ച ഒരു വ്യക്തിക്ക് തലവേദന, തലകറക്കം, ബോധക്ഷയം, കനത്ത വിയര്‍പ്പ്, മലബന്ധം എന്നിവ അനുഭവപ്പെടാം. സൂര്യന്റെ ചൂട് അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുമ്പോള്‍, പകലിന്റെ മധ്യത്തില്‍ കഠിനമായ പ്രവര്‍ത്തനങ്ങളോ വെളിയില്‍ പോകുന്നതോ ഒഴിവാക്കുക.
സൂര്യാഘാതം
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. ഹീറ്റ് സ്‌ട്രോക്ക് അഥവാ സബ് സ്‌ട്രോക്ക് എന്നും ഇത് അറിയപ്പെടുന്നു. സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും തകരാറിലാകാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന ശരീരതാപനില, വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
സൂര്യാഘാതം ഉണ്ടായാല്‍ എന്ത് ചെയ്യണം?
- വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
- ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
- തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
- ഫലങ്ങളും സാലഡുകളും കഴിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കുകയും ചെയ്യണം.
- ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ ഉടന്‍ ചികിത്സ തേടണം.
%20(1).jpg?$p=17f25c1&&q=0.8)
സൂര്യാഘാതം പ്രതിരോധിക്കേണ്ടത് എങ്ങനെ?
- ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
- വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
- കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
- വായുസഞ്ചാരമുള്ള രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
- കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
- വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
ചിക്കന്‍പോക്സിന്റെ അതേ രീതിയില്‍ പകരുന്ന ഒരു രോഗമാണിത്. വരണ്ട ചുമ, കടുത്ത പനി, മൂക്കൊലിപ്പ്, കണ്ണുകളില്‍ ചുവപ്പ്, ശരീരത്തില്‍ മുഴുവന്‍ ചുണങ്ങ് (റാഷ്)എന്നിവ ഉള്‍പ്പെടുന്ന ലക്ഷണങ്ങളോടെ റൂബിയോള വൈറസ് ആണ് അഞ്ചാംപനി ഉണ്ടാക്കുന്നത്.
ചെവിയിലെ അണുബാധ മുതല്‍ ന്യുമോണിയ വരെയുള്ള സങ്കീര്‍ണതകള്‍ക്കും അഞ്ചാംപനി കാരണമായേക്കാം. സ്ത്രീകള്‍ക്ക് ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായേക്കാം. എം.എം.ആര്‍. (മീസില്‍സ്, മുണ്ടിനീര്, റുബെല്ല) വാക്‌സിന്‍ ആളുകള്‍ക്ക് രോഗത്തിനെതിരെ പ്രതിരോധശേഷി നല്‍കുന്നതിനുള്ള ഒരു മാര്‍ഗമാണ്.
മുണ്ടിനീര്
രോഗബാധിതനായ വ്യക്തിയുടെ ഉമിനീര്‍ തുള്ളികളിലൂടെ പടരുന്ന പാരാമിക്സോവൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് മുണ്ടിനീര്. ചെവിക്ക് സമീപമുള്ള ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് ചുറ്റും ഇത് കേന്ദ്രീകരിച്ചിരിക്കുന്നു. ഇത് അവ വീര്‍ക്കുന്നതിന് കാരണമാകുന്നു. മുഖത്തിന്റെ ഒന്നോ രണ്ടോ വശത്തുകൂടിയുള്ള ഈ വീക്കം വേദനയോ ചവയ്ക്കുന്നതിനോ വിഴുങ്ങുന്നതിനോ ബുദ്ധിമുട്ട് ഉണ്ടാക്കാം. പനി, തലവേദന, പേശിവേദന എന്നിവയ്ക്കൊപ്പം മുണ്ടിനീരും ഉണ്ടാകാം.
മിക്ക കേസുകളിലും മുണ്ടിനീര് ഗുരുതരമായ രോഗമായി മാറുന്നില്ല. വേദനയ്ക്ക് മരുന്നുകള്‍ കഴിച്ചാല്‍ മതിയാവും. എന്നിരുന്നാലും, ഗര്‍ഭിണികള്‍, അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് പകര്‍ച്ചവ്യാധികളില്‍ വിദഗ്ധ ഡോക്ടറെ സമീപിച്ച് ചികിത്സ നല്‍കണം.
മുണ്ടിനീര് വരാതിരിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് ഉണ്ട്. ഒന്നര വയസ്സില്‍ എല്ലാ കുട്ടികള്‍ക്കും എടുക്കുന്ന എം.എം.ആര്‍. കുത്തിവെപ്പാണ് ഇത്. ഇത് മുണ്ടിനീര്, മീസല്‍സ്, റുബെല്ല എന്നീ രോഗങ്ങള്‍ക്ക് എതിരെയുള്ളതാണ്.
സണ്‍ബേണ്‍
ഒരാള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് സണ്‍ബേണ്‍. തീവ്രമായ ചൂട് ചര്‍മ്മത്തിന് ചുവപ്പും പുറംതൊലിയില്‍ ഉള്ള ഫസ്റ്റ്-ഡിഗ്രി പൊള്ളലിനോ കുമിളകളോടുകൂടിയ രണ്ടാം ഡിഗ്രി പൊള്ളലിനോ കാരണമാകും.
ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച നടപടി കുറഞ്ഞത് 30 എസ്.പി.എഫ്.
ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ തരത്തിലുള്ള വസ്ത്രധാരണം ചെയ്യുക. തീവ്രമായ സൂര്യതാപം ഏറ്റ രോഗികള്‍ക്ക് ഡോക്ടറെ സമീപിച്ച് ചികിത്സ വേണ്ടിവരും.
വരണ്ട ചര്‍മ്മം
മറ്റൊരു ബുദ്ധിമുട്ടാണിത്. ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ഈ രോഗികള്‍ മോയിസ്ചറൈസിങ്ങ് ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
ചൂടുകുരു
സാധാരണയായ ഒരു പ്രതിഭാസമാണ് ചൂടുകുരു. ചൂടുകൂടുമ്പോള്‍ വിയര്‍പ്പുഗ്രന്ഥികളില്‍ തടസ്സമുണ്ടാകും. ആ സമയത്ത് വിയര്‍പ്പ് ശരീരത്തില്‍ കെട്ടിനില്‍ക്കും. ഇതോടെ ചര്‍മോപരിതലത്തില്‍ ചെറിയ കുരുക്കളുണ്ടാകും. ഈ സമയത്ത് കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരത്തിലെ രോമകൂപങ്ങളില്‍ അണുബാധയുണ്ടാകും.
.jpg?$p=a164e34&&q=0.8)
ഇത് ഫംഗല്‍ അണുബാധയോ ബാക്ടീരിയ അണുബാധയോ ആയിരിക്കാം. പൊതുവേ ചൂടുകുരു മാറാനായി ഉപയോഗിക്കുന്ന ചൂടുകുരു പൗഡര്‍ ആന്റിബാക്ടീരില്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ എന്നിവയും സ്റ്റിറോയ്ഡും ഉള്‍പ്പെടുന്ന ഒരു മിശ്രിതമാണ്. ഇത് ചൂടുകുരുവിന്റെ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഒരു പരിധി വരെ അകറ്റാറുണ്ട്.
എന്നാല്‍ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം, ഏതുകാരണം മൂലമാണ് ചൂടുകുരു ഉണ്ടാകുന്നത് എന്നറിയാതെ നാലുതരം മരുന്നുകള്‍ അടങ്ങിയ ഒരു മിശ്രിതം ഉപയോഗിക്കേണ്ട കാര്യമില്ല. അതിനാല്‍ തന്നെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങുന്ന പൗഡറുകള്‍ ഉപയോഗിക്കരുത്. അവയില്‍ പലതും സ്റ്റിറോയിഡ് ഉള്ളതാണ്. ഇവ ചൂടുകുരു കൂടാന്‍ കാരണമായേക്കാം.
പ്രമേഹരോഗികള്‍, ഹൃദയപ്രശ്‌നങ്ങള്‍ ഉള്ളവര്‍, കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, അവയവമാറ്റം ചെയ്തവര്‍ തുടങ്ങിയവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരം ചൂടുകുരു പൗഡര്‍ ഉപയോഗിക്കരുത്.
ചൂടുകുരു തടയാന്‍
ശരീരത്തിന് തണുപ്പ് ലഭിച്ചാല്‍ ചൂടുകുരു ഉണ്ടാവുന്നത് തടയാനാകും. ഇതിനായി സാധാരണ വെള്ളത്തില്‍ ദിവസവും രണ്ട് നേരം കുളിക്കണം. ഇത് ശരീരത്തിന് തണുപ്പ് നല്‍കും. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ചൂടുകൂട്ടുന്ന മറ്റ് വസ്ത്രങ്ങള്‍ ഒഴിവാക്കുക. വിയര്‍ക്കുമ്പോള്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് ശരീരം തുടയ്ക്കുക. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് നിര്‍ജ്ജലീകരണത്തിന് ഇടയാക്കും. ഇതുമൂലം ചര്‍മത്തിന്റെ സ്‌നിഗ്ധത കുറയാനും ഇടയാക്കും.
നിര്‍ജ്ജലീകരണം
വേനല്‍ക്കാലത്ത് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന മറ്റൊരു സാധാരണ ആരോഗ്യപ്രശ്‌നമാണ് നിര്‍ജ്ജലീകരണം. ഒരു വ്യക്തി കുടിക്കുന്ന വെള്ളം അവരുടെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാത്തതാണ് ഇതിന് കാരണം.
വേനല്‍ച്ചൂടില്‍ ശരീരത്തില്‍ നിന്ന് വെള്ളവും ഉപ്പും വിയര്‍പ്പിന്റെ രൂപത്തില്‍ നഷ്ടപ്പെടും. സാധാരണ ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന്, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് ദിവസവും 2.5 മുതല്‍ 3 ലിറ്റര്‍ വെള്ളം കുടിക്കുക. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുക. ഒ.ആര്‍.എസ്. ലായനി വളരെ നല്ലതാണ്. നിര്‍ജ്ജലീകരണം നിയന്ത്രിക്കാനാവാതെ വന്നാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം തേടണം. വൃക്ക രോഗമോ ഹൃദ്രോഗമോ ഉള്ളവര്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അത്രയും വെള്ളം കുടിക്കുക.
%20(1).jpg?$p=8e1afbc&&q=0.8)
മഞ്ഞപ്പിത്തം
വേനല്‍ക്കാലത്ത് പ്രധാനമായും ഉണ്ടാകുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇതില്‍ പ്രധാനം ഹെപ്പറ്റൈറ്റിസ് എ ആണ്. മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് മൂലമാണ് മഞ്ഞപ്പിത്തം പ്രധാനമായും ഉണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതു മൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്.
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, മഞ്ഞപ്പിത്തം നിങ്ങളുടെ കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. മഞ്ഞപ്പിത്തത്തിന്റെ ചില പ്രകടമായ ലക്ഷണങ്ങള്‍ മഞ്ഞനിറം (ചര്‍മ്മത്തിന്റെ നിറവ്യത്യാസം), മഞ്ഞ നിറത്തിലുള്ള മലം, മൂത്രം, ചര്‍മ്മത്തിലെ ചൊറിച്ചില്‍ തുടങ്ങിയവയാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടു മുതല്‍ ഏഴു ആഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.
അസുഖം വന്നു കഴിഞ്ഞാല്‍ രോഗിയെ ആശുപത്രിയിലെത്തിച്ച് രോഗനിര്‍ണയം നടത്തി ഹെപ്പറ്റൈറ്റിസ് എ തന്നെയാണോയെന്ന് ഉറപ്പുവരുത്തണം. രക്തപരിശോധനയും ലിവര്‍ ഫങ്ഷന്‍ ടെസ്റ്റും ചെയ്യേണ്ടി വരും. തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം ചികിത്സ ഉറപ്പുവരുത്തുക. കിടത്തി ചികിത്സ ചില രോഗികളില്‍ വേണ്ടി വന്നേക്കാം. രോഗിക്ക് കൃത്യമായ പരിചരണം ഉറപ്പുവരുത്തണം.
പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നത് പ്രധാനമാണ്.
ഹെപ്പറ്റൈറ്റിസ് എ യ്ക്ക് എതിരെ ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് ഉണ്ട്. രണ്ട് ഡോസ് ആണ് എടുക്കേണ്ടത്.
ശ്രദ്ധിക്കേണ്ടത്
- എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം.
- തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ള ചേര്‍ത്ത് കുടിക്കരുത്. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം.
- തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക.
- ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.
- പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം.
- മദ്യപാനവും പുകവലിയും ഒഴിവാക്കണം.
വേനല്‍ക്കാലത്ത് സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ടൈഫോയിഡ്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെ ഇത് പകരുന്നു. ഇത് ടൈഫോയ്ഡ് ഫീവര്‍ എന്നും അറിയപ്പെടുന്നു. ഇത് ജലജന്യ രോഗമാണ്. സാല്‍മൊണല്ല ടൈഫി ബാക്ടീരിയ ആണ് രോഗകാരി.
മലത്തിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തില്‍ നിന്നും പുറത്ത് പോകുന്നത്. മലിനമായ ഭക്ഷണവും ജലസ്രോതസ്സുകളും ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. കുടലിലാണ് ബാക്ടീരിയ പ്രവേശിക്കുക. പിന്നീട് ഇവ രക്തത്തിലേക്കും കോശങ്ങളിലേക്കും മറ്റ് അവയവങ്ങളിലേക്കും പ്രവേശിക്കും. അങ്ങനെ പ്രതിരോധവ്യവസ്ഥയ്ക്ക് പ്രതികരിക്കാനാവാത്ത അവസ്ഥയുണ്ടാകും.
ബലഹീനത, വിശപ്പില്ലായ്മ, ക്ഷീണം, അടിവയറ്റിലെ വേദന, ഉയര്‍ന്ന പനി എന്നിവയാണ് ടൈഫോയിഡിന്റെ പ്രധാന ലക്ഷണങ്ങള്‍
ഒരു പ്രതിരോധ നടപടിയെന്ന നിലയില്‍, ടൈഫോയിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ നടത്തുന്നു. ടൈഫോയ്ഡ് ബാധിച്ച രോഗികളില്‍ മിക്കവര്‍ക്കും കിടത്തി ചികിത്സ ആവശ്യമായി വരുന്നു. ആന്റിബയോട്ടിക് മരുന്നുകളാണ് ഈ രോഗത്തിനുള്ള ചികിത്സ. രോഗം വരാതിരിക്കാന്‍ വ്യക്തിശുചിത്വം പാലിക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. വൃത്തിയായ സ്ഥലത്ത് പാകം ചെയ്ത ആഹാരം കഴിക്കുക.
(പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖിക)
Content Highlights: Summer Health Tips, Summer Diseases, Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..