Photo: AP
കോവിഡ് ഏതാണ്ട് എല്ലാസ്ഥലത്തുനിന്നും നിഷ്ക്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ ആശ്വാസത്തിനിടയിലേക്കാണ് ഒമിക്രോണ്‍ എന്ന പുതിയൊരു വൈറസ് വകഭേദം കടന്നുവന്നിരിക്കുന്നത്. വുഹാന്‍ വകഭേദവും ഡെല്‍റ്റ വകഭേദവുമായി താരതമ്യംചെയ്യുമ്പോള്‍ ഒമിക്രോണിന് പകര്‍ച്ചശേഷി വളരെ കൂടുതലാണെന്നാണ് നിഗമനം. ശ്വാസകോശഭിത്തികളിലേക്ക് പെട്ടെന്ന് പകര്‍ന്നെത്താന്‍ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളിലാണ് കാര്യമായ ജനിതകവ്യതിയാനം സംഭവിച്ചിട്ടുള്ളത്. വുഹാന്‍ വൈറസിനെക്കാള്‍ വേഗത്തില്‍ ഡെല്‍റ്റ വൈറസ് പകര്ന്നെങ്കില് അതിനെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പകര്ന്നേക്കാമെന്നര്ഥം.
എന്നാല്‍, ഒമിക്രോണിന് രോഗതീവ്രതാശേഷി കുറവാണെന്നാണ് കരുതപ്പെടുന്നത്. മരണനിരക്ക് ഉള്‍പ്പെടെ വര്‍ധിക്കുമെന്ന ഭയംവേണ്ടാ എന്നര്‍ഥം. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുവരുകയാണ്. അപ്പോഴും കോവിഡിനെതിരേ ലോകമെമ്പാടും സ്വീകരിച്ചിട്ടുള്ള വാക്സിനേഷന് എത്രമാത്രം ഫലപ്രദമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. കോവിഡ് വാക്സിന് രോഗപ്പകര്‍ച്ച പൂര്‍ണമായി തടയുന്നില്ലെന്ന കാര്യം നേരത്തേത്തന്നെ ബോധ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വാക്സിനെടുത്തവരില്‍ ഒമിക്രോണും ബാധിച്ചേക്കാം. എന്നുകരുതി വാക്സിന് പ്രയോജനപ്രദമല്ല എന്ന വാദത്തില്‍ കഴമ്പില്ല.
വൈറസിന്റെ വുഹാന്‍ വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാം വാക്സിന് വികസിപ്പിച്ചെടുത്തത്. വാക്സിനെടുക്കുമ്പോള്‍ വൈറസിന്റെ ഏതെങ്കിലുമൊരു ഘടകത്തിനെതിരായി മാത്രമല്ല ശരീരം ആന്റിബോഡി സൃഷ്ടിക്കുന്നത്. സെല്‍ മീഡിയേറ്റഡ് ഇമ്യൂണിറ്റി എന്ന, വൈറസിനോടുള്ള വ്യാപകമായ രോഗപ്രതിരോധശേഷിയാണ് കോവിഡ് വാക്സിന് ഉണ്ടാക്കുന്നത്. മിക്കവാറും വൈറസുകളെ ആക്രമിക്കാനുള്ള ശേഷി ഈ ആന്റിബോഡികള്ക്കുണ്ടാകും. എന്നാല്‍, ബ്രേക്ക് ത്രൂ ഇന്ഫെക്ഷനുകള് കൂടുകയും ചെയ്യാം. ഡെല്‍റ്റ വൈറസ് വ്യാപകമായപ്പോഴും വാക്സിനേഷന്റെ ശക്തിയില്ത്തന്നെയാണ് നാം പിടിച്ചുനിന്നതെന്ന കാര്യം മറക്കരുത്. രോഗം വന്നാലും അവയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ശക്തികുറഞ്ഞവയായിരിക്കും. പുതിയ വകഭേദം വന്നതോടെ ഇനിയൊരു ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വന്നാല്‍ അതിലെന്തൊക്കെ മാറ്റങ്ങള്‍ വേണ്ടിവന്നേക്കാമെന്ന പഠനത്തിനുകൂടിയാണ് സാധ്യത തെളിയുന്നത്.
ദക്ഷിണാഫ്രിക്ക എന്തുപിഴച്ചു
ഒമിക്രോണിന്റെ കണ്ടെത്തല്‍ ആഗോളതലത്തില്‍ ചില രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുകൂടി വഴിതെളിച്ചിട്ടുണ്ട്. രോഗം കണ്ടെത്തിയതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയുമായി സമ്പര്ക്കയാത്രവിലക്കുകള് ചില രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇതിലേക്ക് വഴിതെളിച്ചത്. കോവിഡിന്റെ തുടക്കകാലത്തും യാത്രവിലക്ക് വലിയൊരു പ്രശ്നവും പ്രതിസന്ധിയുമായിരുന്നെങ്കിലും അതിനെ രാഷ്ട്രീയചര്‍ച്ചയായി മാറ്റിയത് ഒമിക്രോണും ദക്ഷിണാഫ്രിക്കയുമാണ്. ഒമിക്രോണ്‍ എന്ന പുതിയ വൈറസ് വകഭേദത്തെ ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയപ്പോള്‍ ലോക മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തതും പ്രചരിപ്പിച്ചതും അവിടെ പുതിയ വൈറസ് എന്നാണ്. ഇതോടെ ഒമിക്രോണ്‍ ഉണ്ടായത് അവിടെയാണെന്നും അവിടെനിന്ന് രോഗം പുറംലോകത്തേക്ക് പകരുമെന്നുമുള്ള തെറ്റായ ധാരണ പരന്നു. പല രാജ്യങ്ങളും അങ്ങോട്ടും അവിടെനിന്നുമുള്ള യാത്രകള്‍ വിലക്കി. എന്നാല്‍, യഥാര്‍ഥത്തില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
എയ്ഡ്സുമായും എബോളയുമായുമൊക്കെ ബന്ധപ്പെട്ട് വലിയ സംവിധാനങ്ങളാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. ഏതുരോഗത്തെയും വകഭേദങ്ങളെയും നേരത്തേ കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധനാസങ്കേതങ്ങളാണ് അവയില്‍ പ്രധാനം. വൈറസുകളുടെ ജനിതകവകഭേദങ്ങളെ വേഗത്തില്‍ തിരിച്ചറിയാനുതകുന്ന അത്യാധുനികവും ശേഷികൂടിയതുമായ ലാബ് സംവിധാനങ്ങള്‍, രോഗം കണ്ടെത്തിയാല്‍ പടരുന്നത് തടയാനുള്ള സംവിധാനങ്ങള്‍ എന്നിവയൊക്കെ ഇതിലുള്‍പ്പെടും. മിടുക്കരായ ഗവേഷകരും അവിടെ ധാരാളമാണ്. അവരുടെ ഈ ശാസ്ത്രസാങ്കേതികശേഷിയാണ് ഒമിക്രോണ്‍ എന്ന വൈറസ് വകഭേദത്തെ തുടക്കത്തില്‍ത്തന്നെ കണ്ടെത്താന്‍ സഹായിച്ചത്.
നവംബര്‍ ആദ്യം വൈറസ് വകഭേദം കണ്ടെത്തിയ ഉടന്‍തന്നെ ദക്ഷിണാഫ്രിക്ക അത് റിപ്പോര്‍ട്ട് ചെയ്യുകയും അവയുടെ പകര്‍ച്ചവേഗം ഉള്‍പ്പെടെ നിര്ണയിക്കുകയുംചെയ്തു. ജീനുകള്‍ പരിശോധിച്ചാണ് വൈറസിന്റെ പകര്‍ച്ചവേഗം നിര്‍ണയിക്കുന്നത്. വുഹാനില്‍ കണ്ടെത്തിയ വൈറസുകളുടെയും ഡെല്‍റ്റ വൈറസുകളുടെയും പകര്‍ച്ചവേഗം നിശ്ചയിക്കുന്ന ജീനുകളുമായി ഒമിക്രോണിന്റെ ജീനുകള്‍ താരതമ്യംചെയ്ത് അവയുടെ ഘടനയും വ്യത്യസ്തതകളും പരിശോധിച്ചാണ് പകര്ച്ചവേഗത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നത്.
ഇത്തരത്തില്‍ അത്യാധുനികമായ സാങ്കേതികവിദ്യകളിലൂടെ പുതിയ രോഗങ്ങളെയും അവയുടെ വകഭേദങ്ങളെയും ഉടനടി കണ്ടെത്തുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ പലതാണ്. അല്ലാത്തപക്ഷം രോഗം സമൂഹത്തില്‍ വളരെയേറെ വ്യാപിച്ചശേഷം മാത്രമേ കണ്ടെത്താനാകൂ. പ്രതിരോധം തുടങ്ങുമ്പോഴേക്കും വൈകിപ്പോകുകയും ചെയ്യും. ദക്ഷിണാഫ്രിക്കയുടെ ഈ ശേഷിയും കരുതലും അവര്‍ക്ക് വിനയാകുന്നതാണ് പിന്നീട് കണ്ടത്. കോവിഡ് തുടങ്ങിയപ്പോള്‍ ചൈനയും ഇറ്റലിയുമൊക്കെ ഒറ്റപ്പെടുത്തപ്പെട്ടതുപോലെ ദക്ഷിണാഫ്രിക്കയും ലോകരാഷ്ട്രങ്ങളില്‍നിന്ന് ഒറ്റപ്പെടുന്ന സ്ഥിതി വന്നു. ഇതോടെ ഇക്കാര്യത്തില്‍ വിശദീകരണവും എതിര്‍പ്പുമായി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ രംഗത്തെത്തി. ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം കണ്ടെത്തി എന്നുപറയുമ്പോള്‍ അത് അവിടെയാണ് ആവിര്ഭവിച്ചതെന്നോ അവരാണ് ഇത് പകര്‍ത്തുന്നതെന്നോ ആരോപിക്കുന്നത് അടിസ്ഥാനരഹിതമാണ്. ആ സമൂഹത്തിന് അതില്‍ ഉത്തരവാദിത്വമില്ല. വൈറസ് ലോകമെമ്പാടുമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കുപിന്നാലെ ജര്‍മനി, ന്യൂസീലന്‍ഡ്, ബെല്‍ജിയം തുടങ്ങി 11 രാജ്യങ്ങളില്‍ക്കൂടി ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. അതൊക്കെ അതതു രാജ്യങ്ങളിലെ പഠനങ്ങളില്‍ കണ്ടെത്തിയവയാണ്. അല്ലാതെ ദക്ഷിണാഫ്രിക്കയില്‍നിന്ന് അവിടെയെത്തിയതല്ല. കൂടുതല്‍ പരിശോധനകള്‍ നടക്കുമ്പോള്‍ ഈ വകഭേദം ചിലപ്പോള്‍ ഇന്ത്യയിലുള്‍പ്പെടെ കണ്ടെത്തിയെന്നുവരാം.
വേണ്ടത് തിരിച്ചറിവ്
പുതിയ വൈറസ് വകഭേദം ആവിര്‍ഭവിച്ചതോടെ ഇനി എന്താണ് നമുക്ക് ചെയ്യാനാകുക എന്നതാണ് നമ്മെ അലട്ടുന്ന അടുത്ത പ്രശ്നം. കടുത്ത പ്രതിസന്ധികള്ക്കിപ്പുറം തുറന്നതൊക്കെ അടയ്ക്കേണ്ടിവരുമോയെന്നും തുടങ്ങിയതൊക്കെ അവസാനിപ്പിക്കേണ്ടിവരുമോയെന്നുമുള്ള ആശങ്ക ആളുകളില്‍ വ്യാപകമാണ്. കോവിഡിന്റെ വുഹാന്‍ വകഭേദത്തില്‍ ഏറ്റവുമധികം പകര്‍ച്ചയുണ്ടായത് വലിയതോതില്‍ ആളുകള്‍ കൂടിയ ചടങ്ങുകളില്‍നിന്നാണ്. മത, രാഷ്ട്രീയ, കുടുംബ ചടങ്ങുകളൊക്കെ ഇതിന് കാരണമായിരുന്നു. അതൊക്കെ പെട്ടെന്ന് നിയന്ത്രിക്കാന്‍ അടച്ചിടലിലൂടെ ആദ്യം നമുക്ക് കഴിഞ്ഞു. ഡെല്‍റ്റ വൈറസിലേക്കെത്തിയപ്പോള് വൈറസിന്റെ പകര്‍ച്ചശേഷി പിന്നെയും കൂടി. ആളുകൂടിയ പരിപാടികളിലുപരി വീടുകള്‍ക്കുള്ളിലാണ് ഡെല്‍റ്റ വൈറസ് കൂടുതലായി പകര്‍ന്നത്. അതിലും വേഗം ഒമിക്രോണിനുണ്ട് എന്നാണ് പ്രാഥമിക നിഗമനം. അത് എങ്ങനെ കുറയ്ക്കാമെന്നാണ് ചിന്തിക്കേണ്ടത്. സാമൂഹിക അകലം, മാസ്ക്, സാനിണ്ടെറ്റെസേഷന് എന്നിവ ഇപ്പോഴും പ്രസക്തമായിത്തന്നെ നില്‍ക്കുകയാണ്. സാമൂഹിക അകലം ബുദ്ധിപരമായും ശാസ്ത്രീയമായും ഉപയോഗിക്കാന്‍ നാം ഇനിയെങ്കിലും ശീലിക്കണം.
യാത്രവിലക്കിന്റെ നിരര്‍ഥകത
ലോകത്ത് ആളുകള്‍ വളരെ വേഗത്തിലാണ് യാത്രചെയ്യുന്നത്. യാത്രവിലക്കുകൊണ്ട് രോഗപ്പകര്‍ച്ച തടയുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാകുന്നത് അതിനാലാണ്. വൈറസിനും ബാക്ടീരിയയ്ക്കുമൊന്നും രാജ്യാതിര്‍ത്തികള്‍ ബാധകമല്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നമുക്കുണ്ടാകണം. അതിര്‍ത്തികള്‍ മനുഷ്യന് സൃഷ്ടിച്ചതാണ്. അത് അവര്‍ക്കുമാത്രമേ ബാധകമാകൂ. മറ്റു ജീവജാലങ്ങള്‍ക്കൊന്നും അതിര്‍ത്തികള്‍ ബാധകമല്ല. ലോകം ഒരു ആഗോളഗ്രാമമായി പരിണമിച്ചതോടെ യാത്രചെയ്യുകയെന്നത് അനിവാര്യമായ സംഗതിയാണ്. അത് രാജ്യാന്തരമായാലും സംസ്ഥാനാന്തരമായാലും. കോവിഡിന്റെ തുടക്കത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തി അടിച്ചിട്ട വിവാദം നാം മറന്നിട്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യനാണ്, അല്ലാതെ വൈറസല്ല പ്രതിസന്ധി സൃഷ്ടിക്കുന്നത്. പത്തോ നൂറോ പേര്‍ക്ക് രോഗം വന്നപ്പോള്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി അടച്ചിട്ട് വിലക്കുകളേര്പ്പെടുത്തിയപ്പോള് എന്തിനും ഏതിനും മംഗലാപുരത്തെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാര്‍ അനുഭവിച്ച ബുദ്ധിമുട്ട് നാം നേരിട്ടറിഞ്ഞു. ഹൃദ്രോഗികളും ഗുരുതരരോഗമുള്ളവരും അപകടത്തില്പ്പെടുന്നവരുമൊക്കെ മംഗലാപുരത്തെ ആശുപത്രിയിലാണ് എത്തിക്കൊണ്ടിരുന്നത്. അതുസാധ്യമാകാതെ വന്നതോടെ അവര്‍ക്ക് വിദഗ്ധചികിത്സ കിട്ടാതെ മരിച്ചുപോകുന്ന സ്ഥിതിയായി. മനുഷ്യനുണ്ടാക്കുന്ന വിപത്തെന്ന് ഇതിനെ പറയാനുള്ള കാരണമിതാണ്. എന്നിട്ട് കര്‍ണാടകത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ കോവിഡ് പടരുന്നതോ മരണമുണ്ടാകുന്നതോ തടയാന്‍ സാധിച്ചില്ലെന്ന കാര്യം ഓര്‍ക്കുക.
(തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡെപ്യൂട്ടി സൂപ്രണ്ടായ ലേഖകന്‍ കോവിഡ് മുംബൈ മിഷന്റെ തലവനായിരുന്നു)
Content Highlights: How to prevent Omicron, What is the need of travel ban during Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..