Representative Image| Photo: Gettyimages
ഗുരുതരമായ ഒരു രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മയലോമ. മുന്‍പ് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇപ്പോള്‍ ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ മള്‍ട്ടിപ്പിള്‍ മയ്ലോമയുടെ തോത് കുറവാണെങ്കിലും ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ രോഗം വര്‍ധിച്ചുവരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 55 മുതല്‍ 65 വരെ പ്രായമുള്ളവരില്‍ വരുന്ന കാന്‍സറില്‍ എട്ടു മുതല്‍ പത്തു ശതമാനം വരെ മള്‍ട്ടിപ്പിള്‍ മയലോമയാണെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലും ഈ രോഗം കൂടുതലായി കാണുന്നുണ്ടെന്നാണ് കാന്‍സര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ രോഗം സംബന്ധിച്ച ബോധവത്കരണം അനിവാര്യമാണ്. ഇതുവഴി കൂടുതല്‍ ആളുകള്‍ക്ക് രോഗം തിരിച്ചറിയാനും കൃത്യമായ ചികിത്സയിലൂടെ പെട്ടെന്നുള്ള മരണനിരക്ക് കുറയ്ക്കാനും സഹായിക്കും.
മള്‍ട്ടിപ്പിള്‍ മയലോമ ബോധവത്ക്കരണ മാസമാണ് മാര്‍ച്ച്. പൊതുജനങ്ങള്‍ക്ക് മള്‍ട്ടിപ്പിള്‍ മയലോമ രോഗത്തെക്കുറിച്ച് മനസ്സിലാക്കാനും രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടാനും അതുവഴി രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനും സാധിക്കും.
എന്താണ് മള്‍ട്ടിപ്പിള്‍ മയലോമ
ശരീരത്തില്‍ അണുബാധകള്‍ക്കെതിരെ പോരാടുന്നതിനായി ആന്റിബോഡികളെ നിര്‍മ്മിക്കുന്ന ഒരുതരം ശ്വേത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങള്‍. രോഗാണുക്കളെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്ന ആന്റിബോഡികളാണ് ഇമ്മ്യൂണോഗ്ലോബുലിന്‍. എന്നാല്‍ ഈ പ്ലാസ്മ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളായി മാറുകയും അസ്ഥി മജ്ജയില്‍ അടിഞ്ഞുകൂടി അനിയന്ത്രിതമായി വളര്‍ന്ന് ആരോഗ്യമുള്ള രക്തകോശങ്ങളെ നശിപ്പിക്കുകയും അസ്ഥികളെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. അങ്ങനെ ഈ കാന്‍സര്‍ മജ്ജയില്‍ നിന്ന് ആരംഭിക്കുന്നു.
മള്‍ട്ടിപ്പിള്‍ മയലോമ ബാധിക്കുമ്പോള്‍ കാന്‍സര്‍ കോശങ്ങള്‍ അസ്ഥികളെ ദുര്‍ബലമാക്കും. ഇതിനെത്തുടര്‍ന്ന് അസ്ഥികള്‍ക്ക് ഒടിവും നടുവേദനയും ഉണ്ടാകും. വൃക്കയെ ബാധിക്കുന്ന ചില പ്രോട്ടീനുകള്‍ മള്‍ട്ടിപ്പിള്‍ മയലോമ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്നു. ഹൃദയം, വൃക്ക, നാഡീവ്യവസ്ഥ എന്നിവയ്ക്ക് ദോഷകരമായ രീതിയില്‍ കൂടിയ അളവില്‍ കാത്സ്യമാണ് ഇവ പുറത്തുവിടുന്നത്. ഇതിന്റെ ഭാഗമായി ഹീമോഗ്ലോബിന്റെ അളവ് ശരീരത്തില്‍ ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും രോഗബാധിതരാകാന്‍ സാധ്യത കൂടുകയും ചെയ്യുന്നു. ഓക്കാനം, വിശപ്പില്ലായ്മ, മലബന്ധം, നിരന്തരമായ ക്ഷീണം, ചെറിയ അണുബാധകള്‍ പതിവായി ഉണ്ടാവല്‍, ഭാരക്കുറവ്, കാലുകള്‍ക്ക് ബലം കുറയല്‍, മരവിപ്പ്, അമിതമായ ദാഹം, കാലില്‍ വീക്കം, മൂത്രം കുറയല്‍, മൂത്രത്തില്‍ രക്തം, തലകറക്കം, രുചിയില്ലായ്മ എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍.
പക്ഷേ ഈ ലക്ഷണങ്ങള്‍ മള്‍ട്ടിപ്പിള്‍ മയലോമയുടെ ലക്ഷണങ്ങള്‍ മാത്രമല്ലാത്തതിനാല്‍ രോഗം ഉറപ്പിക്കാനാവില്ല. അതിനാല്‍ നടുവേദന, ഹീമോഗ്ലോബിന്റെ കുറവ്, വൃക്കരോഗം, നട്ടെല്ലിന് ചതവ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ഡോക്ടറെ കണ്ട് മള്‍ട്ടിപ്പിള്‍ മയലോമ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
പരിശോധന
രക്തപരിശോധനയിലൂടെയാണ് രോഗമുണ്ടോയെന്ന് തിരിച്ചറിയുന്നത്. ബ്ലഡ് എം.സ്‌പൈക്ക് ടെസ്റ്റിലൂടെ രക്തത്തിലെ പ്രോട്ടീന്‍ നില കണ്ടെത്താമെങ്കിലും രോഗം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരും. മൂത്രപരിശോധന വഴി വൃക്കയിലെ പ്രോട്ടീന്റെ അളവ് തിരിച്ചറിയാം. മജ്ജ എടുത്ത് പരിശോധിക്കേണ്ടി വരും. ഇതുവഴി പ്ലാസ്മ കോശങ്ങള്‍ എത്രമാത്രം വര്‍ധിച്ചിട്ടുണ്ടെന്നും ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടോയെന്നും തിരിച്ചറിയാം. എക്‌സ്‌റേ, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. എന്നീ പരിശോധനകള്‍ വഴി അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്താം.
രോഗനിയന്ത്രണം
മുന്‍കാലത്ത്, ഈ രോഗം ബാധിച്ചാല്‍ ചികിത്സ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും പ്രമേഹത്തെ ചികിത്സയിലൂടെ നിയന്ത്രിച്ചുകൊണ്ടുപോകുന്നതുപോലെ ഈ രോഗത്തെയും നിയന്ത്രിച്ചുകൊണ്ടുപോകാന്‍ സാധിക്കും.
കീമോതെറാപ്പി, റേഡിയേഷന്‍, ടാര്‍ഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങിയ ചികിത്സാരീതികളിലൂടെ 10-15 വര്‍ഷമെങ്കിലും രോഗത്തെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിക്കും.
ഓരോ വര്‍ഷവും ചികിത്സാരീതിയില്‍ വലിയ പുരോഗതിയുണ്ടാവുന്നുണ്ട്. ചികിത്സയ്ക്ക് ആവശ്യമായ ആശുപത്രി സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ഇന്ന് കേരളത്തില്‍ ലഭ്യമാണ്. ആദ്യഘട്ടത്തിലെ കീമോ ചികിത്സ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തന്നെ ചെയ്യാവുന്നതാണ്. തുടര്‍ന്ന് വരുന്ന മജ്ജമാറ്റിവയ്ക്കല്‍ ചെയ്യുന്ന ആറോളം ആശുപത്രികളും കേരളത്തിലുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയില്ലാത്തതും ശാരീരിക-മാനസിക ആരോഗ്യമുള്ളവരുമായ 65 വയസു വരെയുള്ള രോഗികള്‍ക്ക് മജ്ജമാറ്റിവയ്ക്കല്‍ ചെയ്യാവുന്നതാണ്. ആര്‍സിസി ഉള്‍പ്പടെയുള്ള കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ മള്‍ട്ടിപ്പിള്‍ മയ്ലോമ ചികിത്സ ലഭ്യമാണ്. കേരളത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്.
(തൃശ്ശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹെമറ്റോളജി ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Multiple Myeloma, Cancer, Cancer Awareness
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..