ബി.പി. കൂടി അത് നോര്‍മലാക്കാന്‍ ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കുന്ന ആളുകളുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമാണ് ബി.പി. അകാരണമായി കുറയുന്ന അവസ്ഥ. കുറഞ്ഞ ബി.പി. നോര്‍മലാക്കാന്‍ എന്തുചെയ്യണമെന്ന് നോക്കാം. അതുമായി ബന്ധപ്പെട്ട ഒരു സംശയവും അതിനുള്ള മറുപടിയും വായിക്കാം. 

''ഞാന്‍ 26 വയസ്സുള്ള യുവാവാണ്. അടുത്തിടെ ബി.പി. നോക്കിയപ്പോള്‍ നോര്‍മല്‍ അല്ല എന്ന് മനസ്സിലായി. 96/74 ആണ് ബി.പി. രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോള്‍ ഇതില്‍ അല്പം മാത്രമാണ് കൂടിയതായി കണ്ടത്. ബി.പി. ഇങ്ങനെ കുറഞ്ഞിരിക്കുന്നത് പ്രശ്‌നമാകുമോ? നേരത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇത് അറിഞ്ഞതിന് ശേഷം എപ്പോഴും ക്ഷീണമാണ്. ബി.പി. നോര്‍മലാക്കാന്‍ എന്താണ് ചെയ്യേണ്ടത്?''

രക്തസമ്മര്‍ദം വളരെയേറെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ശാരീരിക അളവാണ്. മറ്റ് രോഗങ്ങളൊന്നുമില്ലാത്ത വ്യക്തിയില്‍ത്തന്നെ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളത്തിന്റെ അളവ്, ശാരീരികാവസ്ഥ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ച് രക്തസമ്മര്‍ദത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇത്തരം ഘടകങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്. താങ്കളുടെ പ്രശ്‌നമായ രക്തസമ്മര്‍ദം കുറഞ്ഞിരിക്കുന്ന അവസ്ഥ(ഹൈപ്പോടെന്‍ഷന്‍) ഹൈപ്പര്‍ടെന്‍ഷന്‍ പോലെ സാധാരണമല്ലെങ്കിലും അപൂര്‍വതയല്ല. 

സാധാരണഗതിയില്‍ സിസ്റ്റോളിക് മര്‍ദം 120 മി.മീ. മെര്‍ക്കുറിയും ഡയസ്റ്റോളിക് മര്‍ദം 80 മി.മീ. മെര്‍ക്കുറിയുമാണ്. സിസ്റ്റോളിക് മര്‍ദം 90-ല്‍ കുറയുമ്പോഴും ഡയസ്റ്റോളിക് മര്‍ദം 60-ല്‍ കുറയുമ്പോഴുമാണ് ഹൈപ്പോടെന്‍ഷന്‍ എന്ന് പറയുന്നത്. 

പലപ്പോഴും പരിശോധിച്ചു നോക്കുമ്പോള്‍ മാത്രമായിരിക്കും ബി.പി. കുറവാണെന്ന് അറിയുന്നത്. ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായെന്നുവരില്ല. എന്നാല്‍ ചിലരില്‍ തലയ്ക്ക് പെരുപ്പ്, ഭാരമില്ലാത്തതുപോലെ തോന്നുക, തലകറക്കം, കാഴ്ചയ്ക്ക് മങ്ങലുണ്ടാവുക, ക്ഷീണം, ഏകാഗ്രത നഷ്ടപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. 

ശരീരത്തിലെ ജലാശം നഷ്ടപ്പെടുന്നതാണ് പ്രഷര്‍ കുറയാനും ക്ഷീണത്തിനുമുള്ള ഒരു പ്രധാന കാരണം. ഛര്‍ദിയും വയറിളക്കവും ഇങ്ങനെ ഹൈപ്പോടെന്‍ഷന്‍ ഉണ്ടാക്കിയേക്കാം. ജലനഷ്ടം പരിഹരിക്കാനും പ്രഷര്‍ നേരെയാക്കാനുമാണ് ഛര്‍ദി-അതിസാരമുള്ളവര്‍ക്ക് ഉപ്പും പഞ്ചസാരയും ചേര്‍ത്ത വെള്ളം കുടിക്കാന്‍ കൊടുക്കുന്നത്. കടുത്ത പനിയെത്തുടര്‍ന്ന് വിയര്‍പ്പിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാനും ഇങ്ങനെ പ്രഷര്‍ കുറയാനും ക്ഷീണത്തിനും ഇടയാക്കാം. കഠിന വ്യായാമത്തെ തുടര്‍ന്ന് ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലും പ്രഷര്‍ കുറയാം. മൂത്രം പോകാനായി കഴിക്കുന്ന ഡൈയൂററ്റിക് മരുന്നുകളുടെ അമിതോപയോഗം പ്രഷര്‍ കുറയ്ക്കും. 

ചില ശാരീരികപ്രശ്‌നങ്ങളെത്തുടര്‍ന്ന് രക്തസമ്മര്‍ദം കുറയാം. ഹോര്‍മോണ്‍ തകരാറുകളാണ് ഇതില്‍ പ്രധാനം അഡ്രീനല്‍ ഗ്രന്ഥിയില്‍ നിന്ന് ശരിയായ അളവില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉണ്ടാകാത്ത അവസ്ഥ (അഡിസണ്‍സ് ഡിസീസ്) ഹൈപ്പോടെന്‍ഷന്‍ ഉണ്ടാക്കാം. ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമായും ക്ഷയരോഗബാധയെ തുടര്‍ന്നും ഇത്തരമൊരു അവസ്ഥ ഉണ്ടാകാറുണ്ട്. ഹൃദയവാല്‍വുകളുടെ തകരാറുകളും ഹൃദയാഘാതവുമൊക്കെ രക്തസമ്മര്‍ദം കുറയ്ക്കുന്ന മറ്റ് ചില കാരണങ്ങളാണ്. 

സാധാരണ ഉപയോഗത്തിലുള്ള പല മരുന്നുകളും രക്തസമ്മര്‍ദം കുറയ്ക്കാറുണ്ട്. ഹൈപ്പോടെന്‍ഷന്റെ ഒരു പ്രധാന കാരണം രക്താതിമര്‍ദത്തിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളാണ്. എല്ലാ ഹൈപ്പര്‍ടെന്‍ഷന്‍ മരുന്നുകളും അവയുടെ പൊതുപാര്‍ശ്വഫലമെന്ന തരത്തില്‍ ബി.പി. കുറയ്ക്കാറുണ്ട്. കൂടാതെ നൈട്രോഗ്ലിസറിന്‍ പോലെയുള്ള ഹൃദ്രോഗ മരുന്നുകള്‍, വിഷാദചികിത്സയുടെ മരുന്നുകള്‍ തുടങ്ങിയവയും ബി.പി. കുറയ്ക്കാം. 

താങ്കളെ സംബന്ധിച്ചിടത്തോളം മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തതുകൊണ്ട് പ്രഷര്‍ കുറഞ്ഞിരിക്കുന്നതിനെക്കുറിച്ച് ആശങ്ക വേണ്ട. ഒരുപക്ഷേ, താങ്കളുടെ ശരീരപ്രകൃതിക്കൊത്ത ബ്ലഡ്പ്രഷറായിരിക്കുമിത്. ഒന്നുരണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക. ദിവസവും എട്ടുമുതല്‍ പത്ത് ഗ്ലാസ് വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം തുടങ്ങിയവ നല്ല പാനീയങ്ങളാണ്. കൂടുതല്‍ വിയര്‍ക്കേണ്ടിവരികയാണെങ്കില്‍ അതനുസരിച്ച് കൂടുതല്‍ വെള്ളം കുടിക്കാനും മറക്കരുത്. 

(ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

Content Highlights: How to prevent low blood pressure- Hypotension

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌