കോവിഡ് രണ്ടാംതരം​ഗത്തിനിടയിൽ എലിപ്പനിയും  വ്യാപിക്കുന്നുണ്ട്. എലിപ്പനി ബാധയെക്കുറിച്ച് പലയിടങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വരുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മലിനമായ ഇടങ്ങളാണ് എലിപ്പനിയുടെ ഉറവിടങ്ങളാകുന്നത്. അതിനാൽ മഴ ശക്തിപ്രാപിച്ചുവരുന്ന ഈ കാലത്ത് എലിപ്പനിയെ വളരെയധികം ശ്രദ്ധിക്കണം. 

എന്താണ് എലിപ്പനി?

ലെപ്‌റ്റോസ്‌പൈറ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. അതിനാൽ ലെപ്റ്റോസ്പെെറോസിസ് എന്നാണ് എലിപ്പനി ശാസ്ത്രീയമായി അറിയപ്പെടുന്നത്. 

എലി, പശു, ആട്, പന്നി, കുതിര, നായ മുതലായ മൃഗങ്ങളുടെ മൂത്രത്തിലൂടെ ഈ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരുന്നു. ഇത്തരത്തില്‍ രോഗാണുക്കള്‍ അടങ്ങിയ മണ്ണിലോ വെള്ളത്തിലോ ചവിട്ടി നടക്കുമ്പോള്‍ ഈ രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണ്, വായ മുതലായവയിലെ ശ്ലേഷ്മസ്തരം വഴിയോ ശരീരത്തില്‍ പ്രവേശിക്കുന്നു.

ചൊറിച്ചില്‍ മൂലമോ മറ്റോ ചര്‍മത്തില്‍ ഉണ്ടാകുന്ന പൊട്ടലുകളിലൂടെയും രോഗം പകരാം. വലിയ മുറിവുകൾ വേണമെന്നില്ല. രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നതും രോഗത്തിന് കാരണമാകും. സാധാരണയായി എലിപ്പനി പടർന്നുപിടിക്കുന്നത് പ്രളയ കാലം പോലെ   ശുദ്ധജലം ലഭിക്കാത്ത സാഹചര്യത്തിലും മണ്ണും പരിസരവും മലിനമാവുകയും ചെയ്യുമ്പോഴാണ്. 

എലിപ്പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്  പകരാറില്ല. എന്നാൽ മലിനമായ മണ്ണും വെള്ളവും നമുക്ക് ചുറ്റുമുണ്ടെങ്കില്‍ നാം എലിപ്പനിയെ ഭയപ്പെടണം. 

രോഗലക്ഷണങ്ങള്‍

രണ്ട് മുതല്‍ നാലുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഇവയാണ് ലക്ഷണങ്ങൾ:  
* വിറയലോടെയുള്ള പനി 
* ശക്തമായ പേശീവേദന 
* തലവേദന 
* കണ്ണുചുവപ്പ്
* മൂത്രത്തിന് മഞ്ഞനിറം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. 

ശരീരവേദനയും കണ്ണിന്റെ വെള്ളഭാഗത്തിന് (കണ്‍ജങ്ടിവ) ചുവപ്പുനിറവും ഉണ്ടാകുന്നതാണ് എലിപ്പനിയുടെ ഏറ്റവും പ്രധാന ലക്ഷണം. എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ഉണ്ടായാല്‍ അത് ഗുരുതരമായി മാറും. 

എലിപ്പനിക്ക് രണ്ട് ഘട്ടങ്ങൾ

എലിപ്പനിക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്.  പനി, വിറയല്‍, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് ആദ്യഘട്ടത്തില്‍ കാണുക. ഈ ഘട്ടത്തില്‍ രോഗം പെട്ടെന്ന് ഭേദമായാലും വീണ്ടും രോഗംബാധിക്കാനുള്ള സാധ്യതയുണ്ട്. 

രണ്ടാം ഘട്ടത്തില്‍ രോഗം കൂടുതല്‍ ഗുരുതരമാകും. ഈ സമയത്ത് രോഗിയുടെ വൃക്കകള്‍, കരള്‍ എന്നിവ തകരാറിലാകാനിടയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസിനും സാധ്യതയുണ്ട്. രോഗം ഏതാനും ദിവസം മുതല്‍ മൂന്നാഴ്ചയോളം നീണ്ടു നില്‍ക്കാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകാം.

പ്രായമായവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, മദ്യപിക്കുന്നവര്‍, ചികിത്സ ആരംഭിക്കാന്‍ വൈകുന്നവര്‍ മുതലായവരിൽ രോ​ഗം ഗുരുതരമാകാനിടയുണ്ട്. ഇത്തരം രോഗികളിൽ കരള്‍, വൃക്ക, ഹൃദയം(മയോകാര്‍ഡൈറ്റിസ്), ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം താറുമാറാകാന്‍ ഇടയുണ്ട്. ഈ ഘട്ടത്തില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടി വരും. അല്ലെങ്കില്‍ മരണം വരെ സംഭവിക്കാം. 

രോ​ഗം പിടിപെടാൻ​ സാധ്യത കൂടിയവര്‍

കര്‍ഷകര്‍, അഴുക്കുചാല്‍ പണികള്‍ ചെയ്യുന്നവര്‍, അറവുശാലകളിലെ ജോലിക്കാര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, മീന്‍പിടുത്തക്കാര്‍ തുടങ്ങിയവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. മലിനമായ നദികള്‍, തടാകങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നീന്തുന്നവരും മറ്റും ഈ രോഗത്തെ ശ്രദ്ധിക്കണം. 

രോഗനിര്‍ണയം

രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. സ്ഥിരീകരണത്തിനായി കാര്‍ഡ് ടെസ്റ്റ്, എലിസ ടെസ്റ്റ് എന്നിവ ചെയ്യാം. 

ഉടൻ വേണം ചികിത്സ

ഡോക്‌സിസൈക്ലിന്‍, പെന്‍സിലിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് നൽകുക. രോഗം തിരിച്ചറിഞ്ഞാലുടന്‍ ചികിത്സ തുടങ്ങണം. ഗുരുതരാവസ്ഥയിലാണെങ്കില്‍ രോഗിക്ക് ഞെരമ്പിലൂടെ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതുണ്ട്. എലിപ്പനി പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഇല്ല. 

പ്രതിരോധിക്കാന്‍ ഇക്കാര്യങ്ങൾ ചെയ്യണം

  • വൃക്തിശുചിത്വം പാലിക്കുക. 
  • പരിസരം വൃത്തിയായി സൂക്ഷിക്കുക. അഴുക്കും വേസ്റ്റും കെട്ടിക്കിടക്കുന്നത് ഒഴിവാക്കി യഥാസമയം സംസ്ക്കരിക്കുക. 
  • കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • മലിനമായ മണ്ണിലും വെള്ളത്തിലും ജോലി ചെയ്യുന്നവര്‍ ശരീരം മറയ്ക്കുന്ന വസ്ത്രങ്ങളും ബൂട്ട് പോലെയുള്ള ചെരിപ്പുകള്‍ ധരിക്കുക. 
  • വയലുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ മുന്‍കാലത്ത് മുട്ടോളമെത്തുന്ന ബൂട്ടുപോലെയുള്ള ചെരിപ്പ് ധരിക്കാറുണ്ടായിരുന്നു. 
  • രോഗമുള്ള മൃഗങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്താതിരിക്കുക. 
  • ചെളിവെള്ളവുമായും മറ്റും ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരു ദിവസം എന്ന തോതില്‍ ആറാഴ്ചത്തേക്ക് 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കാം. പരമാവധി എട്ടാഴ്ച കഴിച്ചാല്‍ മതിയാകും. 
  • ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് കഴിക്കേണ്ടത്. 
  • മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നതിനാല്‍ ഓരോരുത്തരും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടും രോഗത്തെ പ്രതിരോധിക്കണം. 

ഇക്കാര്യം ശ്രദ്ധിക്കൂ

ലക്ഷണങ്ങളിലെ സാമ്യം മൂലം എലിപ്പനിയെ ഡെങ്കിപ്പനിയോ മഞ്ഞപ്പിത്തമോ ഒക്കെ ആയി തെറ്റിദ്ധരിക്കാന്‍  സാധ്യതയുണ്ട്. അതിനാല്‍ രോഗം ബാധിച്ചാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തി ചികിത്സ തേടണം. പനിയല്ലേ എന്ന് കരുതി പാരസെറ്റമോളോ മറ്റ് പനിഗുളികകളോ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം വാങ്ങിക്കഴിക്കരുത്. 

കോവിഡ് ഭീഷണിയുള്ളതിനാല്‍ ഡോക്ടറെ നേരിട്ട് ആശുപത്രിയില്‍ പോയി കാണാന്‍ സാധിക്കാത്തവര്‍ക്ക് ടെലിമെഡിസിന്‍ സംവിധാനം വഴി ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തി കൃത്യമായ ചികിത്സ സ്വീകരിക്കാം. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സൗമ്യ സത്യന്‍
കൺസൾട്ടന്റ് ഫിസിഷ്യൻ
മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ

Content Highlights: How to prevent Leptospirosis during Covid19 pandemic, Elippani, Health