സുപ്രീംകോടതി ഉത്തരവു പ്രകാരം മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയതോടെ പ്രദേശമാകെ കനത്ത പൊടിയുടെ പിടിയിലാണ്. പരിസരവാസികള്‍ക്ക് പൊടി മൂലമുള്ള അലര്‍ജിക്കും മറ്റും വഴിയൊരുക്കിയേക്കാവുന്നതാണ് ഇത്. ഏകദേശം 76,350 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചതോടെ ബാക്കിയായത്. പൊളിക്കലിനെത്തുടര്‍ന്ന് വ്യാപിച്ച പൊടി ഇപ്പോഴും അടങ്ങിയിട്ടില്ല. കാറ്റ് വീശുന്നതിനനുസരിച്ച് വീടുകള്‍ക്കും മരങ്ങള്‍ക്കുമെല്ലാം മേലെ കോണ്‍ക്രീറ്റ് പൊടി ഇപ്പോഴും അടിയുന്നുണ്ട്.
 
നാലുനിലക്കെട്ടിടത്തിന്റെ അത്രയും ഉയരത്തില്‍ രൂപപ്പെട്ട കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ പൊടിച്ചുനീക്കിയാണ് അവിടെ നിന്നും നീക്കം ചെയ്യുന്നത്. ഇത് ആരംഭിച്ചതോടു കൂടി പൊടി ഉയരുന്നതിന്റെ തോത് കൂടിയിട്ടുണ്ട്. ഇത് തടയാന്‍ വെള്ളമൊഴിച്ച് നനച്ച ശേഷമാണ് നീക്കം ചെയ്യുന്നത്. ശക്തമായി കാറ്റ് വീശിയാല്‍ പൊടി വ്യാപിക്കാന്‍ ഇടയാക്കുമെന്നത് പ്രദേശവാസികളുടെ ആശങ്ക കൂട്ടുന്നു. 

ഗോൾഡൻ കായലോരം

ചര്‍മപ്രശ്‌നങ്ങള്‍ക്ക് മുന്‍കരുതല്‍ വേണം

സിമന്റ്‌പൊടി, വാര്‍ണിഷ്, പെയിന്റ് തുടങ്ങിയ കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിച്ച പല വസ്തുക്കളും ചര്‍മത്തിന് പൊതുവേ അസ്വസ്ഥതയുണ്ടാക്കുന്നവയാണ്. ഇവ കലര്‍ന്ന കോണ്‍ക്രീറ്റ് പൊടി ചര്‍മത്തില്‍ അടിഞ്ഞാല്‍ അവ അലര്‍ജിയായി മാറാന്‍ സാധ്യതയുണ്ട്. അപ്പോള്‍ കണ്‍പോളകള്‍, കഴുത്തിന്റെ മടക്കുകള്‍, ശരീരത്തിന്റെ മടക്കുകളുള്ള മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ചുവന്ന നിറത്തിലുള്ള പാടുകളും ചൊറിച്ചിലും ഉണ്ടാകാം.

ഈ അവസ്ഥയെ എയര്‍ബോണ്‍ കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് എന്നാണ് പറയുന്നത്. നിലവില്‍ ചെറിയ ജലദോഷവും പനിയും അലര്‍ജി ലക്ഷണങ്ങളുമൊക്കെയാണ് മെഡിക്കല്‍ ക്യാംപുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതിന് ആവശ്യമായ ചികിത്സയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. പൊടിക്കൊപ്പം വെയില്‍ കൂടി ചേരുമ്പോഴും ചര്‍മത്തില്‍ അസ്വസ്ഥതയുണ്ടാകാം. ഫോട്ടോ അഗ്രിവേറ്റഡ് കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് എന്നാണിത് അറിയപ്പെടുന്നത്. 

ഗോൾഡൻ കായലോരം

പരിഹാരം

ചര്‍മത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ചര്‍മരോഗ വിദഗ്ധരെ കാണണം. തുടര്‍ന്ന് പാച്ച് ടെസ്റ്റ് നടത്തി എന്തുതരം പ്രശ്‌നമാണെന്ന് കണ്ടെത്തും. അതിന് അനുസരിച്ചാണ് ചികിത്സ നല്‍കുക. കഴിക്കാനുള്ള മരുന്നുകള്‍, ചര്‍മത്തില്‍ പുരട്ടാനുള്ള ലേപനങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ചികിത്സ. ചര്‍മത്തിലെ വരള്‍ച്ച മാറാനുള്ള ലേപനങ്ങളും പുരട്ടണം. കൃത്യമായ ചികിത്സയുണ്ടെങ്കില്‍ കൂടുതല്‍ പ്രശ്‌നമാകാതെ നോക്കാം. അലര്‍ജി ബാധിക്കുന്ന തരം ചര്‍മമുള്ളവര്‍ ആ സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലത്. 

ശ്വാസകോശ പ്രശ്‌നങ്ങള്‍

അലര്‍ജിയും ആസ്ത്മയും സി.ഒ.പി.ഡിയും പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അലര്‍ജിയുള്ളവരില്‍ പൊടി അടങ്ങിയ വായു ശ്വസിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാകും. മൂക്കൊലിപ്പ്, തുമ്മല്‍, കണ്ണുകളും മൂക്കും ചുവക്കല്‍, ശ്വാസതടസ്സം, കഫക്കെട്ട്, പനി എന്നീ ലക്ഷണങ്ങളാണ് ഉണ്ടാവുക. ആസ്ത്മയുള്ളവരിലും രോഗലക്ഷണങ്ങള്‍ കൂടുതലായി കാണും.

dust
ഫോട്ടോ: എം.വി.ശ്രേയാംസ്‌കുമാര്‍

പരിഹാരങ്ങള്‍

 • അലര്‍ജി, ആസ്ത്മ, സി.ഒ.പി.ഡി. പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് പൊടിയും മലിനമായ വായുവും ശ്വസിക്കുന്നത് ഒഴിവാക്കാന്‍ പൊടിയടങ്ങുന്നതു വരെ അവിടെ നിന്നും മാറി താമസിക്കുന്നതാണ് നല്ലത്. 
 • പൊടി ശ്വസിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. 
 • മാസ്‌ക് കൃത്യമായി ഉപയോഗിക്കുക. അയഞ്ഞു തൂങ്ങിക്കിടക്കരുത്. 
 • കൃത്യമായ ഇടവേളകളില്‍ മാസ്‌ക് മാറ്റണം. 
 • മാസ്‌ക് ധരിക്കുമ്പോള്‍ ഇരുവശങ്ങളിലും വിടവില്ലാത്ത രീതിയില്‍ ധരിക്കണം. അല്ലെങ്കില്‍ ആ വശങ്ങളിലൂടെ പൊടി കടന്ന് ശ്വാസകോശത്തിലെത്തും. 
 • മാസ്‌ക് ലഭ്യമല്ലെങ്കില്‍ തുണി ഉപയോഗിക്കാം.
 • തുണി ഉപയോഗിക്കുമ്പോള്‍ അത് നനച്ച് ഉപയോഗിക്കണം. അപ്പോള്‍ പൊടി കയറുന്നത് ഒഴിവാകും.
 • മാസ്‌ക് നീക്കം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ സോപ്പിട്ട് കഴുകണം. 
 • അലര്‍ജി, ആസ്ത്മ തുടങ്ങിയ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ അസ്വസ്ഥതകള്‍ കൂടിയാല്‍ ശ്വാസകോശ വിദഗ്ധന്റെ സഹായം തേടാന്‍ മടിക്കരുത്. പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ് നടത്തി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. കൃത്യമായി ചികിത്സ സ്വീകരിക്കണം. മരുന്നുകള്‍ മുടക്കരുത്. 
 • സി.ഒ.പി.ഡി.(ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്) രോഗികള്‍ ഇടവിട്ടുള്ള അണുബാധ തടയാനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നത് നല്ലതാണ്. ഇതുവഴി ശ്വാസകോശ രോഗങ്ങളുടെ തീവ്രത കുറയാന്‍ സഹായിക്കും. 
 • ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. 

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സൗമ്യ ജഗദീശന്‍
ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍
ഡെര്‍മറ്റോളജി വിഭാഗം
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി

ഡോ. സാബിര്‍.എം.സി.
കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ്
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്‌

Content Highlights: dust allergy prevention, asthma, allergy, health