കോവിഡും മഴയും ഒരുമിച്ചെത്തുമ്പോള്‍ ശ്രദ്ധിക്കാനേറെയുണ്ട്. മഴ നനഞ്ഞാല്‍ വരാവുന്ന പനി, ജലദോഷം, തുമ്മല്‍, തൊണ്ടവേദന എന്നിവയില്‍ ചിലത് കോവിഡ് ലക്ഷണങ്ങളാണ്. അസുഖം വരാതെ സൂക്ഷിക്കുകയാണ് ഈ സമയത്ത് പ്രധാനം. 

കൈയില്‍വേണം കൂടുതല്‍ മാസ്‌ക്

 • നനഞ്ഞ മാസ്‌ക് ഒരു മിനിറ്റുപോലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നുകരുതി മാറ്റിവെക്കുന്നതും ആപത്ത്. കുറഞ്ഞത് നാല് മാസ്‌കുകളെങ്കിലും പുറത്തുപോകുമ്പോള്‍ കൈയില്‍ കരുതുക.
 • രണ്ടുമണിക്കൂറില്‍ ഒരു മാസ്‌ക് എന്ന തരത്തില്‍ ഉപയോഗിക്കുക. അഴുക്കായില്ലെങ്കില്‍ പരമാവധി അഞ്ചുമണിക്കൂര്‍ ഒരു മാസ്‌ക് ധരിക്കാം.
 • അഴുക്കായതോ നനഞ്ഞതോ ആയ മാസ്‌ക്കുകള്‍ ഉടന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബാഗില്‍ വെക്കണം. വൈറസ് സാന്നിധ്യം ഉണ്ടാവാനിടയുള്ളതിനാല്‍ ബാഗിലെ മറ്റുവസ്തുക്കളുമായി കൂടിക്കലരരുത്. ഉപയോഗിച്ചവ പോക്കറ്റിലും വെക്കരുത്.
 • വീട്ടിലെത്തിയാല്‍ മാസ്‌കുകള്‍ അര മണിക്കൂര്‍ സോപ്പുവെള്ളത്തിലിട്ടുവെക്കുക. കഴുകിയുണക്കി തേച്ചുവേണം വീണ്ടും ഉപയോഗിക്കാന്‍.
 • ഐ.ഡി. കാര്‍ഡ്, മൊബൈല്‍ ഫോണ്‍, പേന തുടങ്ങിയവ സാനിറ്റൈസ് ചെയ്യണം.
 • ഓഫീസില്‍ പലരുടെ മഴക്കോട്ടുകള്‍ ഒരുമിച്ചിടരുത്.

നനഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കരുത്

 • ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. നനഞ്ഞ വസ്ത്രങ്ങള്‍ എത്രയും വേഗം മാറ്റണം. നനഞ്ഞവയില്‍ വൈറസ് സാന്നിധ്യം കണ്ടേക്കാം.
 • ജോലിക്ക് പോകുന്നവര്‍ കൈയില്‍ ഒരു ജോടി വസ്ത്രങ്ങളെങ്കിലും കരുതണം.
 • ഷൂസും സോക്സും കഴിവതും ഒഴിവാക്കണം. നനഞ്ഞ സോക്സുകള്‍ ധരിക്കുന്നത് ചര്‍മത്തിനടക്കം ദോഷം ചെയ്യും. വള, മോതിരം, വാച്ച് എന്നിവ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കാം.
 • വള, മോതിരം, വാച്ച് എന്നിവയ്ക്കിടയില്‍ നനവ് ഉണ്ടാകാനും വൈറസ് ഇരിക്കാനും സാധ്യതയുണ്ട്. മെറ്റല്‍, പ്ലാസ്റ്റിക് പ്രതലത്തില്‍ മൂന്നു മുതല്‍ നാലുമണിക്കൂര്‍ വരെ വൈറസ് സാന്നിധ്യമുണ്ടാകും.

പനി ലക്ഷണങ്ങള്‍ ഉണ്ടായാല്‍

 • ജലദോഷം, പനി ലക്ഷണങ്ങള്‍ ഉണ്ടായാല്‍ പ്രാഥമികമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കാം. രണ്ടുദിവസം കഴിഞ്ഞും മാറിയില്ലെങ്കില്‍ ഡോക്ടര്‍മാരെ ഫോണില്‍വിളിച്ച് നിര്‍ദേശാനുസരണം മരുന്ന് കഴിക്കണം. ഒരാഴ്ചകഴിഞ്ഞും മാറിയില്ലെങ്കില്‍ മാത്രം ഡോക്ടറെ നേരില്‍ കാണുക.
 • ആശുപത്രികളില്‍ നിയന്ത്രണമുണ്ട്. സന്ദര്‍ശന സമയം ബുക്കുചെയ്ത്, കഴിവതും ഒറ്റയ്ക്ക് ആശുപത്രിയില്‍ പോകുക.
 • ആശുപത്രിയില്‍ 15 മുതല്‍ 20 മിനിറ്റില്‍ കൂടുതല്‍ നില്ക്കരുത്. പണമിടപാടുകള്‍ ഓണ്‍ലൈനായി ചെയ്യാന്‍ ശ്രമിക്കണം.

വിവരങ്ങള്‍ക്ക് കടപ്പാട്: -ഡോ. എബ്രഹാം വര്‍ഗീസ് (ഐ.എം.എ സംസ്ഥാന പ്രസിഡന്റ്)

Content Highlights: How to prevent Covid19 Corona Virus in rainy season, Health